ADVERTISEMENT

‘ബാൽക്കണിയിൽനിന്ന് എന്നും കൈവീശിക്കാണിക്കുന്ന ചിണ്ടുവിനെ തേടി അക്കയും അണ്ണനും വീട്ടിലെത്തി. അണ്ണന്റെ ജന്മദിനമായിരുന്നു അന്ന്. ചിണ്ടുവിനൊപ്പം ആഘോഷിക്കാനായിരുന്നു അവരുടെ തീരുമാനം. ചിണ്ടു തങ്ങളെ തിരിച്ചറിയുമോ എന്നു സംശയമുണ്ടായിരുന്നു. പക്ഷേ അവരെക്കണ്ട് അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അണ്ണൻ കേക്ക് അവന്റെ വായിൽ വച്ചു കൊടുത്തു. ചിണ്ടുവിന് സംസാരിക്കാനാവില്ല. എങ്കിലും ഹൃദയം കൊണ്ട് അവർ സംസാരിച്ചു. സ്നേഹം പങ്കുവച്ചു.’ 

വിദ്യാർഥിയായ വിഹായസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലെ കാഴ്ചകളാണിത്. ചിണ്ടുവിനെ പരിചയപ്പെട്ടതിനെയും അവനൊപ്പം തന്റെ ജന്മദിനം ആഘോഷിച്ചതിനെയും പറ്റി ഒരു കുറിപ്പും ഒപ്പമുണ്ടായിരുന്നു. സുഹൃത്ത് മൃദുലയാണ് ചിണ്ടുവിനുള്ള കേക്കുമായി എത്തി വിഹായസിനെ ഞെട്ടിച്ചതും വിഡിയോ പകർത്തിയതും. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്കു പിന്നിലെ കഥ വിഹായസും മിഥുലയും മനോരമ ഓണ്‍ലൈനുമായി പങ്കുവച്ചു. അക്കഥ ഇങ്ങനെ:  

മംഗലാപുരം യേനെപോയ സർവകലാശാലയിലെ സൈക്കോളജി രണ്ടാം വർഷ വിദ്യാർഥികളാണ് വിഹായസും മിഥുലയും. ദിവസവും കോളജില്‍നിന്നു വരുമ്പോൾ റോഡരികിലെ അപ്പാർട്ട്മെന്റിൽ കാണുന്ന പയ്യൻ. അതായിരുന്നു ചിണ്ടു. ശാരീരിക പ്രശ്നങ്ങളുള്ള അവനു ശരിക്ക് നടക്കാനോ സംസാരിക്കാനോ ആവില്ല. എങ്കിലും വിഹായസിനും മിഥുലയ്ക്കും നേരെ അവൻ നിറചിരിയോടെ കൈവീശിക്കാണിക്കും, അവർ തിരിച്ചും. മുകളിലെ നിലയിൽനിന്നു താഴേക്ക് ഒറ്റയ്ക്ക് ഇറങ്ങി വരാനാവാത്തതിനാൽ ആഗ്രഹിച്ചാലും അവന് അവരുടെ അടുത്തെത്താനാകില്ല. ‘ഒരു ദിവസം നമുക്ക് അവന്റെ അടുത്തേക്ക് പോകാം’– ഒരിക്കൽ അവനു നേരെ കൈവീശി കാണിക്കുന്നതിനിടെ വിഹായസ് മിഥുലയോടു പറഞ്ഞു. പക്ഷേ വിഹായസ് അതു മറന്നു. എന്നാൽ മിഥുല അതോർത്തു വച്ചു. ഇക്കഴിഞ്ഞ ജൂൺ 28ന് ചിണ്ടുവിനെ കാണാന്‍ പോയി. അന്നായിരുന്നു വിഹായസിന്റെ ജന്മദിനം. കോളജില്‍ സുഹൃത്തുക്കൾക്കൊപ്പം ആഘോഷമുണ്ടായിരുന്നു. അതു കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു സർപ്രൈസ് കൂടിയുണ്ടെന്ന് മിഥുല പറഞ്ഞു. എന്നിട്ട് കയ്യിൽ കരുതിയ കേക്ക് വിഹായസിനു നേരെ നീട്ടി. ‘‘നമുക്ക് അവനെ കാണാന്‍ പോയാലോ?’’ –മിഥുല ചോദിച്ചു. അവരൊന്നിച്ച് ചിണ്ടുവിന്റെ വീട്ടിലേക്ക് നടന്നു.

ഒരുപാട് ആഗ്രഹിച്ച കണ്ടുമുട്ടൽ. വിഹായസിനു പുറകെ നടന്ന് മിഥുല ദൃശ്യങ്ങൾ പകർത്തി. അവൻ നിൽക്കാറുള്ള വരാന്തയിലെ പല വാതിലുകളിൽ മുട്ടേണ്ടി വന്നു. ഒടുവിൽ ലക്ഷ്യസ്ഥാനത്തെത്തി. അതുവരെ അവരുടെ മനസ്സു നിറയെ സംശമായിരുന്നു. അവന് തങ്ങളെ മനസ്സിലാകുമോ? പക്ഷേ ആ സ്നേഹത്തിനു മുമ്പിൽ അവരുടെ സംശയം തകർന്നടിഞ്ഞു. ചിണ്ടു സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവരുടെ അടുത്തേക്ക് അവനു സാധിക്കുന്ന പോലെ ഓടിയടുത്തു. വിഹായസ് കേക്ക് അവന്റെ വായിൽ വച്ചു കൊടുത്തു. തിരിച്ചു കൊടുക്കാനുള്ള ചിണ്ടുവിന്റെ ആഗ്രഹം മനസ്സിലാക്കി അമ്മ അവന്റെ കൈപിടിച്ച് വിഹായസിന് കേക്ക് കൊടുത്തു. അമ്മ മകനെ കുറിച്ച് അവരോടു പറഞ്ഞു

vihayasd-birth-day-3
ചിണ്ടുവിനും അമ്മയ്ക്കുമൊപ്പം വിഹായസും മിഥുലയും

പവൻ എന്നാണ് യഥാർഥ പേര്. ചിണ്ടു എന്നാണ് വീട്ടിൽ വിളിക്കുന്നത്. 22 വയസ്സുണ്ട്. കൈകൾക്കും കാലിനും സ്വാധീനമില്ല. സംസാരിക്കാനാവില്ല. വരാന്തയിൽ ആളുകളെ നോക്കി നിൽക്കുന്നതാണ് സന്തോഷം. വിഹായസിനെയും മിഥുലയെയും വളരെ ഇഷ്ടമാണ്. അവരെ കാണുമ്പോൾ ‘ദേ അണ്ണനും അക്കയും പോകുന്നു’വെന്ന് ആംഗ്യത്തിലൂടെ പറയും. ഇതെല്ലാം കേട്ടതോടെ വിഹായസിന്റെയും മിഥുലയുടെയും മനസ്സ് നിറഞ്ഞു. 

ഇത്രയും മനോഹരമായ ജന്മദിനം മുമ്പ് ഉണ്ടായിട്ടില്ലെന്നാണു വിഹായസ് അവിടെ നിന്നിറങ്ങിയപ്പോള്‍ മിഥുലയോട് പറഞ്ഞത്. അന്നത്തെ ദൃശ്യങ്ങളാണ് വിഹായസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ആ നിഷ്കളങ്കമായ സ്നേഹം ഹൃദയങ്ങൾ കീഴടക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com