38–ാം വയസ്സിൽ രാജുവിന് കാഴ്ച നഷ്ടമായി, മുഴുപട്ടിണിയിൽ ഭാഗ്യക്കൊടിയായി പട്ടം

HIGHLIGHTS
  • ജോലി നഷ്ടപ്പെട്ടതോടെ വീടിന്റെ ഏക വരുമാനം നിലച്ചു
  • രാപകലില്ലാതെ രാജു വീട്ടിലിരുന്ന് പട്ടമുണ്ടാക്കാൻ തുടങ്ങി
  • ദിവസം കുറ‍ഞ്ഞത് 50 പട്ടമാണ് ഉണ്ടാക്കുന്നത്
SHARE

കാഴ്ച നഷ്ടപ്പെട്ടു ജീവിതം നിറം മങ്ങിയപ്പോൾ വർണപ്പട്ടങ്ങൾ കെട്ടി വെളിച്ചം തിരിച്ചുപിടിച്ച ഒരു മനുഷ്യനുണ്ട്. ഭർത്താവ് ഉൾക്കാഴ്ചയിൽ മെനഞ്ഞെടുക്കുന്ന പട്ടങ്ങൾ വിറ്റ് കൊല്ലം ബീച്ചിന്റെ ആകാശം നിറയ്ക്കുന്ന ഒരു വീട്ടമ്മയുണ്ട്. 

പൊട്ടിയ പട്ടം പോലെയായിരുന്നു ഞങ്ങളുടെ ജീവിതം. കഷ്ടപ്പാടിൽ ആകെയുലഞ്ഞു പോയിരുന്നു! അധ്വാനത്തിലൂടെ ഇന്നത് ഉയർന്നുപൊങ്ങുന്ന പട്ടമായി മാറിയിരിക്കുകയാണ്’ വർഷങ്ങളായി കൊല്ലം ബീച്ചിൽ പട്ടം വിൽക്കുന്ന ഗീതയുടെ വാക്കുകൾക്ക് അരികിലുള്ള കടലോളം ആഴം.

എല്ലാ വൈകുന്നേരങ്ങളിലും പട്ടം നിറച്ച പെട്ടിയുമായി കടൽത്തീരത്ത് ഗീതയെ കാണാം. ഗീത ഇതുവരെ വിറ്റ പട്ടങ്ങളെല്ലാം കെട്ടിയൊരുക്കിയതു കാഴ്ച പരിമിതി നേരിടുന്ന ഇവരുടെ ഭർത്താവ് കൊല്ലം നേതാജി നഗർ ഹരീഷ്ഭവനിൽ രാജുവാണ്(56). മുപ്പത്തിയെട്ടാം വയസ്സിൽ ഗ്ലൂകോമ ബാധിച്ച കാഴ്ച നഷ്ടമായപ്പോൾ മുതൽ രാജുവിന് മറ്റു ജോലികൾക്കൊന്നും പോകാൻ കഴിയാതെയായിരുന്നു. എന്നാൽ പരിമിതികളിൽ തളർന്നിരിക്കാതെ പട്ടം നിർമാണത്തിലൂടെ കുടുംബത്തിനു പറക്കാൻ ചിറകു തുന്നുകയാണ് ഈ മനുഷ്യൻ.

കാഴ്ച നിഴൽ പോലെ മറയുമ്പോൾ

ചുറ്റും കാണുന്നതെല്ലാം മങ്ങുന്നുണ്ട് എന്ന് രാജു തിരിച്ചറിഞ്ഞപ്പോഴേക്കും ഒരു കണ്ണിന്റെ കാഴ്ച പൂർണമായും ചോർന്നുപോയിരുന്നു. ഓരോ ചില്ലിക്കാശും കൂട്ടിവച്ച് ചികിത്സ തേടിയെങ്കിലും പഴുപ്പ് കയറി മറുകണ്ണിന്റേയും ജീവനറ്റു. ആദ്യനാളുകളിൽ നിഴലുപോലെ അരികിൽ നിൽക്കുന്നവരെ കാണാനാകുമായിരുന്നു. എന്നാൽ വെളിച്ചത്തരി പോലും കടക്കാത്ത വിധം പിന്നീട് കാഴ്ച പണിമുടക്കി. ബേക്കറി ജീവനക്കാരനായിരുന്ന രാജുവിന് പിന്നീട് ഒരിക്കലും ജോലിക്കു പോകാൻ ആയില്ല.

പട്ടിണിക്കാലം

ജോലി നഷ്ടപ്പെട്ടതോടെ വീടിന്റെ ഏക വരുമാനം നിലച്ചു. മൂന്നു ചെറിയ കുഞ്ഞുങ്ങളുള്ള കുടുംബം മുഴുപട്ടിണിയിലായി. ചികിത്സയ്ക്കായി വാങ്ങിയ കടം പെരുകി വന്നു. പലിശക്കാരെ പേടിച്ച് പലപ്പോഴും വീടിന് അരികിലുള്ള ബീച്ചിലെ ആൾക്കൂട്ടത്തിൽ പോയി ഒളിച്ചിരിക്കാറുണ്ട് എന്ന് ഇവർ ഓർമിക്കുന്നു. തുണിക്കച്ചവടവും വീട്ടുവേലയും ഉൾപ്പെടെ പല ജോലികളും ചെയ്തു പിടിച്ചുനിൽക്കാൻ ഗീത ശ്രമിച്ചുവെങ്കിലും ഒന്നും കര കണ്ടില്ല. ഉണ്ണാനും ഉടുക്കാനും പോലുമില്ലാത്ത കാലം വീടിനു മുന്നിലുള്ള കടലു പോലെ തിരയടിച്ചു നീണ്ടുകിടക്കുകയായിരുന്നു.

glaucoma-patient-raju-making-kite-to-find-income
(ഇടത്) രാജു പട്ടം നിർമിക്കുന്നു, (വലത്) രാജുവും ഭാര്യ ഗീതയും കൊല്ലം ബീച്ചിൽ. ചിത്രം: അരവിന്ദ് വേണുഗോപാൽ∙ മനോരമ

പൊട്ടിയെത്തിയ ഭാഗ്യപ്പട്ടം

എവിടെ നിന്നോ ചരടുപൊട്ടി വീണ ഒരു പട്ടമാണ് ഇവർക്കു ഭാഗ്യക്കൊടി കാട്ടിയത്. തൊട്ടും പരതിയും പട്ടത്തിന്റെ രൂപം മനസ്സിൽ പതിപ്പിച്ച രാജു അതു പോലെ ഒരെണ്ണം നിർമിക്കാൻ മക്കളെ സഹായിച്ചു. കുട്ടികൾക്ക് കളിക്കാനുണ്ടാക്കിയ പട്ടങ്ങൾക്കു പതിയെ ആരാധകർ കൂടി വന്നു. മുപ്പതു രൂപയ്ക്ക് പട്ടം ബീച്ചിൽ വിറ്റു പോയപ്പോൾ ഇതൊരു കച്ചവടമാക്കിയാലോ എന്ന ആലോചന ഇവരുടെ ജീവിതം തന്നെ മാറ്റിയെഴുതുകയായിരുന്നു.

ഇരുൾ ഒഴിയുന്നു

രാപകലില്ലാതെ രാജു വീട്ടിലിരുന്ന് പട്ടമുണ്ടാക്കാൻ തുടങ്ങി. രാവും പകലുമെല്ലാം രാജുവിന് ഇരുൾ മാത്രമാണല്ലൊ! വർണക്കടലാസുകളും റിബണുകളുമെല്ലാം വെട്ടിക്കൊടുക്കാൻ ഭാര്യയും മക്കളും കൂടെക്കൂടി. പട്ടത്തിൽ കൃത്യ അളവോടെ ടൂഷൻ അഥവാ ചരടു കെട്ടുന്നത് രാജുവാണ്. പട്ടത്തിന്റെ ഹൃദയഭാഗമായ ആ ചരട് ശരിയായി കെട്ടിയാൽ മാത്രമേ പട്ടം നേരെ നിന്നു പറക്കുകയുള്ളു.

പുറത്തേക്ക് പോകുമ്പോൾ ഭാര്യ നിറയെ സൂചിയും നൂലും കോർത്തു വച്ചു പോകും. ഇത് ഓരോന്നെടുത്ത് പട്ടം കെട്ടി വയ്ക്കുന്നത് രാജുവാണ്. ചരടു കോർത്തും ചട്ട കെട്ടിയും വാലു വെട്ടിയൊട്ടിച്ചും എല്ലാം പല തരം പട്ടങ്ങൾ പൂർത്തിയാക്കി പെട്ടിയിൽ അടുക്കി വയ്ക്കും. വീട്ടിൽ വളർത്തുന്ന തത്തമ്മയാണ് ഈ സമയം രാജുവിനു കൂട്ട്.  ദിവസം കുറ‍ഞ്ഞത് 50 പട്ടമാണ്  ഉണ്ടാക്കുന്നത്. മൂന്ന് മണിയാകുമ്പോൾ ഈ പട്ടങ്ങളുമെടുത്തു ഗീത ബീച്ചിലെത്തും. 16 വർഷമായി ഇങ്ങനെയാണവരുടെ ജീവിതം. ഗിരീഷ്, ഹരീഷ്, ഗീതു എന്നിവരാണു മക്കൾ.

പട്ടം പഠിപ്പിച്ച  പാഠം

പട്ടം വിറ്റു കിട്ടിയ പണം കൊണ്ടാണ് മക്കളെ പഠിപ്പിച്ചതും മകളുടെ കല്യാണം നടത്തിയതും. ചികിത്സയ്ക്കായി വാങ്ങിയ കടമെല്ലാം വീട്ടി അന്തസ്സായി ഇന്ന് ജീവിക്കാനാകുന്നതിന്റെ അഭിമാനത്തിലാണ് ഇവർ. കാഴ്ചയില്ലെന്നു പരാതി പറഞ്ഞ് വെറുതേ വീട്ടിൽ ഇരുന്നെങ്കിൽ താൻ ‘മുഷിഞ്ഞു നശിച്ചേനെ’ എന്നാണു രാജു പറയുന്നത്. പരിമിതികൾക്കിടയിലും വീടിന്റെ അത്താണിയാകാൻ കഴിഞ്ഞതിന്റെ തിളക്കം രാജുവിന്റെ കണ്ണു നിറയ്ക്കുന്നു. അധ്വാനിക്കാൻ തയാറാകുന്നവർക്ക് ആരേയും ആശ്രയിക്കാതെ ജീവിക്കാനാകും എന്ന് ഇവരുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

എല്ലാ വൈകുന്നേരങ്ങളിലും കൊല്ലം ബീച്ചിന്റെ ആകാശമാകെ പല വർണങ്ങൾ നിറച്ച് ‌ഇവരുടെ പട്ടങ്ങൾ വാനിലുയരും – എതിരെ വീശിയടിക്കുന്ന കാറ്റിലും നൂലുപൊട്ടാതെ തലയുയർത്തി നിൽക്കുന്ന ജീവിതം പോലെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS