ADVERTISEMENT

ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോഴുള്ള മാധുര്യം മുന്നോട്ടു പോകുംതോറും നഷ്ടമാകുന്ന നിരവധി പങ്കാളികളുണ്ട്. ജീവിത പ്രാരാബ്ധങ്ങളുടെ ഇടയിൽ പഴയതുപോലെ മുട്ടിയുരുമ്മി സംസാരിക്കാനൊന്നും സമയമില്ല എന്ന ന്യായം വേണമെങ്കിൽ പറയാം. സംസാരം ജീവിത ചെലവുകളെക്കുറിച്ച് മാത്രമാകുമ്പോൾ ദാമ്പത്യത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കാം. ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ശ്രദ്ധയോടെ വീക്ഷിച്ചാൽ പങ്കാളിയിൽ നിന്നൊരു ബ്രേക്ക് എടുക്കണമെന്ന് മനസ്സ് ആഗ്രഹിക്കുന്നതിന്റെ സൂചനകൾ കണ്ടെത്താൻ കഴിയുമെന്ന് റിലേഷൻഷിപ്പ് വിദഗ്ധർ പറയുന്നു. 

 

∙ ശല്യമായി തോന്നുക

 

പങ്കാളിയുടെ ഇഷ്ടങ്ങളിലെല്ലാം നിങ്ങൾക്കും താൽപര്യം ഉണ്ടാകണമെന്നില്ല.  രണ്ടുപേർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സാധാരണമാണ്. പക്ഷേ, പങ്കാളിയുടെ ഓരോ പ്രവൃത്തികളും നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കിൽ എന്താണ് പ്രശ്നങ്ങളുടെ അടിസ്ഥാനം എന്നു ചിന്തിക്കണം. നിങ്ങളെ അലോസരപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് പങ്കാളിയോട് സംസാരിക്കുക. എന്നിട്ടും കാര്യങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ഇല്ലെങ്കിൽ ഈ ബന്ധത്തിൽനിന്ന് കുറച്ചു കാലം മാറി നിൽക്കാനുള്ള സൂചനയായി ഇതിനെ കാണാം.

 

∙ സംസാരിക്കാൻ വിഷയം ഇല്ലാതാവുക 

 

നേരം പുലരുവോളം പരസ്പരം സംസാരിച്ചിരുന്ന ആദ്യ നാളുകൾ ഓർമയില്ലേ? തമാശകൾ പങ്കുവച്ച് പൊട്ടിച്ചിരിച്ച് കൈകോർത്തു പിടിച്ചു നടന്ന നാളുകൾ. ചോദിച്ചതിനു മാത്രം ഉത്തരം നൽകുകയും മൗനം കനക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്താൽ നിങ്ങളുടെ ബന്ധത്തിന് എന്താണ് സംഭവിക്കുന്നത് മനസ്സിലാവും.

 

∙ അസാന്നിധ്യത്തിൽ സന്തോഷിക്കുക

 

പങ്കാളിയുമൊത്തുള്ള ഓരോ നിമിഷവും മുൾമുനയിലാണോ കടന്നു പോകുന്നത്? പങ്കാളിയില്ലാത്ത സമയം നിങ്ങൾക്ക് കൂടുതൽ സന്തോഷവും സമാധാനവും തോന്നാറുണ്ടോ? അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ ബന്ധത്തിന് ബ്രേക്ക് വേണമെന്ന് മനസ്സിലാക്കാം.

 

∙ അവഗണിക്കുക 

 

ഔട്ടിങ്, സിനിമ തുടങ്ങി പങ്കാളി എന്തൊക്കെ പ്ലാൻ ചെയ്താലും മനപൂർവം അവ ഒഴിവാക്കുക. ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങൾ പോലും ഇഷ്ടമല്ലെന്ന‌ു പങ്കാളിയോട് കള്ളം പറയുക. പങ്കാളിയെ അവഗണിച്ച് ഒറ്റക്കിരിക്കുന്നതിൽ സന്തോഷം കണ്ടെത്തുക എന്നിവയെല്ലാം മോശം ബന്ധത്തിന്റെ സൂചനകളാണ്. 

 

∙ ശുഷ്കമായ ലൈംഗിക ബന്ധം

 

ദാമ്പത്യബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ലൈംഗിക ജീവിതത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. സാഹചര്യങ്ങൾ ഉണ്ടായിട്ടും സെക്സിനോട് നോ പറയുക, കിടപ്പറയിൽ പങ്കാളിയെ അവഗണിക്കുക, താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുക എന്നിവയെല്ലാം ദാമ്പത്യജീവിതത്തിലെ വിള്ളലുകൾ സൂചിപ്പിക്കുന്നു.

 

∙ പരസ്പരം പോരടിക്കുക

 

ഏതു സമയത്തും പരസ്പരം കീരിയും പാമ്പും പോലെ പോരടിക്കുക, വീട്ടിൽ സ്വസ്ഥതയും സമാധാനവും ഇല്ലാതിരിക്കുക, ഒന്നിച്ച് ഉണ്ടാകുന്ന അൽപസമയം പോലും യുഗങ്ങളായി തോന്നുക എന്നീ സൂചനകൾ ഒരിക്കലും അവഗണിക്കരുത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com