ഏതാനും മാസങ്ങൾ മുമ്പാണ് റഷ്യക്കാരി അലക്സാന്‍ഡ്ര സിന്യാവ്സ്ക(31) ഇറ്റാലിയൻ പൗരൻ അന്‍റോണിയോ ഷുസറെല്ല (54)റുടെ ജീവിത സഖിയായത്. പ്രണയത്തിനു മുമ്പിൽ 23 വയസ്സിന്റെ വ്യത്യാസം ഇവർക്കു തടസ്സമായില്ല. എന്നാൽ ഇതിന്റെ പേരിൽ പല അധിക്ഷേപങ്ങളും ഈ ദമ്പതികൾക്ക് നേരിടേണ്ടി വന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിവാഹഫോട്ടോയിലുൾപ്പടെ മോശം കമന്റുകൾ വന്നു. എന്നാൽ അതൊന്നും പരിഗണിക്കാതെ സന്തോഷത്തോടെ ജീവിക്കുകയാണ് അലക്സാൻഡ്രയും അന്റോണിയോയും.
2014ല്‍ ഇറ്റലിയിലെ ടുറിനിലാണ് ഇരുവരും കണ്ടുമുട്ടത്. അന്നു വിദ്യാര്‍ഥിനിയായിരുന്ന അലക്സാന്‍ഡ്ര കോഫി ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. സമീപത്തായിരുന്നു പബ്ലിഷറായ അന്‍റോണിയോയുടെ ഓഫിസ്. ഇടയ്ക്കിടെ കോഫി ഷോപ്പില്‍ വരാറുണ്ടായിരുന്ന അന്‍റോണിയോയുമായി അലക്സാന്‍ഡ്ര സൗഹൃദത്തിലായി. പിന്നീട് ഡേറ്റിങ് ആരംഭിച്ചു. എന്നാല്‍ അതു രണ്ടു മാസമേ നീണ്ടു നിന്നുള്ളൂ. ഗൗരവമായ ബന്ധത്തിനുള്ള പാകത തനിക്കു വന്നിട്ടില്ലെന്ന് അലക്സാന്‍ഡ്രയ്ക്ക് തോന്നിയതിനാല്‍ ഇരുവരും സൗഹാർദപരമായി വേർപിരിഞ്ഞു.
ഇറ്റലിയിലെ പഠനം പൂര്‍ത്തിയാക്കി അലക്സാന്‍ഡ്ര സ്വദേശമായ മോസ്കോയിലേക്ക് മടങ്ങി. അവിടെനിന്ന് ഇസ്രായേലിലേക്കും പിന്നീട് ചെക്ക് റിപ്പബ്ലിക്കിലേക്കും ചേക്കേറി. ഇതിനിടയിലും ഇരുവരും ഫോണില്‍ വിളിച്ചും സന്ദേശങ്ങള്‍ അയയ്ച്ചും സൗഹൃദം പുതുക്കി. 2020 ഫെബ്രുവരിയില്‍ സ്പെയ്നിൽ അവധിക്കാലം ഒന്നിച്ച് ചെലവിടാൻ ഇരുവരും തീരുമാനിച്ചു. ടിക്കറ്റ് വരെ എടുത്ത് വച്ചപ്പോഴാണു കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍. ഇതോടെ അന്‍റോണിയോ ഇറ്റലിയിലും അലക്സാന്‍ഡ്ര ചെക്ക്റിപ്പബ്ലിക്കിലും തുടർന്നു.
ലോക്ഡൗണ്‍ സമയത്ത് നിരന്തരം ഫോണില്‍ സംസാരിച്ച ഇരുവരും പ്രണയത്തിലായി. ആദ്യ ലോക്ഡൗണ്‍ കഴിഞ്ഞയുടനെ ടുറിനിലേക്ക് പറന്ന അലക്സാന്‍ഡ്ര, 2020 സെപ്റ്റംബറില്‍ അന്‍റോണിയയുമായി ലിവിങ് ടുഗതര്‍ ആരംഭിച്ചു. ഈ സമയത്ത് അലക്സാന്‍ഡ്ര ഗര്‍ഭിണിയായി. എന്നാൽ അഞ്ച് ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭം അലസി. 2021 ഫെബ്രുവരിയില്‍ വീണ്ടും ഗര്‍ഭിണിയായെങ്കിലും ഇത്തവണയും അലസി. ഇരുവരും മാനസികമായി അത്യധികം വിഷമിച്ച ഈ സമയത്താണ് അന്‍റോണിയോ ആദ്യമായി വിവാഹാഭ്യർഥന നടത്തിയത്. ചിന്തിക്കാന്‍ സമയം ആവശ്യമാണെന്നായിരുന്നു അലക്സാന്‍ഡ്രയുടെ മറുപടി. 2021 ജൂണില്‍ അന്‍റോണിയോ വീണ്ടും വിവാഹാഭ്യർഥന നടത്തി. ഇത്തവണ അലക്സാന്‍ഡ്ര സമ്മതിച്ചു. 2021 ഡിസംബര്‍ 11ന് ഇവര്‍ വിവാഹിതരായി.
സാമൂഹിക മാധ്യമങ്ങളിലടക്കം പല അധിക്ഷേപങ്ങളും ദമ്പതികള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്‍റോണിയോയുടെ പണം മോഹിച്ചാണ് അലക്സാൻഡ്ര വിവാഹത്തിനു തയാറായത് എന്നതായിരുന്നു ഇതിലൊന്ന്. അന്‍റോണിയോയുടെ ചില സുഹൃത്തുക്കള്‍ക്ക് പോലും ഈ ധാരണ ഉണ്ടായിരുന്നെന്നും അതു മാറാൻ മാസങ്ങളെടുത്തെന്നും ദമ്പതികൾ ഡെയ്‌ലി മെയിലിനോട് പറഞ്ഞു. എവിടെയെങ്കിലും പോകുമ്പോൾ അച്ഛനും മകളുമാണോ എന്നു പലരും ചോദിക്കാറുണ്ട്. ഒരു പരിധി കഴിഞ്ഞാല്‍ ഇത്തരം ചോദ്യങ്ങള്‍ ശല്യമായി തോന്നും. പ്രായവ്യത്യാസം ഉള്ളവര്‍ക്കിടയില്‍ നടക്കുന്ന വിവാഹങ്ങളെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ സമൂഹത്തിനുണ്ടെന്നും ഈ ദമ്പതികൾ പറയുന്നു. ഇത്തരം കാര്യങ്ങളൊന്നും എല്ലാവരോടും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും സന്തോഷത്തോടെ ജീവിച്ചാൽ മാത്രം മതിയെന്നുമാണ് ഇവരുടെ നിലപാട്.