64 വർഷം പത്രവിതരണം; 84 ാം വയസ്സിലും കരുത്തോടെ ഉപ്പായിച്ചേട്ടന്: ആദരവോടെ നാട്

Mail This Article
അരനൂറ്റാണ്ടിലധികം ഒരു നാടിനെ വായനയുടെ ലോകത്തേക്കു കൈപിടിച്ചു നടത്തിയ ഒാർമകളുണ്ട് ഉപ്പായിച്ചേട്ടനെന്ന ഇ.ഒ.ഔസേപ്പിന്. 64 വർഷമാണ് ഉപ്പായിച്ചേട്ടൻ വാർത്തകൾ വീടുകളിലെത്തിച്ചത്. നാട്ടിൻപുറത്തെ ചായപ്പീടികകളും വായനശാലകളും ഉപ്പായിച്ചേട്ടനെ കാത്തിരുന്ന കാലം. പത്രവിതരണം സൈക്കിളിലും പിന്നീട് ഇരുചക്ര വാഹനത്തിലുമായപ്പോഴും ഉപ്പായിച്ചേട്ടൻ നടന്നായിരുന്നു വീടുകൾ കയറിയിറങ്ങിയത്.
വൈക്കം–വെച്ചൂർ റോഡിലൂടെ എന്നും കാലത്ത് മനോരമ പത്രവും വനിതയും മനോരമ ആഴ്ചപ്പതിപ്പുമൊല്ലാം ചേർത്തുപിടിച്ച് അദ്ദേഹം നടക്കും. അങ്ങനെ നാട്ടുകാര്‍ക്കു മാത്രമല്ല സമീപദേശക്കാർക്കും അദ്ദേഹം പരിചിതനായി. നടപ്പാണ് എൺപത്തിനാലാം വയസ്സിലും തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ഉപ്പായിച്ചേട്ടന്‍ പറയുന്നു.

വയസ്സ് 84 ൽ എത്തിയപ്പോഴാണ് വൈക്കം ഉല്ലല സ്വദേശി ഉപ്പായിച്ചേട്ടന് അൽപം വിശ്രമിക്കണമെന്നു തോന്നിയത്. വിശ്രമ ജീവിതത്തിലും നാടിന്റെ കരുതൽ വേണ്ടുവോളം ലഭിക്കുന്നുണ്ട് ഇദ്ദേഹത്തിന്. അടുത്തിടെ ഉപ്പായിച്ചേട്ടനെ ആദരിക്കാൻ നാട് ഒത്തുകൂടി. അദ്ദേഹത്തെക്കുറിച്ചു തയാറാക്കിയ ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. 1958 ൽ അദ്ദേഹം പത്രവിതരണം തുടങ്ങിയ കാലം മുതലുള്ള കാര്യങ്ങളാണ് ഡോക്യുമെന്ററിയിലുള്ളത്.
∙ തളരാത്ത പോരാട്ടം
ഉപ്പായിച്ചേട്ടന് രണ്ടര വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അമ്മ മരിച്ചു; 21–ാമത്തെ വയസ്സിൽ അച്ഛനും. അഞ്ചു സഹോദരിമാർക്കു തുണയായി ഇദ്ദേഹം മാത്രമാണ് ഉണ്ടായിരുന്നത്. സഹോദരിമാർക്കൊപ്പം തഴപ്പാ നെയ്തും ചെറിയ ജോലികൾ ചെയ്തും ജീവിതം മുന്നോട്ടുപോയി. ആ വരുമാനം തികയാതെ വന്നപ്പോഴാണ് 1958 ൽ പത്രവിതരണം തുടങ്ങിയത്. സഹോദരിമാരെ അഞ്ചു പേരെയും വിവാഹം ചെയ്തയച്ചതും ഒറ്റയ്ക്ക് തന്നെ.

തുടക്കത്തിൽ ദീനബന്ധു, കേരളധ്വനി, മലബാർ മെയിൽ, മലയാളരാജ്യം തുടങ്ങി 13 ഓളം പത്രങ്ങളാണ് വിതരണം ചെയ്തിരുന്നത്. സൈക്കിള്‍ ചവിട്ടാൻ അറിയാത്തതിനാൽ ഉല്ലലയിൽനിന്ന് ഒന്നര മണിക്കൂർ നടന്ന് വൈക്കത്തെത്തി പത്രം എടുക്കും. പുലർച്ചെ തുടങ്ങുന്ന വിതരണം ഉച്ചയോടെയാണ് അവസാനിക്കുക. അന്നു വീടുകൾ തമ്മിൽ നല്ല അകലമുണ്ട്. റോഡുകളും കുറവ്. മഴക്കാലത്ത് വെള്ളം പൊങ്ങുമ്പോൾ പത്രം തലയിൽവച്ച് കെട്ടി, കഴുത്തറ്റം വെള്ളത്തിൽ നീന്തിയായിരുന്നു വീടുകളിൽ എത്തിച്ചിരുന്നത്. കഷ്ടതകൾ ഒരുപാടനുഭവിച്ചിട്ടുണ്ട് ഉപ്പായിച്ചേട്ടൻ.
സഹോദരിമാരെല്ലാം വിവാഹിതരായ ശേഷം വീട്ടിൽ ഒറ്റയ്ക്കായപ്പോഴാണ് വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നത്. അങ്ങനെ ത്രേസ്യയെ ജീവിത സഖിയാക്കി. ഒരു മകനും അഞ്ചു പെൺമക്കളും അടങ്ങുന്ന കുടുംബം ബുദ്ധിമുട്ടില്ലാതെ കഴിയുമ്പോഴാണ് മകന്റെ അപ്രതീക്ഷിത വേർപാട്. 2010 ൽ 11 പേരുടെ ജീവനെടുത്ത താഴത്തങ്ങാടി ബസ് ദുരന്തത്തിലാണ് 36 കാരനായ മകനെ നഷ്ടപ്പെടുന്നത്. മകന്റെ ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളും ഇദ്ദേഹത്തിനൊപ്പമുണ്ട്.

∙ ഇ.ഒ.ഔസേപ്പ് എന്ന ഉപ്പായി
ഇ.ഒ.ഔസേപ്പ് എന്ന പേരു പറഞ്ഞാൽ അധികമാരും അറിയില്ല. ഉപ്പായി മാപ്പിള എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ആ പേരു വന്നത് പത്ര വിതരണത്തിനിടെയാണ്. അക്കാലത്ത് പത്രവുമായി വെച്ചൂർ അഞ്ചുമന പാലം വരെ നടക്കും. തിരിച്ചു പോരുമ്പോൾ പുത്തൻപാലത്തെ ചായക്കടയിൽനിന്നു ചായ കുടിക്കും. ചായക്കടയിൽ വച്ചാണ് തനിക്ക് ഉപ്പായി മാപ്പിള എന്ന പേരു വീണതെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് ഓർക്കുന്നു. മാതാപിതാക്കളോ സഹോദരങ്ങളോ ബന്ധുക്കളോ ഇട്ട പേരല്ല ഇത്. പിന്നീട് നാട്ടുകാർ സ്നേഹത്തോടെ ആ വിളി ഉപ്പായിച്ചേട്ടനെന്നാക്കി.
∙ പത്രത്തിനായി കാത്തിരുന്ന തലമുറ
റേഡിയോ പോലും അപൂർവമായിരുന്ന, വിവരങ്ങളറിയാൻ പത്രങ്ങളും മാസികകളും മാത്രമുണ്ടായിരുന്ന കാലത്ത് ഒരു തലമുറ ഉപ്പായിച്ചേട്ടന്റെ വരവിനായി കാത്തിരുന്നു. 1962 ലെ ഇന്ത്യ–ചൈന യുദ്ധകാലത്ത് വാർത്തകൾ അറിയാൻ നാട്ടിൽ പത്രം മാത്രമായിരുന്നു ഏക മാധ്യമം. ടി.വി.ആർ. ഷേണായിയൂടെ യുദ്ധ റിപ്പോർട്ടിങ്ങിന് അന്ന് ഏറെ വായനക്കാരുണ്ടായിരുന്നുവെന്ന് ഉപ്പായിച്ചേട്ടൻ പറയുന്നു. ആ കാലഘട്ടത്തില്‍ എഴുത്തുകാരും കൂടി. മലയാള മനോരമ വരിക്കാരുടെ എണ്ണം അന്നു മൂന്നിരട്ടി വർധിച്ചുവെന്നും ഉപ്പായിച്ചേട്ടൻ ഓർക്കുന്നു.
ഇന്നത്തെ ചെറുപ്പക്കാർക്കു വായന കുറവാണെന്നാണ് ഉപ്പായിച്ചേട്ടന്റെ അഭിപ്രായം. പ്രായമുള്ളവരാണ് ഇന്ന് പത്രം വായിക്കുന്നത്. ഫോണിൽ നോക്കിയിരിക്കുന്നവർക്കു വായിക്കാൻ സമയമില്ലെന്നാണ് ഒരു കാലത്ത് വാർത്തകൾ വീട്ടിലെത്തിച്ചിരുന്ന ഉപ്പായിച്ചേട്ടൻ പറയുന്നത്.