ഒറ്റപ്പെടലിന്റെ ആഴം അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകൂ. മാനസിക പ്രശ്നങ്ങൾ, ആത്മഹത്യാ പ്രവണത, ലഹരിയോടുള്ള ആസക്തി, രോഗങ്ങൾ തുടങ്ങി പലതിലേക്കും ഇത് നയിക്കാം. ഒരല്‍പം പരിശ്രമിച്ചാൽ ഒറ്റപ്പെടൽ മറികടക്കാൻ ആർക്കും സാധിക്കും. ഇതിനായി ചില മാർഗങ്ങളിതാ.
∙ സാമൂഹ്യ ബന്ധം വളർത്തുക
ജീവിതത്തിരക്കിനിടയിൽ കൈമോശം വന്ന സൗഹൃദങ്ങൾ ചേർത്തു പിടിക്കാം. കൂട്ടുകാരുമായി ഒത്തുകൂടാനും സമയം ചെലവഴിക്കാനും ശ്രമിക്കുക. നിങ്ങളുടെ താൽപര്യങ്ങളുമായി ചേർന്നുപോകുന്ന ഗ്രൂപ്പുകൾ കണ്ടെത്തുകയും അവയിൽ സജീവമായിരിക്കാനും ശ്രദ്ധിക്കുക.
∙ പേടി മാറ്റുക
‘എന്റെ സൗഹൃദം അവർ ഇഷ്ടപ്പെടുന്നുണ്ടോ, എന്റെ സംസാരം ബോറാകുമോ?’ തുടങ്ങിയ നെഗറ്റീവ് ചിന്തകൾ ആയിരിക്കും പലപ്പോഴും നിങ്ങളെ ഒറ്റപ്പെടുത്തുന്നത്. നിങ്ങളുടെ ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവും ഉണ്ടാകണമെന്നില്ല. ആൾക്കൂട്ടത്തിൽനിന്ന് ഒഴിഞ്ഞു മാറാതെ അതിന്റെ ഭാഗമാകാൻ ശ്രമിക്കുക. സംസാരം തുടങ്ങി കിട്ടാനുള്ള ബുദ്ധിമുട്ട് മാത്രമേ ഉണ്ടാവൂ. ആളുകളുമായി സംസാരിക്കാൻ സന്ദർഭങ്ങളുണ്ടാക്കുക. ഒരു ചെറിയ കുശലാന്വേഷണത്തിലൂടെ പോലും ബന്ധങ്ങൾ വളർത്തിയെടുക്കാൻ പറ്റുമെന്ന് അറിയുക.
∙ ചെറിയ വലിയ കാര്യങ്ങൾ
മൂന്നാം ലോക മഹായുദ്ധം, സാമ്പത്തിക മാന്ദ്യം എന്നിവയല്ല മറിച്ച് ലളിതമായ കാര്യങ്ങളായിരിക്കും ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നത്. നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചു ചിന്തിച്ചാൽ തന്നെ ആവശ്യത്തിനു വിഷയങ്ങൾ ലഭിക്കും. എന്നിട്ടും വിഷയദാരിദ്ര്യം തോന്നുകയാണെങ്കിൽ പരിചയപ്പെട്ട വ്യക്തിയുടെ ഇഷ്ടങ്ങളെ കുറിച്ച് ചോദിച്ചറിയാം. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഗുണങ്ങൾ ആ വ്യക്തിയിൽ കാണുകയാണെങ്കിൽ അഭിനന്ദിക്കാൻ മടിക്കേണ്ടതില്ല.
∙ ഒഴിവാക്കരുത് കൂട്ടായ്മകൾ
എല്ലാവരുമൊത്തു ചെലവഴിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒഴിവാക്കരുത്. ഏതെങ്കിലും ഒരു ഫങ്‌ഷനു പോകാൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ അതു സുഹൃത്തുക്കളെ അറിയിക്കണം. ക്ഷണിച്ചിട്ടും പതിവായി വരാതിരിക്കുന്നവരെ പിന്നീടുള്ള ഫങ്ഷനുകളിൽ നിന്നും ഒഴിവാക്കാനേ എല്ലാവരും ശ്രമിക്കൂ.
∙ ബി പോസിറ്റീവ്
എപ്പോഴും ചടഞ്ഞു കൂടിയിരുന്ന വിഷമിക്കാതെ ജീവിതത്തെ പോസിറ്റീവായി നോക്കിക്കാണാം. ചിട്ടയായ വ്യായാമവും ആവശ്യത്തിന് ഉറക്കവും മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കഴിഞ്ഞുപോയ കാര്യങ്ങളിൽ വിഷമിച്ചിരിക്കാതെ ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് എപ്പോഴും ഓർക്കാം. നെഗറ്റീവ് ചിന്തകളെ ഒഴിവാക്കി പോസിറ്റീവായിരിക്കാൻ പ്രാർഥന സഹായിക്കും.
∙ ടെക്നോളജിയെ കൂട്ടുപിടിക്കാം
പ്രിയപ്പെട്ടവർ എല്ലാം വളരെ അകലെയാണെന്നോർത്ത് വിഷമിക്കേണ്ട ആവശ്യം ഇന്നില്ല. വിഡിയോ കോളിലൂടെ അവരെ കണ്ടു സംസാരിക്കാനാവും. ഒഴിവു സമയങ്ങൾ ഇഷ്ടമുള്ള കാര്യങ്ങൾ ഓൺലൈനായി പഠിക്കാൻ ചെലവഴിക്കാം. ബുദ്ധിപൂർവം വിനിയോഗിച്ചാൽ ഒറ്റപ്പെടൽ അകറ്റാനുള്ള മികച്ച മാർഗമായി സാങ്കേതിക വിദ്യ മാറും.