‘വിവാഹം സ്വർഗത്തിൽ നടക്കുന്നു’ എന്നാണ് പൊതുവേ പറയുക. സ്വർഗത്തിൽ നടന്നാലും ജീവിച്ചു തുടങ്ങുമ്പോൾ ചില പൊട്ടലും ചീറ്റലും സംഭവിക്കാറുണ്ട്. അപരിചിതരായ രണ്ടു വ്യക്തികൾ ഒന്നിച്ചു ജീവിതം തുടങ്ങുമ്പോൾ ഉണ്ടാകുന്ന തെറ്റിദ്ധാരണകളാണ് പലപ്പോഴും ഇതിനു കാരണം. നവദമ്പതികൾ സാധാരണയായി വരുത്തുന്ന 6 തെറ്റുകൾ റിലേഷൻഷിപ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
∙ ബന്ധങ്ങൾക്ക് പരിധി
ചെറുപ്പകാലം മുതലേ ഉള്ള സൗഹൃദങ്ങൾ വിവാഹത്തോടെ കുഴിച്ചു മൂടേണ്ടതില്ല. എന്നാൽ സുഹൃത്തുക്കൾക്കും സ്വന്തം വീട്ടുകാർക്കും പങ്കാളിയുടെ വീട്ടുകാർക്കും നിങ്ങളുടെ ജീവിതത്തിൽ ഒരു പരിധി നിശ്ചയിക്കണം. സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും നിങ്ങൾ എത്ര മാത്രം പ്രാധാന്യം നൽകുന്നു എന്ന കാര്യം പങ്കാളിയെ അറിയിക്കുക. പണ്ടത്തെപ്പോലെ എപ്പോഴും ഒരുമിച്ചു കൂടാൻ സാധിക്കില്ലെന്ന കാര്യം സിംഗിളായി പറന്നുനടക്കുന്ന സുഹൃത്തുക്കളെ അറിയിക്കാനും മറക്കരുത്.
∙ കടിഞ്ഞാണ്‍ ഇടല്ലേ
നിങ്ങളെ വിവാഹം കഴിച്ചു എന്നതുകൊണ്ടുമാത്രം പങ്കാളി സൗഹൃദങ്ങളും കുടുംബബന്ധങ്ങളും ഒഴിവാക്കണമെന്ന് ആഗ്രഹിക്കരുത്. സ്വന്തം താൽപര്യങ്ങളും ഇഷ്ടങ്ങളുമുള്ള സ്വതന്ത്ര വ്യക്തിയാണ് പങ്കാളി. അതിനിടിയിൽ നിങ്ങളിടുന്ന കടിഞ്ഞാണുകൾ ദാമ്പത്യത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകും.
∙ എല്ലാം തെറ്റ്
പങ്കാളിയുടെ പ്രവൃത്തികളിലെല്ലാം തെറ്റു മാത്രം കണ്ടെത്തരുത്. നിങ്ങളുടെ വീടുകളിൽ പരിചയിച്ച രീതികളായിരിക്കില്ല പങ്കാളിയുടേത്. അതുകൊണ്ട് അവയെല്ലാം തെറ്റാണ് എന്ന രീതി ബന്ധങ്ങൾ വഷളാക്കുകയേ ഉള്ളൂ.
∙ എല്ലാവരെയും പോലെ
എല്ലാവരും ഹണിമൂണിന് ദൂരസ്ഥലങ്ങളിലേക്ക് പോകുന്നു നമുക്കും പോകണം എന്ന ചിന്ത ശരിയല്ല. രണ്ടുപേരുടെയും സമയവും സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുക. പുതിയ വാഹനം, വീടുവയ്ക്കൽ, ഗർഭം ധരിക്കൽ എന്നിവയെല്ലാം ഇരുവരും ചേർന്നു തീരുമാനിക്കുക.
∙ സാമ്പത്തിക അച്ചടക്കം പാലിക്കാതിരിക്കൽ
കിട്ടുന്ന ശമ്പളം മുഴുവൻ ഷോപ്പിങ് ചെയ്തും അടിച്ചുപൊളിച്ചും തീർത്തവർ വിവാഹശേഷമെങ്കിലും ആ ശീലത്തിനു മാറ്റം വരുത്താൻ തയാറാകണം. വരവു ചെലവുകളെ കുറിച്ച് ഇരുവർക്കും ധാരണയുണ്ടായിരിക്കണം. ഭാവിയിൽ ആവശ്യമായി വരുന്ന ചെലവുകൾക്കായി ഒരു നിശ്ചിത തുക മിച്ചം പിടിക്കാൻ ശ്രമിക്കുക.
∙ പ്രണയ സുരഭിലം ജീവിതം
വിവാഹത്തിന്റെ ഹണിമൂൺ കാലഘട്ടം കഴിയുന്നതോടെ പങ്കാളിക്ക് തന്നോടുള്ള ഇഷ്ടം കുറഞ്ഞെന്നു സംശയിക്കുന്നവർ നിരവധിയാണ്. സിനിമയിലേതു പോലെയുള്ള പ്രണയം നിറഞ്ഞതല്ല ജീവിതം എന്ന യാഥാർഥ്യം മനസ്സിലാക്കുക. എന്നാൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ ദാമ്പത്യത്തിലെ പ്രണയം നഷ്ടപ്പെടാതിരിക്കാനും ഇരുവരും ശ്രദ്ധിക്കണം.