ADVERTISEMENT

ഉയർച്ചകളിൽ സന്തോഷം പങ്കിടാനും താഴ്ചകളിൽ ആശ്വ‌ാസമേകാനും കൈപിടിച്ചുയർത്താനും ഒപ്പം നിൽക്കുന്നവർ – സുഹൃത്ത് എന്നതിന് സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്. നൽകുന്ന വിശേഷണം ഇതാണ്. കലർപ്പില്ലാത്ത പെരുമാറ്റവും വിശ്വസ്തതയുമാണ് നല്ല സുഹൃത്തിന്റെ ലക്ഷണമെന്ന് ഉണ്ണി കരുതുന്നു. മറ്റൊരാളായി അഭിനയിക്കാതെ, കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറയുന്നവരായിരിക്കണം അവർ. ഏതൊരു സമയത്തും അവർ ഒപ്പം നിൽക്കുമെന്ന വിശ്വാസം വേണമെന്നും ഉണ്ണി പറയുന്നു. സൗഹൃദദിനത്തിൽ തന്റെ ജീവിതത്തിലെ അത്തരം സുഹൃത്തുക്കളെക്കുറിച്ച് ഉണ്ണി മനോരമ ഓൺലൈനോട് തുറന്നു പറയുന്നു.

∙ വിഷ്ണുവും അച്യുതും

വിഷ്ണുവുമായുള്ള സൗഹൃദം സ്കൂൾ പഠനകാലത്തു തുടങ്ങിയതാണ്. കൃത്യമായി പറഞ്ഞാൽ അഞ്ചാം ക്ലാസിൽ‌. അവിടം മുതൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. ആ ബന്ധം ഇപ്പോഴും ശക്തമായി തുടരുന്നു. ഞങ്ങളുടെ ബന്ധം ശക്തമാക്കുന്നതിൽ കലയ്ക്ക് വലിയ സ്ഥാനമുണ്ട്. ചിത്രരചന, നൃത്തം തുടങ്ങി പല ക്രിയേറ്റീവ് കാര്യങ്ങളിലും ഞങ്ങൾക്ക് അഭിരുചി ഉണ്ടായിരുന്നു. അതുകൊണ്ട് ഒരുമിച്ച് പരിശീലിച്ചും മത്സരിച്ചുമൊക്കെയാണു ഞങ്ങള്‍ വളർന്നത്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും വലിയ അടുപ്പമുണ്ട്. വിഷ്ണു ഇപ്പോൾ സബ്യസാചിയിൽ ഡിസൈനറായി ജോലി ചെയ്യുന്നു.

unni-ps-3
(ഇടത്) ഉണ്ണിയും അച്യുതും, (വലത്) വിഷ്ണുവിനൊപ്പം ഉണ്ണി

ഞാന്‍ ഇന്റീരിയർ ഡിസൈനിങ് പഠിച്ച കാലഘട്ടത്തിലാണ് അച്യുതിനെ പരിചയപ്പെടുന്നത്. അവൻ പിന്നീട് എന്റെ ഉറ്റസുഹൃത്തായി. അവന്റെ വീടാണ് എന്റെ സെക്കൻഡ് ഹോം. അവന്റെ വീട്ടുകാർ സ്വന്തം കുടുംബാംഗങ്ങളും. എനിക്കൊപ്പം കൂടുതൽ യാത്ര ചെയ്യുന്നയാളും അവനാണ്. ഞങ്ങളിപ്പോൾ ഒരു യൂറോപ്യൻ യാത്രയിലാണ്. അച്ചു ഒരു ബിൽഡറായി ജോലി ചെയ്യുന്നു. 12 വർഷം കടന്ന് ഞങ്ങളുടെ സൗഹൃദം ശക്തമായി മുന്നോട്ടു പോകുന്നു.

∙ ചേർത്തു പിടിക്കുന്ന കാവ്യ

ഏകദേശം ഒരു എട്ടു വർഷം മുമ്പാണ് കാവ്യയെ പരിചയപ്പെടുന്നത്. ഞ‍ാൻ മേക്കപ് ആർട്ടിസ്റ്റായി ഉയർന്നു വരുന്ന സമയം. ഒരു മാസികയുടെ കവർ ഫോട്ടോഷൂട്ട് ആയിരുന്നു അന്ന്. പെർഫക്‌ഷനു വലിയ പ്രാധാന്യം നല്‍കുന്ന ആളാണു കാവ്യ. മേക്കപ്പിൽ മാത്രമല്ല ജീവിതത്തിലെ ഓരോ കാര്യത്തിലും വളരെ ഓർഗനൈസ്ഡ് ആണ്. ഒരു സൂചി ആണെങ്കിൽ പോലും എടുത്ത സ്ഥലത്ത് വയ്ക്കും. അത്രയേറെ കൃത്യത എല്ലാ കാര്യത്തിലും നിർബന്ധം. കാവ്യയോട് ആരാധന തോന്നുന്ന ഒരു കാര്യമാണ് ഈ അച്ചടക്കവും കൃത്യതയും.  

unni-ps-5
കാവ്യ മാധവനൊപ്പം ഉണ്ണി

മേക്കപ്പിന്റെ കാര്യത്തിലും കൃത്യത നിർബന്ധം. കണ്ണെഴുതുന്നതൊന്നും അൽപം പോലും മാറാൻ പാടില്ല. അതുകൊണ്ട് ഐ മേക്കപ് സ്വന്തമായി ചെയ്യുന്നതാണ് രീതി. എന്നാൽ അന്ന് എന്നോടു ചെയ്തോളൂ എന്നു പറഞ്ഞു. അങ്ങനെ ഞാൻ കണ്ണെഴുതി. അതു കാവ്യയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതോടെ എന്നെ സ്ഥിരമായി മേക്കപ്പിനു വിളിച്ചു തുടങ്ങി. ഞാൻ ചെയ്ത ചില ലുക്ക്സ് വലിയ ഹിറ്റായി. കാവ്യയുടെ പുതിയ ഹെയർസ്റ്റൈൽ പരീക്ഷണവും ശ്രദ്ധ നേടി. ഇക്കാലയളവിൽ കാവ്യയും കുടുംബവുമായി ഞാൻ വളരെയധികം അടുത്തു. ഞങ്ങള്‍ ആത്മസുഹൃത്തുക്കളായി മാറി.

കാവ്യയുടെ വിവാഹത്തിന് ഞാനാണു മേക്കപ് ചെയ്തത്. പക്ഷേ മേക്കപ് ആർ‌ട്ടിസ്റ്റ് എന്ന നിലയിലായിരുന്നില്ല അത്. ഒരു സുഹൃത്തിന്റെയും സഹോദരന്റെയും കുടുംബാംഗത്തിന്റെയും സ്ഥാനമായിരുന്നു അന്നെനിക്ക്. ജീവിതത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങിന് അവളെ അണിയിച്ചൊരുക്കാനായത് ഒരു പ്രത്യേക അനുഭവമായിരുന്നു. അന്ന് മനസ്സു നിറഞ്ഞു.

കാവ്യയുടെ ജീവിതത്തിൽ മോശം കാലം വന്നപ്പോൾ ഉറച്ച പിന്തുണയുമായി ഒപ്പം നിൽക്കണമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ലായിരുന്നു. കാരണം കാവ്യ ആരാണെന്നും എന്താണെന്നും എനിക്ക് നന്നായി അറിയാം. അവൾ എനിക്ക് നൽകിയിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും പകരമായി ചെയ്യാനാവുന്നതിന്റെ പകുതി പോലും ഇപ്പോഴും ആയിട്ടില്ല. ഞാൻ എന്നും ഒരു സുഹൃത്തായി അവൾക്കൊപ്പം ഉണ്ടാകും.

unni-ps-1
ഉണ്ണിയും മീരാ നന്ദനും

∙ കാതങ്ങൾ താണ്ടും മീര

ഒരേ വേവ് ലെങ്ത് ഉള്ള സുഹൃത്ത് ആരാണെന്നു ചോദിച്ചാൽ മീര നന്ദൻ എന്നായിരിക്കും എന്റെ ഉത്തരം. കുറേ കാര്യങ്ങളിൽ ഞങ്ങളുടെ ടേസ്റ്റ് സമാനമാണ്. സൗഹൃദത്തിന് ദൂരമൊരു തടസ്സമല്ലെന്ന് ഞങ്ങൾക്കു പറയാനാവും. മീര ദുബായിലാണ് ജോലി ചെയ്യുന്നത്. അതൊരിക്കലും ഞങ്ങളുടെ സൗഹൃദത്തിനു പരിധി സൃഷ്ടിച്ചിട്ടില്ല. മറിച്ച് ബന്ധം കൂടുതൽ ശക്തമാക്കുകയാണു ചെയ്തിട്ടുള്ളത്. മിക്ക ദിവസവും വിളിക്കും, വിഡിയോ കോൾ ചെയ്യും. എന്തെങ്കിലും കാരണത്താൽ രണ്ടു ദിവസം ആർക്കെങ്കിലും വിളിക്കാനോ സംസാരിക്കാനോ പറ്റിയില്ലെങ്കിൽ അതിന്റെ പേരിൽ പിണങ്ങും. ദുബായിൽ ചെന്നാൽ പിന്നെ മീര എന്നെ എങ്ങോട്ടും വിടില്ല. ഞങ്ങൾക്ക് അവിടെ ഒരു ഫ്രണ്ട് സർക്കിൾ ഉണ്ട്. ട്രിപ്പും ഷോപ്പിങ്ങും പാട്ടും ഡാൻസുമൊക്കെയായി ആ ദിവസങ്ങൾ ആഘോഷമായിരിക്കും. ‌മീര വളരെ ഫൺ ആണ്.

മീരയുടെ ഒരു ജന്മദിനത്തിൽ ഞാന്‍ വലിയൊരു സർപ്രൈസ് കൊടുത്തു. അതിന്റെ തലേദിവസം മീര വിളിച്ച് നാളെ ബെർത് ഡേ പാർട്ടിയുണ്ടെന്നും പോകാൻ തോന്നുന്നില്ലെന്നുമൊക്കെ പറഞ്ഞിരുന്നു. പോകാതിരിക്കുന്നതു ശരിയല്ലെന്നും അടിച്ചു പൊളിക്കണമെന്നും പറഞ്ഞ് ആളെ ഊർജസ്വലയാക്കിയാണു ഞാൻ ഫോണ്‍ വച്ചത്. അതിനുശേഷം ഞാൻ ദുബായിലേക്ക് ഫ്ലൈറ്റ് കയറി. അവിടെയുള്ള ഞങ്ങളുടെ പൊതു സുഹൃത്തുക്കൾ വഴി മീരയുടെ ബെർത് ഡേ പാർട്ടി നടക്കുന്നിടത്തേക്ക് എത്തി. അന്നു മീര ഞെട്ടി. അവൾക്ക് അങ്ങനെ ഒരു സർപ്രൈസും സന്തോഷവും നൽകാനായത് എനിക്ക് ഒരിക്കലും മറക്കാനാവാത്ത കാര്യമാണ്.

നാട്ടിലുള്ള മീരയുടെ കുടുംബത്തിന്റെ വിശേഷങ്ങളിൽ അവളുടെ അഭാവത്തിൽ ഞാൻ പങ്കെടുക്കാറുണ്ട്. ആ സമയത്ത് ഞങ്ങൾ മീരയെ വിഡിയോ കോളിലൂടെ വിളിക്കും. അങ്ങനെ വളരെ ശക്തമായി ഞങ്ങളുടെ സൗഹൃദം മുന്നോട്ടു പോകുന്നു.

unni-ps-2
ശ്രിന്ദയും ഉണ്ണിയും

∙ അടുത്ത വീട്ടിലെ ശ്രിന്ദ

എന്റെ ഏറ്റവും അടുത്തുള്ള കൂട്ടുകാരിയാണ് ശ്രിന്ദ. കൊച്ചിയിൽ ഞങ്ങൾ അടുത്തടുത്താണു താമസം. ചെലപ്പോൾ ഞാൻ അവളുടെ വീട്ടിലേക്ക് ചെല്ലും. അല്ലെങ്കിൽ അവൾ ഇങ്ങോട്ടു വരും. എപ്പോൾ വേണമെങ്കിലും ഞങ്ങൾക്ക് അങ്ങനെ നടന്നു കയറാം. ഒന്നിച്ച് ഫുഡ് കഴിക്കാം. ചിലപ്പോൾ രാത്രി ഒന്നിച്ച് നടക്കാൻ പോകും. അങ്ങനെ ഒരു സുഹൃത്ത് അടുത്തുളളത് ഒരു ഭാഗ്യമാണ്. നല്ലൊരു ഫാഷൻ വൈബ് ഞങ്ങൾക്കിടയിലുണ്ട്. ഒന്നിച്ച് എക്സ്പിരിമെന്റ് ഫോട്ടോ ഷൂട്ടുകൾ ചെയ്യാറുണ്ട്. പല കാര്യങ്ങളിലും ശ്രിന്ദ എന്നെ വളരെയധികം സഹായിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com