ADVERTISEMENT

ജീവിതത്തിലെ സന്തോഷകരവും കഠിനതരവുമായ ദിനങ്ങൾ ഒന്നിച്ചാണ് ദിൽഷയെ തേടിയെത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിജയിയായി മടങ്ങിയെത്തുമ്പോൾ അപവാദപ്രചാരണങ്ങളും സൈബർ ആക്രമണങ്ങളുമൊക്കെ നേരിടേണ്ടി വരുമെന്ന് ദിൽഷ കരുതിയില്ല. താൻ പോലും അറിയാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും മറുപടി പറയുകയും ചെയ്യേണ്ടി വന്നു. സമൂഹമാധ്യമങ്ങളിൽ സംഘടിതമായി ആക്രമിക്കപ്പെട്ടു. വേദനാജനകമായിരുന്നു ആ നാളുകൾ. എന്നാൽ അതിനെയെല്ലാം നേരിട്ട് ദിൽഷ മുന്നേറി. മറുപടി പറയേണ്ടിടത്തു പറഞ്ഞു, നിശബ്ദത പാലിക്കേണ്ടിടത്ത് അതും ചെയ്തു. ഫോട്ടോഷൂട്ടുകളും ടെലിവിഷൻ പരിപാടികളും ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കിലാണ് താരമിപ്പോൾ. കഠിനമായ ദിനങ്ങളെ എങ്ങനെയാണു നേരിട്ടതെന്നും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളെന്തെന്നും ദിൽഷ മനോരമ ഓൺലൈൻ വായനക്കാരോടു പറയുന്നു.

∙ എന്തുകൊണ്ടായിരിക്കും ദിൽഷ വിജയിയായത്?

ഷോയിൽ ഏറ്റവും സജീവമായി നിന്നതു ഞാനായിരുന്നുവെന്നാണ് തോന്നിയിട്ടുള്ളത്. ഒന്നിൽനിന്നും മാറി നിന്നിട്ടില്ല. എനിക്കു സാധിക്കുന്നതിന്റെ പരമാവധി നൽകാൻ ശ്രമിച്ചിട്ടുമുണ്ട്. ഒരുപാട് പ്രശ്നങ്ങൾ അതിനകത്ത് നേരിടേണ്ടി വന്നു. പക്ഷേ മടുത്തുവെന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. എല്ലാം നേരിടാൻ തയാറായാണു ഷോയ്ക്ക് വന്നത്. പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു പോകാണമെന്നു തീരുമാനിച്ചിരുന്നു. ആ തീരുമാനമാണ് വിജയത്തിലേക്ക് എത്തിച്ചതെന്നു കരുതുന്നു. 

dilsha-2
Image Credits: Dilsha Prasannan / Instagram

∙ ഷോയ്ക്ക് മുമ്പും ശേഷവും ദിൽഷയിലുണ്ടായ മാറ്റം?

വ്യത്യാസമൊന്നുമില്ല, എന്റെ വ്യക്തിത്വം അന്നും ഇന്നും ഒരുപോലെയാണ്. ഞാൻ എന്ന വ്യക്തി എന്താണോ അങ്ങനെ തന്നെ ആയിരിക്കാനും മുന്നോട്ടു പോകാനുമാണ് ആഗ്രഹിക്കുന്നത്. ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാനിപ്പോൾ കുറച്ചു കൂടി ബോൾഡ് ആയതായി തോന്നുന്നു. കാരണം ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളൊന്നും മുമ്പ് എനിക്ക് നേരിടേണ്ടി വന്നിട്ടില്ലായിരുന്നു. തുടർച്ചയായി പ്രശ്നങ്ങൾ നേരിടുമ്പോൾ നമുക്ക് സ്വാഭാവികമായും കുറച്ച് ധൈര്യം കൂടും. വിചാരിക്കാത്ത ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപവും വ്യാജപ്രചാരണവുമൊക്കെ രൂക്ഷമായിരുന്നു. ആദ്യം അതു വളരെയധികം വേദനിപ്പിച്ചു. സങ്കടപ്പെടുത്തി. പക്ഷേ ഇപ്പോൾ അതു നേരിടാനാവുന്നുണ്ട്.

∙ ജീവിതത്തിലെ തിരക്കേറിയ ദിവസങ്ങളിലൂടെ കടന്നു പോകുന്നു. ഷൂട്ടുകൾ, ഉദ്ഘാടനങ്ങൾ, അഭിമുഖങ്ങൾ... എന്തു തോന്നുന്നു? 

വളരെ സന്തോഷം. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒരുപാട് പരിപാടികളുടെ ഭാഗമാകാൻ സാധിച്ചു. അങ്ങനെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചു. അതാണ് കൂടുതൽ സന്തോഷിപ്പിക്കുന്നത്. നിരവധി പേരുടെ പിന്തുണ എനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടും കൂടിയാണ് ഷോയിൽ ജയിക്കാനായത്. അവരുടെ സ്ഥലത്തു പോകുമ്പോൾ അവർക്ക് വരാനും കാണാനും സംസാരിക്കാനുമൊക്കെ സാധിക്കുന്നു. അവരോട് നന്ദി പറയാന്‍ എനിക്കാവുന്നു. അതെല്ലാം ഭാഗ്യമായി കാണുന്നു.

∙ സന്തോഷം തോന്നിയ അനുഭവം?

പുറത്തിറങ്ങിയപ്പോൾ നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നു പോയത്. അത്രമാത്രം അധിക്ഷേപം നേരിട്ടു. അപ്പോഴെല്ലാം ആത്മാർഥമായി പിന്തുണയ്ക്കാൻ ആളുകൾ ഉണ്ടായിരുന്നു. ‘മോള് സങ്കടപ്പെടുന്നതു കാണുമ്പോൾ വിഷമമാകുന്നു’ എന്നു പറഞ്ഞ് ഫോൺ വിളിച്ച് പൊട്ടിക്കരഞ്ഞ അമ്മമാരുണ്ട്. ‘പറയുന്നവർ എന്തും പറയട്ടെ, മോള് കരയരുത്. നിന്നെ ആത്മാർഥമായി സ്നേഹിക്കുന്ന ആളുകൾ ഒപ്പമുണ്ട്’ എന്നു പറഞ്ഞ് അവർ എന്നെ ആശ്വസിപ്പിച്ചു. അതെന്നെ വളരെയധികം സന്തോഷിപ്പിച്ചു. സമാധാനം നൽകി. 

ഇത്തരത്തിൽ സ്നേഹിക്കുന്ന ആളുകളെ നേടാനായതാണ് യഥാർഥ നേട്ടമെന്ന് തിരിച്ചറിയുന്നു. ദിൽഷയെപ്പോലെ ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആ അമ്മമാരും അച്ഛന്മാരുമൊക്കെ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് മതിമറക്കും. അതുകേൾക്കുമ്പോൾ എന്നെക്കാളേറെ സന്തോഷിക്കുന്നത് എന്റെ മാതാപിതാക്കളാണ്. ഒരു മകൾ എന്ന നിലയിൽ അതിൽ കൂടുതൽ എന്താണ് എനിക്കു വേണ്ടത്. 

dilsha-1
Image Credits: Dilsha Prasannan/ Instagram

∙ പലതിലേക്കും പേര് വലിച്ചിഴയ്ക്കപ്പെട്ടു, സൈബർ ആക്രമണം ഉണ്ടായി. ഇതെല്ലാം എങ്ങനെ നേരിട്ടു?

ഞാൻ മനസ്സാവാചാ അറിയാത്ത കാര്യങ്ങൾ മുൻനിർത്തി പോലും അപഹാസവും അധിക്ഷേപവും ഉണ്ടായി. പലരും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു. പക്ഷേ ഇവരെ ആരെയും തിരുത്താൻ ഞാനില്ല. അതിന് എനിക്കെന്നല്ല ആർക്കും സാധിക്കുകയുമില്ല. ഇതിനെല്ലാം മറുപടിയായി ഒരു വിഡിയോ ചെയ്താൽ അതു മുൻനിർത്തിയാവും ബാക്കി പ്രചാരണങ്ങൾ. പിന്നെ അതിനും ഞാൻ മറുപടി പറയേണ്ടി വരും. അതുകൊണ്ട് പറയുന്നവർ എന്തെങ്കിലും പറയട്ടെ, ഞാൻ എന്താണെന്ന് എനിക്ക് അറിയാം.

∙ ഏറ്റവും അസ്വസ്ഥതയുണ്ടാക്കിയ സംഭവം?

ദിൽഷ 70 ലക്ഷത്തിന്റെ കാർ എടുത്തുവെന്ന് ഒരു പ്രചാരണം. അതു മുൻനിർത്തി ചർച്ചകൾ. ബന്ധപ്പെട്ട് നിരവധി യുട്യൂബ് വിഡിയോകൾ. തുടർന്ന് സൈബറാക്രമണം. എനിക്കില്ലാത്ത ഒരു വാഹനത്തിന്റെ പേരിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് ഓർക്കണം. പലപ്പോഴും സകല അതിര്‍വരമ്പുകളും ഇക്കൂട്ടർ ലംഘിച്ചു. എന്തൊക്കെയാണ് പറയുന്നതെന്നെങ്കിലും ഇവർ ആലോചിക്കേണ്ടതല്ലേ. അതൊന്നുമുണ്ടാകുന്നില്ല. ആര്‍ക്കും എന്തും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാം. സത്യത്തിൽ അതെല്ലാം വിശ്വസിക്കുന്ന ആളുകളുടെ കാര്യത്തിലാണ് എനിക്ക് വിഷമമുള്ളത്. ചിലർ വിചാരിച്ചാൽ ആരെയും എളുപ്പം തെറ്റിദ്ധരിപ്പിക്കാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതു കഷ്ടമാണ്. 

ഞാനിപ്പോൾ യുട്യൂബ് തുറക്കാറില്ല. എനിക്ക് വരുന്ന വിഡിയോകളിൽ കൂടതലും എന്നെക്കുറിച്ചുള്ളതാണ്. അതിൽ പലതും ഞാൻ അറിയുക പോലും ചെയ്യാത്ത കാര്യങ്ങളും.

∙ ഇത്തരം സാഹചര്യത്തിൽ കുടുംബത്തിന്റെ നിലപാട്?

എപ്പോഴും കരുത്ത് എന്റെ കുടുംബമാണ്. അവരുടെ പിന്തുണയാണ് ഏതൊരു അവസ്ഥയിലും മുന്നോട്ടു പോകാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഈ ലോകത്തിൽ ആരെനിക്ക് എതിരു നിന്നാലും കുടംബം എന്നെ വിശ്വസിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ട്. 

എന്റെ അച്ഛനും അമ്മയ്ക്കും ഇതൊക്കെ കേൾക്കേണ്ടി വരുന്നല്ലോ എന്ന വിഷമം മാത്രമ എനിക്കുള്ളൂ. ചെയ്ത തെറ്റിന്റെ പേരിലാണ് ഇതൊക്കെ സംഭവിക്കുന്നതെങ്കിൽ അങ്ങനെയെങ്കിലും ആശ്വസിക്കാമായിരുന്നു. എങ്കിലും സാരമില്ല. ഈ നിമിഷവും കടന്നു പോകും.

dilsha-prasannan-onam-nagavalli-photoshoot-3
Image Credits: Ann Ancy

∙ മുന്നോട്ടുള്ള പദ്ധതികൾ

നല്ല സിനിമകളിൽ അഭിനയിക്കണം. മികച്ചൊരു നർത്തകിയായി പേരെടുക്കണം. നിരവധി സ്റ്റേജ് ഷോകളും മറ്റു പരിപാടികളും ചെയ്യണം എന്നും ആഗ്രഹമുണ്ട്. 

∙ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കേട്ട് മടുത്തു കാണുമല്ലോ?

അതെ, മടുത്തു. ഞാൻ വിവാഹം കഴിക്കാത്തതിൽ എന്റെ വീട്ടുകാരേക്കാൾ വിഷമം നാട്ടുകാർക്കാണെന്നു മനസ്സിലാക്കാനായി. കരിയറിനാണ് ഇപ്പോൾ പ്രാധ്യാനം കൊടുക്കുന്നത്. വിവാഹം സമയമാകുമ്പോൾ സംഭവിക്കും.

∙ സ്നേഹിക്കുന്നവരോട് പറയാനുള്ളത്?

നിങ്ങള്‍ എന്നെ എങ്ങനെ സ്നേഹിക്കുന്നോ, അതുപോലെ ഞാൻ നിങ്ങളെയും സ്നേഹിക്കുന്നു. നിങ്ങൾ നൽകിയ പിന്തുണ എനിക്ക് വിലപ്പെട്ടതാണ്. കടുത്ത സാഹചര്യത്തിലൂടെ കടന്നു പോയപ്പോൾ തളരാതെ മുന്നേറാന്‍ നിങ്ങളുടെ പിന്തുണ എന്നെ സഹായിച്ചു. എന്നെ നേരിട്ടു കാണുക പോലും ചെയ്യാതെയാണ് എന്നെ സ്നേഹിക്കുകയും എനിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നത്. നിങ്ങളോടെല്ലാം നന്ദിയും സ്നേഹവും മാത്രം. ഒരു മകളായി, ചേച്ചിയായി, സുഹൃത്തായി ഞാൻ നിങ്ങളുടെ കൂടെയുണ്ടാകും.

∙ വെറുക്കുന്നവരോട് എന്തെങ്കിലും പറയാനുണ്ടോ?

നിങ്ങൾ എന്നെ വെറുത്തോളൂ, പക്ഷേ അതിന്റെ പേരിൽ എന്റെ ചുറ്റിലുമുള്ളവരെ ദയവു ചെയ്ത് വേദനിപ്പിക്കരുത്. അവരെ അനാവശ്യമായി ഒരോന്നിലേക്ക് വലിച്ചിഴയ്ക്കരുത്. അധിക്ഷേപമോ പരിഹാസമോ തുടർന്നോളൂ. പക്ഷേ എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് ഓർക്കണം. ഒരു വ്യക്തിയെ ഇത്ര ക്രൂരമായി വേദനിപ്പിച്ചതു കൊണ്ട് നിങ്ങൾക്ക് എന്തു നേട്ടമാണുള്ളത്? നിങ്ങളെപ്പോലെ ഞാനും ഒരു മനുഷ്യനാണ്. അതുകൊണ്ട് സഹിക്കാൻ പറ്റുന്നതിനും ഒരു പരിധിയുണ്ടെന്ന് മനസ്സിലാക്കുക.

English Summary : Dilsha Prasannan about her future plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com