ADVERTISEMENT

ട്രാൻസ്ജെൻഡർ എന്ന വാക്കിന് മലയാള പദം ആവശ്യമുണ്ടോ? ശിഖണ്ഡി, ഹിജഡ, ആണുംപെണ്ണും കെട്ടവൻ, നപുംസകം തുടങ്ങിയ പദപ്രയോഗങ്ങൾ ഇന്നും വലിയ മാറ്റമില്ലാതെ നിലനിൽക്കുന്ന ഒരു സാംസ്കാരികമണ്ഡലത്തിലേക്കാണ് ഈ ചോദ്യമെറിയുന്നത്. അധികാരസ്ഥാനങ്ങളിൽ വിരാജിക്കുന്നവരുടെയടക്കം നാവിൽ സങ്കോചമൊന്നുമില്ലാതെ ഇപ്പോഴും വരുന്നത് ഇങ്ങനെയുള്ള മലയാളമാണ്. അങ്ങേയറ്റം ഹോമോഫോബിക് ആയ സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ കുറുക്കുവഴികൾ തേടുന്നവരാണോ നമ്മൾ? ട്രാൻസ്ജെൻഡറിനു മലയാളം കണ്ടെത്താനായാൽ എല്ലാം തികഞ്ഞോ? ട്രാൻസ്ജെൻഡറിനു തത്തുല്യ മലയാള പദം തേടി  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മത്സരം പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ട്രാൻസ്ജെൻഡറുകൾക്കു മാന്യമായ പദവി നൽകുന്ന, അവരെ അഭിസംബോധന ചെയ്യാൻ പര്യാപ്തമായ പദം തേടിയായിരുന്നു മത്സരം. രാഷ്ട്രീയശരികളെ പ്രതിഫലിപ്പിക്കുന്നതിൽ മലയാള ഭാഷയുടെ പരിമിതി വലിയൊരു ചർച്ചാവിഷയമാണ്. നമുക്കിപ്പോഴും അവനും അവളും ശ്രീയും ശ്രീമതിയും മാത്രമേയുള്ളൂ. ഇതിനപ്പുറത്തേക്കു ഭാഷ വളരണമെന്ന അഭിപ്രായം ഏറെക്കാലമായുണ്ട്. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്കൊടുവിലാണ് ട്രാൻസ്ജെൻഡർ എന്ന വാക്കിനു പോലും ജനകീയതയുണ്ടായത്. ഇനി ഈ പദത്തിനു പുതിയ മലയാളം കണ്ടെത്തുമ്പോൾ രാഷ്ട്രീയശരികൾക്കായുള്ള ബോധപൂർവമുള്ള അടിച്ചേൽപിക്കലായി അതു മാറുമോയെന്ന സംശയം ഉയർത്തുന്നവരാണ് എൽജിബിടിക്യുഐഎ+ കമ്യൂണിറ്റിയിൽ ഏറെയും. സമൂഹത്തിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാകാതെ ഭാഷാപരമായ എളുപ്പവഴികൾ കൊണ്ടു വലിയ കാര്യമില്ലെന്ന പക്ഷക്കാരാണവർ. 

∙ മാറ്റം എവിടെനിന്ന് തുടങ്ങണം? 

മുഖ്യധാരയ്ക്കു പുറത്തുനിൽക്കുന്നവരെയും പുറത്തുനിർത്തപ്പെട്ടവരെയും അഭിസംബോധന ചെയ്യാൻ തെറിവാക്കുകൾ ഉപയോഗിക്കുകയാണു മലയാളികളുടെ പൊതുവെയുള്ള ശീലം. ഒരു സമൂഹം പങ്കുവയ്ക്കുന്ന കാഴ്ചപ്പാടുകൾ അവരുടെ ഭാഷയിലും കടന്നുവരുമെന്നതിന് ഉദാഹരണമാണ് മലയാളവും. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി കേരളീയസമൂഹത്തിന്റെ സദാചാര സങ്കൽപങ്ങളിലും വിമോചന ചിന്താഗതികളിലും വലിയൊരളവുവരെ മാറ്റമുണ്ടാക്കാൻ എൽജിബിടിക്യുഐഎ+ പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെല്ലാം ട്രാൻസ് വ്യക്തികൾ കൂടുതലായി കടന്നുവരുന്നു. ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒട്ടേറെയാണെങ്കിലും ഇന്ന് കേരളത്തിൽ ആർക്കും മാറ്റിനിർത്താനാകാത്ത ശക്തമായ സാന്നിധ്യമാണ് എൽജിബിടിക്യുഐഎ+ സമൂഹം. ആരുടെയും സഹതാപവും അനുതാപവും ഉദാരതയും ഞങ്ങൾക്ക് ആവശ്യമില്ലെന്ന് അവർ ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു. സമൂഹത്തിന്റെ രക്ഷാകർതൃമനോഭാവം തങ്ങൾ നേരിടുന്ന രാഷ്ട്രീയപ്രശ്നങ്ങളിൽനിന്നു രക്ഷിക്കാൻ പോകുന്നില്ലെന്ന് അവർ തിരിച്ചറിയുന്നു. 

transgender-peoplethrissur-pride-march
2018ൽ തൃശൂരിൽ നടന്ന പ്രൈഡ് മാർച്ചിൽ നിന്നും∙ ചിത്രം: മനോരമ

∙ പരിഹരിക്കാൻ പ്രശ്നങ്ങൾ വേറെയുമുണ്ട് 

എൽജിബിടിക്യുഐഎ+  സമൂഹത്തിലെ ഓരോ വ്യക്തികളും പലതരം പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. പലരും പല സമയത്താണു തങ്ങളുടെ ലൈംഗികത തിരിച്ചറിയുന്നതും. നേരത്തെ തിരിച്ചറിയുന്നവർക്കുപോലും സമൂഹത്തിന്റെയും കുടുംബത്തിന്റെയും സമ്മർദം മൂലം തങ്ങളുടെ വ്യക്തിത്വം അടിച്ചമർത്തി ജീവിക്കേണ്ടിവരുന്നു. തന്റെ വ്യക്തിത്വം എളുപ്പത്തിൽ തുറന്നുപറഞ്ഞ് പുറത്തുവരാൻ (കമിങ് ഔട്ട്) എല്ലാവർക്കും സാധിച്ചുകൊള്ളണമെന്നുമില്ല. ലൈംഗിക സ്വാഭിമാനത്തിലേക്കുള്ള കടന്നുവരവ് ഏറെക്കാലമെടുക്കുന്ന മാനസിക-സാമൂഹിക പ്രക്രിയയാണ്. കടമ്പകൾ കടന്നു തന്റെ വ്യക്തിത്വം വെളിപ്പെടുത്തി ജീവിക്കുന്നവർ പോലും സമൂഹത്തിൽനിന്നു ഒറ്റപ്പെടൽ നേരിടുന്നുണ്ട്. ട്രാൻസ്ജെൻഡറുകളുടെ ആത്മഹത്യ ഇന്നൊരു വാർത്ത പോലുമല്ലാതായിത്തീർന്നിരിക്കുന്നുവെന്ന വേദനയും കമ്യൂണിറ്റിയിലെ അംഗങ്ങൾ പങ്കുവയ്ക്കുന്നു. സ്വയംതൊഴിൽ ചെയ്തുജീവിക്കുന്നവർ ദിവസം തോറുമെന്നോണം പലവിധ ആക്രമണങ്ങൾക്കു വിധേയരാകുന്നു. പരാതിപ്പെടാൻ ചെല്ലുമ്പോൾ പൊലീസ് ഉദ്യോഗസ്ഥരും സാമാന്യനീതി നിഷേധിക്കുന്ന ക്രൂരമായ അനുഭവം. ലൈംഗികസ്വത്വം വെളിപ്പെടുത്തിയതിനുശേഷം അതിജീവനം തേടി മറ്റെവിടേക്കെങ്കിലും ഓടിയൊളിക്കേണ്ടിവരുന്നവർ. കുടുംബം, മതം, സമൂഹം, ഭരണകൂടം തുടങ്ങി തരണം ചെയ്യേണ്ട പ്രതിബന്ധങ്ങള്‍ നീളുന്നു. തങ്ങളെ വെറുക്കപ്പെട്ടവരായി മാത്രം കാണുന്ന സമൂഹത്തിൽനിന്നു നേരിടേണ്ടിവരുന്ന നിരന്തര പീ‍ഡനങ്ങളെക്കുറിച്ചു പറയാനേറെയാണ് ട്രാൻസ് വ്യക്തികൾക്ക്. തങ്ങളോട് പുതുതായി ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തുന്ന വൻകിട കോർപറേറ്റുകൾ ഹോമോഫോബിയയും ക്വീർ ഫോബിയയുമെല്ലാം പ്രചരിപ്പിക്കുന്ന വലതുപക്ഷ സംഘടനകൾക്കു ഫണ്ട് കൊടുക്കുന്നതിന്റെയും അവരുടെ പ്രൊപഗാൻഡ യന്ത്രങ്ങളായി മാറുന്നതിന്റെയും വൈരുധ്യവും ട്രാൻസ് സമൂഹം മനസ്സിലാക്കുന്നു. പരിഷ്കൃതസമൂഹം എന്നു വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ തന്നെയാണ് ട്രാൻസ് വ്യക്തികളെ ഇന്നും മുഖ്യധാരയ്ക്കു പുറത്തുനിർത്തുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുകയെന്ന ഏറ്റവും ലളിതമായ കാര്യം മാത്രമേ സമൂഹം ചെയ്യേണ്ടതുള്ളൂവെന്ന് എൽജിബിടിക്യുഐഎ+  കമ്യൂണിറ്റിയിലെ അംഗങ്ങൾ പറയുന്നു. 

muhammas-unais
മുഹമ്മദ് ഉനൈസ്

∙ പരിമിതി ഭാഷയ്ക്കോ സമൂഹത്തിനോ? 

ലൈംഗിക വ്യത്യസ്തകളെയെല്ലാം അഭിസംബോധന ചെയ്യാൻ സമൂഹത്തിനുള്ളതു പോലെ ഭാഷയിലും പരിമിതികളുണ്ട്. അവരെ വിശേഷിപ്പിക്കാനുള്ള തെറിവാക്കുകളാൽ സമൃദ്ധമായിരുന്ന ഒരു ഭാഷയിലേക്കാണ് ട്രാൻസ്ജെൻഡർ എന്ന ഇംഗ്ലിഷ് വാക്കിന്റെ കടന്നുവരവ്. ഫാൻ, മിക്സി, ബസ് എന്നിവയൊക്കെ പോലെ ഒരു മലയാളപദമായി അതിനു സ്വീകാര്യത കിട്ടിക്കഴിഞ്ഞുവെന്ന അഭിപ്രായമാണ് ഗേ ആയി സ്വയം അടയാളപ്പെടുന്ന മുഹമ്മദ് ഉനൈസിന്റേത്. ഹോമോഫോബിയയ്ക്കെതിരെ കൂടിയാണ് ഉനൈസിന്റെ പോരാട്ടം. ട്രാൻസ്ജെൻഡർ എന്ന വാക്കിനു പുതിയ മലയാളപദം കണ്ടെത്തേണ്ടതുണ്ടോ എന്നതിൽ സംശയമുണ്ടെന്ന് ഉനൈസ് പറയുന്നു. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല വാക്കുകളും ഇംഗ്ലിഷിൽനിന്നുള്ളവയാണ്. സ്വിച്ച്, ജീപ്പ്, കാർ, ആപ്പിൾ, ഓറഞ്ച് എന്നിങ്ങനെ നീളുന്നു അവ. ട്രാൻസ്ജെൻഡർ എന്ന വാക്കിനു മലയാളം അന്വേഷിച്ചിറങ്ങിയ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിലും മലയാളം ഇല്ലേയെന്ന് ഉനൈസ് ചോദിക്കുന്നു. നിലവിൽ ട്രാൻസ് കമ്യൂണിറ്റിക്കു സ്വീകാര്യമായ ട്രാൻസ്ജെൻഡർ എന്ന വാക്കു തന്നെ തുടർന്നും ഉപയോഗിക്കുന്നതല്ലേ നല്ലത്? ഭിന്നലിഗം, മൂന്നാംലിഗം എന്നിങ്ങനെ അസ്വീകാര്യമായതും അവഹേളനപരവുമായ പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് നിർത്തുകയാണ് ആദ്യം വേണ്ടത്- ഉനൈസ് പറയുന്നു. 

∙ ഭാഷയിലും അദൃശ്യർ! 

ട്രാൻസ്ജെൻഡറിനു പുതിയ മലയാള പദം എന്ന ആശയത്തോട് രണ്ടുതരത്തിൽ ചർച്ചകൾ ഉയർന്നുവരുന്നുണ്ടെന്ന് ക്വീർ വിദ്യാർഥിയും കവിയുമായ ആദി പറയുന്നു. എല്ലാ വാക്കുകൾക്കും മലയാളം പദം ആവശ്യമുണ്ടോയെന്ന ചോദ്യമാണ് ആദ്യത്തേത്. മലയാള സാഹിത്യ വിദ്യാർഥി എന്ന നിലയിൽ മലയാളത്തെ ഒരു കലർപ്പുള്ള ഭാഷയായാണ് ആദി കാണുന്നത്. പലഭാഷകളുടെയും സങ്കരമാണു മലയാളഭാഷ. എല്ലാ ഭാഷകളിലും അത്തരത്തിൽ കലർപ്പുണ്ട്. ഭാഷാപരമായ ശുദ്ധിയൊന്നും മലയാളത്തിന് അവകാശപ്പെടാനില്ല. എല്ലാ പദങ്ങൾക്കും തത്തുല്യ മലയാളം വേണം എന്ന ശാഠ്യത്തിൽ അർഥമില്ല. ട്രാൻസ്ജെൻഡർ എന്ന വാക്കിനു സ്വീകാര്യതയും ജനകീയതയും കിട്ടിയത് തന്നെ വർഷങ്ങൾ നീണ്ട പോരാട്ടങ്ങളിലൂടെയാണ്. ഇപ്പോൾ മലയാളികൾക്കു ട്രാൻസ്ജെൻഡർ എന്നതിനെക്കുറിച്ച് ധാരണയുണ്ട്. അത്തരം പദങ്ങൾ ഇപ്പോൾ എല്ലാവരിലും ഉറച്ചുകഴിഞ്ഞതാണ്. അതിനു പുതിയ പദം ഉണ്ടാക്കണോ എന്ന ചോദ്യമുണ്ട്. മലയാളവാക്ക് എന്നോണം തന്നെ നമ്മുടെ ഭാഷയിൽ ഇടംനേടിയതാണത്. പൊതുവേ ഇതരഭാഷാ പദങ്ങൾ മലയാളീകരിക്കുമ്പോൾ സംസ്കൃതത്തിന്റെ അമിതസ്വാധീനം ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ചില പുതിയ പദങ്ങൾ ഇംഗ്ലിഷിനെക്കാൾ കട്ടിയായി അനുഭവപ്പെടുന്നുമുണ്ട്. ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളതും ദുസഹവും കൃത്രിമവുമായ വാക്കുകൾ! ട്രാൻസ്ജെൻഡറിനു പുതിയ വാക്കു തേടുമ്പോൾ അതും ഇത്തരത്തിൽ ഉള്ളതാകാനാണു സാധ്യത. അതൊരു വെല്ലുവിളിയായി നിൽക്കുന്നു. ട്രാൻസ്ജെൻഡർ എന്ന ജനകീയ വാക്കിനു പകരം പുതിയതൊന്നു പ്രതിഷ്ഠിക്കുകയെന്നതു വളരെയധികം സമയവും പ്രയത്നവും ഊർജവും എടുക്കുന്ന കാര്യമാണ്, അതത്ര എളുപ്പവുമല്ല- ആദി പറഞ്ഞു. മറ്റൊരു കാഴ്ചപ്പാടിൽ നോക്കുകയാണെങ്കിൽ വളരെയധികം ജെൻഡർ ബയാസ്ഡ് ആയ ഭാഷയാണ് മലയാളം. അതൊക്കെ മറികടക്കാനാകുന്നവിധം ഭാഷയെ പുതുക്കുകയെന്നതു നല്ല കാര്യമാണ്. ഭാഷയിൽ നമ്മളെ സൂചിപ്പിക്കുന്ന നല്ലൊരു വാക്കു പോലുമില്ല. നിരന്തരം അദൃശ്യരായി നിർത്താനാണ് ശ്രമങ്ങളുണ്ടായിട്ടുള്ളത്. എന്നാൽ, തെറിപ്പദങ്ങൾ ഏറെയുണ്ടുതാനും. ട്രാൻസ് വ്യക്തികളെ സൂചിപ്പിക്കാൻ എന്തുകൊണ്ട് നല്ലൊരു മലയാളപദം ഉണ്ടായില്ലെന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ, പുതിയ മലയാളപദം ഉണ്ടാക്കിയതുകൊണ്ട് ട്രാൻസ് കമ്യൂണിറ്റിയിൽ വലിയൊരു മാറ്റമൊന്നും ഉണ്ടാകാനില്ല. ചെറിയൊരു തിരുത്തൽ ശ്രമമായി മാത്രമേ അതിനെ കാണാനാകൂ. - ആദിയുടെ വാക്കുകള്‍. ട്രാൻസ് വ്യക്തികൾ നേരിടുന്ന ആക്രമങ്ങൾ, കൊലപാതകങ്ങൾ തുടങ്ങിയ വലിയ പ്രശ്നങ്ങൾ പരിഹരിക്കാനാണു പ്രഥമ പരിഗണന നൽകേണ്ടത്. ട്രാൻസ്ജെൻഡറിനു മലയാളം വാക്ക് കണ്ടെത്തുന്നതു നല്ലൊരു ശ്രമമാണെങ്കിലും അതുകൊണ്ടു വലിയ വിമോചനം ഉണ്ടാകുമെന്ന തെറ്റിദ്ധാരണ ഇല്ലെന്നും ആദി പറയുന്നു. 

aadi
ആദി

∙ മറികടക്കാനേറെ 

ട്രാൻസ്ജെൻഡറിനു പുതിയ മലയാള പദം വേണ്ട എന്നു തന്നെയാണ് കവിയും ശ്രീശങ്കര സംസ്കൃത സർവകലാശാലയിലെ എംഫിൽ വിദ്യാർഥിയുമായ വിഷ്ണു സുജാത മോഹൻ പറയുന്നത്. തമിഴിന് സ്വന്തമായ പദം ഉണ്ടല്ലോ മലയാളത്തിനും വേണ്ടേ എന്നൊക്കെയാണ് പലരുടെയും ചോദ്യം. പക്ഷേ, തമിഴിനെ സംബന്ധിച്ചിടത്തോളം ഇതരഭാഷാ പദങ്ങളെ സ്വന്തം ഭാഷയിലാക്കിയ പരിചയമുണ്ട്. തമിഴ് ഭാഷയിൽ അത്തരം വാക്കുകൾക്ക് ഒരു സ്വീകാര്യതയുമുണ്ട്. മലയാളത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. ഭാഷകൾ വളരുന്നത് ഒറ്റയ്ക്കു പുതിയ പദം കണ്ടുപിടിക്കുന്നതുകൊണ്ടു മാത്രമാണെന്നു ഞാൻ വിചാരിക്കുന്നില്ല. മറ്റു ഭാഷകളിൽനിന്ന് പദങ്ങളെ കടമെടുത്തിട്ടുതന്നെയാണ് എല്ലാ ഭാഷകളുടെയും വളർച്ച. എന്നാൽ, ട്രാൻസ്ജെൻഡർ എന്ന വാക്ക് ഉപയോഗിച്ച് ഉപയോഗിച്ച് മലയാളം തന്നെയായി മാറിയിട്ടുണ്ട്. അതിലേക്കു പുതിയൊരു പദം ഉണ്ടാകുന്ന സമയത്ത് അത് ട്രാൻസ് വ്യക്തികളെ കളിയാക്കാനുള്ളതായി മാറാനുള്ള സാധ്യതയുണ്ട്. ട്രാൻസ്ജെൻഡർ എന്ന പദം തന്നെ തുടരുകയെന്നതാണു നന്നായിരിക്കുകയെന്നും വിഷ്ണു സുജാത മോഹൻ പറയുന്നു. 

vishnu-sujiatha-mohan
വിഷ്ണു സുജാത മോഹൻ

English Summary: How should transgenders be addressed in Malayalam? Is there a need for a new Malayalam Word? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com