‘അമ്മ പറഞ്ഞത് സംഭവിച്ചു; ഓണമാകുമ്പോൾ മനസ്സിൽ നോവാണ്’

actor-jayakrishnan-heart-touching-onam-memories
(ഇടത്) ജയകൃഷ്ണൻ, (വലത്) ജയകൃഷ്ണന്റെ അമ്മ ശ്രീദേവി
SHARE

ഓണക്കാലം നടൻ ജയകൃഷ്ണന്റെ ഹൃദയത്തിലൊരു നോവാണ്. വീട്ടിലെത്താനാകാതെ പോയ ഒരു തിരുവോണനാൾ ജീവിതകാലം മുഴുവൻ പിന്തുടരുന്ന ഒരു വേദനയാണ് ജയകൃഷ്ണനു നൽകിയത്. അമ്മയുടെ കണ്ണുനീരിൽ കുതിർന്ന ആ ഓർമ ജയകൃഷ്ണൻ മനോരമ ഓൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

ബിരുദപഠനം കഴിഞ്ഞ് 20 ാമത്തെ വയസ്സിൽ സിനിമ എന്ന സ്വപ്നവുമായി ഞാൻ തിരുവനന്തപുരത്തേക്കു വണ്ടി കയറി. അന്ന് വീട്ടിൽനിന്നു വലിയ പിന്തുണ ഇല്ല. ഒരു പ്രഫഷനൽ കോഴ്സ് പോലും ചെയ്യാതെ സിനിമയെന്ന് പറഞ്ഞു നടന്നാൽ ഭാവി എന്താകും എന്നായിരുന്നു അച്ഛന്റെ പേടി. അമ്മയ്ക്ക് എന്റെ സ്വപ്‌നങ്ങൾ സഫലമാകണം എന്നായിരുന്നു.

അഞ്ഞൂറ് രൂപയുമായാണ് ഞാൻ യാത്ര തുടങ്ങിയത്. തിരുവനന്തപുരത്തു ചെന്ന് ലോഡ്ജിൽ മുറിയെടുത്തു. അമ്മ ചമ്മന്തിപ്പൊടി, അച്ചാർ, ചെറുപയർ തുടങ്ങി കുറെ സാധനങ്ങൾ തന്നുവിട്ടിരുന്നു. ലോഡ്ജിൽ എന്നോടൊപ്പം കുറെ സുഹൃത്തുക്കളുണ്ട്. വീട്ടിൽ അന്ന് കൃഷിയുണ്ട്. ഞാൻ പോയിട്ടു വരുമ്പോൾ കുറെ സാധനങ്ങൾ കൊണ്ടുവരും. ഞങ്ങള്‍ ലോഡ്ജിൽ ആഹാരം ഉണ്ടാക്കി കഴിച്ച് സിനിമ–സീരിയല്‍ സ്വപ്നങ്ങളുമായി കഴിഞ്ഞു. ഒരിക്കൽ ടെലിമാറ്റിക് സ്റ്റുഡിയോയിൽനിന്ന് എനിക്ക് വിളി വന്നു. ശബ്ദം നല്ലതാണെന്നും ഡോക്യൂമെന്ററിക്ക് കമന്ററി കൊടുക്കാമെന്നും അവിടെയുള്ള ടെക്‌നിഷ്യൻ വിനോദ് ആണ് പറഞ്ഞത്. ‌അങ്ങനെ എനിക്ക് വല്ലപ്പോഴും ഡോക്യുമെന്ററി കിട്ടാൻ തുടങ്ങി. അങ്ങനെ കിട്ടുന്ന പണം കൊണ്ടാണ് ഞാനും ചില സുഹൃത്തുക്കളും കഴിയുന്നത്. ഗോവിന്ദമന്ദിരം ലോഡ്ജിലാണ് അപ്പോൾ താമസം. അവസരം തേടിയുള്ള അലച്ചിലിൽ ഞാൻ നടക്കാത്ത റോഡുകൾ തിരുവനന്തപുരത്ത് ഉണ്ടാകില്ല. സ്വപ്നങ്ങൾ തലയ്ക്കു പിടിച്ച സമയമായതുകൊണ്ട് അതൊന്നും ഒരു പ്രശ്നവും ആയിരുന്നില്ല. 

അങ്ങനെ ഒരു ഓണക്കാലം. എനിക്ക് ഒരു ഡോക്യൂമെന്ററി വർക്ക് കിട്ടി. പക്ഷേ അതിന്റെ പേയ്‌മെന്റ് കിട്ടിയില്ല. ഉത്രാടം ആയപ്പോള്‍ സുഹൃത്തുക്കളെല്ലാം നാട്ടിൽ പോയി. ഓണത്തിന് നീ വരില്ലേ എന്ന് അമ്മ ചോദിച്ചിരുന്നു. വരുമെന്ന് ഞാൻ പറയുകയും ചെയ്തു. തിരുവനന്തപുരത്ത് ഓണം ആയാൽ ഒരു ചായക്കട പോലും തുറക്കില്ല. എല്ലായിടത്തും പാട്ടുകളും കലാപരിപാടികളും ആയിരിക്കും. ഉത്സവങ്ങള്‍ ഏറ്റവും നന്നായി ആഘോഷിക്കുന്നവരാണ് തിരുവനന്തപുരത്തുകാർ. അന്ന് വൈകുന്നേരം അടുത്തുള്ള രാമേട്ടന്റെ കടയിൽനിന്ന് ഭക്ഷണം കഴിച്ചു. പിറ്റേന്ന് രാവിലെ സ്വാമിയുടെ കടയിൽനിന്ന് പ്രാതൽ കഴിച്ചു. അതിനു ശേഷം സ്വാമി കട അടച്ചു. വീട്ടിൽ പോകണം, പക്ഷേ കയ്യിൽ പണമില്ല. വീട്ടിൽ സദ്യ ഒരുക്കി അമ്മയും അച്ഛനും കാത്തിരിക്കുകയാണ്. ആഹാരം കഴിക്കാൻ കടകളൊന്നും തുറന്നിട്ടില്ല. വച്ചുണ്ടാക്കാൻ ഒന്നും ഇരിപ്പില്ല. ചുരുക്കം ഓണത്തിന് പട്ടിണി. വൈകുന്നേരം അടുത്ത വീട്ടിൽനിന്ന് അമ്മ ഫോൺ ചെയ്തു. ‘‘എന്താ മോനേ വരാത്തത്’’ എന്നു ചോദിച്ചു. കൈയിൽ പണമില്ലാത്തതുകൊണ്ടാണെന്നു പറഞ്ഞാൽ അമ്മയുടെ മനസ്സ് നോവും. അതുകൊണ്ടു ‘ജോലി ഉണ്ടായിരുന്നു അമ്മേ, ഉടനെ വരാം’ എന്നു പറഞ്ഞു. അമ്മ കരഞ്ഞുകൊണ്ട് ഫോൺ വച്ചു. രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടും ജോലി ചെയ്ത പണം കിട്ടിയില്ല. സുഹൃത്തുക്കൾ തിരിച്ചു വന്നപ്പോൾ അവരുടെ കൈയിൽനിന്ന് പണം സംഘടിപ്പിച്ച് വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയ എനിക്ക് അമ്മ വിഭവസമൃദ്ധമായ സദ്യ ഒരുക്കി. എന്നാലും തിരുവോണത്തിന് ഒരുമിച്ച് സദ്യ ഉണ്ണാൻ കഴിയാത്ത സങ്കടം അമ്മയ്ക്ക് ഉണ്ടായിരുന്നു. പിറ്റേന്ന് അടുത്ത വീട്ടിലെ സൂസി എന്നോടു പറഞ്ഞു ‘‘ചേട്ടൻ എന്താ തിരുവോണത്തിന് വരാതിരുന്നത്? അമ്മയ്ക്ക് വളരെയധികം സങ്കടമായി. എന്റെയടുത്തു വന്നു കരഞ്ഞു. ഇനി അടുത്ത ഓണത്തിന് ഞാനുണ്ടാവുമെന്ന് എന്ത് ഉറപ്പ് എന്നും പറഞ്ഞു.’’ ഇത് പറയുമ്പോൾ സൂസിയുടെ കണ്ണും നിറഞ്ഞിരുന്നു. കേട്ടപ്പോൾ എനിക്ക് സങ്കടമായി.

അന്നത്തെ സദ്യ ഒക്കെ കഴിഞ്ഞു. രണ്ടു ദിവസം വീട്ടിൽ നിന്നിട്ട് ഞാൻ മടങ്ങി. വീണ്ടും ഡബ്ബിങ്ങും സിനിമാ അന്വേഷണവുമായി ജീവിതം തിരക്കിലായി. അങ്ങനെയിരിക്കെ വീട്ടിൽനിന്ന് ഫോൺ വന്നു. അമ്മയ്ക്ക് സുഖമില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. എനിക്ക് ആശങ്കയായി. ഞാൻ വേഗം വീട്ടിലേക്ക് തിരിച്ചു. അതുവരെ ഇല്ലാത്ത ഒരാധി എന്നെ തളർത്തി. കോട്ടയത്ത് എത്തുന്നതു വരെ ഞാൻ ബസിൽ ഇരുന്നു പ്രാർഥിച്ചു. ആശുപത്രിയിൽ എത്തി. അമ്മയ്ക്ക് പനിയാണ്. ഒരുപാട് ക്ഷീണിച്ചിരുന്നു. ഞാൻ അമ്മയോടൊപ്പം നിന്നു. കുറച്ചു ദിവസം കഴിഞ്ഞിട്ടും പനി വിട്ടുമാറുന്നില്ല. ഡോക്ടർ പറഞ്ഞു കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളജിലേക്ക് പോകണം എന്ന്. മെഡിക്കൽ കോളജിൽ വലിയ തിരക്കായതുകൊണ്ട് ഞങ്ങൾ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി. പരിശോധനകള്‍ക്കു ശേഷം വീട്ടിലേക്കു മടങ്ങി. ‌കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഫലം വന്നു. അമ്മയ്ക്ക് കാൻസർ. ജീവിതം അവസാനിച്ചതുപോലെയാണ് അപ്പോൾ തോന്നിയത്. അമ്മയെ കൊണ്ട് ഞങ്ങൾ തിരുവനന്തപുരം ശ്രീചിത്രയിൽ എത്തി. ‌അവിടെയായിരുന്നു പിന്നീടുള്ള ചികിത്സ. അക്കാലത്ത് സുഹൃത്തുക്കൾ ഒരുപാടുപേർ എനിക്ക് താങ്ങും തണലുമായി. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ അമ്മയെ ചികിത്സിക്കാനായി. പക്ഷേ അമ്മയുടെ അസുഖം ഗുരുതരമായിരുന്നു. ഒടുവിൽ ഫെബ്രുവരി 21ന് അമ്മ ഞങ്ങളെ വിട്ടു പോയി. അമ്മ സൂസിയോട് പറഞ്ഞതുപോലെ സംഭവിച്ചു. 

എനിക്ക് സീരിയലുകളും സിനിമകളും കിട്ടി. ഞാൻ ആഗ്രഹിച്ച പ്രഫഷനിൽ വിജയിക്കുന്നത് കാണാൻ ഏറ്റവുമധികം ആഗ്രഹിച്ച അമ്മ അതൊന്നും കാണാൻ കാത്തുനിന്നില്ല. അമ്മയായിരുന്നു എനിക്ക് എല്ലാം. പിന്നീടൊരിക്കൽ പോലും ഞാൻ സന്തോഷമായി ഓണം ഉണ്ടിട്ടില്ല. അമ്മയുടെ മരണത്തിനുശേഷം കുറേനാൾ ഞാൻ ഓണത്തിന് വീട്ടിൽ എത്തിയില്ല. എന്നാൽ അതിലൂടെ അച്ഛനോട് ഞാൻ തെറ്റു ചെയ്യുകയാണെന്നു പിന്നീട് തോന്നി. കാരണം അച്ഛൻ ഓണത്തിന് തനിച്ചാണ്. അതുകൊണ്ട് ഞാൻ വീണ്ടും ഓണത്തിന് വീട്ടിലെത്താൻ തുടങ്ങി. ഓണസദ്യയ്ക്ക് അച്ഛനോടൊപ്പം ഇരിക്കും. ഒരില അമ്മയ്ക്ക് വേണ്ടി ഇട്ട് എല്ലാം വിളമ്പി വച്ച് നിലവിളക്ക് കത്തിച്ചു വയ്ക്കും. പക്ഷേ നിറഞ്ഞ മനസ്സോടെ ഒരു സദ്യയും കഴിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നും ഓണമാകുമ്പോൾ മനസ്സിൽ ഒരു നോവാണ്. അമ്മയുടെ കൈപ്പുണ്യമുള്ള ഒരു ഓണസദ്യ കഴിക്കാൻ കൊതിയാവുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}