അമ്മ വീട്ടിലെ ഓണം ഓർമയിലെ നിറച്ചാർത്ത്; സിനിമാനടനായപ്പോൾ കാണാൻ അവരുണ്ടായില്ല: കോട്ടയം രമേശ്

malaylam-actor-kottayam-ramesh-onam-memories
SHARE

ഓണക്കാലത്തെല്ലാം കോട്ടയം രമേശേ് തിരക്കിലായിരിക്കും. 48 വർഷത്തോളം നാടകത്തിന്റെ തിരക്കുകൾ; ഇപ്പോൾ സിനിമയും. നാടകത്തിൽനിന്നു സിനിമയിലെത്തിയപ്പോൾ തിരക്ക് കൂടിയെന്നു മാത്രം. കലാകാരന് വീട്ടിൽ ഓണമില്ലെന്നാണ് രമേശ് ഇതേക്കുറിച്ചു പറയുക. നാടക നടനായിരുന്നപ്പോൾ ഓണക്കാലത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയും കേരളത്തിലെ വിവിധ ജില്ലകളിലൂടെയും നാടകവുമായി സഞ്ചരിക്കുകയാവും. ഓണത്തിന് സദ്യ കിട്ടുമെന്ന് പോലും ഉറപ്പില്ലാത്ത സമയം. ഇപ്പോൾ ഷൂട്ടിങ് സെറ്റുകളിലോ പരിപാടികളുടെ ഉദ്ഘാടനത്തിലോ ആയിരിക്കും. എങ്കിലും കുട്ടിക്കാലത്തെ മനോഹരമായ ഓണക്കാല ഓർമകൾ രമേശിന് ആശ്വാസം നൽകുന്നു. ഓണം മാറിപ്പോയെന്നും ഇനിയൊരിക്കലും പഴയതു പോലെയാവില്ലെന്നും രമേശ് പറയുന്നു. കോട്ടയം രമേശിന്റെ ഓണം ഓർമകളിലൂടെ.

∙ നാടകനടന്റെ ഓണം

തിരുവോണത്തിന് പ്രധാനം വീട്ടിലെ ഓണസദ്യ ആണല്ലോ. കലാകാരന്മാർക്ക് ഈ ഓണസദ്യ കഴിക്കാൻ മിക്കപ്പോഴും സാധിക്കില്ല. 48 വർഷത്തോളം ഞാൻ നാടകനടൻ ആയിരുന്നു. അന്നൊക്കെ ഓണാഘോഷങ്ങളുടെ ഭാഗമായി നാടകം കളിക്കാൻ പോകും. 80 കളിലെ കാര്യമാണ് പറയുന്നത്. ആ സമയത്ത് കേരളത്തിൽ സൊസൈറ്റികളും ക്ലബ്ബുകളും വായനശാലകളും സജീവമായിരുന്നു. ഓണത്തോടനുബന്ധിച്ചായിരിക്കും അവരുടെ വാർഷികാഘോഷം. തിരുവോണ ദിവസം മിക്കവാറും പരിപാടി കഴിഞ്ഞുള്ള മടക്കയാത്രയിൽ ആയിരിക്കും. അപ്പോൾ വഴിയിൽ നിന്നായിരിക്കും ആഹാരം. ഓണം ആയതുകൊണ്ട് മിക്ക കടകളും തുറക്കില്ല. അടുത്ത പരിപാടി സ്ഥലത്ത് എത്തുമ്പോൾ നാലുമണി ആയിട്ടുണ്ടാകും. ഗ്രാമങ്ങളിൽ കടകളൊന്നും ഉണ്ടാകില്ല. അങ്ങനെ പലപ്പോഴും ഊണ് കിട്ടാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. 48ൽ 40 ഓണവും ഇങ്ങനെ പോയിട്ടുണ്ടാകും. അഞ്ചോ ആറോ ഓണം വീടിനടുത്ത് വന്നിട്ടുണ്ട്. അപ്പോൾ വീട്ടിൽ വന്നു സദ്യ കഴിക്കും. 

kottayam-ramesh-with-mammootty
കോട്ടയം രമേശ് മമ്മൂട്ടിക്കൊപ്പം∙ Image Credits: Kottayam Ramesh/ Instagram

∙ അക്കാലം മറക്കാനാവില്ല

ഞാൻ നാടക നടനാകുന്നതിനു മുൻപ് 1974 വരെയുള്ള കാലത്തെ ഓണാഘോഷമൊക്കെ ചെറിയ ഓർമയുണ്ട്. അന്ന് അച്ഛനും അമ്മയും കൂടി ഞങ്ങളെ കൂട്ടി പൊൻകുന്നത്തെ അമ്മവീട്ടിൽ പോകും. അതൊരു പഴയ വീടാണ്. അമ്മയുടെ സഹോദരങ്ങൾ 11 പേരുണ്ട്. ഈ 11 മക്കളും അവരുടെ മക്കളും ചെറുമക്കളുമൊക്കെ ഓണത്തിന് അവിടെ കൂടും. റോഡിൽനിന്നു തട്ടുതട്ടുകളായി തിരിച്ച പുരയിടത്തിനു താഴെയാണ് വീട്. അവിടേക്ക് ഇറങ്ങുന്ന വഴിയുടെ ഇരുവശത്തും ധാരാളം ചെടികളുണ്ട്. അമ്മയുടെ സഹോദരങ്ങളില്‍ എട്ടു പേർ പെണ്ണുങ്ങളാണ്. അവർ നട്ടുപിടിപ്പിച്ചതാണ് അവ. ആ പൂന്തോട്ടം ഒരു അതിമനോഹര കാഴ്ചയാണ്. പൂക്കൾ ശേഖരിക്കുന്നതും പൂക്കളമിടുന്നതും ഓർമയിൽ നിറച്ചാർത്തുകളായി കിടക്കുന്നുണ്ട്. എല്ലാവരും ചേർന്ന് ഓണസദ്യ ഉണ്ടാക്കും. സദ്യ കഴിക്കാൻ 50 പേരോളം ഉണ്ടാകും. ഓണക്കളികൾ, വടം വലി, ഉറിയടി, സ്ത്രീകളുടെ ചില കളികൾ എന്നിങ്ങനെ ആഘോഷം നീളും. എല്ലാം കൂടി ഉത്സവപ്രതീതിയാണ്. ആ ഓർമകളൊന്നും മനസ്സിൽനിന്ന് മാഞ്ഞുപോകില്ല. കൂട്ടത്തിൽ സിനിമ കാണാൻ താൽപര്യമുള്ളവരുണ്ടാകും. അവരോടൊപ്പം ഞാൻ പൊൻകുന്നത്തെ ശ്രീകൃഷ്ണ തിയേറ്ററിൽ പോകും. ‌എനിക്ക് അന്നേ സിനിമയും നാടകവുമൊക്കെ ഇഷ്ടമാണ്. 10 വയസ്സുള്ളപ്പോള്‍ വീട്ടിൽ വഴക്കുണ്ടാക്കി സിനിമ കാണാൻ പോകുമായിരുന്നു. കുറച്ചുകൂടി വലുതായപ്പോൾ തനിച്ചു പോകാൻ തുടങ്ങി. ഒരു ദിവസം നാല് സിനിമകൾ വരെ കണ്ടിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും അമ്മാവനും ഞാൻ സിനിമാനടനായി കാണാൻ ആഗ്രഹിച്ചിരുന്നു. വർഷങ്ങളോളം സിനിമയ്ക്കു പിന്നാലെ നടന്ന് ഞാൻ സിനിമാനടനായപ്പോൾ കാണാൻ അവരൊന്നുമില്ല എന്നത് ഒരു വിഷമമാണ്. പക്ഷേ അവർ എവിടെയോ ഇരുന്ന് ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.

kottayam-ramesh-3
ഫഹദ് ഫാസിലിനും നസ്രിയയ്ക്കുമൊപ്പം∙ Image Credits: Kottayam Ramesh/ Instagram

∙ അന്നും സിനിമ

പണ്ട് ഓണത്തിനു മാത്രമായുള്ള സിനിമാ റിലീസുണ്ട്. മെരിലാൻഡ്, ഉദയ എന്നീ സ്റ്റുഡിയോകൾ ആരോമലുണ്ണി പോലെയുള്ള വടക്കൻ പാട്ടുകളോ പുരാണ സിനിമകളോ ആവും ഇറക്കു‌ക. അതൊക്കെ അന്നത്തെ ബിഗ് ബജറ്റ് ചിത്രങ്ങളാണ്. ടിക്കറ്റ് എടുക്കാൻ ആളുകളുടെ തലയിലും തോളിലും ചവിട്ടിയാണ് പലരും കയറുക. ടിക്കറ്റ് കൗണ്ടറിൽ കൈ കുത്തിക്കയറ്റി തൊലിയൊക്കെ പോകും. ചിലപ്പോൾ ടിക്കറ്റിന്റെ പകുതി മാത്രമാണ് കയ്യിൽ കിട്ടുക. അതുകാരണം തിയറ്ററിലേക്ക് കയറ്റിവിടാൻ നിൽക്കുന്നവർ തടഞ്ഞെന്നും വരാം. സിനിമ കണ്ടിറങ്ങുമ്പോൾ ചിലപ്പോൾ വിശക്കും. അപ്പോൾ ഉള്ള കാശിനു വല്ലതും വാങ്ങി കഴിക്കും. അതോടെ അടുത്ത സിനിമ്ക്കുള്ള കാശ് കഴിയും. ഒരിക്കൽ സെക്കൻഡ് ഷോയ്ക്ക് കൂടെ വന്നവരെ തിയറ്ററിൽനിന്ന് ഇറങ്ങിയപ്പോൾ കണ്ടില്ല. ഒടുവിൽ പാതിരാത്രി പേടിച്ചു വിറച്ച് തിരിച്ചു വീട്ടിലേക്ക് പോയത് ഇപ്പോഴും ഓർക്കുന്നു. അങ്ങനെ എത്രയെത്ര ഓർമകൾ.

kottayam-ramesh-21
(ഇടത്) അയ്യപ്പനും കോശിയും സിനിമയിലെ രംഗം, (വലത്) കോട്ടയം രമേശും ടൊവീനോയും∙ Image Credits: Kottayam Ramesh/ Instagram

∙ സിനിമാനടനായപ്പോൾ

സിനിമയിൽ വന്നതിനു ശേഷവും വീട്ടിൽ ഓണം ആഘോഷിക്കാൻ സാധിക്കാറില്ല. ചിലപ്പോൾ ഷൂട്ടിങ് ഉണ്ടാകും. അല്ലെങ്കിൽ എന്തെങ്കിലും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണമുണ്ടാകും. അയ്യപ്പനും കോശിയും ഷൂട്ടിങ് കഴിഞ്ഞു കോവിഡ് വ്യാപിച്ചിരുന്നു. ‘സബാഷ് ചന്ദ്രബോസ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി പാലക്കാടായിരുന്നപ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. ഇതിനിടയിൽ ‘സീ യു സൂൺ’ ചെയ്തിരുന്നു. ലോക്ഡൗണിലും എവിടെയെങ്കിലുമൊക്കെ ഷൂട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് വീട്ടിലിരിക്കാനായില്ല. ഇത്തവണയും ഓണത്തിന് വീട്ടിൽ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഒന്നുരണ്ട് ഉദ്ഘാടനങ്ങൾക്കു വിളിച്ചിട്ടുണ്ട്. അതിനു പോകണം. ജോലിയാണു പ്രധാനം. ജോലി നമ്മെത്തേടി വരുമ്പോൾ അതു സ്വീകരിച്ചേ പറ്റൂ. അവസരങ്ങൾ എന്നും വരില്ല. ഓണം പിന്നെയും ആഘോഷിക്കാമല്ലോ. 

kottayam-ramesh2
Image Credits: Kottayam Ramesh/ Instagram

∙ ഓണം മാറുന്നു

പണ്ട് സാധാരണക്കാരായ ആളുകളുടെ ജീവിതം കടുത്ത പ്രതിസന്ധി നിറഞ്ഞതായിരുന്നു. വർഷത്തിൽ ഓണത്തിന് മാത്രമായിരിക്കും അവർക്കു നല്ല ഭക്ഷണവും വിശേഷ വസ്ത്രങ്ങളും ലഭിക്കുന്നത്. അതുകൊണ്ട് ഓണത്തിനായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കും. ഇന്ന് അങ്ങനെ ബുദ്ധിമുട്ടില്ല. സുഭിക്ഷമായിട്ടാണ് എല്ലാവരും കഴിയുന്നത്. അതുകൊണ്ടുതന്നെ ഓണത്തിന് അന്നുണ്ടായിരുന്ന പ്രസക്തി ഇപ്പോഴില്ല.

എന്നാൽ പ്രവാസി മലയാളികൾക്ക് ഓണം ഒരു ഗൃഹാതുരതയാണ്. അവർ ഇന്നും ഓണത്തിനായി കാത്തിരിക്കുന്നു. പരിപാടികൾ സംഘടിപ്പിക്കുന്നു. ഇന്ത്യയിൽ അരുണാചൽ പ്രദേശും ഹിമാചൽപ്രദേശും ഒഴിച്ച് മറ്റെല്ലാ സംസ്ഥാനത്തിലും ഞാൻ നാടകം കളിച്ചിട്ടുണ്ട്. ഓണത്തോടെ ആയിരിക്കും അന്യസംസ്ഥാനത്തുള്ളവർ പരിപാടികള്‍ക്ക് വിളിക്കുക. അവിടെയൊക്കെയുള്ള മലയാളികൾ വളരെ ആവേശത്തോടെ ഓണം ആഘോഷിക്കുന്നത് കാണാം.  ജൂലൈ മുതൽ ട്രിപ്പിൽ ആയിരിക്കും. ഒരറ്റത്തുനിന്ന് കറങ്ങി നാടകം കളിച്ച് ഒടുവിൽ കേരളത്തിൽ എത്തുമ്പോൾ ഇവിടെ ഓണക്കാലമാകും. അപ്പോൾ ഇവിടെയുള്ള പരിപാടികളുടെ ഭാഗമാകും. ഇപ്പോൾ പൂക്കളം ഇടാനുള്ള പൂവിനുപോലും ബുദ്ധിമുട്ടില്ല. പൂവും സദ്യയും എല്ലാം റെഡിമെയ്ഡ് കിട്ടുമല്ലോ. എല്ലാ മലയാളികൾക്കും സമ്പദ്സമൃദ്ധിയും ആയുസ്സും ആരോഗ്യവും സന്തോഷവുമുള്ള ഓണം ആശംസിക്കുന്നു. എല്ലാവർക്കും നല്ലതു മാത്രം വരട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}