മകളുടെ പേരിടൽ ചടങ്ങിന്റെ വിഡിയോയുമായി സീരിയല്‍ താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും. പ്രണയാർദ്രമായ നിമിഷങ്ങള്‍ ഉൾപ്പെടുത്തി മ്യൂസിക് വിഡിയോ പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവരുടെ യുട്യൂബ് ചാനലിലാണ് വിഡിയോ പങ്കുവച്ചത്.
ധ്വനി കൃഷ്ണ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. നിങ്ങളുടെ പ്രാർഥനയ്ക്കും അനുഗ്രഹത്തിനും നന്ദി. ‘‘അമ്മയും കുഞ്ഞും ആരോഗ്യത്തോടെ, സുരക്ഷിതമായി ഇരിക്കുന്നു. ഞങ്ങളുടെ കുഞ്ഞു രാജകുമാരി ധ്വനി കൃഷ്ണയെ ഒരുപാട് സ്നേഹത്തോടെയും സന്തോഷത്തോടെയും നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു’’– വിഡിയോയ്ക്കൊപ്പം കുറിച്ചു.
മകൾ ജനിച്ച വിവരം ഓഗസ്റ്റ് 18ന് ആണ് താരദമ്പതികൾ ആരാധകരെ അറിയിച്ചത്. കുഞ്ഞിന്റെ കൈകളുടെ ചിത്രമായിരുന്നു സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.‘‘ഒരു പെൺകുഞ്ഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാർഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.’’ എന്നായിരുന്നു മൃദുല അന്ന് കുറിച്ചത്.