സീരിയലിൽ ഭാര്യയായി അഭിനയിക്കുന്ന നടി മാറി പുതിയയാൾ എത്തുന്നത് അറിയിച്ചുള്ള വിഡിയോ വിവാദമായതിനെ തുടർന്ന് മാപ്പ് പറഞ്ഞു നടൻ മനോജ് കുമാർ. ‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, പക്ഷെ ഞാൻ തോൽക്കില്ല’ എന്നാണ് യുട്യൂബ് വിഡിയോയ്ക്ക് മനോജ് തലക്കെട്ടു നൽകിയത്. ഇത് ശക്തമായ വിമർശനത്തിന് ഇടയാക്കി. ഭാര്യ ബീന ആന്റണിയുമായി വേർപിരിഞ്ഞു എന്ന തോന്നലുണ്ടാക്കി വിഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടാനാണ് മനോജിന്റെ ശ്രമം എന്നായിരുന്നു കമന്റുകൾ. ഇതോടെയാണ് കാര്യങ്ങൾ വിശദീകരിച്ചും മാപ്പ് പറഞ്ഞും മനോജ് രംഗത്തെത്തിയത്.
പണമുണ്ടാക്കാനും കാഴ്ചക്കാരെ കൂട്ടാനും എന്ത് തോന്ന്യാസവും ചെയ്യുന്ന ആളെന്ന നിലയിലാണ് പലരും വിമർശിച്ചത്. സീരിയലിലെ എന്റെ ഭാര്യ കഥാപാത്രം മാറുന്ന കാര്യം അറിയിക്കാനാണ് ഉദ്ദേശിച്ചത്. നടി മാറുന്നതിനാൽ സീരിയലിന്റെ സംവിധായകൻ ടെൻഷനിലായിരുന്നു. സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പരമാവധി ആളുകളെ അറിയിക്കാമോ എന്ന് ചോദിച്ചിരുന്നു. ഒരു പൊട്ടബുദ്ധിക്ക് ഇങ്ങനെയാണ് എനിക്ക് തോന്നിയത്. ആളുകളെ പറ്റിച്ച് പണമുണ്ടാക്കണമെന്ന് ഒരിക്കലും ചിന്തിച്ചില്ലെന്നും മനോജ് കുമാർ പറഞ്ഞു.
വിഡിയോ ഗംഭീരമായിരുന്നുവെന്നും എന്നാൽ തലക്കെട്ട് സഹിക്കാനാവത്തതാണെന്നും പലരും വിളിച്ചു പറഞ്ഞു. തന്റെ പ്രവൃത്തി ഭാര്യയും നടിയുമായ ബീന ആന്റണിയെ വേദനിപ്പിച്ചെന്നും മനോജ് വെളിപ്പെടുത്തി. ‘മനു എന്തിനാണ് അത്തരം ടൈറ്റിൽ ഇട്ടതെന്ന്’ ബീന ചോദിച്ചു. നിരവധി മോശം കമന്റുകൾ വന്നു. പ്രേക്ഷകർ ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കിയ സന്ദർഭമാണിതെന്നും എല്ലാവർക്കും നല്ലതുമാത്രം വരട്ടേയെന്നും മനോജ് പറഞ്ഞു.