ADVERTISEMENT

അപൂർവരോഗത്തിനെതിരെ ആത്മധൈര്യത്തോടെ പോരാടി പ്രചോദനമായ പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കേതിൽ പ്രസന്നൻ, ബിന്ദു ദമ്പതികളുടെ മകനാണ്. അർബുദത്തിന് ചികിത്സയിലായിരുന്നു. 

മുഖത്തിന്റെ പാതിയും മറച്ച മറുകാണ് പ്രഭുവിന്റെ ജീവിതത്തിൽ ദുരിതം സൃഷ്ടിച്ചത്. ഇതിനെ ശുഭാപ്തിവിശ്വാസത്തോടെ നേരിട്ട് ജീവിതത്തിൽ മുന്നേറി. തന്റെ പോരാട്ടവും കാഴ്ചപ്പാടുകളും സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇത് നിരവധിപ്പേർക്ക് പ്രചോദനമായി. ജീവികാരുണ്യ പ്രവർത്തനങ്ങളിലും കലാരംഗത്തും സജീവമായിരുന്നു. ഇതിനിടയിലാണ് വലതു തോളിലെ മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും അതിനോടുള്ള തന്റെ സമീപനവും മനോരമ ഓൺലൈന് നല്‍കിയ അഭിമുഖത്തിൽ പ്രഭുലാൽ പങ്കുവച്ചിരുന്നു. ആ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു. 

‘‘ജന്മനാ എന്റെ മുഖത്ത് ഒരു മറുക് ഉണ്ടായിരുന്നു. എനിക്കൊപ്പം അതും വളര്‍ന്നു. പതിയെ മുഖത്തിന്റെ പാതിയും മറുക് മൂടി. ഇങ്ങനെ ഒരു മുഖവുമായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടികൾ അറിയാമല്ലോ. അവഗണന, പരിഹാസം, സഹതാപം... ഒന്നിനും കുറവുണ്ടായില്ല. കുട്ടിക്കാലത്ത് മറ്റു കുട്ടികൾ എന്നെ ഭയത്തോടു കൂടിയായിരുന്നു നോക്കിയിരുന്നത്. ഒറ്റയ്ക്കായിരുന്നു പലപ്പോഴും. ആ അനുഭവങ്ങൾ ഞാൻ അമ്മയോട് വന്നു പറയും. ദൈവത്തിന്റെ എല്ലാ സൃഷ്ടിക്കും അതിന്റേതായ പ്രാധാന്യവും പ്രത്യേകതകളും ഉണ്ടെന്ന് അമ്മ എന്നോട് പറഞ്ഞു. ആ വാക്കുകൾ എനിക്ക് കരുത്തേകി. ഒപ്പം അനുഭവങ്ങൾ എനിക്ക് ശക്തി നൽകി. അച്ഛനും സഹോദരങ്ങളുമൊക്കെ പിന്തുണയുമായി ഒപ്പം നിന്നു. പതിയെ ഞാൻ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും പഠിച്ചു. 

മറുക് ഒരു പ്രശ്നമല്ല. പക്ഷേ ഇത് മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറച്ച് ബുദ്ധിമുട്ടാണ്. അലർജിയും പഴുപ്പുമൊക്കെ ഉണ്ടാകും. അതുകൊണ്ട് ആശുപത്രി വാസം കൂടുതലാണ്. ഇത് പലപ്പോഴും പഠനം തടസ്സപ്പെടുത്തി. ആവശ്യത്തിന് ഹാജര്‍ ഇല്ലാതെ കുഴങ്ങിയിട്ടുണ്ട്. നിരവധി അവസരങ്ങളും നഷ്ടമായിട്ടുണ്ട്. മറ്റൊരു പ്രശ്നം സഹതാപത്തോടു കൂടിയുള്ള നോട്ടമാണ്. എന്തോ അത് തീരെ സഹിക്കാനാകില്ല. പിന്നെ കൊച്ചു കുട്ടികളുടെ അടുത്ത് പോകുമ്പോൾ മാതാപിതാക്കൾ അവരെ മാറ്റി നിർത്തും. അവരെ തെറ്റു പറയാനാകില്ല, മക്കൾക്ക് പകരുമോ എന്ന ഭയം കൊണ്ടാണ്. അങ്ങനെയുള്ള അനുഭവങ്ങളിൽ തോന്നിയിട്ടുണ്ട് ഇങ്ങനെ ഒരു അവസ്ഥ അല്ലാതിരുന്നെങ്കിലെന്ന്. അല്ലാതെ എനിക്ക് സൗന്ദര്യം ഇല്ല എന്നൊരു ചിന്ത ഉണ്ടായിട്ടില്ല. 

എന്നിൽ തന്നെ വിശ്വസിക്കാൻ തുടങ്ങിയതോടെ മറുക് ഒരു പ്രശ്നമേ അല്ലാതായി. ഹൃദയം കൊണ്ടാണ് സൗന്ദര്യം ആസ്വദിക്കേണ്ടതെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഈ മറുക് കുറവല്ല, എന്റെ പ്രത്യേകതയാണ്. അതുകൊണ്ടാണ് ആളുകൾ എന്നെ അറിയുന്നത്. ഞാൻ പറയുന്നത് കേൾക്കാൻ തയാറാകുന്നത്. അതെ, ഞാൻ ദൈവത്തിന്റെ വ്യത്യസ്തമായ ഒരു സൃഷ്ടിയാണ്. ഇപ്പോൾ സ്ഥിതി വളരെയധികം മാറി. സമൂഹമാധ്യമങ്ങളിലൂടെ എന്നെ ഒരുപാട് പേർ അറിഞ്ഞു. നിരവധി സുഹൃത്തുക്കളെ ലഭിച്ചു. ചേർത്തു പിടിക്കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും പലരും തേടിയെത്തുന്നു. 

ഒരു ജോലി നേടണം. ഒരുപാട് യാത്ര ചെയ്യണം. സംഗീതം പഠിക്കണം. ശാരീരിക പ്രതിസന്ധികൾ മൂലം ജീവിതത്തിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായമാകണം. എന്റെ വിജയങ്ങൾ കണ്ട് മാതാപിതാക്കൾ സന്തോഷിക്കണം. ഇതാണ് ഇനിയുള്ള ലക്ഷ്യങ്ങൾ. എന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ക്കു താഴെ സ്നേഹം അറിയിച്ച് നിരവധിപ്പേർ എത്താറുണ്ട്. ദുഃഖങ്ങള്‍ മറികടക്കാൻ പ്രചോദനമായെന്നും നിസ്സാര കാര്യങ്ങൾക്ക് ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവർ ഇതൊന്ന് വായിച്ചിരുന്നെങ്കിലെന്നും കമന്റുകൾ വരാറുണ്ട്. മറ്റുള്ളവര്‍ക്ക് പ്രചോദനവും കരുത്തുമാകാന്‍ സാധിച്ചാൽ ജീവിതത്തിൽ അതിലും വലിയ സന്തോഷം എന്താണുള്ളത്. 

സത്യം പറയാമല്ലോ, ചിലർ ആത്മഹത്യ ചെയ്തതിന്റെ കാരണങ്ങൾ വാർത്തയിൽ കേൾക്കുമ്പോൾ ദുഃഖവും പുച്ഛവും തോന്നാറുണ്ട്. ഒരു ബൈക്കിനോ മൊബൈലിനോ പ്രണയത്തിനോ മാതാപിതാക്കൾ വഴക്കു പറഞ്ഞതിനോ ഒക്കെ ആത്മഹത്യ ചെയ്യുന്നവർ. ജീവിതത്തിന് അവർ അത്രമാത്രമേ വില കൽപിക്കുന്നുള്ളൂ എന്നറിയുമ്പോൾ നിരാശ തോന്നും. എന്റെ 24 വയസ്സിനിടയിൽ എന്തെല്ലാം അനുഭവങ്ങൾ ഉണ്ടായിരിക്കുന്നു. പക്ഷേ ഒരിക്കലും ആത്മഹത്യയെന്ന ചിന്ത ഉണ്ടായിട്ടില്ല. കാരണം ജീവിതം ഒരു അദ്ഭുതമാണ്. കണ്ണു കാണാനാകാതെ, ചെവി കേൾക്കാനാകാതെ, ശരീരം ചലിപ്പിക്കാനാവാതെ... അങ്ങനെ എത്രയോ അവസ്ഥകളിൽ ആളുകൾ ജീവിക്കുന്നു എന്ന ബോധ്യം എനിക്കുണ്ട്. അടുത്തൊരു ദിവസത്തിന് വേണ്ടിയാണ് ആ അവസ്ഥയിലും അവർ ആഗ്രഹിക്കുക. കാരണം ജീവിതം അത്രയേറെ സുന്ദരമാണ്. ജനിക്കാൻ സാധിച്ചതു തന്നെ മഹാഭാഗ്യം. 

ഞാന്‍ എന്റെ മറുക് കാരണം വീടിനകത്ത് അടച്ചിരുന്നെങ്കിൽ അങ്ങനെ ഇരിക്കാം എന്നല്ലാതെ ഒന്നും സംഭവിക്കില്ല. പക്ഷേ ഞാൻ സാധാരണ കുട്ടികളോ പോലെ തന്നെ പബ്ലിക് സ്കൂളിൽ പഠിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായി. എന്റെ ആശയങ്ങൾ പങ്കുവച്ചു. ഒരു ചേട്ടന്റെ സഹായത്തോടെയാണ് സമൂഹമാധ്യമത്തിൽ അക്കൗണ്ട് തുടങ്ങുന്നത്. അന്ന് എന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കാന്‍ പറഞ്ഞപ്പോൾ ആ ചേട്ടൻ വേണ്ട എന്നു പറഞ്ഞു. എന്നെ ആളുകൾ കളിയാക്കും എന്ന ചിന്തയാണ് അദ്ദേഹം അങ്ങനെ പറയാൻ കാരണം. അദ്ദേഹം പറഞ്ഞതല്ലേ എന്നു കരുതി ഞാൻ ആ തീരുമാനം വേണ്ടെന്നു വച്ചു. എന്നാൽ ഒളിച്ചോടുകയോ മറഞ്ഞിരിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്ന് പിന്നീട് എനിക്ക് തോന്നി. ആ ചിന്തയാണ് എന്റെ ഫോട്ടോ തന്നെ ഉപയോഗിക്കാൻ ധൈര്യം നൽകിയത്. എന്റെ ചിത്രം പ്രൊഫൈൽ പിക്ചർ ആക്കിയപ്പോൾ കൂട്ടുകാരൊക്കെ ഉറച്ച പിന്തുണ തന്നു. അങ്ങനെയാണ് സമൂഹമാധ്യമത്തിൽ സജീവമായത്. 

ഇങ്ങനെയുള്ള പ്രത്യേകതകളുമായി ജീവിക്കുന്നവരോട് എനിക്ക് ഒന്നു മാത്രമേ പറയാനുള്ളൂ. നിങ്ങളുടെ കുറവുകളെ മറക്കൂ, കഴിവുകളെ പരിപോഷിപ്പിക്കൂ. നമ്മുടെ കുറവുകളെ പോലും കഴിവുകളാക്കി മാറ്റാൻ സാധിക്കും. വരൂ ജീവിതം ആസ്വദിക്കാം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com