സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന പങ്കാളി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ചിലർക്ക് ആഗ്രഹിച്ചതു പോലൊരു പങ്കാളിയെ ലഭിക്കും. എന്നാൽ ചിലരുടെ പങ്കാളി ആഗ്രഹങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തരായ വ്യക്തിയാവും. നിങ്ങൾക്ക് യോജിച്ച പങ്കാളിയെ കണ്ടെത്താൻ ചില വഴികൾ.
∙ കേൾക്കൂ
ഒരാളെ മനസ്സിലാക്കാൻ വലിയ കാര്യങ്ങളൊന്നും ചെയ്യണമെന്നില്ല. തനിക്കു യോജിച്ച പങ്കാളിയാണോ എന്നു മനസ്സിലാക്കാൻ കേട്ടാൽ മാത്രം മതിയാകും. സംസാരവും അതു കേൾക്കാനുള്ള മനസ്സും നിങ്ങളുടെ പങ്കാളിയിലും നല്ല മാറ്റങ്ങൾ സൃഷ്ടിക്കും.
∙ പൊതുവായ ഇഷ്ടങ്ങൾ
നിങ്ങളുടെ ഇഷ്ടങ്ങളുമായി സാമ്യങ്ങളുള്ള പങ്കാളിയെ കണ്ടെത്തുക. പരസ്പരം ഒന്നിലും പൊരുത്തമില്ലെങ്കിൽ ഇഷ്ടക്കേടുകൾ മാത്രം ബാക്കിയാകുകയും ജീവിതത്തിന്റെ താളം തെറ്റുകയും ചെയ്യും.
∙ ഒരുമ വേണം
പങ്കാളികൾ ജീവിതത്തിൽ ഒരുപോലെ ഇടപെടുകയും ഏതു സാഹചര്യത്തിലും ഒരുമിച്ച് നിൽക്കുകയും ചെയ്യുമ്പോഴാണ് ദാമ്പത്യം ശക്തമാകുന്നത്. മാനസികവും ശാരീരികവുമായി ഒരുമയ്ക്ക് ഇതിൽ പ്രാധാന്യമുണ്ട്. ചെറിയ സ്പർശനത്തിലൂടെ ഉണ്ടാകുന്ന സ്നേഹപ്രകടനം പോലും ബന്ധത്തിന്റെ കരുത്ത് വർധിപ്പിക്കും.
∙ പരസ്പരം അറിയാം
ഉടനെ വിവാഹിതരാകാണമെന്നു വാശി പിടിക്കുന്നവരിൽനിന്ന് അകൽച്ച പാലിക്കുന്നതാണ് നല്ലത്. നിശ്ചയത്തിനുശേഷം ആറു മാസമെങ്കിലും കഴിഞ്ഞായിരിക്കണം വിവാഹം. പരസ്പരം നന്നായി മനസ്സിലാക്കാനും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ബന്ധം ഒഴിയാനും ഈ സമയം ഉപകരിക്കും.
∙ ഡ്രൈവിന് പോകാം
പങ്കാളിയുമായി ഒരു ഡ്രൈവിന് പോകുക. ഏറെ നേരം സംസാരിക്കാനും സ്വഭാവ രീതികളും കാഴ്ചപ്പാടുകളും മനസ്സിലാക്കാനും ഇത്തരം യാത്രകൾ സഹായിക്കും.
∙ ചിരിപ്പിക്കുന്നവർ
നിങ്ങൾക്ക് എപ്പോഴും സന്തോഷങ്ങളും സർപ്രൈസുകളും തരുന്ന, നിങ്ങളെ ചിരിപ്പിക്കുന്ന പങ്കാളിയെ കണ്ടെത്തുക. ജീവിതത്തിൽ തമാശകൾക്കുള്ള പങ്ക് വളരെ വലുതാണ്. വലിയ സങ്കീർണ്ണമായ പ്രശ്നങ്ങൾപോലും ഒരു തമാശയിലോ ചിരിയിലോ അലിഞ്ഞില്ലാതാകും.