ADVERTISEMENT

ഒന്നാം വിവാഹവാർഷികം ബാലഭവനിലെ കുട്ടികൾക്കൊപ്പം ആഘോഷിച്ച് ടെലിവിഷൻ താരങ്ങളായ അപ്സര രത്നാകരനും ആൽബി ഫ്രാൻസിസും. കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചും അവർക്ക് ആഹാരം നൽകിയും ഇവർ വാർഷികം മനോഹരമാക്കി. അപ്സരയുടെ ആഗ്രഹപ്രകാരമായിരുന്നു ഇത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കളുമൊപ്പമാണ് ഇരുവരും എത്തിയത്.

വൈകാരികമായാണ് ആൽബി പ്രതികരിച്ചത്. കുട്ടികളുമായി സംസാരിക്കുമ്പോൾ ഹൃദയത്തിൽ ചോര പൊടിയുന്നതു പോലെ തോന്നുന്നുവെന്നു പറഞ്ഞ ആൽബി, ഇത്തരമൊരു അവസരം ഒരുക്കിയതിന് അപ്സരയ്ക്ക് നന്ദി അറിയിച്ചു. ‘‘അച്ഛനും അമ്മയും ഉണ്ടായിട്ടും ആ സ്നേഹം ലഭിക്കാത്ത 41 കുട്ടികൾ. അവരൊരു സഹോദരനെപ്പോലെ, അങ്കിളിനെപ്പോലെ കണ്ട് വളരെ സ്നേഹത്തോടെ എന്നോട് സംസാരിക്കുമ്പോൾ ഹൃദയത്തിൽ നിന്നും ചോര പൊടിയുന്ന പോലെ. ഇവിടേക്ക് വന്നപ്പോൾ മനസ്സിനകത്ത് വലിയ സങ്കടം. ഒരു കോടീശ്വരന്റെ മകനായി ജനിച്ചാൽ മതിയായിരുന്നുവെന്ന് തമാശയ്ക്കെങ്കിലും നമ്മൾ പറയാറില്ലേ. നമ്മുടെ അപ്പനോടും അമ്മയോടും ഇഷ്ടമുണ്ടെങ്കിലും പലപ്പോഴും അങ്ങനെ വിചാരിക്കും. എന്നാൽ ജനിച്ച് ജീവിക്കുന്ന കാലഘട്ടത്തിൽ നമുക്ക് ഒരു അച്ഛനും അമ്മയും ഉണ്ടാവുക എന്നതാണ് വലിയ കാര്യം. മക്കളെന്ന നിലയിൽ നമുക്ക് കിട്ടുന്ന സ്നേഹം, കരുതൽ, വഴക്ക് അതൊക്കെയാണ് ജീവിതത്തിലെ ഏറ്റവും വിലപിടിച്ചതെന്ന് മനസ്സിലാക്കാൻ എനിക്ക് സാധിച്ച ഒരു ദിവസമാണിന്ന്. ഉള്ളതിന്റെ വില എന്താണെന്ന് നമുക്കറിയില്ല. എന്റെ അപ്പൻ മരിച്ചിട്ട് രണ്ട് വർഷമാകുന്നു. 35 വർഷത്തോളം അദ്ദേഹം എന്റെ കൂടെ ഉണ്ടായിരുന്നു. അമ്മ ഇപ്പോഴും എന്റെ കൂടെ ഉണ്ട്. അഞ്ചും ആറും വയസ്സിൽ തന്നെ അച്ഛനും അമ്മയുമൊന്നും കൂടെയില്ലാതെ വളരുന്ന ഒരുപാട് മക്കള്‍ ലോകത്തെമ്പാടും ഉണ്ട്. അതിലെ കുറച്ചു പേരുടെ കൂടെ ജീവിതത്തിലെ കുറച്ച് നിമിഷങ്ങൾ ചെലവഴിക്കാൻ സാധിച്ചത് ജീവിതത്തിലെ വലിയൊരു കാര്യമായി കരുതുന്നു. അതിന് എന്റെ ഭാര്യയോട് നന്ദിയുണ്ട്’’– യുട്യൂബിൽ പങ്കുവച്ച വിഡിയോയിൽ ആൽബി പറഞ്ഞു.

2021 നവംബർ 29ന് ചോറ്റാനിക്കരയിൽ വച്ചായിരുന്നു അപ്സരയും ആൽബിയും വിവാഹിതരായത്. രണ്ടു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകനായിരുന്നു ആൽബി. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിനിയായ അപ്സര 9 വർഷത്തോളമായി അഭിനയരംഗത്തുണ്ട്. ഇരുപത്തിയഞ്ചോളം സീരിയലുകളിൽ അഭിനയിച്ചു. സാന്ത്വനം സീരിയലിലെ ജയന്തിയായുള്ള പ്രകടനം നിരവധി അഭിനന്ദനങ്ങൾ നേടി. നർത്തകിയായും തിളങ്ങി. തൃശൂർ സ്വദേശിയായ ആൽബി പത്തുവർഷത്തിലേറെയായി ടെലിവിഷന്‍ രംഗത്ത് സജീവമാണ്. നിരവധി ഷോകൾ സംവിധാനം ചെയ്ത ആൽബി അവതാരകനായും ശ്രദ്ധ നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com