ADVERTISEMENT

ആഡംബരത്തിന്റെ കൊടുമുടിയിൽ, അദ്ഭുതങ്ങൾ തീർത്ത് അരങ്ങേറുന്നവയാണ് അംബാനി കുടുംബത്തിലെ വിവാഹങ്ങൾ. മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹവും അത്തരത്തിലൊന്നാകുമെന്ന് തീർച്ചയാണ്. പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്തി ആചാരപ്രകാരമാണ് അനന്ത് അംബാനി-രാധിക മെർച്ചന്റെ വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി പരമ്പരാഗത രീതിയിലുള്ള മോതിരമാറ്റം ചടങ്ങ് വ്യാഴാഴ്ച വൈകിട്ട് 7ന് അംബാനിയുടെ വസതിയായ ആന്റീലിയിൽ നടക്കുമെന്നാണ് സൂചന. 

 

വധുവിന്റെ വീട്ടുകാർ സമ്മനങ്ങളും പഴങ്ങളും പലഹാരങ്ങളുമായി വരന്റെ വീട്ടിലെത്തണം. വീട്ടുകാരുടെ അനുഗ്രഹം തേടിയശേഷം അനന്തും രാധികയും മോതിരങ്ങൾ കൈമാറും. ഇതിനുശേഷം വിവാഹിതരായ 5 സ്ത്രീകൾ ഇരുവരെയും അനുഗ്രഹിക്കും. ഇരുവരും അതിഥികൾക്ക് സമ്മാനം കൈമാറുന്ന ചടങ്ങും ഉണ്ട്. 

 

ചൊവ്വാഴ്ച നടന്ന മെഹന്ദി ചടങ്ങ് വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡിസൈനർമാരായ അബുജാനി സന്ദീപ് കോസ്‌ല ഒരുക്കിയ ലെഹങ്കയിലാണ് രാധിക ഒരുങ്ങിയത്. വിവാഹ തീയതിയോ വിവാഹവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇരുവരും വൈകാതെ വിവാഹിതരാകും എന്ന വിവരം മാത്രമാണ് അറിയിച്ചിട്ടുള്ളത്.

 

രാജസ്ഥാനിലെ നാഥ് ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2022 ഡിസംബറിലായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം. എൻകോർ ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) വിരേൻ മർച്ചെന്റിന്റെയും ഷൈലയുടെയും മകളാണ് രാധിക. 

 

ന്യൂയോർക്ക് സർവകലാശാലയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിഡി സൊമാനി ഇന്റർനാഷനൽ സ്കൂളിൽ നിന്ന് ഐബി ഡിപ്ലോമയും നേടിയ രാധിക, ബോർഡ് ഓഫ് എൻകോർ ഹെൽത്ത്‌കെയറിൽ ഡയറക്ടറാണ്. യു‌എസ്‌എയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയാക്കിയ അനന്ത് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ‍ഡയറക്ടറാണ്. ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെയും ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

 

Content Summary: Anant Ambani-Radhika Merchant's Gol Dhana Ceremony Venue at Antila?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com