ADVERTISEMENT

'കേരളത്തെ പ്രതിനിധീകരിച്ച് പാർലമെന്റിൽ നിൽക്കുക, എംപിമാരും മന്ത്രിമാരും നിറഞ്ഞുനിൽക്കുന്ന സദസ്സിന് മുന്നിൽ പ്രസംഗിക്കുക, ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള നിമിഷമായിരുന്നു ആ മൂന്നര മിനിറ്റ്' രോഹിണി ജയ്ഹിന്ദ് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചപ്പോൾ സദസ്സ് മുഴുവൻ കയ്യടിച്ചു. ഇന്നുവരെ കേൾക്കാത്തത്ര ശബ്ദമായിരുന്നു രോഹിണിയുടെ കാതുകൾക്ക്. സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് പാർലമെന്റിൽ യുവാക്കൾക്കായി സംഘടിപ്പിച്ച പ്രസംഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ചത് തിരുവനന്തപുരം സ്വദേശി രോഹിണി എം. ജയചന്ദ്രനാണ്. ഏറെനാൾ കാത്ത് വെച്ച ഒരാഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് രോഹിണി. രോഹിണി മനോരമ ഓൺലൈനിനോട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

 

∙ ഇപ്പോഴും ആ കരഘോഷം കാതിൽ മുഴങ്ങുന്നു

malayali-women-rohini-gave-a-speech-in-parliament-02

പ്രസംഗം കഴിഞ്ഞ് തിരിച്ച് തിരുവനന്തപുരത്തെത്തിയെങ്കിലും ഞാനിപ്പോഴും ആ സ്വപ്ന ലോകത്ത് നിന്ന് തിരിച്ച് വന്നിട്ടില്ല, എന്നും ആ പ്രസംഗവും അവിടെ കണ്ട കാഴ്ചകളുമെല്ലാം മായാതെയുണ്ട്. പത്രത്തിൽ കണ്ടൊരു പരസ്യമാണ് പാർലമെന്റ് വരെ എന്നെ എത്തിച്ചത്. നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ ആദ്യം തിരുവനന്തപുരം ജില്ലയിലാണ് മത്സരം നടന്നത്. സുഭാഷ് ചന്ദ്രബോസിനെ പറ്റി കേട്ടും വായിച്ചും അറിഞ്ഞതെല്ലാം പറഞ്ഞു. ജില്ലാ സംസ്ഥാന തലങ്ങളിലെ മത്സരം കഴിഞ്ഞപ്പോൾ തന്നെ മനസ്സിലുറപ്പിച്ചതാണ് പാർലമെന്റിലെ ആ വേദി. എന്നെപ്പോലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 27 പേരാണ് അന്ന് പ്രസംഗിക്കാനായി എത്തിയത്. പാർലമെന്റിലെ പ്രസംഗമായത് കൊണ്ട് നേരത്തെ അവർക്ക് എഴുതി നൽകി. സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് പലരും  പറഞ്ഞത് കേട്ടതിന് ശേഷം സ്വന്തം അഭിപ്രായങ്ങളാണ് എഴുതിയത്. എന്നും മൈക്കിനെയും സ്റ്റേജിനെയും മാത്രം ഇഷ്ടപെട്ട ഞാൻ കിട്ടിയ അവസരം അങ്ങ് തകർത്തു. ആ മൂന്ന് മിനിറ്റ് ജീവിതമായി കണ്ടങ്ങ് സംസാരിച്ചു. വലിയ വാക്യപ്രയോഗങ്ങളോ കടുകട്ടി പ്രയോഗങ്ങളോ ഇല്ലായിരുന്നു എന്റെ പ്രസംഗത്തിൽ. എല്ലാവർക്കും മനസ്സിലാകുന്നത് പോലെ കൂളായിട്ടാണ് ഞാൻ പ്രസംഗിച്ചത്. പ്രസംഗം കഴിഞ്ഞ് മൈക്കിന് മുന്നിൽ നിന്നിറങ്ങിയപ്പോഴാണ് ഇത്രനേരം ഞാൻ കണ്ടത് സ്വപ്നമല്ലായിരുന്നു എന്ന ബോധ്യം വന്നത്. ആ വലിയ സദസ്സ് എനിക്ക് വേണ്ടി അടിച്ച കയ്യടികളുടെ അലയൊലി ഇപ്പോഴും എന്റെ മനസ്സിലുണ്ട്. എനിക്കൊന്നും പറ്റില്ലെന്ന് തോന്നുമ്പോഴെല്ലാം ഓർക്കാനുള്ള മറുമരുന്നായി. 

 

malayali-women-rohini-gave-a-speech-in-parliament-05

∙ ഞാൻ ചോദിക്കുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയോടാണ്

പാർലമെൻിൽ പ്രസംഗിക്കുക മാത്രമല്ല, ഒരൊറ്റ യാത്രയിൽ ഒരുപാട് ആഗ്രഹങ്ങൾ സാധിച്ചെടുക്കാനായി. ഇരുപത്തിരണ്ടാം തീയതിയാണ് ഡൽഹിയിലെത്തുന്നത്. ഭർത്താവിനൊപ്പം ദുബായിയിലായിരുന്നു. അവിടെ നിന്ന് ഒറ്റയ്ക്കാണ് ഡൽഹിയിലെത്തിയത്. വായിച്ചും കേട്ടും അറിഞ്ഞ ആ നാട് ഏതാണ്ടൊക്കെ സങ്കൽപ്പിച്ചെടുത്തത് പോലെതന്നെയാണ്. പ്രസംഗം മാത്രമല്ല, ഞങ്ങൾ 27 പേർക്കുമായി 5 ദിവസത്തെ താമസവും ഒരുക്കിയിരുന്നു. സ്വപ്നമായി കൊണ്ടുനടന്ന പല കാര്യംങ്ങളും ആ അഞ്ച് ദിവസത്തിൽ ഞാൻ നേടിയെടുത്തു. പാർലമെന്റിലെ പ്രസംഗത്തിന് ശേഷം ഞങ്ങള്‍ 27 പേരും പോയത് പ്രധാനമന്ത്രിയുടെ വസതിയിലേക്കാണ്. ഇത്ര അടുത്ത് മോദിയെ ആദ്യമായി കാണുകയാണ്. കുറച്ച് സമയം മാത്രമാണ് മോദിയുമായി സംസാരിക്കാൻ സാധിക്കുക, എല്ലാവർക്കും അദ്ദേഹത്തിനോട് നേരിട്ട് സംസാരിക്കാൻ സമയമുണ്ടാവില്ല. അപ്പോഴാണ് ഞാൻ ചിന്തിച്ചത് ഇത്ര അടുത്തുവരെ എത്തിയിട്ട് മോദിയോട് നേരിട്ട് സംസാരിക്കാതെ എങ്ങനെ തിരിച്ച് പോകും, പിന്നെ ഒന്നും ചിന്തിച്ചില്ല, നേരെ കൈപൊക്കി സംസാരിക്കാൻ തുടങ്ങി. നേതാജിയിൽ നിന്ന് എന്താണ് പഠിച്ചതെന്നാണ് അദ്ദേഹം ചോദിച്ചത്. ആ ചോദ്യത്തിന് ഉത്തരം പറഞ്ഞെു. മനസ്സിൽ ഒരുപാട് നാള് കൊണ്ടുനടന്ന ഒരാഗ്രഹം ഇത്ര എളുപ്പത്തിൽ കടന്നുപോയതെങ്ങനെയെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. പ്രസംഗം കഴിഞ്ഞ് അ‍ഞ്ച് ദിവസം ഡൽഹിയിൽ കറങ്ങി തിരിച്ചെത്തിയപ്പോൾ സ്വന്തമെന്ന് കരുതി മനസ്സിൽ സൂക്ഷിക്കാനായി ഒരുപാടുണ്ടായിരുന്നു. ആദ്യമായി റിപ്പബ്ലിക്ദിന പരേഡ് കാണാനും ലോക്സഭയിലും രാജ്യസഭയിലുമെല്ലാം കയറാനുമായി. പക്ഷേ,  27 സംസ്ഥാനങ്ങളിലും ഇനി കൂട്ടുകാരുണ്ടല്ലോ എന്നതാണ് ഏറ്റവും വലിയ സന്തോഷം. 

malayali-women-rohini-gave-a-speech-in-parliament-03

 

∙ ഹിന്ദി വളരെ സിമ്പിളാണ്

പ്രസംഗം കഴിഞ്ഞ് പുറത്തെത്തിയപ്പോൾ ലോക്സഭ സ്പീക്കർ ഓംബിർള ആദ്യം ചോദിച്ചത് എങ്ങനെ ഇത്ര നന്നായി ഹിന്ദി സംസാരിക്കാൻ കഴിയുന്നു എന്നതായിരുന്നു. വാക്യഘടനയും ഉച്ചാരണശൈലിയൊന്നും കേട്ടാൽ മലയാളിയാണെന്ന് തോന്നുകയേ ഇല്ല. തിരുവനന്തപുരത്തുകാരിയാണെങ്കിലും അഞ്ചാംക്ലാസുവരെ നോർത്ത് ഇന്ത്യയിലെ വിവിധയിടങ്ങളിലാണ് പഠിച്ചത്. പിന്നീട് ഞാനും അനിയനും അമ്മയും കൂടി തിരുവനന്തപുരത്തേക്കെത്തി. പട്ടാളക്കാരനായ അച്ഛന്റെ നിർബന്ധമാണ് എന്നെ ഹിന്ദിയിൽ സൂപ്പറാക്കിയത്. പഠിച്ചതൊന്നും ഒരിക്കലും മറക്കരുതെന്ന് അച്ഛന് നിർബന്ധമായിരുന്നു. ചെറുപ്പത്തിൽ പഠിച്ച ഹിന്ദി മറക്കാതിരിക്കാൻ അത് പ്രാക്ടീസ് ചെയ്യണമെന്നും അച്ഛൻ കാര്‍ക്കശ്യം പിടിച്ചു. ഞങ്ങള് ഒഴപ്പും എന്ന് കണ്ടത് കൊണ്ടാവാം അച്ഛൻ പിന്നെ എപ്പോള്‍ ഫോൺ വിളിച്ചാലും ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങിയത്. ആദ്യമാദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നെ അതൊരു ശീലമായി. അങ്ങനെ തിരുവനന്തപുരത്തെ കൊച്ചു ഹിന്ദിക്കാരായി ഞാനും അനിയനും മാറി. പക്ഷേ, പഠിച്ച് വന്നപ്പോഴ്‍ എനിക്ക് ഏറ്റവും ഇഷ്ടം ഹിന്ദിയോടായി. പ്രസംഗിക്കാൻ ഏറ്റവും ഇഷ്ടം ഹിന്ദിയാണ്. അതിൽ തന്നെ മോദിയുടെ പ്രസംഗങ്ങൾ കേൾക്കാൻ വളരെ ഇഷ്ടമാണ്. 

ചെറുപ്പത്തിൽ സംസാരിക്കാൻ വളരെ ഇഷ്ടമുള്ള രോഹിണി ഒരു വലിയ വേദിയിൽ ആദ്യമായി പ്രസംഗിക്കുന്നത് കോളജ് പഠനകാലത്താണ്. ആദ്യശ്രമം തന്നെ സൂപ്പറായതോടെ തന്റെ ഏരിയ ഇത് തന്നെയാണെന്ന് അവള്‍ ഉറപ്പിച്ചു. പിന്നീട് സർക്കാരിന്റെ വിവിധ പരിപാടികളിൽ ആങ്കറായും രോഹിണി തിളങ്ങി. ഇനി ഒരൊറ്റ ആഗ്രഹം കൂടിയുണ്ട്. രാഷ്ട്രപതി പുരസ്കാരം നൽകുന്ന വേദിയിലെത്തി അവതാരികയാകണം. പിന്നെ ദേശീയതലത്തിൽ അറിയപ്പെടുന്ന ഒരു അവതാരികയാകണം. അപ്പോഴും ജീവവായുവായി കാണുന്ന പ്രസംഗത്തെ ഒപ്പം ചേർക്കണം. 

 

Content Summary: Malayali women Rohini gave a Speech in Parliament about Subash Chandrabose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com