മിസ് യൂണിവേഴ്സ് മത്സരത്തിൽ അവഗണനയും ഭീഷണിയും; ദുരനുഭവം വെളിപ്പെടുത്തി മിസ് റഷ്യ
Mail This Article
മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്ത സഹമത്സരാർഥികൾ തന്നെ അവഗണിച്ചെന്നും ഒറ്റപ്പെടുത്തിയെന്നും മിസ് റഷ്യ അന്ന ലിന്നിക്കോവ. മത്സരത്തിലുടനീളം സഹ മത്സരാർഥികൾ യാതൊരു പരിഗണനയും തന്നില്ലെന്നും അമേരിക്കയിലെയും യുക്രെയ്നിലെയും മത്സരാർഥികൾക്ക് അനുകൂലമായാണ് മത്സരം നടത്തിയതെന്നും അന്ന ആരോപിച്ചു. മത്സരത്തിന് പിന്നാലെ ഒരു റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അന്ന ഇക്കാര്യം വെളിപ്പെടുത്തിയത്.
മത്സരത്തിന്റെ തുടക്കം മുതൽ അവർ പ്രശ്നങ്ങൾ സൃഷ്ടിച്ചു. താൻ റഷ്യക്കാരിയായത് കൊണ്ട് മാത്രം പല മത്സരാർഥികളും അവഗണിച്ചു. സ്വിറ്റ്സര്‍ലൻഡ്, യുക്രെയ്ൻ, എന്നിവിടങ്ങളിൽ നിന്നുമുള്ള മത്സരാർഥികൾ തന്നെക്കണ്ട് മാറിപോയെന്നും അന്ന അഭിമുഖത്തിൽ വ്യക്തമാക്കി. ജീവന് പോലും ഭീഷണയുണ്ടായിരുന്നെന്നും ആ സമ്മർദ്ദം മത്സരത്തെ ബാധിച്ചെന്നും അവർ പറഞ്ഞു.
മിസ് വെനസ്വേലയായ അമാൻഡ ഡുസാവെൽ തന്നോട് നല്ലരീതിയിൽ പെരുമാറിയെന്നും മത്സരാർഥികളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അമാൻഡയെയാണെന്നും അന്ന പറഞ്ഞു.
ജനുവരി 15 ന് യുഎസിലെ ന്യൂഓർലിയൻസിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ മിസ് യുഎസ്എ ആർബോണി ഗബ്രിയേലാണ് കിരീടം നേടിയത്. മിസ് വെനസ്വേല അമാൻഡ ഡുഡമേൽ രണ്ടാം സ്ഥാനവും മിസ് ഡൊമിനിക്കൻ റിപ്പബ്ലിക് ആൻഡ്രേയ്ന മാർട്ടിനെസ് മൂന്നാം സ്ഥാനവും നേടി.
Content Summary : Miss Russia claims that the other Miss Universe contestants shunned her