കണ്ണില്, കണ്ണില്....ആയിഷ എന്ന സിനിമയിലെ ഈ ഗാനം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയതാണ്. സിനിമയിലെ മഞ്ജുവിന്റെ ലുക്കും ഡാൻസ് സ്റ്റൈപ്പുകളുമെല്ലാം മനോഹരമാണ്. ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത് മികച്ച പ്രതികരണവമായി മുന്നോട്ടു പോകുന്നതിനിടെയാണ് ആയിഷയായുള്ള സിനിമ സീരിയൽ താരം സൗപർണിക സുഭാഷിന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നത്. വൈറൽ ഫോട്ടോഷൂട്ടിനെക്കുറിച്ച് സൗപർണിക പറയുന്നു:

വൈറൽ ഫോട്ടോയ്ക്ക് പിന്നിൽ...
സിനിമയിലെ പാട്ട് ഇറങ്ങിയ അന്ന് മുതൽ എന്തോ ഒരു പ്രത്യേകത പാട്ടിന് തോന്നിയിരുന്നു. മഞ്ജു ചേച്ചിയുടെ ഡാൻസും ആ ഭംഗിയുമെല്ലാം കണ്ടപ്പോൾ തന്നെ ഒരു ഫോട്ടോഷൂട്ടിനെ പറ്റി മനസ്സിൽ ചിന്തിച്ചിരുന്നു. നേരത്തെ ഞാൻ പൊന്നിയൻ സെൽവത്തിലെ തൃഷയുടെ മേക്കോവർ ചെയ്തിരുന്നു. അപ്പോഴാണ് സോന വെഡ്ഡിങ് കംമ്പനിയും രേഷ്മ ചേച്ചിയുമെല്ലാമായി പരിചയമാവുന്നത്. ഇത്തരത്തിലൊരു ഐഡിയ മനസ്സിൽ വന്നപ്പോൾ ആദ്യം വിളിച്ചത് രേഷ്മ ചേച്ചിയെ ആണ്. മഞ്ജു ചേച്ചിയുടെ ലുക്ക് റീക്രിയേറ്റ് ചെയ്യണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ രേഷ്മ ചേച്ചിക്കും സംഗതി ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞങ്ങൾ രണ്ടാളും കൂടി മറ്റ് പരിപാടികൾ തുടങ്ങിയത്. മഞ്ജു ചേച്ചിയെ പോലെ ഒരാളെയാണ് റീക്രിയേറ്റ് ചെയ്യാൻ പോകുന്നത്, അതുകൊണ്ട് ഏറ്റവും മികച്ചതാകണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. വേഷത്തിലും മേക്കപ്പിലും ഹെയർസ്റ്റൈലിലുമൊന്നും ഒരു കുറവുമുണ്ടാകരുത്. സിനിമ ഇറങ്ങുന്നതിന് മുമ്പേ ഫോട്ടോഷൂട്ടെന്നൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായത് ജനുവരി 30നാണ്. അന്ന് കണ്ണൂരിലെ മാടായിപ്പാറയിൽ വച്ചാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്.
എല്ലാം സെറ്റായി പക്ഷേ, കോസ്റ്റ്യൂം കിട്ടാൻ വളരെ കഷ്ടപ്പെട്ടു
ഫോട്ടോഷൂട്ട് എന്നൊരു ചിന്ത വന്നപ്പോൾ മുതൽ ആ വസ്ത്രമാണ് അന്വേഷിച്ച് നടന്നത്. ബാക്കി എല്ലാ കാര്യങ്ങളും പെട്ടന്ന് റെഡിയായെങ്കിലും കോസ്റ്റ്യൂം റെഡിയാവാൻ കുറച്ച് സമയമെടുത്തു. പലരെയും കണ്ടെങ്കിലും അതുപോലെ തന്നെ വസ്ത്രം ഒരുക്കി തരാൻ പറ്റില്ലെന്നാണ് മറുപടി കിട്ടിയത്. അങ്ങനെയിരിക്കെയാണ് ആയിഷ സിനിമയുടെ മേക്കപ്പമാനെ കാണുന്നത്. പുള്ളിയോട് കാര്യം പറഞ്ഞു. സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറായ സമീറയുടെ അടുത്ത് ഞങ്ങളെത്തുന്നത് അങ്ങനെയാണ്. പിന്നെ അവരാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്ത് തന്നത്. സിനിമയിൽ ഡിസൈൻ ചെയ്ത ആൾ തന്നെ ഫോട്ടോഷൂട്ടിന് വേണ്ടിയും വസ്ത്രം ഒരുക്കിയത് ഏറ്റവും ഗുണകരമായി. ഫോട്ടോ കണ്ടാൽ രണ്ട് വസ്ത്രങ്ങളും ഒരുപോലെയിരിക്കുന്നുണ്ട്. സമീറ തന്നെ ചെയ്ത് തന്നതുകൊണ്ടാണ് ഇത്ര പെർഫെക്ഷൻ ഉണ്ടായത്. ആദ്യം ഗാനത്തിലെ മഞ്ജു ചേച്ചിയുടെ ലുക്ക് മാത്രം ചെയ്യാമെന്നായിരുന്നു കരുതിയത്. അപ്പോഴാണ് എന്റെ ഭർത്താവ് പറഞ്ഞത്, ഒരു ലുക്ക് മാത്രമാക്കണ്ട, ഗദ്ദാമ ലുക്ക് കൂടിയുണ്ടെങ്കിൽ ഫോട്ടോകൾ മികച്ചതാകുമെന്ന്. കോഴിക്കോടുള്ള ഐശ്വര്യയാണ് ആ വേഷങ്ങൾ ഡിസൈൻ ചെയ്തത്.

ഇതൊന്നും പ്രതീക്ഷിച്ചില്ല, സംഭവം കേറി വൈറലായി
ഫോട്ടോ എടുത്തു കഴിഞ്ഞെങ്കിലും ഇത്ര അടിപൊളിയാകുമെന്ന് ഒരിക്കലും കരുതിയില്ല. സാധാരണ ഒരു ഫോട്ടോ ആകുമെന്നേ കരുതിയിരുന്നുള്ളു. പക്ഷേ, വേഷങ്ങളോടൊപ്പം മേക്കപ്പും ഹെയർസ്റ്റൈലും എല്ലാം പ്രതീക്ഷിച്ചതിലും ഗംഭീരമായി. ശരിക്കും മഞ്ജുചേച്ചിയെ പോലെ തന്നെ. രേഷ്മ ചേച്ചിയാണ് എന്നെ ഇത്ര മനോഹരിയാക്കി തന്നത്. ആ മേക്കപ്പും സ്റ്റൈലുമെല്ലാമാണ് ഫോട്ടോയുടെ ജീവൻ. സായിയാണ് ഫോട്ടോ എടുത്തത്. എല്ലാവരും അവരവരുടെ ഭാഗം ഗംഭീരമാക്കിയപ്പോൾ ഫോട്ടോ അങ്ങ് കേറി വൈറലായി. എല്ലാവരും കാണണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഇത്രക്കൊന്നും പ്രതീക്ഷിച്ചതല്ല. എന്തായാലും ഭാഗ്യം ഉള്ളതുകൊണ്ടാണ് ഇതൊക്കെ നടന്നത്. പിന്നെ, എനിക്ക് ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോ ഏറ്റവും സന്തോഷമായത് മഞ്ജു ചേച്ചി ഫോട്ടോ മികച്ചതായി എന്ന് പറഞ്ഞതാണ്. ഒരിക്കലും അങ്ങനെ സംഭവിക്കുമെന്ന് മനസ്സിൽ പോലും കരുതിയിരുന്നില്ല. ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോൾ ചുമ്മാ മഞ്ജു ചേച്ചിക്ക് ഫോട്ടോകൾ അയച്ചുകൊടുത്തതാണ്. ചേച്ചി അതൊക്കെ കാണുമോ എന്നറിയില്ലായിരുന്നു. പക്ഷേ, മൂവി പ്രെമോഷനടക്കം തിരക്കുള്ള സമയമായിട്ടും ചേച്ചി അതുകണ്ടു. നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷമായി. ഇത്രയൊന്നും ഫോട്ടോ എടുക്കാൻ തീരുമാനിക്കുമ്പോൾ ഞാൻ കരുതിയിരുന്നില്ല. ചേച്ചി മാത്രമല്ല, സിനിമയുടെ ഡയറക്ടർ ആമിർ പള്ളിക്കലും ഫോട്ടോയ്ക്ക് അഭിപ്രായം പറഞ്ഞത് ഏറെ സന്തോഷമായി.

ഇനിയും ഫോട്ടോകളെടുക്കണം
ഫോട്ടോകളെടുക്കാൻ ഏറെ ഇഷ്ടമാണ്. നേരത്തെയും ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്തിരുന്നെങ്കിലും ഇത്രയ്ക്ക് വൈറലായിരുന്നില്ല. ഓടി നടന്ന് എല്ലായിപ്പോഴും ഫോട്ടോകളെടുക്കാൻ താൽപര്യമില്ല. സെലക്ടീവായി നല്ല കഥാപാത്രങ്ങളെത്തുകയാണെങ്കിൽ മേക്കോവർ ഫോട്ടോഷൂട്ട് ഇനിയും ചെയ്യണം.

സീരിയലിൽ സജീവമായ സൗപർണിക സുഭാഷ് കോഴിക്കോടാണ് താമസം. നിലവിൽ സീതാറാം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി എന്ന സിനിമയും റിലീസാവാനുണ്ട്.
Content Summary: Chat with Souparnika Subash - Viral Photoshoot