ADVERTISEMENT

ആത്മാർഥമായ പ്രണയം, പ്രണയത്തിനൊടുവില്‍ കല്യാണം, സന്തോഷകരമായ ജീവിതം..... പ്രണയിക്കുന്നവർക്കായുള്ള ദിനത്തിൽ വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്കു കടക്കുകയാണ് ട്രാൻസ് മാൻ പ്രവീൺ നാഥും ട്രാൻസ് വുമണായ റിഷാന ഐശുവും. വിവാഹദിനത്തിൽ പ്രണയത്തെപ്പറ്റിയും ഭാവി ജീവിതത്തെപ്പറ്റിയും മനോരമ ഓൺലൈനിനോട് സംസാരിക്കുകയാണ് ഇരുവരും. 

 

കണ്ണിലുടക്കിയത് ആ നൃത്തം

 

തൃശ്ശൂരിൽ 2020 നവംബറില്‍ നടന്ന, ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള ‘സഹയാത്രിക’ എന്ന സംഘടനയുടെ ഇരുപതാം വാര്‍ഷികാഘോഷമാണ് പ്രവീണിന്‍റെയും ഐശുവിന്‍റെയും ജീവിതത്തിലെ വഴിത്തിരിവ്. നേരത്തേ പരിചയമുണ്ടെങ്കിലും മോഡലായ ഐശുവും ബോഡി ബില്‍ഡര്‍ പ്രവീണും ആദ്യമായി കാണുന്നത് അന്നാണ്. വാര്‍ഷികാഘോഷത്തിനു ശേഷം എല്ലാവരും ചേര്‍ന്ന് ഡാന്‍സ് ചെയ്യാന്‍ തുടങ്ങി. ചുറ്റും ഒരുപാടു പേര്‍ നൃത്തം ചെയ്യുന്നുണ്ടെങ്കിലും പ്രവീൺ അന്ന് അവിടെക്കണ്ടത് ഐശുവിനെ മാത്രമാണ്. മുന്തിരിച്ചുവപ്പു നിറമുള്ള

trans-couples-praveen-rishana-aishu2

ചുരിദാർ ധരിച്ച് മനോഹരമായി നൃത്തം ചെയ്യുന്ന പെൺകുട്ടി. പാറിപ്പറക്കുന്ന മുടിയിഴകളും ആരും കൊതിക്കുന്ന കണ്ണുകളും. അവൾ അവന്‍റെ മനസ്സില്‍ കയറി. “പിന്നെ ഞാന്‍ മറ്റൊന്നിനെപ്പറ്റിയും ചിന്തിച്ചില്ല, അവളെ സ്വന്തമാക്കണമെന്ന് ചിന്തിച്ചു. അവിടെവച്ചു ഇഷ്ടം പറഞ്ഞു.” 

 

‘‘ചേട്ടന്‍ പെട്ടെന്നു വന്ന് ഇഷ്ടമാണെന്നൊക്കെ പറഞ്ഞപ്പോ, ഒരു വല്ലാത്ത ടെന്‍ഷനായിരുന്നു. പിന്നെ എന്‍റെ കാര്യത്തില് അമ്മയോട് തീരുമാനം ചോദിക്കാനാണ് ഞാന്‍ പറഞ്ഞത്. ചേട്ടൻ അമ്മയോട് സംസാരിച്ചു. എന്റെ കുട്ടിക്കളി മാറീട്ടില്ല, കുറച്ചൂടി കഴിഞ്ഞാവാം വിവാഹമെന്ന് അമ്മയാണു പറഞ്ഞത്. പിന്നെ ഞങ്ങൾ പരസ്പരം മനസ്സിലാക്കാമെന്ന് കരുതി. കൂടുതൽ അടുത്തു.’’

 

ജീവിതത്തിൽ നിർണായകമായ തീരുമാനമെടുക്കുന്നതിനു മുമ്പേ പരസ്പരം നന്നായി അറിയണമെന്ന് രണ്ടുപേർക്കും നിർബന്ധമുണ്ടായിരുന്നു. കിട്ടുന്ന സമയങ്ങളിലെല്ലാം ഫോൺ വഴിയും നേരിട്ടും അവർ പരസ്പരം അറിഞ്ഞുകൊണ്ടേയിരുന്നു. സൗഹൃദത്തിനപ്പുറത്തേക്ക് അടുപ്പം വളർന്നു എന്ന് തോന്നിയപ്പോൾ ഐശുവാണ് പ്രവീണിനോട് ഇഷ്ടമാണെന്നും വിവാഹം ചെയ്യാമെന്നും പറഞ്ഞത്. ‘‘അവളെന്നോട് ഇഷ്ടമാണെന്നു പറഞ്ഞപ്പോ, ഞാനാകെ ഞെട്ടിപ്പോയി. കേട്ടത് സത്യം തന്നെയാണോ എന്ന് മനസ്സിനങ്ങ് വിശ്വാസം വന്നില്ല. ഒന്നുകൂടി അവളത് പറഞ്ഞപ്പോഴാണ് സ്വപ്നമല്ല, സത്യം തന്നെയാണെന്ന് മനസ്സിലായത്.’’ 

 

trans-couples-praveen-rishana-aishu3

നട്ടപ്പാതിരയ്ക്കുള്ള ചായകുടി; അതാണ് സൂപ്പർ

 

ഒരുമിക്കാമെന്നു തീരുമാനിച്ചപ്പോൾത്തന്നെ രണ്ടുപേരും തൃശ്ശൂരിലേക്കു താമസം മാറ്റിയിരുന്നു. ഒറ്റപ്പെടൽ അനുഭവിച്ച് വിഷാദത്തിന്റെ വക്കു വരെയെത്തിയ ഐശു, പ്രവീൺ ജീവിതത്തിലേക്കെത്തിയപ്പോഴാണ് അതെല്ലാം മറന്നു തുടങ്ങിയത്. പിന്നീട് ഒറ്റപ്പെടലിനെപ്പറ്റി ചിന്തിക്കാൻ പോലും സമയമില്ലാതായി. എപ്പോഴും പ്രവീണിനൊപ്പം സ്വപ്നങ്ങളും ഓർമകളുമായി അവൾ ജീവിക്കാൻ തുടങ്ങി. ‘‘രാത്രി സമയങ്ങളിൽ തൃശ്ശൂരുള്ള കണാരീസ് എന്ന കടയിൽ പോയി ചായ കുടിക്കുന്നത് ഞങ്ങൾക്ക് ഏറ്റവും സന്തോഷമുള്ള നിമിഷമാണ്. അവിടെ കുറെ നേരം അങ്ങനെ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ നല്ല രസമാണ്.’’ പ്രവീണിനൊപ്പം യാത്രകള്‍ ചെയ്യാനും അവനെ കെട്ടിപ്പിടിച്ച് ബൈക്കിൽ കറങ്ങുന്നതും ഐശുവിന് ഒരുപാട് ഇഷ്ടമാണ്. 

 

ഞങ്ങളുടെ തീരുമാനം ബെസ്റ്റാണ്

 

കല്യാണത്തെയും ഒരുമിച്ചുള്ള ജീവിതത്തെയും പറ്റി ഒരുപാട് സ്വപ്നങ്ങളുണ്ട് രണ്ടുപേർക്കും. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെങ്കിലും വളരെ വൈകിയാണ് മറ്റുള്ളവരോടു പറയുന്നത്. 

 

‘‘കമ്യൂണിറ്റിയിലുള്ള എല്ലാവരും പൂർണ മനസ്സോടെയാണ് ഞങ്ങളെ അനുഗ്രഹിച്ചത്. പക്ഷേ, ഇപ്പോഴും ഇതൊന്നും അംഗീകരിക്കാൻ പറ്റാത്തവരുണ്ട്. പല തരത്തിലുള്ള ബോഡി ഷെയിമിങ്ങും ഇപ്പോഴും അവർ നടത്തുന്നുണ്ട്. ഞങ്ങളുടെ ജീവിതമാണ്. അത് ഞങ്ങൾക്കിഷ്ടമുള്ളതുപോലെ ജീവിക്കാനാണ് തീരുമാനം.’’ – രണ്ടുപേരും ഒരുപോലെ പറയുന്നു. കുട്ടിക്കാലം മുതൽ നേരിടുന്നതാണ് അവഗണനകൾ. പലരുടെയും വാക്കുകൾ ചില സമയത്ത് വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ട്. 

 

ആകാംക്ഷയോടെ എന്ന മട്ടിൽ പലരും ചോദിക്കുന്ന ചോദ്യങ്ങൾ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ട് രണ്ടുപേരെയും. വനിതയുടെ കവർ ഗേളായി വന്ന ട്രാൻസ് വുമണിന്റെ കഥ അറിഞ്ഞപ്പോഴാണ് അതുവരെ ജീവിച്ച ജീവിതമല്ല, എന്റെ വഴി മറ്റൊന്നാണെന്ന് ഐശു തീരുമാനിക്കുന്നത്. വീട്ടിൽ ആദ്യം കുറ്റപ്പെടുത്തലായിരുന്നെങ്കിലും പിന്നീട് എല്ലാവരും ഒത്തുചേർന്നു. പ്രവീണിന്റെ ജീവിതത്തിലും പലയിടങ്ങളിൽ നിന്നും കുറ്റപ്പെടുത്തലുകളും അവഗണനകളും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ന് അതൊന്നും ആലോചിക്കാൻ പോലും അവർക്കു സമയമില്ല. 

 

ഫെബ്രുവരി 14 ന് പാലക്കാട് വച്ചാണ് വിവാഹം. വാലന്റൈൻസ് ദിനത്തിൽ കല്യാണം കഴിക്കാം എന്നത് രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണ്. 

ഈ പ്രണയദിനത്തിൽ, ഐശുവും പ്രവീണും യാത്ര തുടങ്ങുകയാണ്; സ്നേഹത്തിന്റെ പൂപ്പാടങ്ങളിലേക്ക്...

Content Summary: Trans couples praveen and rishana aishu about their love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT