ADVERTISEMENT

എൺപതാമത്തെ വയസ്സിൽ ഒരു വിവാഹമോചനം. വിജയരാഘവൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ‘പൂക്കാലം ’ എന്ന സിനിമയെ പറ്റി കേട്ടവരൊക്കെ പറഞ്ഞത് ഒരൊറ്റ ഡയലോഗാണ്. ‘ ഈ വയസ്സാം കാലത്ത് ഇവർക്ക് വേറെ പണിയൊന്നുമില്ലേ, ഇത്രയും നാൾ ഒരുമിച്ച് ജീവിച്ചതല്ലേ, ഇനിയെന്തിന് ഡിവോഴ്സ്?’. പറഞ്ഞ് തീർക്കാൻ എളുപ്പമുള്ള വാക്കുകളാണെങ്കിലും ഇതത്ര സുഖമുള്ള സംഗതിയല്ല. വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടും വേർപിരിയാനും പരസ്പരം സ്നേഹമില്ലാതാകുന്നതിനുമെല്ലാം ഒരുപാട് കാരണങ്ങളുണ്ട്. ഇത്രയേറെ കാലം ഒരുമിച്ച് ജീവിച്ചിട്ടും എന്തുകൊണ്ടാവും ദമ്പതികൾക്ക് യോജിച്ച് പോകാൻ പറ്റാത്തതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യഥാർഥത്തിൽ ജീവിതത്തിൽ അത്രയും കാലം അനുഭവിച്ച മടുപ്പും അഡ്ജസ്മെന്റുമെല്ലാമാണ് പലരെയും ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്. പ്രണയമില്ലാത്തതും ഒരു വലിയ തടസ്സം തന്നെയാണ്. കാലങ്ങൾ കഴിഞ്ഞെങ്കിലും സമൂഹം ഒരുപാട് മാറിയെങ്കിലും കേരളത്തിലിപ്പോഴും പ്രായമായി കഴിഞ്ഞാൽ ഭാര്യയെ ഒന്ന് മനസ്സു തുറന്ന് സ്നേഹിക്കാൻ മടിക്കുന്നവരാണ് പലരും. തിരിച്ചും അതുതന്നെയാണ് അവസ്ഥ. ഓൾഡ് ഏജ് കാലത്ത് ദാമ്പത്യ ബന്ധം തകരുന്നതിന്റെ കാരണങ്ങളെന്താണ് ? എങ്ങനെ ബന്ധം ഊഷ്മളമാക്കാം? മനോരമ ഓൺലൈനിനോട് വിശദമായി വിവരങ്ങൾ പങ്കുവെക്കുകയാണ് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബിജി വി. 

പണ്ടത്തെ കാലത്തെ പോലെയല്ല, ഇന്ന് കേരളത്തിൽ ഡിവോഴ്സുകളുടെ എണ്ണം വളരെയധികമാണ്. പരസ്പരം മനസ്സിലാക്കാൻ പറ്റില്ലെന്ന് കാണുമ്പോൾ തന്നെ ഡിവോഴ്സിലേക്ക് നീങ്ങുന്ന നിരവധി േപർ ഇന്നിവിടെയുണ്ട്. യങ് കപ്പിൾസിന്റെ ഇടയിലാണ് ഏറ്റവും കൂടുതൽ ഡിവോഴ്സ് നടക്കുന്നതെങ്കിലും ഓൾഡ് ഏജ് ഡിവോഴ്സുകളുടെ കാര്യത്തിലും പണ്ടത്തെ അപേക്ഷിച്ച് വർധനയുണ്ട്. കുടുംബ ജീവിതത്തിലെ അസ്വാരസ്വങ്ങൾ, വർഷങ്ങളോളം ഒരുമിച്ച് ജീവിച്ചിട്ടും പങ്കാളികളെ മനസ്സിലാക്കാൻ കഴിയാത്തതുമെല്ലാം വലിയ പ്രശ്നങ്ങൾ തന്നെയാണ്. ഏറ്റവും മനോഹരമായി ജീവിക്കാൻ പറ്റുന്ന സെക്കന്റ് ഹണിമൂൺ പിരീഡ് എന്നു പറയുന്ന ആ സമയം മനോഹരമാക്കാൻ പങ്കാളികൾ രണ്ടുപേരും ശ്രമിച്ചേ മതിയാവു. പല കാരണങ്ങളാണ് വയോധിക ദമ്പതികളുടെ ഡിവോഴ്സുകളുടെ എണ്ണം കൂടുന്നതിനും മറ്റും കാരണം. അതിന് ശ്രദ്ധിക്കേണ്ട്ത് അവർ തന്നെയാണ് സ്നേഹം എന്ന് അവസാനിക്കുന്നുവോ അന്നു മുതൽ ദാമ്പത്യജീവിതം മെക്കാനിക്കലായി മാറണം. സ്നേഹം നിലനിർത്താനായിരിക്കണം ദമ്പതികൾ ഏതു കാലത്തും ശ്രമിക്കേണ്ടത്. 

how-to-love-and-cherish-in-old-age3

∙ പ്രായമാണ് കൂടുന്നത്, വിരസതയോടെ ബൈ പറയണം. 

ഒരറുപത് വയസ്സൊക്കെ കഴിഞ്ഞാൽ പിന്നെ ജീവിതം ആസ്വദിക്കാനുള്ള സമയം കഴിഞ്ഞു എന്നാണ് പലരും കരുതുന്നത്. പക്ഷേ, യഥാർഥത്തിൽ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റുന്ന സമയമാണത്. റിട്ടയർമെന്റ് ലൈഫിലേക്ക് കടന്ന പങ്കാളികൾക്ക് കൂടുതൽ സമയം ഒന്നിച്ചിരുന്ന് കളിതമാശകൾ പറയാനും ജീവിതം ആസ്വദിക്കാനും പറ്റിയ സമയം. പക്ഷേ, പല കാരണങ്ങൾ കൊണ്ടും കേരളത്തിൽ ഇന്ന് ആ കാലഘട്ടം മടുപ്പിന്റെ ദിവസങ്ങളായി മാറാറുണ്ട്. അതിനായി പങ്കാളികൾ തന്നെ ചിന്തിച്ചേ മതിയാവു. മടിച്ചിരിക്കാതെ കിട്ടിയ സമയം ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. എന്നാൽ മാത്രമേ മരണാവസാനം വരെ ഒന്നിച്ച് സന്തോഷത്തോടെ ജീവിതം തള്ളി നീക്കാൻ സാധിക്കൂ. 

∙ പ്രായമായാലും ഉപേക്ഷിക്കേണ്ട യാത്രകൾ

യാത്രകൾക്ക് ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുണ്ട്. വീട്ടിൽ മടിപിടിച്ചിരിക്കുന്ന മനസ്സുകൾ ഏറ്റവും ഉന്മേഷത്തിലാകുന്നത് യാത്രകൾ പോകുമ്പോഴാണ്. പ്രായമെക്കെ കൂടിയില്ലേ, ഇനി എങ്ങോട്ട് പോകാൻ എന്ന് ചിന്തിച്ച് മടിപിടിച്ചിരിക്കുന്നതിൽ ഒരർത്ഥവുമില്ല. വയോദമ്പതികൾക്ക് അവരുടെ പരസ്പര സ്നേഹം ഊട്ടിയുറപ്പിക്കാനുള്ള ഏറ്റവും മികച്ച പോംവഴിയാണ് യാത്രകൾ. ഒറ്റയ്ക്കോ മക്കളോടൊപ്പമോയൊക്കെ യാത്രപോകാം. മനസ്സ് സന്തോഷമാകുമ്പോൾ ജീവിതം ആനന്ദകരമാകും. ചെറുപ്രായത്തിൽ സ്നേഹിച്ച് നടന്ന മനസ്സ് അതുപോലെ തന്നെ എൺപതുകളിലേക്കും കൊണ്ടുപോകാം. റൊമാന്റിക് യാത്രകൾക്ക് പ്രായം ഒരു തടസ്സമേയല്ല. പോകണം...ഒരുമിച്ച്, ഇഷ്ടമുള്ളയിടങ്ങളിലെല്ലാം. 

how-to-love-and-cherish-in-old-age4

∙ കമ്യൂണിക്കേഷൻ പ്രധാനമാണ്

ഏതു പ്രായത്തിലും ദാമ്പത്യജീവിതത്തിന്റെ മുഖ്യ ശില കമ്യൂണിക്കേഷനാണ്. പരസ്പരം കേൾക്കാനും പറയാനും മനസ്സുകാണിച്ചാൽ പ്രായമായാലും ദമ്പതികൾക്കിടയിൽ യാതൊരു പ്രശ്നവുമുണ്ടാവില്ല. പണ്ട് ഫാമിലി പ്ലാനിങ്ങും ഫിനാൻഷ്യൽ സ്റ്റെബിലിറ്റിയും തുടങ്ങി വലിയ വലിയ കാര്യങ്ങളാണ് സംസാരിക്കാനുണ്ടാകുക. പക്ഷേ, പ്രായം കൂടുംതോറും അതിന്റെ മാനം മാറും. സിമ്പിൾ കാര്യങ്ങളായിരിക്കും പിന്നീട് ഭാര്യയ്ക്കും ഭർത്താവിനും സംസാരിക്കാനുണ്ടാവുക. അടുത്ത വീട്ടിലെ കാര്യങ്ങളോ, പേരക്കുട്ടികളുടെ കാര്യങ്ങളോ, സീരിയലിന്റെയോ സിനിമയുടേയോ ഒക്കെ വിശേഷങ്ങൾ. എത്ര നിസാരമായ കാര്യമാണെങ്കിലും കേൾക്കാൻ മനസ്സ് കൊടുക്കണം. ഭാര്യ പറയുന്നത് ഭർത്താവും, ഭർത്താവ് പറയുന്നത് ഭാര്യയും കേട്ടിരുന്നാൽ പിന്നെ ജീവിതകാലം മുഴുവൻ ഒരു പ്രശ്നത്തിനും സ്ഥാനമില്ല. 

∙ സെക്സിനോട് ബൈ പറയാൻ വരട്ടേ...

പ്രായമായി കഴിഞ്ഞാൽ ഭാര്യയും ഭർത്താവും രണ്ട് കട്ടിലിലോ, രണ്ട് മുറികളിലോ മാറി താമസിക്കുക. നമ്മുടെ നാട്ടിൽ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയാണിത്. വയോദമ്പതികളിലെ പരസ്പര സ്നേഹവും ബന്ധവും വഷളാകുന്നതിൽ വലിയ പങ്കാണ് ഇതിനുള്ളത്. അത്രയും കാലം ഒരുമിച്ച് താമസിച്ചവർ പെട്ടെന്നൊരു ദിവസം മുതൽ മാറി കിടക്കാൻ തുടങ്ങുന്നത് മാനസികമായും സംഘർഷങ്ങളുണ്ടാക്കും. സെക്സിന് വിവാഹജീവിതത്തിൽ ഒരു പ്രധാന പങ്കുണ്ട്. പ്രായമായെന്ന് കരുതി മാറ്റിവേക്കേണ്ടതല്ല സെക്സ്. പ്രായമാകുമ്പോഴും താൽപര്യമുണ്ടെങ്കിൽ, മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കിൽ സെക്സ് ചെയ്യണം. ഓൾഡ് ഏജിലെ ബന്ധം ദൃഢമാക്കാൻ സെക്സ് വലിയ പങ്കു വഹിക്കും. 

how-to-love-and-cherish-in-old-age2

∙ സ്നേഹത്തോടെയുള്ള കരുതലും ചേർത്തുപിടിക്കലും

‘ടച്ച്്’ എന്നത് മനുഷ്യനുള്ളോടത്തോളം കാലം ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒന്നാണ്. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും എല്ലാവരും ഒന്ന് കെട്ടിപ്പിടിച്ച് കരയുന്നത് ആ ടച്ച് ഫീൽ ചെയ്യാൻ വേണ്ടിയാണ്. പ്രായമാകുമ്പോൾ സ്വന്തം ഭാര്യയെയോ ഭർത്താവിനെയോ ചേർത്തു പിടിക്കുന്ന എത്ര പേരുണ്ട്? ആ പ്രായത്തിലും ദുഃഖത്തിനും സംഘർഷത്തിനുമെല്ലാമുള്ള ഏറ്റവും മികച്ച മറുമരുന്നാണ് ടച്ച്. കെട്ടിപ്പിടിക്കണം. വാരിപ്പുണരണം. നിങ്ങളുടെ പങ്കാളികളെ...

പ്രായമേറുമ്പോൾ ഇതെല്ലാം കൂടുതൽ ശ്രദ്ധിച്ചാൽ നമ്മുടെ ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. അപ്പോഴും ചില പ്രശ്നങ്ങൾ നമ്മളെ അലട്ടികൊട്ടിരിക്കും. മക്കളെ ഡിപ്പന്റ് ചെയ്ത് ജീവിക്കുന്നതും, അസുഖങ്ങളും എല്ലാം ജീവിതത്തിൽ പ്രായമായ ദമ്പതികൾക്ക് വലിയ പ്രശ്നം തന്നെയാണ്. അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ തുടങ്ങിയാൽ പിന്നെ എല്ലാം തകിടം മറയാൻ തുടങ്ങും. ജീവിക്കണം, നമുക്ക് ഇഷ്ടമുള്ളതുപോലെ. ഒന്നിനും പങ്കാളിയെ ഫോഴ്സ് ചെയ്യാതെ, വയസ്സുകാലത്തെ അവരുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ കണ്ടെത്തി മനസ്സ് നിറഞ്ഞ്... ഒരു ജീവിതമാണുള്ളത്. അത് സന്തോഷത്തിന്റെ പൂക്കാലമാകണം... പ്രായം ആ പൂക്കാലത്തെ നശിപ്പിക്കാനുള്ളതല്ല, നിറം പകരാനുള്ളതാണ്...

Content Summary: How to love and cherish in Old age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com