ജോലി ഐടി രംഗത്ത്, ഇഷ്ടം ‍ഡാൻസ് ഫൊട്ടോഗ്രഫി, പ്രമുഖരുടെ ചിത്രങ്ങൾ പകർത്തി; ഒടുവിൽ കഥകളി വേഷവും

HIGHLIGHTS
  • 14 വർഷക്കാലമായി ഇഷ്ടപ്പെട്ട കലാകാരൻമാർക്ക് സ്വന്തം ക്യാമറയിലൂടെ ജീവൻ നൽകുമ്പോൾ അത് ജീവനായി മാറുമെന്ന് അന്നയാൾ കരുതിയില്ല. കോട്ടയം പാല സ്വദേശി ശ്രീനാഥ് നാരായണൻ മനോരമ ഓൺലൈനിനോട് മനസ്സു തുറക്കുന്നു
life-story-of-sreenath
SHARE

സ്റ്റേജിനു പുറത്തു നിന്നു കണ്ട കാഴ്ചകൾ...സങ്കടവും സന്തോഷവും തുടങ്ങി നർത്തകിയുടെ മുഖത്ത് മാറി മാറി വരുന്ന വേഷപ്പകർച്ചകൾ...രൗദ്ര ഭാവത്തിൽ കാണികളെ അമ്പരപ്പിക്കുന്ന കഥകളി കലാകാരൻമാർ....വേദിയിൽ ആടിപ്പൊലിക്കുന്നതാരാണെങ്കിലും സ്വന്തം ക്യാമറയിലൂടെ ആ ഭാവങ്ങൾ അതേ വൈകാരികതയോടെ ചിത്രങ്ങളായി മാറ്റുകയാണ് കഴിഞ്ഞ 14 വർഷക്കാലമായി കോട്ടയം പാല സ്വദേശി ശ്രീനാഥ് നാരായണൻ. ഏറെ ഇഷ്ടപ്പെട്ട കലാകാരൻമാർക്ക് സ്വന്തം ക്യാമറയിലൂടെ ജീവൻ നൽകുമ്പോൾ അത് അയാളുടെയും ജീവനായി മാറുമെന്ന് അന്നയാൾ കരുതിയില്ല. 

കുട്ടിക്കാലം മുതൽ കഥകളിയെയും മറ്റു നൃത്ത രൂപങ്ങളെയും ഇഷ്ടപ്പെട്ട ശ്രീനാഥ് ഐടി ജോലിക്കിടയിലുള്ള സമയത്താണ് ഫൊട്ടോഗ്രഫി എന്ന ഇഷ്ടത്തെ കൂടെക്കൂട്ടിയത്. ഇഷ്ട താരങ്ങൾ വേദിയിലെത്തുമ്പോൾ അവരുടെ ചിത്രങ്ങൾ ഒപ്പിയെടുത്തു. വർഷങ്ങളായി ഓരോ കലാകാരൻമാരെയും കണ്ട് പഠിച്ച അദ്ദേഹം ജീവിതത്തിൽ ഏറെ പ്രിയപ്പെട്ട കഥകളി പഠനത്തിനായി ഇറങ്ങുന്നു. ആറു മാസത്തെ പരിശീലനത്തിന് ശേഷം വേദിയിൽ കഥകളി അവതരിപ്പിക്കുന്നു. കേൾക്കുമ്പോള്‍ സിനിമാകഥയെന്ന് തോന്നും ശ്രീനാഥിന്റെ ജീവിതം. കഥകളിയെ നെഞ്ചോട് ചേർത്ത ഫൊട്ടോഗ്രഫറായ കഥകളി കലാകാരൻ ശ്രീനാഥ് മനോരമ ഓൺലൈനിനോട് മനസ്സു തുറക്കുന്നു. 

life-story-of-sreenath5
ശ്രീനാഥ് നാരായണൻ, കഥകളി വേഷത്തില്‍

കഥകളി, ക്യാമറ... രണ്ടും ജീവനാണ്

ചെറുപ്പം മുതൽ കഥകളിയെ ഇഷ്ടപ്പെടാൻ ശ്രീനാഥിന് കൂട്ടായത് കഥകളി കലാകാരനായ അച്ഛൻ നാരായണൻ നമ്പൂതിരിയാണ്. അച്ഛനെ കണ്ടു വളർന്ന ശ്രീനാഥിനും കലകളോട് ഒരു പ്രത്യേക താൽപര്യമുണ്ടായിരുന്നു. ചെറുപ്പം മുതൽ എവിടെ കഥകളി ഉണ്ടെന്നു കേട്ടാലും ഓടിപ്പോകും. രാവും പകലും നോക്കാതെ കഥകളി കാണും. ‘ജോലിയൊക്കെ ചെയ്ത് തുടങ്ങിയെങ്കിലും കഥകളിയോടുള്ള ഇഷ്ടം വിട്ടിരുന്നില്ല. എറണാകുളത്ത് ജോലി കിട്ടി പോയതിന് ശേഷം പിന്നീട് അവിടെ അന്വേഷിക്കാൻ തുടങ്ങി. ഏത് വേദിയിൽ കഥകളി ഉണ്ടെന്ന് കേട്ടാലും പോയി കാണും. എന്തായാലും പോകുന്നതല്ല, ഫോട്ടോ എടുക്കണ്ടേ എന്നു കരുതിയാണ് ആദ്യമാദ്യം ഫോട്ടോ എടുത്ത് തുടങ്ങിയത്. മൊബൈൽ ഫോണിൽ ഞാനെടുത്ത പല ഫോട്ടോകളും കണ്ട് അത് കൊള്ളാമെന്ന് പലരും പറഞ്ഞു. അങ്ങനെയാണ് എന്തുകൊണ്ട് പ്രൊഫഷണലായി ഫോട്ടോ എടുക്കാൻ തുടങ്ങിയത്. വേദിയിൽ ഞാൻ കാണുന്ന സുന്ദര നിമിഷങ്ങളെല്ലാം പകർത്തി. എനിക്ക് കലയെ ഏറെ ഇഷ്ടമായതുകൊണ്ടാവാം ഇത്രയും ഭംഗിയായി ചിത്രങ്ങൾ എടുക്കാൻ കഴിയുന്നതെന്ന് തോന്നിയിട്ടുണ്ട്. പിന്നീട് കഥകളിയെ പോലെ തന്നെ ഞാൻ ഫൊട്ടോഗ്രഫിയെയും ഇഷ്ടപ്പെടുകയായിരുന്നു. കിട്ടുന്ന സമയങ്ങളിലെല്ലാം ക്യാമറയുമായിറങ്ങും. നൃത്ത വേദികളിൽ മാത്രമാണ് ഞാൻ എത്തിയത്. 

life-story-of-sreenath3
നവ്യ നായർ, ചിത്രം: ശ്രീനാഥ് നാരായണൻ

ലെൻസിലൂടെ കണ്ടത് പരീക്ഷിക്കാൻ തോന്നി

ചെറുപ്പം മുതൽ കഥകളിയെ ഇഷ്ടപ്പെട്ട ശ്രീനാഥ് നൃത്ത വേദികളിലെത്തി ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ ആ പഴയ ആഗ്രഹം മനസ്സിൽ വീണ്ടും ചിറകടിക്കാൻ തുടങ്ങി. ലെൻസിലൂടെ നോക്കിക്കണ്ടത് എന്റെ സ്വപ്നമാണ്. എനിക്കും നൃത്തം ചെയ്യണമെന്ന് അദ്ദേഹത്തിന്റെ മനസ്സ് ഓർമിപ്പിച്ചു കൊണ്ടിരുന്നു. 14 വർഷം മനസ്സിൽ ഒളിപ്പിച്ച ആ സ്വപ്നങ്ങൾ വീണ്ടും കരുത്താകുന്നതായി അദ്ദേഹത്തിന് തോന്നി. ‘കഥകളി പഠിക്കണം എന്നൊരാഗ്രഹം എന്റെ മനസ്സിൽ തോന്നിയപ്പോലാണ് അച്ഛൻ എനിക്ക് വീണ്ടും പ്രചോദനമായത്. വർഷങ്ങൾക്ക് മുമ്പ് കഥകളി ചെയ്തിരുന്ന അച്ഛൻ 50 വർഷങ്ങൾക്ക് ശേഷം വീണ്ടും വേദിയിൽ നിറഞ്ഞാടി. അച്ഛന് പറ്റുന്നത് എനിക്ക് എന്തുകൊണ്ട് പറ്റുന്നില്ലെന്ന ചിന്തയാണ് എന്റെ സ്വപ്നങ്ങൾക്ക് ആക്കം കൂട്ടിയത്’. 

life-story-of-sreenath4
ശ്രീനാഥ് നാരായണൻ

അങ്കമാലിയിൽ ഒരു ഐടി ജീവനക്കാരനാണ് ഞാൻ. അതുകൊണ്ട് തന്നെ കഥകളി പഠിക്കാൻ അങ്ങനെ ഒരുപാട് സമയമൊന്നും കിട്ടിയിരുന്നില്ല. കിട്ടുന്ന സമയത്ത് ഫോട്ടോ എടുക്കാനും പോകണം. പക്ഷേ, കിട്ടുന്ന സമയത്തെല്ലാം ഞാൻ കഥകളി പഠിച്ചു. 12 വർഷക്കാലമായി കണ്ടു പരിചയിച്ചതു കൊണ്ട് തന്നെ കുറച്ചൊക്കെ എളുപ്പമായി തോന്നി. അങ്ങനെ ആറുമാസക്കാലം പരിശീലനം ചെയ്തു. 

വേഷം കെട്ടിയാൽ പിന്നെ എല്ലാം ദൈവികം

പാലായിലുള്ള പുലിയന്നൂർ ക്ഷേത്ര ഉത്സവത്തിനാണ് കഥകളി അരങ്ങേറ്റം. വർഷങ്ങളായി കഥകളി കാണുന്നുണ്ടെങ്കിലും അരങ്ങേറ്റത്തിന്റേതായ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. ദുര്യോധന വധത്തിലെ കുട്ടി ഭീമനും പുറപ്പാടുമാണ് അന്ന് ഞാൻ വേദിയിൽ അവതരിപ്പിച്ചത്. കലാമണ്ഡലം ഭാഗ്യനാഥാണ് എന്റെ ഗുരു. അരങ്ങേറ്റ ദിവസം ലോകത്ത് ഏറ്റവും വലിയ എന്തൊക്കെയോ നിറവേറ്റിയാളുടെ സന്തോഷമായിരുന്നു എനിക്ക്. ചുട്ടികുത്തി മുഖത്ത് നിറക്കൂട്ടുകൾ ചാലിച്ച് വേഷവിഭൂഷയായി കണ്ണ് ചുവപ്പിച്ച് ആദ്യമായി ആ സ്വപ്ന തുല്യമായ വസ്ത്രം അണിഞ്ഞ് വേദിയിലെത്തിയപ്പോൾ അഭിമാനമായിരുന്നു. വാദ്യ കലാകാരൻമാരോടൊപ്പം ആടിപ്പൊലിക്കുമ്പോൾ ക്യാമറയിൽ കണ്ടു മറന്ന പലതുമായിരുന്നു എന്റെ മനസ്സിൽ. ഞാൻ ലെൻസിലൂടെ കണ്ട പലരുടെയും ഒപ്പം വേദി പങ്കിടാനായി എന്നത് ഏറെ അഭിമാനമുള്ള കാര്യമായിരുന്നു. ഒരു വലിയ സ്വപ്നമാണ് അന്ന് യാഥാർഥ്യമായത്. 

life-story-of-sreenath1
ശ്രീനാഥ് നാരായണൻ ദിവ്യാ ഉണ്ണിക്കൊപ്പം

ഇനിയും വേഷം കെട്ടണം....ഇനിയും ചിത്രങ്ങളെടുക്കണം

കഥകളിയിൽ ശ്രീനാഥ് പലതും പഠിച്ച് തുങ്ങിയിട്ടേ ഉള്ളു. പുതിയ വേഷങ്ങൾ പഠിക്കാനുള്ള ശ്രമത്തിലാണ്. അതിനൊപ്പം തന്നെ ‍ഡാൻസ് ഫൊട്ടോഗ്രാഫറായി മുന്നോട്ട് പോകണമെന്നും ആഗ്രഹമുണ്ട്. ദുശ്യാസനനൻ പോലുള്ള ചുവന്ന താടി വേഷങ്ങൾ ചെയ്യാനാണ് ആഗ്രഹം. നിലവിൽ പല നർത്തകർക്ക് വേണ്ടിയും ഫോട്ടോകൾ എടുക്കുന്നുണ്ട്. ഭരതനാട്യം നർത്തകി രമ വൈദ്യനാഥൻ, നവ്യ നായർ, ദിവ്യാ ഉണ്ണി, നീന പ്രസാദ് എന്നിവർക്ക് വേണ്ടി ഫോട്ടോകൾ എടുക്കാറുണ്ട്. 

life-story-of-sreenath2
ശ്രുതി ഗോപാൽ, ചിത്രം: ശ്രീനാഥ് നാരായണൻ

ശ്രീനാഥിന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. കർണാട്ടിക്ക് സംഗീതജ്ഞയായ സാന്ദ്രയാണ് ഭാര്യ. വേദ മിത്ര എന്നൊരു മകളുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS