സൂപ്പർ മോഡൽ നവോമി കാംബെൽ വീണ്ടും അമ്മയായി. 53–ാം വയസ്സിലാണ് നവോമി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. സമൂഹ മാധ്യമത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആൺകുട്ടിയാണ് ജനിച്ചത്.
‘നിന്റെ സാന്നിധ്യത്താൽ നീ ഞങ്ങളെ അനുഗ്രഹിച്ച നിമിഷം മുതൽ നീ സ്നേഹത്താൽ ചുറ്റപ്പെട്ടവനാണ്. ദൈവത്തിന്റെ ഒരു യഥാർഥ സമ്മാനം, അനുഗ്രഹിക്കപ്പെട്ടവൻ, ബേബിബോയ് സ്വാഗതം’. നവോമി സമൂഹ മാധ്യമത്തിൽ കുറിച്ചു. ആദ്യ മകളുടെ കയ്യും മകന്റെ കയ്യും ചേർത്ത് പിടിച്ചു കൊണ്ടുള്ള ചിത്രവും നവോമി പങ്കുവച്ചു.
ഗർഭിണിയായിരുന്നോ അതോ വാടക ഗർഭധാരണമായിരുന്നോ എന്ന കാര്യം താരം വെളിപ്പെട്ടിത്തിയിട്ടില്ല. 2021 ലാണ് നവോമിക്ക് ആദ്യ കുഞ്ഞ് ജനിച്ചത്. രണ്ട് വയസ്സുള്ള മകളുടെ പേരും ഇതുവരെ നവോമി വെളിപ്പെടുത്തിയിട്ടില്ല. 2022 ൽ ബ്രിട്ടീഷ് വോഗിന്റെ കവർ ഫോട്ടോയിൽ ഒമ്പത് മാസം പ്രായമുള്ള മകൾക്കൊപ്പമുള്ള നവോമിയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.