തന്റെ വസ്ത്രധാരണത്തെ വിമർശിച്ച് കമന്റിട്ടവർക്ക് വീണ്ടും മറുപടിയുമായി ശ്രീദേവി. ചിത്രത്തിന് താഴെ മോശം കമന്റ് രേഖപ്പെടുത്തിയ ആളുകളുടെ പ്രൊഫൈൽ പങ്കുവച്ചുകൊണ്ടാണ് ഇത്തവണ മറുപടി നൽകിയത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ വസ്ത്രം ഓരോരുത്തരുടെയും ചോയ്സ് ആണെന്നും, എന്റെ വയർ ചാടിയിട്ടുണ്ടെങ്കിൽ അതെനിക്കൊരു പ്രശ്നമല്ലെന്നും ശ്രീദേവി പറഞ്ഞു.
സൊസൈറ്റിയിലെ കുറച്ചധികം മുത്തുമണികളെ പരിചയപ്പെടുത്താൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു എന്നു പറഞ്ഞാണ് വിഡിയോ തുടങ്ങിയത്. ‘ഞാൻ വൈറ്റ് ടോപ്പിലുള്ള ഒരു ഡ്രസ് ഇട്ടതിന് പിന്നാലെ ഒരുപാട് കമന്റുകൾ എനിക്ക് കിട്ടി. ദേവു എന്ന വ്യക്തി കമന്റിട്ട ഒരാളുടെയും അമ്മാവന്റെയോ കുഞ്ഞമ്മയുടെയോ മകളല്ല. ഞാൻ എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഇടുന്നത്. ഒരാളുടെ ലൈഫ് ചോയ്‌സും ഡ്രസിങ്ങുമൊക്കെ അയാളുടെ മാത്രം തീരുമാനമാണെന്ന് ചിന്തിക്കാനുള്ള കോമൺ സെൻസ് പോലും നിങ്ങൾക്കില്ല. പിന്നെ, എന്റെ വയർ ചാടിയിട്ടുണ്ടെന്ന്. എന്റെ വയർ ചാടിയെങ്കിൽ എനിക്ക് പ്രശ്നമില്ല. കുടുക്കിടാൻ പറ്റുന്നില്ലേ എന്നൊരു കമന്റ് ഉണ്ടായിരുന്നു. എത്ര തവണ സൂം ചെയ്ത് നോക്കി’.–ദേവും പറഞ്ഞു.
‘ഒരു സ്ത്രീ വസ്ത്രം ധരിച്ചാൽ അത് അവരുടെ ഇഷ്ടമാണെന്ന് മനസിലാക്കാതെ അവരെ സ്കാൻ ചെയ്ത് വിവരണം ചെയ്യുന്നവർ മഹാന്മാരാണെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ, പോയി നിങ്ങളുടെ പണി നോക്കൂ. ഞാൻ എന്താണോ, എന്റെ ഇഷ്ടങ്ങൾ എന്താണോ, അതിനെയാണ് ഞാൻ ഫോളോ ചെയ്യുന്നത്. ഇങ്ങനത്തെ ഞരമ്പൻമാരെയും സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ കൊണ്ട് നടക്കുന്ന ഉണ്ണികളെയും കണ്ടപ്പോൾ നിങ്ങൾക്ക് ഒന്ന് പരിചയപ്പെടുത്താമെന്ന് വിചാരിച്ചു’. ദേവു വീഡിയോയിൽ പറഞ്ഞു.

‘വൃത്തിക്കേട് മുഴുവൻ കമന്റ് ഇട്ടിട്ട് അതിന് ഇവർ പറയുന്ന പേര് ഫ്രീഡം ഓഫ് സ്പീച്ചെന്ന്. ഇപ്പോഴും കുറെ കമന്റുകൾ വരുന്നുണ്ട്. തോന്നിയത് വിളിച്ചു പറഞ്ഞിട്ട് അതിനെ ഫ്രീഡം ഓഫ് സ്പീച്ച് ആക്കരുത്. ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചു കേൾക്കാനും റെഡിയായിരിക്കണം. കമന്റിട്ടവർ മിസ്റ്റർ പെർഫെക്റ്റഅ അല്ലേ! കൊള്ളാലോ ഈ മാന്യത’. എന്ന കുറിപ്പും വിഡിയോയ്ക്കൊപ്പം പങ്കുവച്ചു.
കഴിഞ്ഞ ദിവസമാണ് ഒരു വെളുത്ത നിറത്തിലുള്ള ടോപ്പണിഞ്ഞു കൊണ്ടുള്ള ചിത്രം ദേവു പങ്കുവച്ചത്. പല തരത്തിലുള്ള അശ്ലീല കമന്റുകളും പരിഹാസങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.
Content Highlights: Sridevi | Devu | Comments | Dressing | Fashion | Manoramaonline