അത്യാവശ്യമായി പതിനായിരം രൂപ വേണം. എന്താണ് ചെയ്യുക എന്ന് അഭിലാഷിന് ഒരു എത്തുംപിടിയും കിട്ടിയില്ല. സുഹൃത്തുക്കളിൽ നിന്നെല്ലാം ചെറുതും വലുതുമായി കടം എടുത്തിട്ടുണ്ട്. ചേട്ടനോട് ചോദിച്ചാൽ ചെവി അടിച്ചു പോകുന്ന ചീത്തയാവും മറുപടി. നാട്ടുകാരോടൊന്നും ചോദിക്കാൻ തക്ക ബന്ധവുമില്ല. മനസ്സിൽ കണ്ടത് മരത്തിൽ കണ്ട ഗൂഗിൾ, അഭിലാഷ് വെറുതെ തന്റെ മൊബൈൽ എടുത്ത് ഫെയ്‌സ്ബുക്കിലൂടെ ഒന്ന് സ്ക്രോൾ ചെയ്തപ്പോൾ ഒരു ഇൻസ്റ്റന്റ് മണി ആപ്പിന്റെ ലിങ്ക് ഇട്ടു കൊടുത്തു. മനസ്സ് ഒന്നു പതറിപ്പോയെങ്കിലും അഭിലാഷ് പിടിച്ചു നിൽക്കാൻ കുറെ ശ്രമിച്ചു. പിന്നെയും അയാളുടെ മനസ്സ് പോയത് ഇങ്ങനെയാണ്, ‘‘എത്രയായാലും ഓൺലൈൻ ആപ് തന്നെയല്ലേ, നമ്മൾ എവിടെയാണെന്നോ എന്താണെന്നോ അവർക്ക് എന്തറിയാൻ? സ്ഥലവും വീടും ഒന്നും പോവാൻ യാതൊരു സാധ്യതയുമില്ല. പ്രത്യേകിച്ചൊന്നും ഈടായി വയ്ക്കുകയും വേണ്ട. വേണമെങ്കിൽ നൈസ് ആയി ഓൺലൈൻ പലിശക്കാരനെ പറ്റിക്കാനും എളുപ്പമാണ്.’’ ആപ്പിൽ കണ്ട അപേക്ഷാഫോം പൂരിപ്പിച്ച് ഫോൺ നമ്പറും തെറ്റായ അഡ്രസ്സും കൊടുത്ത് അഭിലാഷ് പതിനായിരം രൂപ തന്റെ അക്കൗണ്ടിലേക്ക് വരവു വച്ചു.
സത്യത്തിൽ ആപ്പിനെ ചതിക്കണമെന്നു അഭിലാഷിന് തീരെ ആഗ്രഹമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടായിരം രൂപ വച്ച് രണ്ടു മാസത്തോളം അയാൾ പലിശയുൾപ്പെടെ അടച്ചു. പക്ഷേ മൂന്നാം മാസമായപ്പോഴേക്കും വീണ്ടും അഭിലാഷ് പാപ്പരായി. കയ്യിൽ പണമില്ല. വല്ലപ്പോഴുമുള്ള ജോലി വീണ്ടും ഇല്ലാതായ സമയം. അല്ലെങ്കിലും മഴക്കാലത്ത് ലോറി ഡ്രൈവർമാർക്ക് പണം എവിടുന്നാണ്, മറ്റെന്തെങ്കിലും പണി തന്നെ ശരണം. ഒരു മാസത്തെ തിരിച്ചടവായ രണ്ടായിരം മുടങ്ങിയപ്പോൾത്തന്നെ ആപ്പിൽനിന്നു വിളി വന്നു. ഒരു ഹിന്ദിക്കാരി മധുരമുള്ള ശബ്ദത്തിൽ, പണം തിരിച്ചടയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അല്ലെങ്കിൽ നേരിടേണ്ടി വരുന്ന ദുരവസ്ഥയെക്കുറിച്ചും അക്ഷരാർഥത്തിൽ ഭീഷണി തന്നെ മുഴക്കി. അഭിലാഷിന് അത് തമാശയായി ആണ് തോന്നിയത്. ഏതോ നാട്ടിലിരുന്ന് ആപ് മാനേജ് ചെയ്യുന്നവർ തന്നെ എന്തു ചെയ്യാനാണ്!

ഒരാഴ്ചയ്ക്ക് ശേഷം അഭിലാഷിന്റെ മോർഫ് ചെയ്ത ചിത്രങ്ങളും അയാളെ കുറിച്ചുള്ള മോശമായ മെസേജുകളും അഭിലാഷിന്റെ അടുത്ത, എപ്പോഴും വിളിക്കുന്ന സുഹൃത്തുക്കൾക്ക് എത്തിത്തുടങ്ങി. അപ്പോഴാണ് ആപ്പിന്റെ ശരിക്കുള്ള കളികൾ അയാൾ മനസ്സിലാക്കിയത്. തിരിച്ചടവ് വളരെ ചെറിയ സംഖ്യയാണെങ്കിലും ഒരു തവണ മുടങ്ങിയാൽപോലും നഷ്ടപ്പെടുന്നത് വീടോ പണമോ ഒന്നുമല്ല, സ്വന്തം അഭിമാനമാണ്. ഒടുവിൽ പലിശയും മുതലും ഒരുവിധം സംഘടിപ്പിച്ച് അടച്ച് അയാൾ അതിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടു.
ഈ സംഭവത്തിൽ അഭിലാഷ് എന്ന പേര് യഥാർഥമല്ല, പക്ഷേ ബാക്കിയൊക്കെ നടന്നതാണ്. അയാൾ രക്ഷപ്പെട്ടെങ്കിലും എത്ര പേർക്ക് ഇത്തരം കൊള്ളപ്പലിശക്കാരിൽനിന്നു രക്ഷപ്പെടാൻ കഴിയും എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. അത്തരം രക്ഷപ്പെടൽ അസാധ്യമാണെന്ന് നിജോയുടെയും ശിൽപയുടെയും മരണം കാണിച്ചു തരുന്നുണ്ട്. കഴിഞ്ഞ ദിവസം കടമക്കുടിയിൽ കൊച്ചു കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി തൂങ്ങിമരിച്ച ദമ്പതികളെ അത്രയെളുപ്പത്തിൽ മറക്കാൻ വയ്യ. സാമ്പത്തിക ബുദ്ധിമുട്ടാണ് മരണ കാരണം എന്നു പറഞ്ഞു കേട്ടുവെങ്കിലും അവരുടെ പല സുഹൃത്തുക്കളുടെയും മൊബൈലിലും എത്തിയ മോർഫ് ചെയ്യപ്പെട്ട ചിത്രങ്ങളും അനാവശ്യ സന്ദേശങ്ങളും വ്യക്തമാക്കുന്നത് ഇത്തരം ഓൺലൈൻ ആപ്പുകളുടെ ഭീഷണിയുടെ നേർ ചിത്രങ്ങൾ തന്നെയാണ്.

വെറുതെ ഗൂഗിളിൽ പരതി നോക്കിയാൽമതി, എണ്ണമറ്റ ഓൺലൈൻ വായ്പാ ആപ്പുകൾ കാണാം. ആയിരവും പതിനായിരവും മുതൽ ലക്ഷങ്ങൾ വരെ ഒരു ഈടും വാങ്ങാതെ വായ്പ നൽകുന്നവർ. ആവശ്യക്കാരന്റെ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നതിനാൽ, വീടും സ്ഥലവും വാഹനവുമൊന്നും നഷ്ടപ്പെടില്ല എന്ന ധൈര്യത്തിൽ, എപ്പോഴെങ്കിലും അടച്ചു തീർക്കാം എന്ന ചിന്തയിൽ വായ്‌പ എടുക്കും. എന്നാൽ ഒന്നും ഈട് നൽകാതെ ആരാണ് ആയിരങ്ങളോ ലക്ഷങ്ങളോ പരിചയമില്ലാത്ത ഏതോ നാട്ടിലുള്ള ഒരാൾക്ക് വായ്പ നൽകുക എന്നത് അടിവരയിട്ടു ചോദിക്കേണ്ട ചോദ്യമാണ്. ഒരു ബാങ്ക് ഒരു വ്യക്തിക്ക് വായ്‌പ നൽകുന്നത് അയാൾ അവിടെ നൽകുന്ന എന്തെങ്കിലും ഈടിന്മേൽ ആകുന്നത്, അയാൾ തിരിച്ചടവ് മുടക്കിയാൽ, തത്തുല്യമായ പണം ബാങ്കിന് നഷ്ടം വരാത്ത രീതിയിൽ അവിടെ ഉണ്ടാകുന്നതിനു വേണ്ടിയാണ്. പക്ഷേ ഓൺലൈൻ ആപ്പുകൾക്ക് ഈടായി നൽകേണ്ടി വരുന്നത് സ്വാഭിമാനം തന്നെയാകുമ്പോൾ ഇരകൾക്കു മുന്നിൽ പലപ്പോഴും ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയില്ലാതാകുന്നു. പലപ്പോഴും വളരെ ചെറിയ തുക മാത്രമേ പലിശയിനത്തിലോ മുതലായോ നൽകാൻ ഉള്ളൂ എങ്കിലും വ്യക്‌തികളുടെ മനോനില തെറ്റിക്കുന്ന രീതിയിൽ അവരുടെ ചിത്രങ്ങൾ മുഖവും ശരീരവും മാറ്റി ആപ്പുകൾ ഉപയോഗിക്കാൻ തുടങ്ങും.

ഒരാൾക്ക് സ്വന്തം മൊബൈൽ നമ്പർ നൽകുന്നത്, അത് അപകടമാകില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ്. എന്നാൽ ആപ്ലിക്കേഷനിലെ ഫോൺ നമ്പർ ഹാക്ക് ചെയ്ത് അതിലെ നമ്പറുകൾ ട്രെയ്‌സ് ചെയ്ത് അതിലുള്ളവർക്ക് ഇരയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയയ്ക്കുകയാണ് ഇത്തരം ഓൺലൈൻ വായ്പാ ആപ്പുകൾ ചെയ്യുന്നത്. സ്ഥിരമായി ഫോണിൽ ഉപയോഗിക്കപ്പെട്ട കുറച്ചു നമ്പറുകളിലേക്കു മാത്രമാണ് ആദ്യം ഈ ചിത്രങ്ങളും സന്ദേശങ്ങളും പോകുന്നത്. അപ്പോൾ പണമടച്ച് ഇടപാട് അവസാനിപ്പിച്ചാൽ വലിയ തട്ടുകേടുകൾ ഇല്ലാതെ രക്ഷപെടാം. പക്ഷേ അടുത്ത ഘട്ടത്തിൽ ഫോണിലുള്ള മറ്റു നമ്പറുകളിലേക്കും ചിത്രങ്ങളെത്തും. മറുപടി കൊടുക്കാൻ പറ്റാത്ത അവസ്ഥയിൽ വായ്പ വാങ്ങിയ ആളെ എത്തിക്കുകയാണ് ഇവിടെ. ആ വ്യക്തിയെ കുറിച്ച് വളരെ മോശമായി സന്ദേശം ലഭിച്ചവരിൽ കൂടുതൽ പേരും വിശ്വസിക്കുകയും ചെയ്യും. ഇത്തരം ഭീഷണികൾ കാരണമായിരിക്കാം നിജോയും ശിൽപയും ആത്മഹത്യയ്ക്ക് ഒരുങ്ങിയത്. അവർ ഇത്തരത്തിൽ ഓൺലൈൻ ആപ്പിൽനിന്നു പണം വായ്പ എടുത്തത് അടുത്ത സുഹൃത്തുക്കൾ പോലും അറിഞ്ഞിട്ടുമില്ല. മറ്റാരും അറിയാതെ സ്വകാര്യമായി ഇത് ചെയ്യാനാകും എന്നതുകൊണ്ടു തന്നെയാണ് ഇതിന്റെ സ്വീകാര്യത കൂടുന്നതും. എന്നാൽ ഇതേ സൗകര്യം തന്നെ വായ്പ എടുക്കുന്നയാളുടെ കഴുത്തിൽ കൊലക്കയർ ആയി മുറുകുന്നു. മനസ്സിൽ വായ്പ എടുക്കണമെന്ന് ചിന്തിച്ചാൽപ്പോലും ഗൂഗിൾ മുന്നിലേക്ക് ഇത്തരം ആപ്പുകളുടെ പരസ്യങ്ങൾ പകർത്തിയേക്കാം. പക്ഷേ മനസ്സ് പിടി വിടാതെ സൂക്ഷിക്കേണ്ടത് പണം ആവശ്യമുള്ളയാളുടെ ഉത്തരവാദിത്തമാണ്. പലിശയും മുതലും കൃത്യമായി അടച്ചു തീർക്കാൻ കഴിയുന്നയാൾ ആണോ താൻ എന്ന് സ്വയം ചിന്തിക്കുക. അതും നടക്കുന്ന കാര്യമല്ലെങ്കിൽ ഗൂഗിൾ കാണിച്ച പരസ്യത്തെ അവിടെ വച്ചു തന്നെ ഹൈഡ് ചെയ്ത് ഒഴിവാക്കുന്നതാവും തുടർന്നുള്ള സമാധാന ജീവിതത്തിനു നല്ലത്.
Content Highlights: Online Money Lending App | Online App | Life | Lifestyle | Manoramaonline