വാക്ക് പ്രവർത്തിയാക്കിയ വിശ്വ പൗരൻ, എന്നും സ്വാധീനിച്ചു; ജോർജ് ഐസക്കിനെ ഓർത്ത് മകൾ

Mail This Article
താനുമായി അടുത്തവരുടെ ജീവിതങ്ങളെ എല്ലാം മാറ്റിമറിച്ച വിപ്ലവകാരി, നേട്ടങ്ങൾകൊണ്ട് വിസ്മയിപ്പിച്ച വ്യക്തി. 95 ആം വയസ്സിൽ ലോകത്തോട് വിടപറഞ്ഞ ജോർജ് ഐസക്ക് എന്ന ദീർഘദർശിയെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം. സത്യസന്ധതയും തത്വങ്ങളിൽ നിന്നു വിട്ടുവീഴ്ചയില്ലാത്ത ജീവിതവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എല്ലാത്തിലുമുപരി തന്റെ വിശ്വാസങ്ങളിൽ നിന്നും അദ്ദേഹം ഒരിക്കലും വ്യതിചലിക്കാതെ നിലകൊണ്ടു.
റോഡ്സ് സ്കോളർ എന്ന നിലയിലാണ് അദ്ദേഹത്തെ കൂടുതൽ ആളുകളും അറിയുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രസിദ്ധിയാർജിച്ച ബല്ലിയോൾ കോളജിൽ നിന്നാണ് ബിരുദം നേടിയത്. മുത്തച്ഛനായ റാവു ബഹദൂർ ജോൺ കുര്യന്റെ കീഴിലുള്ള പ്രാഥമിക വിദ്യാഭ്യാസകാലവും അദ്ദേഹത്തിന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. ജീവിത പ്രതിസന്ധികൾ നേരിടുന്നവർക്ക് പരിഗണനയും കരുതലും നൽകുന്ന തരത്തിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് അടിത്തറപാകിയത് മാതൃപിതാവാണ്.
തനിക്ക് ലഭിച്ച പരിശീലനങ്ങളും കഴിവുകളും ചുറ്റുമുള്ളവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനായി വിനിയോഗിക്കുന്നതിനു വേണ്ടിയാണ് റോഡ്സ് സ്കോളർഷിപ്പ് അദ്ദേഹം സ്വീകരിച്ചത്. പഠനശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം തന്റെ വാക്കിനോട് നീതിപുലർത്തി പാലാട്ട് ആരംഭിച്ചു. പാക്കറ്റുകളിൽ ആക്കിയ അച്ചാറുകളും ഇന്നത്തെ തലമുറയ്ക്ക് ജീവിതത്തിന്റെ ഭാഗമാണ്. ഈ രീതിക്ക് ജനങ്ങൾക്കിടയിൽ പ്രചാരം നൽകിയതിന് പിന്നിൽ ജോർജ് ഐസക് ആയിരുന്നു. താൻ ഉൾപ്പെട്ട സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ആയുധങ്ങളായിരുന്നു അദ്ദേഹത്തിന് ബിസിനസും പാലാട്ട് ഉൽപ്പന്നങ്ങളും.
ഒരു ശരാശരി വീട്ടമ്മയുടെ ജീവിതത്തെ മാറ്റിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകദേശം 65 വർഷങ്ങൾക്ക് മുൻപ് പാലാട്ടിന്റെ ഉത്പന്നങ്ങൾ പുറത്തിറക്കിയത്. പാചകത്തിന് വേണ്ടുന്ന സമയം ഗണ്യമായി കുറയ്ക്കുന്നതിനായി മുൻകൂട്ടി പൊടിച്ച സുഗന്ധവ്യഞ്ജനങ്ങൾ വിപണിയിലെത്തി. ഒരുകാലത്ത് നാടുവിട്ട് അന്യദേശങ്ങളിലേയ്ക്ക് പോയിരുന്ന പ്രവാസികൾക്ക് വീട്ടിൽ നിന്ന് അകന്നു നിൽക്കുമ്പോഴും വീട്ടിലെ രുചി ആസ്വദിച്ചറിയാൻ അദ്ദേഹം അവതരിപ്പിച്ച അച്ചാറുകൾക്കും ജാമുകൾക്കും സ്ക്വാഷുകൾക്കും സാധിച്ചു.
സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ബിസിനസ്സ്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാഹചര്യങ്ങളിൽ ജീവിക്കുന്ന സ്ത്രീകളെയാണ് പാലാട്ടിൽ ജോലികൾക്കായി നിയോഗിച്ചത്. കുടുംബത്തെ പട്ടിണിയിലാക്കിക്കൊണ്ട് ആകെ ലഭിക്കുന്ന വരുമാനം പുരുഷന്മാർ മദ്യപാനത്തിനായി നീക്കിവയ്ക്കുന്ന കാലമായിരുന്നു അത്.അത്തരമൊരു സാഹചര്യത്തിൽ വിദ്യാഭ്യാസം ഇല്ലാത്ത വീട്ടമ്മമാർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള അവസരം പാലാട്ട് ഒരുക്കി. തൊഴിലാളി ക്ഷേമത്തിന് മാനദണ്ഡം നിശ്ചയിക്കുന്നതിലും അദ്ദേഹം മുൻനിരക്കാരനായിരുന്നു. ജീവനക്കാരുടെ ശുചിത്വവും ക്ഷേമവും ഉറപ്പാക്കുന്നതിന് വൃത്തിയുള്ള ടോയ്‌ലറ്റുകളും കുളിമുറികളും നിർമിച്ചു നൽകുകയും വസ്ത്രങ്ങളും ഡിറ്റർജെന്റുകളും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.
എന്തുവിലകൊടുത്തും ട്രേഡ് യൂണിയനുകളെ ഇല്ലായ്മ ചെയ്യാനായി ഉടമകൾ ശ്രമിച്ചിരുന്ന കാലത്ത് തന്റെ തൊഴിലാളികളെ തൊഴിൽ നിയമങ്ങളും തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചും പഠിക്കാനും സംഘടിത തൊഴിലാളികളാകാനും യൂണിയനുകൾ രൂപീകരിക്കാനും പ്രോത്സാഹിപ്പിച്ചു. ജീവനക്കാർക്ക് വൈദ്യ പരിചരണവും പെൻഷനുമടക്കം സ്വകാര്യമേഖലയിൽ അന്നോളം കേട്ടുകേൾവിയില്ലാത്ത പല ആനുകൂല്യങ്ങളും അദ്ദേഹം നൽകി. സർക്കാർ മേഖലയ്ക്ക് പുറത്തുള്ള ജോലിക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ക്ഷേമവും ഉറപ്പാക്കാൻ ഇതിലൂടെ സാധിച്ചു. തന്റെ ജീവനക്കാരുടെ കുടുംബക്ഷേമത്തെ കുറിച്ചും ഭാവിയെക്കുറിച്ചും അദ്ദേഹം ഏറെ ഉത്കണ്ഠാകുലനായിരുന്നു. ഒരു അമ്മയ്ക്ക് വേണ്ട പിന്തുണ എല്ലാം ലഭിച്ചാൽ അവരിലൂടെ മക്കളുടെ ക്ഷേമവും കുടുംബത്തിന്റെ സുരക്ഷിത ഭാവിയും ഉറപ്പാക്കാനാവുമെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിച്ചിരുന്നു. എല്ലാ ചൂടുവയ്പ്പുകളിലും പൂർണപിന്തുണയുമായി ഭാര്യ സൂസിയും അദ്ദേഹത്തോടൊപ്പം നിന്നു.

തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ എന്റെ മാതാപിതാക്കൾ പ്രതിജ്ഞാബദ്ധരായിരുന്നു. മികച്ച വിദ്യാഭ്യാസം നേടാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും തൊഴിലാളി കുടുംബങ്ങൾക്കുണ്ടെന്ന് അവർ ഉറപ്പുവരുത്തി. തൊഴിലാളികളുടെ കുട്ടികൾക്ക് ആവശ്യമായ ജീവനക്കാർക്ക് പുസ്തകങ്ങൾ, യൂണിഫോം, കുടകൾ, ഷൂസുകൾ, ബേബി ഫുഡ് എന്നിവ നൽകി. ഇതിന്റെ ഫലമായി പോഷകാഹാരവും നല്ല വിദ്യാഭ്യാസവും ലഭിച്ച ഒരു തലമുറ അവർക്ക് ചുറ്റും വളർന്നുവന്നു.
ഉത്പാദന മേഖലയിലെ അദ്ദേഹത്തിന്റെ പുത്തൻ ചുവടുവയ്പ്പുകൾ നിർണായകമായിരുന്നു. ഭക്ഷ്യ ഗുണനിലവാരം ഉറപ്പുവരുത്തുകയും അതിനായി പുതിയ യന്ത്ര സാമഗ്രികൾക്ക് രൂപം നൽകി നിർമിക്കുകയും ചെയ്തു. രാഷ്ട്രീയ തത്വശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ഔപചാരിക വിദ്യാഭ്യാസം മാത്രം നേടിയിട്ടും ഇതെല്ലാം നേടിയെടുത്തത് സമാനതകളില്ലാത്ത അദ്ദേഹത്തിന്റെ ബുദ്ധി വൈഭവത്തിന്റെ തെളിവുകളാണ്.
പരമ്പരാഗതമായി ഉണ്ടാക്കുന്ന അച്ചാറുകൾ മൂന്ന് മുതൽ ആറ് ആഴ്ച വരെ മാത്രമേ നിലനിൽക്കൂ. രുചി വ്യത്യാസമോ കേടുപാടുകളോ കൂടാതെ അച്ചാറുകൾ രണ്ടു വർഷത്തേക്ക് ഉപയോഗിക്കത്തക്ക വിധത്തിൽ നിർമിക്കുന്ന സാങ്കേതികവിദ്യയ്ക്ക് അദ്ദേഹം തുടക്കമിട്ടു. ഈ മുന്നേറ്റത്തിലൂടെ പാലാട്ടിന്റെ ഉൽപ്പന്നങ്ങൾ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്നതിന് സഹായകമായി. ചേരുവകൾ സംരക്ഷിക്കുന്നതിനുള്ള സാങ്കേതികത അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇതിലൂടെ സീസണൽ ഉത്പ്പന്നങ്ങൾ വർഷം മുഴുവനും ലഭ്യമാക്കാനും സാധിച്ചു. വാക്വം സീലിംഗ്, ഫുഡ് കാനിംഗ് എന്നിവയിലൂടെ പ്രവാസികൾക്ക് പാലാട്ട് ഉൽപ്പന്നങ്ങൾ ചോർച്ചയില്ലാതെ വിമാനങ്ങളിൽ കൊണ്ടുപോകാൻ വഴിയൊരുക്കി. പാശ്ചാത്യ സ്റ്റാൻഡേർഡ് ഏജൻസികളുമായി സഹകരിച്ച് അമേരിക്കൻ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്വകാര്യ മേഖലയിലെ ആദ്യത്തെ ഭക്ഷ്യ ലബോറട്ടറി ആരംഭിച്ചു. ഇതിനുപുറമേ വിദേശത്തേയ്ക്ക് അച്ചാറുകൾ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമാതാവായി അദ്ദേഹം മാറുകയും ചെയ്തു.
ചെറുകിട വ്യവസായങ്ങൾ
കേരളത്തിലെ സാധാരണക്കാർക്കായി സാമ്പത്തിക രംഗത്ത് ചലനാത്മകത സൃഷ്ടിക്കാൻ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതും പ്രധാനമാണെന്ന് ജോർജ് ഐസക് വിശ്വസിച്ചിരുന്നു. അതിനാൽ ഓരോ പഞ്ചായത്തിലും 100 ചെറുകിട വ്യവസായങ്ങൾ സ്ഥാപിക്കാനുള്ള ഒരു സംരംഭം ആരംഭിക്കാൻ അദ്ദേഹം അന്നത്തെ വ്യവസായ മന്ത്രിയെ പ്രേരിപ്പിച്ചു. സ്ത്രീകൾക്ക് വേണ്ടിയുള്ള വ്യവസായങ്ങൾക്കായി അദ്ദേഹം ഏറെ പ്രചാരണങ്ങൾ നടത്തി. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ചെറുകിട സംരംഭങ്ങൾക്കായി ടെലിഫോൺ ലൈനുകൾ, വ്യാവസായിക നിലവാരമുള്ള വൈദ്യുത സപ്ലൈകൾ, ശുദ്ധജലം, ഗതാഗത സൗകര്യം എന്നിവയുള്ള വ്യാവസായിക പാർക്കുകൾ കേരളത്തിലുടനീളം സ്ഥാപിക്കുക എന്നത് അദ്ദേഹത്തിന്റെ ആശയമായിരുന്നു.
പരസ്പംര ബന്ധപ്പെട്ട് കിടക്കുന്ന വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന വിവിധ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആയി അദ്ദേഹം നിലകൊണ്ടു. മത്സരിക്കുന്നതിനുപകരം സഹകരണത്തിലൂടെ ശക്തമായ ഒരു കൂട്ടായ്മ സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ചെറുകിട വ്യവസായങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി പാലാട്ടിൽ നിന്ന് ജോലിക്ക് കരാറുകൾ നൽകി. വ്യവസായങ്ങൾ തമ്മിൽ പരസ്പരം പിന്തുണ നൽകുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനുമായി അദ്ദേഹം 'ദ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ' സ്ഥാപിച്ചു.
ചെറുകിട വ്യവസായങ്ങൾക്കും സ്ത്രീകൾക്കും ഇന്ന് ലഭ്യമായ പല ബാങ്കിംഗ് സൗകര്യങ്ങളും ആദ്യം വിഭാവനം ചെയ്തതും പ്രചാരണം നടത്തിയതും ജോർജ് ആയിരുന്നു. ചെറുകിട വ്യവസായങ്ങൾക്ക് ഈടില്ലാതെ പ്രവർത്തന മൂലധനവും നിക്ഷേപ വായ്പയും അനുവദിക്കുന്നതിന് അദ്ദേഹം ബാങ്കിംഗ് അധികാരികളോട് അദ്ദേഹം വാദിച്ചു. ബിസിനസ് പ്ലാനിന്റെ സാധുതയ്ക്ക് തോന്നൽ നൽകാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബാങ്ക് വായ്പകൾക്കുള്ള യോഗ്യതാ മാനദണ്ഡത്തിൽ സ്ത്രീകളോടുള്ള വിവേചനവും അദ്ദേഹം എടുത്തു കാട്ടി.

ബിസിനസ് സംരംഭങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നതായിരുന്നു ബാങ്കുകളോട് അദ്ദേഹം ഉന്നയിച്ച ആവശ്യം. ചെറുകിട വ്യവസായങ്ങൾക്ക് സാമ്പത്തിക മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഉപദേശം നൽകാനും ബ്രിഡ്ജിംഗ് ലോൺ സൗകര്യങ്ങൾ നൽകാനും ബാങ്കുകൾക്ക് സ്മാൾ ഇൻഡസ്ട്രീസ് റിലേഷൻഷിപ്പ് ഓഫീസറെ നിയമിക്കണമെന്ന് അദ്ദേഹം വാദിച്ചു. പാപ്പരത്തത്തിന്റെ ഏറ്റവും വലിയ കാരണം നെഗറ്റീവ് പണമൊഴുക്കാണെന്നും പോസിറ്റീവ് പണമൊഴുക്ക് ഉറപ്പാക്കുന്നതിനുള്ള സാമ്പത്തിക ഉപദേശവും പിന്തുണയും ചെറുകിട സംരംഭങ്ങൾക്കും പുതിയ ബിസിനസ്സുകൾക്കും നൽകുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തയ്യൽ മെഷീനുകൾ പോലുള്ള അവശ്യവസ്തുക്കൾ വാങ്ങാൻ കുടുംബങ്ങൾക്ക് പ്രതിമാസ റീ-പേയ്‌മെന്റുകളോടെ ചെറിയ വായ്പാ സൗകര്യങ്ങൾ നൽകണമെന്നും പ്രമുഖ വാണിജ്യ ബാങ്കുകളുടെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഡോക്ടർമാരെയും എഞ്ചിനീയർമാരെയും അപേക്ഷിച്ച് താഴ്ന്ന വരുമാനം ഉള്ളവർക്കാണ് ബാങ്ക് വായ്പകൾ ആവശ്യമെന്നിരിക്കെ മോട്ടോർ വാഹന വായ്പ എടുക്കുന്നതിന് അനുമതി ലഭിക്കാനുള്ള തൊഴിലുകളുടെ പട്ടിക ബാങ്കുകൾ വിശാലമാക്കണമെന്ന് അദ്ദേഹം നിർബന്ധിച്ചു.
ചെറിയ വായ്പാ സൗകര്യങ്ങൾ സാധാരണ പൗരന് തന്റെ സംരംഭകത്വ കഴിവുകൾ ഉപയോഗിക്കാനുള്ള അവസരം നൽകുന്നതിനാൽ അത് സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കാർഷിക പശ്ചാത്തലത്തിൽ നിന്നുള്ള ഒരു വീട്ടമ്മയ്ക്ക് ഒരു പശുവിനെ വാങ്ങാൻ ബാങ്ക് വായ്പ അനുവദിച്ചാൽ അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാനാകും.
ജനാധിപത്യവും ജുഡീഷ്യറി വഹിക്കുന്ന പങ്കും
ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിലും അതിന്റെ മതേതര അടിത്തറയിലും അദ്ദേഹം അഭിമാനിച്ചിരുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും കാര്യക്ഷമതയും ജനാധിപത്യത്തിന്റെ ഭാവി ഉറപ്പാക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം വിശ്വസിച്ചു. ജുഡീഷ്യൽ സംവിധാനത്തെ തന്നെ ദുഷിപ്പിക്കുന്ന കൈക്കൂലിക്കെതിരെ അദ്ദേഹം പോരാടി. തർക്കങ്ങൾ തീർപ്പാക്കുന്നതിനായി കോടതികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന സമയബന്ധിതവും കാര്യക്ഷമവുമായ പ്രതികരണങ്ങളിലൂടെ മാത്രമേ ജനാധിപത്യത്തിന് ആരോഗ്യത്തോടെ നിലനിൽക്കാനാകു എന്ന് അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും പരമാധികാരവും ശക്തിപ്പെടുത്തുന്നതിനായി ജൂറി സിസ്റ്റം ഓഫ് പിയേർസ് കൊണ്ടുവരണമെന്നും അദ്ദേഹം വിശ്വസിച്ചു.

മരണത്തിന് ഒരാഴ്ച മുൻപ് ഐസിയുവിൽ കിടക്കുന്ന സമയത്ത് ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് എന്നോട് ചോദിക്കാൻ ഒരു ചോദ്യമുണ്ടായിരുന്നു. ആശുപത്രിയിൽ കഴിയുന്ന സമയത്ത് ഈ ലോകത്ത് നടക്കുന്ന എന്ത് കാര്യങ്ങളാണ് താൻ അറിയാതെ പോയത് എന്നതായിരുന്നു അത്. ലോക കാര്യങ്ങൾ അറിയാൻ അത്രയധികം ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ജോർജ് ഐസക്കിനെയാണ് അവിടെ കാണാനായത്. മരണം വരെ ദിവസവും നാല് പത്രങ്ങൾ അദ്ദേഹം വായിച്ചിരുന്നു. ജനാധിപത്യ സംവിധാനത്തിന്റെ ആരോഗ്യം പരിശോധിക്കുന്നതിനുള്ള സൂചകയാണ് മാധ്യമ സ്വാതന്ത്ര്യം എന്ന് അദ്ദേഹം കരുതിപോന്നു. നിർഭയമായി പ്രശ്നങ്ങൾ ഉന്നയിക്കുകയും രാജ്യത്തെ നിർണായക വിഷയങ്ങളെക്കുറിച്ച് പൗരന്മാർക്കിടയിൽ ചർച്ചകൾക്ക് തുടക്കം കുറിക്കേണ്ടതും പത്രാധിപന്മാരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
അചഞ്ചലമായ ആർജവം
അദ്ദേഹത്തിന്റെ ആർജവം ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗാന്ധിജിയുടെ ആത്മകഥ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. സ്വയം ലജ്ജിക്കത്തക്ക വിധത്തിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വം. സത്യസന്ധത പുലർത്തുന്നതിനായി അദ്ദേഹം ജീവിതം തന്നെ ഉഴിഞ്ഞുവച്ചു. പരിണിതഫലങ്ങൾ എന്തുതന്നെയായാലും ഒരിക്കലും അദ്ദേഹം കൈക്കൂലി നൽകിയില്ല. അദ്ദേഹത്തിന് എതിരെ കേസുകൾ ഫയൽ ചെയ്യുന്നതും പ്രതികാരബുദ്ധിയോടെ ഒരു കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നതും ഫുഡ് ഇൻസ്പെക്ടർമാർ അവരുടെ ദൗത്യമായി ഏറ്റെടുത്തിരുന്നു. എന്നാൽ അവ ഓരോന്നിലും അദ്ദേഹം തന്നെ വിജയിച്ചു. ഇതിനിടെ ചെറുകിട ബിസിനസ്സുകളെ ഭയപ്പെടുത്താനുള്ള ഫുഡ് ഇൻസ്പെക്ടർമാരുടെ അനിയന്ത്രിതമായ അധികാരത്തിന് തടസ്സം സൃഷ്ടിക്കാനും താൻ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങൾ ഉയർന്ന ഗുണനിലവാരം ഉള്ളതാണെന്ന് തെളിയിക്കാനും അദ്ദേഹത്തിന് സാധിച്ചു. എന്നാൽ തൻറെ തത്വങ്ങളിൽ നിന്നും വിട്ടുവീഴ്ചയില്ലാത്ത പെരുമാറ്റം മൂലം അദ്ദേഹം ബിസിനസിലും വ്യക്തിജീവിതത്തിലും വളരെയധികം കഷ്ടതകൾ നേരിട്ടിരുന്നു. സാമ്പത്തിക നേട്ടത്തിനായി അവൻ ഒരിക്കലും തന്റെ ആത്മാവിനെ അടിയറവ് വയ്ക്കാൻ അദ്ദേഹം തയ്യാറായില്ല.
തന്നോളം സൗഭാഗ്യങ്ങൾ ഇല്ലാത്തവരുടെ ക്ഷേമത്തിൽ അദ്ദേഹത്തിന് യഥാർഥ ശ്രദ്ധ ഉണ്ടായിരുന്നു. മുന്നിൽ ഒരു കുഴി ഉണ്ടെന്നറിഞ്ഞാൽ അതിലേക്ക് നേരെ ചെന്ന് പതിക്കാതെ വശം ചേർന്നു പോകുന്നതല്ലേ നല്ലത് എന്ന് ഒരിക്കൽ അദ്ദേഹത്തെ ആരോ ഉപദേശിച്ചു. എന്നാൽ അദ്ദേഹം അതിനു മറുപടി നൽകിയില്ല. അദ്ദേഹത്തിൻ്റെ സ്വഭാവം അറിയാവുന്നതിനാൽ ഞാൻ പറയും - ജോർജ് ഐസക്കിന്റെ ആശങ്ക ആ കുഴിയിൽ വീഴുന്ന മറ്റുള്ളവരെക്കുറിച്ച് മാത്രമായിരിക്കും. കുഴിയിലേക്ക് ഇറങ്ങി തനിക്ക് പിന്നാലെ വരുന്നവർക്കായി ആ പ്രശ്നം പരിഹരിക്കുക എന്നത് തന്റെ ഉത്തരവാദിത്തമായി അദ്ദേഹം കണക്കാക്കും.
മലിനീകരണത്തെ കുറിച്ചുള്ള ആശങ്ക
ജലം, വായു, ശബ്ദമലിനീകരണം എന്നിവയെക്കുറിച്ച് കേരളത്തിൽ ആദ്യമായി സംസാരിച്ചവരിൽ ഒരാളാണ് അദ്ദേഹം. കേരളത്തിലെ തെരുവുകളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യുന്നതിനുവേണ്ടി പപ്പ നിരന്തരം പോരാടിയിരുന്നു. 40 വർഷങ്ങൾക്ക് മുമ്പ്, ജൈവ വിഘടനം സംഭവിക്കാത്ത പ്ലാസ്റ്റിക്കിനെക്കുറിച്ചും ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന സമ്പ്രദായം പ്രചാരം നേടുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആശങ്ക ഉയർത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. വാഹനങ്ങളിൽ നിന്നും വ്യവസായ മേഖലയിൽ നിന്നുമുള്ള മലിനീകരണത്തെക്കുറിച്ച് അദ്ദേഹം രാഷ്ട്രീയക്കാർക്ക് മുന്നറിയിപ്പ് നൽകുകയും വായു മലിനീകരണം നിയന്ത്രിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. വൃത്തിയുള്ള പൊതു ശൗചാലയങ്ങളെ കുറിച്ചും നടപ്പാതകളെക്കുറിച്ചും കേരളം ചിന്തിച്ചുപോലും തുടങ്ങിയിട്ടില്ലാത്ത ഒരു കാലത്ത് അവയ്ക്കുവേണ്ടി അദ്ദേഹം പ്രചാരണം നടത്തി.
നമ്മുടെ നദികൾ വൃത്തിയായി സൂക്ഷിക്കാനും നദികൾ മലിനജല വിതരണ കേന്ദ്രങ്ങളായി മാറുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനും അദ്ദേഹം പോരാടി. പുല്ലിൽ നിന്നും ഉറുമ്പുകളെ തുരത്താൻ ഉപയോഗിക്കുന്ന ഡിഡിടി പശുവിൻ പാലിലൂടെ മനുഷ്യരക്തത്തിലേക്ക് കലരുമെന്ന് 30 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതുപോലെ കാർഷിക വ്യവസായത്തിലെ രാസവസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തിന് ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം മുൻകൂട്ടി കണ്ടു. കെട്ടിട നിർമാണത്തിനും വ്യവസായത്തിനുമായി നെൽവയലുകളും ചതുപ്പുനിലങ്ങളും നികത്തുന്നതിന്റെ ഭീകരമായ അനന്തരഫലങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2018ൽ പ്രളയം കേരളത്തെ തകർത്തപ്പോൾ അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പ് ഞാൻ ഓർത്തിരുന്നു.
വാക്ക് പ്രവർത്തിയിലും
വാക്കുകളിൽ മാത്രം കാര്യങ്ങൾ ഒതുക്കുന്ന വ്യക്തി ആയിരുന്നില്ല അദ്ദേഹം. മോശം ജീവിത സാഹചര്യങ്ങൾ ഉള്ളവരുടെ അവസ്ഥ മെച്ചപ്പെടുത്താൻ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. നാട്ടകത്ത് അദ്ദേഹത്തിന് അവകാശമായി ലഭിച്ച തറവാട്ട് ഭൂമിയ്ക്ക് അടുത്തായി ഒരു ലക്ഷം വീട് കോളനി (ദരിദ്രരായ ദളിത് കുടുംബങ്ങൾക്കുള്ള കോളനി) നിർമിക്കപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഭൂമി കോളനിയിലെ മലമൂത്ര വിസർജന കേന്ദ്രമായി മാറി. ഇത്തരം സാഹചര്യത്തിൽ മറ്റേതൊരാളും തന്റെ ഭൂമി സംരക്ഷിക്കാൻ ഉയർന്ന മതിലുകൾ പണിയുമ്പോൾ ജോർജ് കോളനി നിര്വാസികൾക്കായി ശൗചാലയം പണിയാൻ തുടങ്ങി. തുടക്കത്തിൽ ഓരോ രണ്ട് വീടുകൾക്കും ഒരു ശൗചാലയം എന്നായിരുന്നെങ്കിൽ, കാലക്രമേണ ഓരോ വീടിനും ഒരു ശൗചാലയം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി.
തന്റെ വാക്കുകൾ പ്രവർത്തികളാക്കി ജീവിച്ച ഒരു സാധാരണ വ്യക്തിയായിരുന്നു അദ്ദേഹം. സമ്പാദിക്കുന്നതിനെക്കുറിച്ചോ സമ്പത്ത് സ്വന്തമാക്കുന്നവരെ ബഹുമാനിക്കുന്നതിനോ അദ്ദേഹം പരിഗണന നൽകിയില്ല. കോട്ടയത്തെ തന്റെ തറവാട്ടു വീടായ പാലത്തിങ്കൽ വീടിന്റെ വളപ്പിൽ ഓല മേഞ്ഞ ഒരു വീട് പണിയാൻ അദ്ദേഹം തീരുമാനിച്ചത് അത്തരമൊരു വാസസ്ഥലം ദാരിദ്ര്യത്തിന്റെ അടയാളമായി മാറിയ സമയത്താണ്. അദ്ദേഹത്തിന്റെ അമ്മയുടെ പരിചരണത്തിൽ ഞങ്ങൾ വളർന്നുവന്ന വീട്ടിൽ അദ്ദേഹം ദിവസവും എത്തുമെങ്കിലും തറവാട്ടിൽ രാത്രി അന്തിയുറങ്ങില്ല.
തറ മുതൽ മേൽക്കൂര വരെ പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്ന വലിയ ലൈബ്രറിയായിരുന്നു അദ്ദേഹത്തിന്റെ ഓല മേഞ്ഞ വീടിന്റെ ഒരു പ്രത്യേകത. രണ്ട് ഭൂപടങ്ങളുള്ള ഒരു ഭിത്തിയും ഉണ്ടായിരുന്നു. സമയത്തിന്റെ ചരിത്രവും ലോക ഭൂപടവുമായിരുന്നു അവ.
വിശ്വാസത്തിൽ അടിയുറച്ചു നിന്ന മനുഷ്യൻ
ആഴത്തിലുള്ള വിശ്വാസമായിരുന്നു അദ്ദേഹത്തിന് ഉള്ളത്. രൂപം, സമ്പത്ത്, സാമൂഹിക നില എന്നിവയ്ക്കപ്പുറം ഒരു വ്യക്തി യഥാർഥത്തിൽ ആരാണെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മനുഷ്യനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ക്രിസ്തീയ ജീവിതത്തിന്റെയും യേശുക്രിസ്തു പകർന്നു തന്ന പാഠങ്ങളുടെയും യഥാർഥ സത്ത മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. 65 വർഷങ്ങൾക്ക് മുമ്പ് പാലാട്ടിൽ ബ്രാഹ്മണരും ഈഴവരും ഒരേ കൂലിയിൽ ഒപ്പത്തിനൊപ്പം ജോലി ചെയ്തു. ഭിന്നശേഷിയുള്ളവരെ അവർക്കു ചെയ്യാൻ കഴിയുന്ന ജോലികൾ കണ്ടെത്തി ഏൽപ്പിച്ച് ഉപജീവനമാർഗം ഒരുക്കി കൊടുത്തു.
ജീവിത സാഹചര്യങ്ങൾ മോശമായവരോടുള്ള കരുതൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ തന്നെ അടയാളപ്പെടുത്തിയിരുന്നു. ആശുപത്രികളുടെ വാതിലുകളിൽ ഉപേക്ഷിക്കപ്പെട്ട വയോജനങ്ങൾക്കായി 45 വർഷങ്ങൾക്ക് മുമ്പ് ഒരു കെയർ ഹോം ഒരുക്കുന്നതിന് വേണ്ടി അദ്ദേഹം കന്യാസ്ത്രീകൾക്കൊപ്പം ചേർന്ന് പ്രചാരണം നടത്തുകയും പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. സർക്കാർ മേൽനോട്ടത്തിൽ വൃദ്ധസദനങ്ങൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. പ്രവാസികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ഇവിടെ താമസിക്കുന്ന വൃദ്ധരായ മാതാപിതാക്കളെക്കൊണ്ട് കേരളം നിറയുന്ന ഒരു കാലം വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് അത്തരം ഒരു അവസ്ഥ സംജാതമായിരിക്കുകയാണ്. 40 വർഷങ്ങൾക്ക് മുമ്പ് നമ്മൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പരിഗണന നൽകിയിരുന്നെങ്കിൽ ഇന്ന് മുതിർന്ന പൗരന്മാരെ പിന്തുണയ്ക്കാൻ സാധിക്കുന്ന അവസ്ഥയിലേക്ക് നാം എത്തുമായിരുന്നു.

തന്റെ വിശ്വാസം ക്രിസ്തുമതത്തിൽ അധിഷ്ഠിതമാണെങ്കിലും മറ്റ് മതങ്ങളെ മനസ്സിലാക്കുന്നതും അവയുമായി ഒരു പൊതുതത്വം കണ്ടെത്തുന്നതും അദ്ദേഹം ദൗത്യമാക്കി. ഹിന്ദു, ഇസ്ലാമിക ഗ്രന്ഥങ്ങൾ വായിക്കുകയും അവയ്ക്ക് ബൈബിളിനൊപ്പം പ്രാധാന്യം നൽകുകയും ചെയ്തു. ദരിദ്രരോട് അനുകമ്പ കാണിക്കുന്നതിൽ മതങ്ങൾ പരസ്പരം മത്സരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്..
മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ഫ്രഞ്ച്, ജർമ്മൻ, സ്വീഡിഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകളിലും അദ്ദേഹം പ്രാവീണ്യം നേടി. ഉയർന്ന നിലയിലുള്ളവർ പലരും അദ്ദേഹത്തെ സുഹൃത്താക്കി. വളരെ ചുരുക്കം ആളുകൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം സാധ്യമാകുന്ന പല ക്ഷണങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യയിലെ മുൻ യുഎസ് അംബാസഡറായിരുന്ന ഡാനിയൽ പാട്രിക് മൊയ്‌നിഹാൻ അതിനൊരു ഉദാഹരണം മാത്രമാണ്. തന്റെ പൂർവ്വിക ഭവനത്തിൽ കാന്റർബറിയിലെ ആർച്ച് ബിഷപ്പ്, രണ്ട് ബ്രിട്ടീഷ് അംബാസഡർമാർ, ഒരു ജർമൻ കോൺസൽ, ഒരു അമേരിക്കൻ അംബാസഡർ എന്നിവർക്ക് അദ്ദേഹം വിരുന്നൊരുക്കിയിരുന്നു.
ഇടയ്ക്കിടെ ലണ്ടനിലേക്ക് അദ്ദേഹത്തോടൊപ്പം നടത്തിയ യാത്രകളിൽ ഉന്നത നിലവിലുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കാണാനും ഓക്സ്ഫോർഡിലെ മാസ്റ്ററുമൊത്ത് ഉച്ചഭക്ഷണം കഴിക്കാനുമുള്ള അവസരവും എനിക്ക് ലഭിച്ചു. എന്നാൽ ഇത്തരം സ്ഥാനമാനങ്ങൾ ഇല്ലാത്ത തികച്ചും സാധാരണക്കാരായവരിലും അദ്ദേഹത്തിന് വളരെ അടുത്ത സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ദരിദ്രരെയും വിധവകളെയും അനാഥരെയും സന്തോഷിപ്പിക്കുന്നതിലൂടെ വേഷംമാറി വരുന്ന മാലാഖമാരെ സൽക്കരിക്കുന്നു എന്നായിരുന്നു ക്രിസ്തീയതയിലൂടെ അദ്ദേഹം വിശ്വസിച്ചിരുന്നത്. എല്ലാ അവസരങ്ങളിലും തികച്ചും സാധാരണക്കാരായവരെ ഒപ്പം നിൽക്കാൻ അദ്ദേഹം തിരഞ്ഞെടുത്തു.
ഇത്തരത്തിൽ സുഹൃത്തുക്കൾക്കൊപ്പം തന്റെ ഓലമേഞ്ഞ വീടിന്റെ മൺതറയിൽ വാഴയിലയിൽ വിളമ്പുന്ന ലളിത ഭക്ഷണം കഴിക്കുന്നതിനെ അദ്ദേഹം വിലമതിച്ചിരുന്നു. അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷകൾ നടന്ന് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഒരു സ്ത്രീ ഞങ്ങളോട് അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അവരുടെ അച്ഛൻ അങ്ങേയറ്റം വേദനയിൽ കഴിയുന്ന സമയത്ത് ദരിദ്രയായതിനാൽ അദ്ദേഹത്തെ സഹായിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ആ നിരാശയിൽ അവരുടെ മനസ്സിൽ ആദ്യം വന്നത് അച്ഛന്റെ മുഖമായിരുന്നു. അവർ ഓടി അദ്ദേഹത്തിന് അരികിൽ എത്തി. ജോർജ് അപ്പോൾ തന്നെ അവിടെ നിന്നും എഴുന്നേറ്റ് തന്റെ ഡ്രൈവറെ പോലും കാത്തുനിൽക്കാതെ അവരുടെ വീട്ടിലേക്ക് പോയി നിസ്സഹായനായ ആ മനുഷ്യനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് അവർ പറഞ്ഞത്.
സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം
ജോർജ് ഐസക്കും സഹോദരി മേരി റോയിയും ഒരുപോലെ ദീർഘവീക്ഷണമുള്ളവരും നിർണായകനേട്ടങ്ങൾ ഉണ്ടാക്കിയവരും ആയിരുന്നു. ക്രിസ്ത്യൻ കുടുംബങ്ങളിലെ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾക്കായി മേരി റോയ് പോരാടി. അവരുടെ നിയമപോരാട്ടവും വിജയവും ചരിത്രപരമാണ്. ആ സുപ്രധാന നേട്ടത്തിൽ ഞാൻ അവരെ അങ്ങേയറ്റം ആദരിക്കുന്നു.
നിയമപോരാട്ടത്തിൽ അച്ഛൻ തോറ്റു. ഒരു സ്ത്രീക്ക് വിവാഹസമയത്ത് അല്ലെങ്കിൽ അവിവാഹിതയായ ഒരു സ്ത്രീ അവളുടെ കുടുംബത്തിൽ നിന്ന് വേർപിരിയാൻ തീരുമാനിക്കുമ്പോൾ അവർക്ക് നൽകിയ പൂർവ്വിക സ്വത്തിന്റെ വിഹിതമായാണ് അദ്ദേഹം സ്ത്രീധനത്തെ വീക്ഷിച്ചതെന്നാണ് എന്റെ പിതാവിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള എന്റെ ധാരണ. നിരവധി കുടുംബങ്ങളുടെയും കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ്സുകളുടെയും അടിത്തറ തകരുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നതിനെ അദ്ദേഹം എതിർത്തത്.
മേരി റോയ് വിജയിക്കുകയും ജോർജ് ഐസക്ക് തോൽക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ രാജ്യം ചെയ്‌തതുപോലെ വൈരുദ്ധ്യങ്ങൾ നോക്കിക്കാണുന്നതിനു പകരം ഈ രണ്ട് ദർശകരുടെ ആശയങ്ങളെ സംയോജിപ്പിക്കുന്നതിനുള്ള സാധ്യത ഒരു നിമിഷം പരിഗണിക്കാം. അപ്പോൾ ഒരു സിറിയൻ ക്രിസ്ത്യൻ പെൺകുട്ടിക്ക് അവളുടെ ആൺസഹോദരങ്ങൾക്ക് തുല്യമായ നിലയിൽ സമ്പത്തിന് അർഹതയുണ്ടായിരിക്കുകയും വിവാഹത്തോടെയോ കുടുംബം വിടാൻ തീരുമാനിക്കുമ്പോഴോ അത് ലഭിക്കുകയും ചെയ്യുമായിരുന്നു. അത് ഒരു പെൺകുട്ടിയെ ഉന്നത നിലയിൽ എത്തിക്കുമായിരുന്നു. അവർ എന്താണ് നേടാൻ ശ്രമിച്ചത് എന്ന് മനസ്സിലാക്കുന്നതിന് പകരം രണ്ടുപേരും തമ്മിലുള്ള മത്സരത്തിന് പ്രാധാന്യം നൽകിയതോടെ ആ അവസരം നഷ്ടമായി.
വിജയികളും പരാജിതരും രണ്ട് തരത്തിലും ഉണ്ടായിരിക്കും. എന്നാൽ ഇവരിൽ ആരായിരുന്നു മികച്ചത് എന്നത് അതാത് സാഹചര്യങ്ങളെ ആശ്രയിച്ചു മാത്രമേ പറയാനാവു. മുൻകാല പ്രാബല്യം സിറിയൻ ക്രിസ്ത്യൻ സമൂഹത്തെ ഇളക്കിമറിക്കുകയും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിരവധി ബിസിനസ്സുകളുടെ തകർച്ചയ്ക്ക് വിത്ത് പാകുകയും ചെയ്തു. എന്നാൽ നടപടികളിലൂടെ സമ്പത്ത് സ്ത്രീകളുടെ കൈകളിലേക്ക് എത്തുന്നു എന്നും അതിനർഥമുണ്ട്.
അദ്ദേഹത്തിന്റെ മകൾ എന്ന സമാനതകളില്ലാത്ത പദവി
അദ്ദേഹത്തിന്റെ മകൾ ആയിരിക്കുക എന്നത് ഒരേസമയം സമാനതകളില്ലാത്ത പദവിയും വെല്ലുവിളിയുമാണ്. അദ്ദേഹം എന്നെ എന്റെ സഹോദരന്മാർക്ക് തുല്യമായി തന്നെ വളർത്തി. പ്രശ്നങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാനും ചോദ്യം ചെയ്യാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. ലക്ഷണങ്ങൾ കണ്ട് വ്യതിചലിക്കരുത് എന്നും കാരണം തിരിച്ചറിയുന്നതിന് പ്രാധാന്യം നൽകണമെന്നും പറഞ്ഞുതന്നു . മാറ്റങ്ങൾ മുൻകൂട്ടി കാണാനും ഉൾക്കൊള്ളാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. വാക്കിംഗ് എൻസൈക്ലോപീഡിയയും നിഘണ്ടുവും ഒന്നായി ചേർന്നതു പോലെ ഒരു പിതാവ് എന്നത് യഥാർഥത്തിൽ ഒരു ഭാഗ്യമാണ്. സ്വന്തം മനസ്സിനൊത്ത് ജീവിക്കുന്ന ഒരു വ്യക്തി ആകുന്നതിനായി ഒരു കല്ലിൽ നിന്നെന്ന പോലെ അദ്ദേഹം എന്റെ വ്യക്തിത്വത്തെ കൊത്തിയെടുത്തു. സ്വാതന്ത്ര്യം എന്താണെന്ന് പഠിപ്പിച്ചു തന്നു. ഞാൻ കാണാൻ ധൈര്യപ്പെടുന്ന ഏതൊരു സ്വപ്നവും സഫലമാക്കാനും ജീവിക്കാനുമുള്ള കഴിവുകൾ നേടിത്തന്നു. ഏതൊരു സ്ത്രീധനത്തിനും മുകളിൽ ഒരു പിതാവിന് തന്റെ മകൾക്ക് നൽകാൻ കഴിയുന്ന സമ്മാനമാണത്.
ആൺകുട്ടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു കാലത്ത് ഒരു പെൺകുട്ടിയുടെ അവകാശങ്ങൾക്കായി പപ്പ അക്ഷീണം പോരാടി. പതിറ്റാണ്ടുകളായി വിഴുപ്പ് പൊതുസ്ഥലത്ത് അലക്കപ്പെടുന്ന അവസ്ഥയിലുള്ള കുടുംബമാണ് ഞങ്ങളുടേത്. ജോർജും മേരി റോയിയും തമ്മിലുള്ള തർക്കത്തെ കുറിച്ചും സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തെക്കുറിച്ചും പറയാവുന്ന എല്ലാ കാര്യങ്ങളും ഇതിനകം പറഞ്ഞിട്ടുണ്ട്. അതിനാൽ ആ വിഷയങ്ങളിൽ ഇവിടെ നിശബ്ദത പാലിക്കാനാണ് തീരുമാനം. എന്നിരുന്നാലും, ഇന്ന് അടഞ്ഞുകിടക്കുന്ന വാതിലിനു പിന്നിലെ ചില വസ്തുതകൾ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ അച്ഛൻ തന്റെ സഹോദരി മേരി റോയിയെ സ്നേഹിക്കുകയും അവരെ ഓർത്ത് വളരെയധികം അഭിമാനിക്കുകയും ചെയ്തിരുന്നു. നന്നായി കഴിഞ്ഞിരുന്ന കാലത്ത് പപ്പയും മമ്മയും ആഴ്ചയിൽ രണ്ടുതവണയെങ്കിലും മേരി കൊച്ചമ്മയെ സന്ദർശിക്കുമായിരുന്നു. ആരോഗ്യം അനുകൂലമായിരിക്കുന്ന സമയത്ത് ഓക്സിജൻ സിലിണ്ടറിന്റെയും പരിചാരകരുടെയും പിന്തുണയോടെ അവരും ആഴ്ചയിൽ ഒരിക്കൽ പപ്പയെ സന്ദർശിക്കും. കൈകൾ ചേർത്തു പിടിച്ച് കീർത്തനങ്ങൾ ആലപിച്ച് അവർ മണിക്കൂറുകളോളം ഒരുമിച്ച് ചിലവിടും. ഒരു ഭാര്യയും ചെയ്യാത്ത വിധം സ്നേഹത്തോടെയും കരുതലോടെയുമാണ് എന്റെ മമ്മി പപ്പയെ പരിപാലിച്ചത്.
പപ്പ എന്നും തന്റെ കാലത്തേക്കാളും വളരെ മുന്നിലായിരുന്നു. അദ്ദേഹം പറഞ്ഞതിന്റെ മൂല്യം മനസ്സിലാക്കാൻ പലരും പാടുപെട്ടിട്ടുണ്ട്. ഓരോ ചുവടുവയ്പ്പിലും അദ്ദേഹത്തെ എതിർത്തവരും വിഡ്ഢി എന്നുപോലും വിളിച്ചവരും നിരവധിയാണ്. എന്നിരുന്നാലും ഇന്ന് നാം സാധാരണമായി കരുതുന്ന പല കാര്യങ്ങളുടെയും പിന്നിലെ പ്രവർത്തിച്ച വ്യക്തി തീർച്ചയായും അദ്ദേഹം തന്നെയായിരുന്നു.
തന്റെ വീട്ടിൽ വച്ചുതന്നെ പ്രിയ ഭാര്യ സൂസിയുടെ സാമീപ്യത്തിലാണ് സമാധാനത്തോടെ അദ്ദേഹം നിത്യതയിലേക്ക് പ്രവേശിച്ചത്. എന്റെ കാഴ്ചപ്പാടിൽ ആയിരം നക്ഷത്രങ്ങളുടെ ശക്തിയിൽ ജ്വലിച്ചും തിളങ്ങിയുമാണ് അദ്ദേഹം തന്റെ ജീവിതം ജീവിച്ചത്. അദ്ദേഹത്തോട് അടുപ്പമുള്ളവർ പലരും ഈ ജീവിതരീതിയിൽ രോഷമുള്ളവരായിരുന്നു. എന്നിരുന്നാലും അദ്ദേഹം പകർന്ന വെളിച്ചം ഇന്ന് എനിക്കറിയാവുന്ന ഏതൊരു മനുഷ്യന്റെയും പരിധിക്കപ്പുറത്തേക്ക് എത്തി. ആ വെളിച്ചം അദ്ദേഹത്തെക്കാൾ ജീവിത സൗഭാഗ്യങ്ങൾ കുറഞ്ഞവർക്ക് പ്രത്യാശ പകരുകയും ജീവിതത്തിൽ പരിവർത്തനം വരുത്തുകയും ചെയ്തു.