മാതൃത്വം എന്നെ ദുർബലയാക്കി, കൂടുതൽ അസ്വസ്ഥയായി; മകളുടെ കാര്യത്തിലും അതാണ് തീരുമാനം: പ്രിയങ്ക ചോപ്ര

Mail This Article
ബോളിവുഡിന്റെ പ്രിയ നായികയാണ് പ്രിയങ്ക ചോപ്ര. പോപ് ഗായകനായ നിക്ക് ജൊനാസാണ് ഭർത്താവ്. മകൾ മാൾട്ടിയോടൊപ്പം ഏറെ സന്തോഷത്തോടെയാണ് ഇരുവരും കഴിയുന്നത്. നിക്കിന്റെ സ്റ്റേജ് ഷോകളിലെല്ലാം നിറസാന്നിധ്യവുമാണ് പ്രിയങ്ക. ഇപ്പോഴിതാ കുട്ടി ജനിച്ചതിന് ശേഷം തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. മാതൃത്വം തന്നെ കൂടുതൽ ദുർബലയാക്കിയെന്ന് പ്രിയങ്ക പറഞ്ഞു. മറ്റെല്ലാ അമ്മമാരെ പോലെയും തനിക്ക് എപ്പോഴും സംശയങ്ങളാണെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.

‘മാതൃത്വം എന്റെ ആത്മാഭിമാനത്തെയോ ആത്മവിശ്വാസത്തെയോ സ്വാധീനിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല, എന്നാൽ അതെന്നെ കൂടുതൽ അസ്വസ്ഥതയുള്ളവളാക്കി. എന്താണ് ഇന്ന് ചെയ്യാൻ പോകുന്ന തെറ്റ്, എങ്ങനെ എല്ലാ കാര്യങ്ങളും ശരിയാക്കും എന്നല്ലാം ചിന്തിച്ചുകൊണ്ടിരുന്നു. ഞാൻ ആത്മവിശ്വാസമുള്ള വ്യക്തിയാണെന്നും എനിക്കെല്ലാം ചെയ്യാൻ കഴിയുമെന്നും എന്നെ തന്നെ വിശ്വസിപ്പിക്കേണ്ട അവസ്ഥ വന്നു’. പ്രിയങ്ക ചോപ്ര പറഞ്ഞു.

കുട്ടിയിൽ ആത്മവിശ്വാസം വളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. ‘ കുഞ്ഞിന് ചെറുപ്പത്തിൽ തന്നെ ആത്മവിശ്വാസം നൽകണം. എന്റെ മാതാപിതാക്കൾ എനിക്കത് തന്നിരുന്നു. എന്റെ അഭിപ്രായം പറയണമെന്ന് അവർ എപ്പോഴും എന്നോട് പറഞ്ഞു. എന്നെ വിമർശിക്കുന്നവരോ എന്റെ അഭിപ്രായത്തിൽ ചർച്ച നടത്തുന്നവരോ ഉണ്ടെങ്കില്‍ അത്തരം സംഭാഷണത്തെ ഞാൻ പ്രോത്സാഹിപ്പിച്ചു. സ്വയം ബോധമുണ്ടാകാൻ എന്നെ മാതാപിതാക്കൾ സജ്ജമാക്കിയിരുന്നു. അതുതന്നെയാണ് എന്റെ മകളുടെ കാര്യത്തിലും ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്’. പ്രിയങ്ക വ്യക്തമാക്കി.

2018ലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരായത്.