ADVERTISEMENT

ലിവ് ഇൻ ബന്ധങ്ങൾക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കിയും അല്ലാത്തപക്ഷം തടവും പിഴയും അനുഭവിക്കേണ്ടി വരുമെന്നു വ്യക്തമാക്കിയും ഏതാനും ദിവസം മുൻപാണ് ഉത്തരാഖണ്ഡ് നിയമസഭ ഏക സിവിൽ കോഡ് ബിൽ പാസാക്കിയത്. ഇതോടെ ലിവ് ഇൻ റിലേഷൻഷിപ്പുകളെക്കുറിച്ച് വലിയ ചർച്ചകളാണ് രാജ്യത്ത് ഉയരുന്നത്. ലിവ് ഇൻ ബന്ധങ്ങളുടെ നിയമസാധുതയെക്കുറിച്ച് വ്യത്യസ്ത കോടതിവിധികളും സർക്കാർ നയങ്ങളും നിലനിൽക്കുന്നതിനാൽ ഇതേക്കുറിച്ച് വ്യക്തതയില്ലെന്നതാണ് നിലവിലെ പ്രധാന പ്രശ്നം. ഇന്ത്യൻ നിയമപ്രകാരം ലിവ് ഇൻ ബന്ധങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിലും അത്തരം ബന്ധങ്ങൾ കുറ്റകരമായി കണക്കാക്കേണ്ടതില്ലെന്ന് ഒന്നിലേറെ കോടതിവിധികളുണ്ട്.

ലിവ് ഇൻ ബന്ധങ്ങൾക്ക് റജിസ്ട്രേഷൻ വേണമെന്നാവശ്യപ്പെട്ട് 2023 മാർച്ചിൽ അഭിഭാഷകയായ മമതാ റാണി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയെ ‘അസംബന്ധം’ എന്നു പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് തള്ളിക്കളഞ്ഞത്. ലിവ് ഇൻ ബന്ധങ്ങളിൽ ആളുകൾ ജീവിക്കുന്നതിൽ എന്താണ് തെറ്റ് എന്നായിരുന്നു അന്ന് കോടതി ചോദിച്ചത്.

2022 ലെ അലഹാബാദ് ഹൈക്കോടതി വിധിയും അത്തരത്തിലൊന്നാണ്. 18 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ ലിവ് ഇൻ ബന്ധത്തിലാകുന്നത് കുറ്റകരമല്ല എന്നാണ് ലിവ് ഇൻ ബന്ധത്തിലായിരുന്ന ദമ്പതിമാർക്ക് പൊലീസ് സംരക്ഷണം അനുവദിച്ചുകൊണ്ട് അലഹബാദ് കോടതി പറഞ്ഞത്. 

എന്താണ് ലിവ് ഇൻ ബന്ധങ്ങൾ

പ്രായപൂർത്തിയായ (18 വയസ്സിനു മുകളിൽ പ്രായമുള്ള) രണ്ട് വ്യക്തികൾ പരസ്പരം വിവാഹിതരാകാതെ ഒന്നിച്ചു ജീവിക്കുന്ന ബന്ധങ്ങളാണ് ലിവ് ഇൻ റിലേഷൻഷിപ്പ്. വിവാഹത്തിൽനിന്ന് വ്യത്യസ്തമായി, ലിവ് ഇൻ ബന്ധങ്ങൾ തുടങ്ങാനും അവസാനിപ്പിക്കാനും നിയമപരമായ നടപടിക്രമങ്ങളില്ല.

നിയമസാധുത

വിവാഹിതരായ ദമ്പതിമാർക്കുള്ളതുപോലെ നിയമപരമായ അവകാശങ്ങൾ ലിവ് ഇൻ ബന്ധങ്ങളിലെ പങ്കാളികൾക്കില്ല. അതായത്, പങ്കാളിയുടെ സ്വത്തിലോ പിരിയുമ്പോൾ ജീവനാംശത്തിനോ അവകാശമുണ്ടാവില്ല. എന്നാൽ ലിവ് ഇൻ ബന്ധത്തിലെ സ്ത്രീക്ക് ഗാർഹിക പീഡനം നേരിടുന്ന സാഹചര്യമുണ്ടായാൽ അവർക്ക് 2005 ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം സംരക്ഷണം ലഭിക്കും. ദീർഘകാലം ലിവ് ഇൻ ബന്ധത്തിലായിരുന്ന പങ്കാളികൾ പിരിയുമ്പോൾ സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്ന് 2015ൽ സുപ്രീം കോടതിയുടെ വിധിയുണ്ട്. അതേസമയം ലിവ് ഇൻ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് വിവാഹിതരായ അച്ഛനമ്മമാരുടെ കുട്ടികൾക്ക് ലഭിക്കുന്ന അതേ നിയമസംരക്ഷണമുണ്ടാകും.

ലിവ് ഇൻ ബന്ധങ്ങൾക്കു റജിസ്ട്രേഷൻ നിർ‌ബന്ധമാക്കിയതിനെപ്പറ്റി പ്രതികരിക്കുകയാണ് എഴുത്തുകാരി ശ്രീപാർവതിയും ക്വീർ ആക്ടിവിസ്റ്റ് അനഘും.


Representative image. Photo Credit: Deagreez/istockphoto.com
Representative image. Photo Credit: Deagreez/istockphoto.com

അവരുടെ സ്വാതന്ത്ര്യത്തിനു വിടുക

∙ ശ്രീ പാർവതി

ഒന്നിച്ചു ജീവിക്കണമെന്നു തീരുമാനമെടുക്കാൻ രണ്ടുപേർക്ക് (സാധാരണ ദമ്പതിമാരോ ലെസ്ബിയൻസോ ഗേയോ ട്രാൻസ്ജെൻഡറോ ആരുമായിക്കോട്ടെ) എല്ലാവിധത്തിലുള്ള ജനാധിപത്യമായ അവകാശങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇപ്പോൾ ഉത്തരാഖണ്ഡിൽ മാത്രമാണ് ഇങ്ങനെയൊരു നിയമം വരുന്നതെങ്കിലും ഒട്ടും അംഗീകരിക്കാനാവുന്നല്ല ഈ പ്രവണത. വിവാഹം എന്നുപറയുന്ന ആശയത്തോട് താൽപര്യവും യോജിപ്പുമില്ലാത്തതുകൊണ്ടാണല്ലോ രണ്ടുപേർ ലിവ് ഇൻ റിലേഷൻ മതിയെന്ന് തീരുമാനിക്കുന്നത്. അങ്ങനെയൊരു ബന്ധം തുടങ്ങുമ്പോൾ പേപ്പറിൽ ഒരു ഉടമ്പടി എഴുതണമെന്നു പറയുന്നത് വൈരുധ്യമാണ്. 

താലികെട്ട്, കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മതം തുടങ്ങി കുറേ നിയമാവലികളുണ്ടാകും വിവാഹമെന്ന രീതിക്ക്. ഇതൊന്നും വേണ്ടാതെ, രണ്ടു വ്യക്തികൾക്ക് പരിപൂർണമായ സ്വാതന്ത്ര്യത്തോടും സ്നേഹത്തോടും കൂടി കമ്മിറ്റ്മെന്റുകൾ ഒന്നുമില്ലാതെ ജീവിക്കുക എന്നുള്ളതാണ് ലിവ് ഇൻ ബന്ധങ്ങളുടെ അന്തഃസത്ത തന്നെ.

ഇന്നത്തെ യുവാക്കൾക്ക് – ആൺകുട്ടികളായാലും പെൺകുട്ടികളായാലും – ലിവ് ഇൻ ബന്ധങ്ങളോടാണ് താൽപര്യമെന്നു തോന്നിയിട്ടുണ്ട്. വിവാഹത്തോട് പലർക്കും പേടിയാണ്. തെറ്റായ ആളെയാകുമോ തിരഞ്ഞെടുക്കുന്നത്, സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്നൊക്കെയുള്ള ഭയം. വിവാഹമോചനത്തിനുള്ള നൂലാമാലകൾ വേറെ. അതിനു പുറമേ ഭർതൃ വീട്ടിലെ ചുറ്റുപാടിനെക്കുറിച്ചും അവർക്ക് നൽകേണ്ട സമയത്തെക്കുറിച്ചും നഷ്ടപ്പെട്ടു പോകുന്ന കരിയറിനെക്കുറിച്ചുമെല്ലാം ഭയമുണ്ടെന്ന് പെൺകുട്ടികൾ പറയാറുണ്ട്. അതുകൊണ്ട് അവർ കുറേക്കൂടി താൽപര്യപ്പെടുന്നത് ലിവ് ഇൻ ബന്ധങ്ങളായിരിക്കും. ഇനിയുള്ള തലമുറയ്ക്ക് എന്താണോ ആവശ്യം അത് നമ്മൾ അംഗീകരിക്കുക എന്നുള്ളത് മാത്രമാണ്. സ്വാർഥതയാലുണ്ടാകുന്ന കമ്മിറ്റ്മെൻറുകൾ അടിസ്ഥാനമായുള്ള ബന്ധങ്ങളിലേക്ക് പോകാതിരിക്കുകയാണ് ഇന്നത്തെ കാലത്ത് നല്ലത്.

ഒരു ഉടമ്പടിയുമില്ലാതെ ഒന്നിച്ചു ജീവിക്കാനാഗ്രഹിക്കുന്നവരെ അവരുടെ താൽപര്യത്തിന് അനുസരിച്ച് ജീവിക്കാൻ വിടുകയാണ് നല്ലത്. മനുഷ്യരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുക. അതിനായി നമ്മുടെ മനസ്സിനെ പാകപ്പെടുത്തുക എന്നു മാത്രമേ പറയാനുള്ളൂ.

ലിവ് ഇൻ ബന്ധങ്ങള്‍ ക്വീർ മനുഷ്യർക്കുള്ള ഒരേയൊരു തുരുത്ത്

∙ അനഘ് (ക്വീർ ആക്ടിവിസ്റ്റ്)

ക്വീർ മനുഷ്യർക്കു നേരെയുള്ള വിവേചനം ഒന്നുകൂടി വലുതാക്കുന്നതാണ് ഇത്തരം നീക്കങ്ങൾ. സർക്കാർ സംവിധാനങ്ങളുടെയോ നിയമങ്ങളുടെയോ യാതൊരു തരത്തിലുമുള്ള പിന്തുണയും ഇതുവരെ ഇല്ലാത്ത സാഹചര്യത്തിൽ എൽജിബിടിക്യു എ പ്ലസ് കമ്യൂണിറ്റിയെ ഗുരുതരമായി ബാധിക്കുന്നതാണ് ലിവ് ബന്ധങ്ങൾ റജിസ്റ്റർ ചെയ്യണമെന്ന നിബന്ധന. ‌പ്രായപൂർത്തിയായവർ തമ്മിൽ ഉ‌ഭയസമ്മതപ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലാതാക്കിക്കൊണ്ടുള്ള (നവ്തേജ് സിങ് തോമർ കേസ്) 2018ലെ സുപ്രീംകോടതി വിധിയെ പാർശ്വവൽക്കരിക്കുന്നതിന് തുല്യമാണ് ഉത്തരാഖണ്ഡ് പാസാക്കിയ ബിൽ.

2018 ൽ ഇങ്ങനെയൊരു വിധിയുണ്ടായിട്ടും അതിൽ പറയുന്നത് സ്വവർഗരതി കുറ്റകരമല്ലെന്നു മാത്രമാണ്. സ്വവർഗ പങ്കാളികളെ ബാധിക്കുന്ന മറ്റൊന്നും അതിലില്ല. അതുകൊണ്ടാണ് മരിച്ച പങ്കാളിയുടെ ശരീരം അൺക്ലെയിംഡ് ബോഡിയാകുന്നത് ചോദ്യം ചെയ്ത് ക്വീർ വ്യക്തിക്ക് ഹൈക്കോടതി വരെ പോകേണ്ടി വന്നത്. ഇപ്പോഴും ഒരു വിധത്തിലുമുള്ള നിയമ പിന്തുണയും ഇല്ലാതെയാണ് ക്വീർ സമൂഹം മുന്നോട്ടുപോകുന്നത്. ക്വീർ മനുഷ്യർക്കു വേണ്ടത് ലൈംഗികബന്ധം മാത്രമാണെന്ന ചിന്തയിലാണ് കോടതികളും സർക്കാരുകളും മുന്നോട്ടുപോകുന്നത്. എന്നാൽ ഒന്നിച്ചു ജീവിക്കുന്നതു മുതൽ കുഞ്ഞിനെ ദത്തെടുക്കുന്നതും ഒന്നിച്ചു പുരയിടം വാങ്ങുന്നതും ഇൻഷുറൻസ് ആവശ്യങ്ങളുമടക്കം സാധാരണ ദമ്പതിമാരെപ്പോലെയുള്ള ആവശ്യങ്ങൾ ക്വീർ മനുഷ്യർക്കുമുണ്ട്. ലിവ് ഇൻ ബന്ധങ്ങൾ മാത്രമാണ് ഇന്ന് ക്വീർ മനുഷ്യർക്ക് ഒന്നിച്ചു ജീവിക്കാനുള്ള മാർഗം. അതും റജിസ്റ്റർ ചെയ്യുന്നതു നിർബന്ധമാകുമ്പോൾ അവർക്കു മുന്നിൽ ഈ വഴിയും അടയുകയാണ്. സ്വവർഗബന്ധങ്ങൾ തെറ്റായ കാര്യമാണെന്നു വീണ്ടും സ്ഥാപിക്കപ്പെടുകയാണ്.

English Summary:

Article on Live-in-relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com