‘മകൻ കരയുന്നതിന് മുമ്പേ അച്ഛൻ കരഞ്ഞു, അതികഠിനമായ 19 മണിക്കൂറുകൾ’; മകന്റെ ജനനത്തെ പറ്റി മാത്തുകുട്ടി
Mail This Article
നടനും അവതാരകനും സംവിധായകനുമൊക്കെയായി മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ആര്‍ജെ മാത്തുക്കുട്ടി. ഡോക്ടറായ എലിസബത്തിനെയാണ് മാത്തുക്കുട്ടി വിവാഹം ചെയ്തത്. താനൊരു കുഞ്ഞിന്റെ അച്ഛനായ വിശേഷം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ആൺകുഞ്ഞാണ് ഇരുവർക്കും ജനിച്ചത്. ഇപ്പോഴിതാ താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘നീണ്ട എട്ടു മാസത്തെ കരുതലുകൾക്കും തയാറെടുപ്പുകൾക്കും ശേഷം “ഇപ്പൊ വരും” എന്ന് കാനഡ വിക്ടോറിയ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിധിയെഴുതി ലേബർ റൂമിലേക്ക് കേറ്റിയ ഭാര്യ പ്രസവിച്ചത് അതി കഠിനമായ 19 മണിക്കൂറുകൾക്ക് ശേഷം. ശനിയാഴ്ച വൈകുന്നേരങ്ങളിൽ പണ്ട് ലുലു മാളിന് മുൻപുള്ള ബ്ലോക്കിൽ കിടക്കുമ്പോൾ, നെടുമ്പാശ്ശേരിയിലുള്ള കൂട്ടുകാരനോട് “അളിയാ ഗൂഗിൾ മാപ്പിൽ വെറും 3 മിനിറ്റ്, ഇപ്പൊ എത്തും” എന്ന് കോൺഫിഡൻസോടെ വിളിച്ച് പറയുന്ന എന്റെ അതേ സ്വഭാവത്തിൽ ഒരു പ്രൊഡക്ട്.
അത് പിന്നെ കർമഫലം എന്ന് കരുതി ആശ്വസിക്കാം. പ്രധാന വിഷമം അതല്ല. മണിക്കൂറുകൾ നീണ്ട പുഷ് ആന്റ് പുള്ളിന്റെ ഇടയിൽ, നിലക്കണ്ണു മിഴിച്ച് നിൽക്കുന്ന സർവ്വ ഹോസ്പിറ്റൽ സ്റ്റാഫുകളോടും അവൾ അലറിപ്പറഞ്ഞത് എന്താണെന്നോ?
“എനിക്കറിയാം ഇതങ്ങനെ പെട്ടെന്നൊന്നും പുറത്ത് വരൂല്ലാ.. ഇതിന്റെ അപ്പൻ 12 മാസമാണ് അമ്മയുടെ വയറ്റിൽ തന്നെ കിടന്നേ..”ന്ന്. സത്യം പറഞ്ഞാൽ കുട്ടി വരുന്നതിന് മുമ്പേ ലേബർ റൂമിൽ നിന്ന് അച്ഛൻ കരഞ്ഞു’. മാത്തുക്കുട്ടി കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിന് താഴെ ഇരുവർക്കും ആശംസകളുമായെത്തുന്നത്. ‘4 മാസം കൂടെ അവിടെ തന്നെ കിടക്കേണ്ടി വരുവോന്ന് വരെ ഞാൻ പേടിച്ച്’ എന്നാണ് പോസ്റ്റിന് താഴെ എലിസബത്ത് കമന്റ് ചെയ്തത്. കഴിഞ്ഞ വർഷമാണ് ആർ ജെ മാത്തുക്കുട്ടി വിവാഹിതനാവുന്നത്. ഭാര്യ എലിസബത്ത് കാനഡയിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്.