അഡൽറ്റ്സ് ഓൺലി സൈറ്റുകളിൽ വിഡിയോയുമായി ഒളിംപിക് താരങ്ങൾ; ലക്ഷ്യം സാമ്പത്തികം

Mail This Article
ദിനംപ്രതി പുതിയ റെക്കോർഡുകൾ പിറക്കുകയാണ് പാരിസ് ഒളിംപിക്സ് വേദിയിൽ. മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച ഓരോ രാജ്യത്തിന്റെയും താരങ്ങൾ മെഡലുകൾ വാരിക്കൂട്ടുകയാണ്. ഓരോ ദിവസവും നിരവധി ഒളിംപിക്സ് വാർത്തകളാണു നമ്മൾ കാണുന്നത്. എന്നാൽ പാരിസിന്റെ മണ്ണിൽ മാത്രമല്ല ചില വെബ്സൈറ്റുകളിലും ഒളിംപിക്സ് കായികതാരങ്ങൾ തന്നെയാണ് സ്റ്റാറുകൾ.
കഠിന പരിശീലനവും പ്രയത്നങ്ങളും ഈ കുറച്ചു ദിവസത്തേക്ക് വേണ്ടി സ്വരുക്കൂട്ടുന്നവരാണ് കായികതാരങ്ങൾ. ഒളിംപിക്സിൽ പങ്കെടുക്കുക എന്നത് ഏതൊരു താരത്തിന്റെയും സ്വപ്നസാക്ഷാത്കാരം കൂടിയാകുന്നു. എന്നാൽ ആ ഒരു ഘട്ടത്തിലേക്ക് എത്താൻ അവർ എത്ര കഠിനാധ്വാനം ചെയ്യണമെന്നത് എടുത്തു പറയേണ്ടതു തന്നെ. കായികപരമായി മാത്രമല്ല സാമ്പത്തികമായി കൂടി നല്ല പിന്തുണയുണ്ടെങ്കിൽ മാത്രമേ താരങ്ങൾക്ക് ഒളിംപിക്സിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്നത് നഗ്നമായ സത്യം. ആ സത്യം തിരിച്ചറിഞ്ഞവരും അത് ഏറ്റവും കൂടുതൽ ആവശ്യമുള്ളവരുമായ ചില ഒളിംപിക് താരങ്ങളാണ് കുറച്ച് വേറിട്ട രീതിയിലാണെങ്കിലും സാമ്പത്തികം കണ്ടെത്താനുള്ള വഴി തിരഞ്ഞെടുത്തത്.
ബ്രിട്ടന്റെ നീന്തൽ താരങ്ങളാണ് ഇപ്പോൾ അഡൽറ്റ്സ് ഓൺലി സൈറ്റുകളിൽ പോലും ചർച്ച വിഷയം. താരങ്ങൾ അവരുടെ അർധ നഗ്നചിത്രങ്ങളും മറ്റും സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് വേണ്ടി മാത്രം പങ്കുവെച്ചുകൊണ്ട് തങ്ങളുടെ പരിശീലനത്തിനും മറ്റുമുള്ള പണം കണ്ടെത്തുന്നു. ‘ഓൺലി ഫാൻസ്’ എന്ന പേരിൽ അറിയപ്പെടുന്ന 18+ വെബ്സൈറ്റിലാണ് കായികതാരങ്ങൾ സജീവമായിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്റെ ഡൈവിങ് ടീം അംഗം ജാക്ക് ലാഫർ തന്റെ ഓൺലി ഫാൻസ് അക്കൗണ്ടിനെക്കുറിച്ച് വെളിപ്പെടുത്തിയതോടെയാണ് ഈ "നഗ്നസത്യം" ലോകം അറിഞ്ഞത് പോലും. റിപ്പോർട്ടുകൾ പ്രകാരം, നിരവധി അത്‌ലീറ്റുകൾക്ക് അഡൽറ്റ്സ് ഓൺലി പ്ലാറ്റ്‌ഫോമിൽ അക്കൗണ്ടുകളുണ്ട്. അധിക പണം ലഭിക്കുന്നതിന് അർധനഗ്ന ഫോട്ടോഗ്രാഫുകളടക്കം വിഡിയോകളും ചിത്രങ്ങളും ഇവർ പോസ്റ്റ് ചെയ്യുന്നു.
ഓൺലി ഫാൻസിലേക്കുള്ള അത്‌ലീറ്റുകളുടെ കടന്നുവരവ് സ്‌പോർട്‌സിലെ അപര്യാപ്തമായ ഫണ്ടിങ് പ്രശ്‌നത്തിന് അടിവരയിടുന്നു. കരിയറിന്റെ പരകോടിയിൽ നിൽക്കുമ്പോഴും പലർക്കും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പോരാടേണ്ടി വരുന്നു. ഓൺലി ഫാൻസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്കുള്ള താരങ്ങളുടെ വരവ് അവർ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ലാഫറിനൊപ്പം, അദ്ദേഹത്തിന്റെ സഹതാരങ്ങളായ നോഹ വില്യംസ്, ഡാനിയൽ ഗുഡ്‌ഫെലോ, മാറ്റി ലീ എന്നിവരും 18+ പ്ലാറ്റ്‌ഫോമിലുണ്ട്. സബ്സ്ക്രൈബഴ്സിനു വേണ്ടി മാത്രമുള്ള സൈറ്റുകളാണ് ഇത്തരത്തിലുള്ളവ. പണം നൽകി സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രമാണ് അത്‌ലീറ്റുകളുടെ പേജുകളിലേക്കു പ്രവേശനം ലഭിക്കുകയുള്ളൂ.
പല ഒളിംപ്യൻമാരും മതിയായ സ്പോൺസർഷിപ്പും സർക്കാരിന്റെ പിന്തുണയും നേടാൻ പാടുപെടുന്നവരാണ്. അങ്ങനെ വരുമ്പോൾ വരുമാനത്തിനു മറ്റ് സ്രോതസ്സുകളെ ഇവർക്ക് ആശ്രയിക്കേണ്ടിവരുന്നു. ഒളിംപിക് സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനു കഠിനാധ്വാനവും കായികക്ഷമതയും മാത്രം പോര, സ്ഥിരതയുള്ള സാമ്പത്തിക അടിത്തറ കൂടി വേണമെന്ന് ഈ മുന്നേറ്റം കൊണ്ട് കായികതാരങ്ങൾ വിളിച്ചു പറയുകയാണ്.