ADVERTISEMENT

ഒരു പക്ഷേ ഈ മുഖം നിങ്ങൾക്ക് പരിചയം കാണില്ല...ചിലപ്പോൾ ഈ പേരും..  കോട്ടയം മേലുകാവ് സ്വദേശിയായ ആയുർവേദ ഡോക്ടർ മുപ്പതുകാരൻ ആരിഷ് തീർത്ത ഗൃഹാതുര വിൽപനയുടെ ലോകം. ഡോക്ടറുടെ പഴമകൾ നിറഞ്ഞ വീട്ടിലെത്തിയാൽ മരുന്നോ ചികിത്സയോ ലഭിക്കില്ല, പകരം കുറച്ചു മഞ്ചാടിയും പൂക്കളും നിറഞ്ഞ ആഭരണങ്ങൾ ലഭിക്കും. മഞ്ചാടിക്കുരു ചരടിൽ കോർത്ത മാലയും ചെമ്പകവും കണിക്കൊന്നയും മുല്ലയും വിരിഞ്ഞ കമ്മലും നിറങ്ങളും വരകളും ഓർമകളും ചാലിച്ച പോസ്റ്റ് കാർഡുകളും. 

ഹാൻഡ് ക്രാഫ്റ്റഡ് ബൈ മനുഷ്യൻ, മനുഷ്യന്മാർക്ക് കൂടാനുള്ള ആത്മാശ്രൈ.ലൈഫ് എന്ന് ഇൻസ്റ്റഗ്രാം പേജ്. ആരിഷ് ജോൺ ആൻഡ്രൂസ് വിൽക്കുന്നത് വെറും ക്രാഫ്റ്റുകളല്ല, മനുഷ്യരുടെ ഓർമകൾ തന്നെയാണ്. മാലയുടെ ലോക്കറ്റായും കമ്മലായും പുസ്തകത്താളുകൾക്കിടയിൽ സൂക്ഷിക്കാനുള്ള ബുക്ക് മാർക്കായും എന്തിനേറെ കത്തെഴുത്ത് ചാറ്റിലേക്ക് മാറിയ കാലത്ത് അതേ ചാറ്റിലൂടെ കത്തെഴുതാനുള്ള പോസ്റ്റ് കാർഡുകൾ പോലും വിൽക്കുന്ന ഓർമയുടെ തന്ത്രം. 50 രൂപ മുതൽ ആയിരംവരെയാണ് വില. ആവശ്യക്കാർ പറയുന്ന രീതിയിൽ നിർമിച്ചു നൽകുന്നവയ്ക്ക് വിലയേറും. ആരിഷ് എന്ന പേരോ മുഖമോ അറിയാതെയാണ് 17,000 വരുന്ന ഫോളവേഴ്സ് ഈ കലാലോകത്തേക്ക് ഇന്നും എത്തുന്നത്. ആ സൃഷ്ടികർത്താവ് ഇതുവരെ ആർക്കും മുഖം കൊടുത്തിട്ടില്ല എന്നതാണ് കൗതുകം. കോവിഡ് കാലത്തു തുടങ്ങിയ ആത്മാശ്രൈക്കു പറയാൻ ഒരുപാടു കഥകളുണ്ട്. 

കുട്ടിക്കാലം മുതൽ വരയോടിഷ്ടം ആയിരുന്നെങ്കിലും പ്രഫഷനൽ കോഴ്സെന്ന ഭാരത്തിനു പുറകേ സഞ്ചരിക്കേണ്ടി വന്നു. പുതിയകാവ് ഗവ.ആയുർവേദ കോളജിൽ നിന്ന് ഡോക്ടറായി ഇറങ്ങുമ്പോൾ ആരിഷുനുള്ളിൽ പഠിച്ച പാഠങ്ങളിൽ ചിലതു തങ്ങി നിന്നു. ആദിവൈദിക ചികിത്സാരീതി മുതൽ യോഗയും പ്രകൃതിയോടിണങ്ങിയ കേരള ആയുർവേദ രീതികളുമെല്ലാം കലയോട് ഇണങ്ങിനിന്നവയായിരുന്നു. അങ്ങനെ ആയുർവേദത്തിനുള്ളിൽ തന്റെ കലാപ്രണയം ആരിഷ് സഫലമാക്കി. പഠനം പൂർത്തിയാക്കിയ ശേഷം കണ്ടുമുട്ടിയ ഭിന്നശേഷിക്കാരനായ കുട്ടിയാണ് ആരിഷിന്റെ ചിന്തകൾ മാറ്റിമറിച്ചത്. ഏയ്ഞ്ചൽമാൻ സിൻഡ്രോം ബാധിതനായ അവനെ മരുന്നിന്റെ ലോകത്തെ കൂട്ടുപിടിക്കാതെ സംസാരിച്ചു ചികിത്സിച്ചു. അവന്റെ കൈകളുടെ സ്പർശശേഷി വളർത്താൻ കളിമണ്ണുകൊണ്ട് രൂപങ്ങളുണ്ടാക്കാൻ തീരുമാനിച്ചു. പതിയെ കളിമൺരൂപങ്ങൾ ഉണ്ടാക്കിത്തുടങ്ങിയെങ്കിലും കോവിഡ് കാലമെത്തിയതോടെ കളിമണ്ണിൽ ആരിഷ് തന്റെ ഭാവനാലോകം വികസിപ്പിച്ചു. ആയുർവേദ ഡോക്ടർ എന്നതിലെ ഡോക്ടർ പദവി ഉപേക്ഷിച്ച് പൂർണമായും കലാലോകത്തേക്കിറങ്ങി. 

കഥകൾ കേൾക്കാനും കണ്ടെത്താനുമായി പഴമ തേ‍ടിയുള്ള യാത്രകളായി പിന്നെ. കുഞ്ഞുണ്ണി മാഷിന്റെ ‘കുഞ്ഞിമണി കുന്നിമണി കുന്നിക്കുരുമണി പൊന്നുമണി കണ്ണെഴുതി കൺമണി കുന്നിമണി...’ പോലുള്ള കുട്ടിക്കവിതളിലെ കുന്നിമണികളും മഞ്ചാടിക്കുരുവുമെല്ലാം തൊടിയിൽ നിന്ന് ശേഖരിച്ചു. പ്രകൃതിയോടിണങ്ങി എന്നത് അക്ഷരാർഥത്തിൽ പാലിക്കുകയാണ് ആരിഷിന്റെ സൃഷ്ടികൾ. കൊന്നപ്പൂക്കമ്മൽ, ചെമ്പകം കമ്മൽ, മുല്ലപ്പൂക്കമ്മൽ തുടങ്ങിയ കമ്മലുകൾ മുതൽ നെടുമ്പലിയൻ തെയ്യം മാല, അർധനാരീശ്വര മാല, കല്ലുവാഴ മാല, ദ്വിമുഖി രുദ്രാക്ഷ മാല, കഥകളി മാല, കാറ്റ്,മഴ,കടൽ എന്നിവ പ്രമേയമാക്കിയ കമ്മൽ എന്നിവ വരെ കളിമണ്ണിൽ വാർത്തെടുക്കും. ഓട്ടൻതുള്ളൽ മാല എന്നിങ്ങനെ തനതുകേരളാശൈലിയും മലയാളിയുടെ വൈകാരിക ഓർമകളും പേറുന്ന ഒരുകൂട്ടം നൊസ്റ്റാൾജിയകളുടെ ശേഖരം. 

ഇതിനുപുറമേ കീചെയ്ൻ, എഴുത്തുകാരുടെയും മറ്റു ചിത്രങ്ങളും വരച്ച പോസ്റ്റ് കാർഡുകളും ബുക്ക് മാർക്കുകളും. ഈ പ്രകൃതിയോടിണങ്ങിയ വസ്തുക്കൾ പൊതിയാൻ പത്രപേപ്പറും ചുറ്റിക്കെട്ടാൻ ചാക്കുചരടും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തന്റെ നാട്ടുകാരെയും നിർമാണത്തിനായി പലപ്പോഴും കൂടെക്കൂട്ടും. പ്രതിഫലങ്ങൾ കൊണ്ട് മെഡിക്കൽ ക്യാംപും, മുഖ്യധാരയിലേക്ക് കടന്നുവരാത്ത കുട്ടികൾക്കായി ക്യാംപും നടത്തുന്നു. ആതുരശുശ്രൂഷയിൽ നിന്ന് പിൻവാങ്ങി കലയിലേക്ക് ഇറങ്ങിജീവിക്കുമ്പോഴും ആരിഷ് തന്റെ സൃഷ്ടികളിലൂടെ വാങ്ങുന്നവരുടെ മനസ്സ് ശുശ്രൂഷിക്കുകയാണ്.

English Summary:

From Ayurveda to Art: Doctor Crafts Nostalgic Jewelry with Manjadi Seeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT