ആകാശത്ത് യുവതിക്കു പ്രതിശ്രുത വരന്റെ ഒരിക്കലും മറക്കാനാകാത്ത സർപ്രൈസ്; ആശ്ചര്യപ്പെട്ട് വധു-വിഡിയോ

Mail This Article
ദിവസങ്ങൾക്കകം തന്റെ ഒപ്പം ജീവിതം ആരംഭിക്കാൻ പോകുന്ന പെൺകുട്ടി ജീവിതത്തിൽ എന്നെന്നും ഓർക്കത്തക്ക രീതിയിൽ പ്രതിശ്രുത വരൻ ഒരുക്കിയ ഒരു സർപ്രൈസിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിമാനയാത്രയ്ക്കിടെ വരന്റെ സ്നേഹം നിറഞ്ഞ സന്ദേശം അനൗൺസ്മെന്റ് രൂപത്തിൽ വധുവിനെ തേടിയെത്തുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരി പകർത്തിയ ഈ മനോഹര നിമിഷങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.
വിവാഹത്തിനു രണ്ടു ദിവസം മുമ്പായിരുന്നു അവന്തിക എന്ന വധുവിന്റെ വിമാനയാത്ര. ശാരീരിക അസ്വസ്ഥതകൾ മറികടക്കാനായി മരുന്നു കഴിച്ചിരുന്നതിനാൽ അവന്തിക വിമാനത്തിലിരുന്നു മയങ്ങിപ്പോയി. പെട്ടെന്ന് എയർഹോസ്റ്റസിന്റെ അനൗൺസ്മെന്റ് കേട്ടാണ് അവന്തിക കണ്ണുതുറന്നത്. 'നിങ്ങളുടെ പ്രതിശ്രുതവനായ ദിവ്യമിന്റെ പ്രത്യേക സന്ദേശമാണ് ഇത് എന്ന് ആരംഭിച്ച അനൗൺസ്മെന്റ് കേട്ടതോടെ അവന്തിക ആകെ ആശയക്കുഴപ്പത്തിലായി. തനിക്ക് തന്നെയുള്ള സന്ദേശമായിരിക്കുമോ അതെന്ന സംശയമായിരുന്നു ആദ്യം തോന്നിയത്
അനൗൺസ്മെന്റിന്റെ ബാക്കി ഭാഗം കേട്ടതോടെ അത് വിശ്വസിക്കാനാവാതെ അവന്തിക അത്ഭുതപ്പെട്ടു പോവുകയായിരുന്നു. അവന്തികയും ഒന്നിച്ച് ആരംഭിക്കാൻ പോകുന്ന ജീവിതത്തെ കുറിച്ചോർത്ത് താൻ ഏറെ ഉത്സാഹഭരിതനാണെന്നും അവന്തികയെ തന്റെ ഭാര്യ എന്ന് വിളിക്കാൻ കാത്തിരിക്കുകയാണ് എന്നുമായിരുന്നു സന്ദേശം. ഇതിന് തൊട്ടു പിന്നാലെ ഇരുവർക്കും വിമാനകമ്പനിയുടെ വക ആശംസയും എത്തി. അനൗൺസ്മെന്റ് കേട്ടിരുന്ന സഹയാത്രികരിൽ പലരും ആരാണ് ഈ വധു എന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
അവന്തികയെ തിരിച്ചറിഞ്ഞ ചിലർ ഈ മനോഹര നിമിഷത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതും വിഡിയോയിൽ കാണാം. സന്ദേശം അവസാനിച്ചതോടെ ഒപ്പം ഉണ്ടായിരുന്നവർ നിറഞ്ഞ കയ്യടി നൽകിയാണ് ആശംസകൾ അറിയിച്ചത്. ഇങ്ങനെയൊരു സർപ്രൈസ് ലഭിച്ച സമയത്ത് തനിക്ക് ഉണ്ടായ സന്തോഷം വിവരിക്കാനാവുന്നതല്ല എന്ന് അവന്തിക സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു. ഇരുവരും തമ്മിലുള്ള സ്നേഹം എത്രത്തോളം മനോഹരമാണെന്നതിന്റെ തെളിവാണ് ഇതെന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ.
ഇതിലും മനോഹരമായി പുതിയൊരു ജീവിതം ആരംഭിക്കാനാവില്ല എന്നും ജീവിതാവസാനം വരെ ഈ സന്തോഷം നിലനിൽക്കട്ടെ എന്നും ധാരാളമാളുകൾ ആശംസിക്കുന്നുണ്ട്. ഇരുവരുടെയും പ്രണയത്തിനു മധുരം പകർന്ന് ഒപ്പം നിന്ന വിമാന കമ്പനിയും കയ്യടി അർഹിക്കുന്നു എന്ന് മറ്റു ചിലർ കുറിക്കുന്നു.