ശ്രദ്ധനേടാൻ സൂപ്പർ ഗ്ലൂ ചുണ്ടില്‍ പുരട്ടി യുവാവ്; ഇനി ഈ സാഹസത്തിനു തയാറാകില്ല!

Mail This Article
മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി പലകാര്യങ്ങളും ആളുകൾ ചെയ്യാറുണ്ട്. ഇതിനായി വ്യത്യസ്തമായ ഒരു പരീക്ഷണം നടത്തിയ യുവവാവിനു സംഭവിച്ചത് വലിയ അബദ്ധം. ഫിലിപ്പിൻസ് സ്വദേശിയായ യുവാവിനാണ് വൈറലാകാൻ വേണ്ടി ‘സൂപ്പർ ഗ്ലൂ ചലഞ്ച്’ നടത്തി വിനയായത്. സൂപ്പർഗ്ലൂ ചുണ്ടിൽ പുരട്ടിയായിരുന്നു യുവാവിന്റെ സാഹസം.
യുവാവ് ഒരു കടയിലിരിക്കുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ഒരു സൂപ്പർ ഗ്ലൂ ട്യൂബ് ക്യാമറയിലേക്ക് ഉയർത്തിപ്പിടിക്കുന്നതും കാണാം. തുടർന്ന് യുവാവ് സൂപ്പർഗ്ലൂ ചുണ്ടിൽ പുരട്ടുന്നു. നിമിഷങ്ങൾക്കകം യുവാവിന്റെ ചുണ്ടുകൾ ഒട്ടിപ്പിടിക്കുന്നതും കാണാം. പരിഭ്രമത്തോടെ യുവാവ് അവിടെ നിന്നും എഴുന്നേൽക്കുന്നതും വായ തുറക്കാനാകാതെ ബുദ്ധിമുട്ടുന്നതും വിഡിയോയിലുണ്ട്.
ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ച വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ഇത്തരത്തിലുള്ള പ്രവൃത്തികൾ അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് ചിലർ കമന്റ് ചെയ്തത്. അയാൾ ഇനി ഇത്തരം സാഹസങ്ങൾക്കു മുതിരില്ലെന്നു കമന്റ് ചെയ്തവരും നിരവധിയാണ്. ഇതോടെ ഒരു പാഠം പഠിച്ചു കാണും. ഇനി വായ തുറക്കില്ലെന്ന രീതിയിലുള്ള കമന്റുകളും എത്തി.