ADVERTISEMENT

1997 മുതൽ ഏതാണ്ട് 2012 വരെയുള്ള കാലയളവിനിടയിൽ ജനിച്ചവരാണ് ജെൻ സ‌ിയിൽ ഉൾപ്പെടുന്നത്. അതായത് കൗമാരവും യൗവനവും ആസ്വദിക്കുന്ന ഇന്നത്തെ യുവതലമുറ. രണ്ടുപേർക്കിടയിലെ പ്രണയത്തിന് മറ്റു നിർവചനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തിൽ നിന്നും ഇന്ന് ലോകം ഏറെ മാറിക്കഴിഞ്ഞു. പ്രണയബന്ധത്തിലെ ഓരോ സാഹചര്യത്തിനും ഇന്ന് വ്യത്യസ്ത പേരുകളുണ്ട്. മാനസികവും വൈകാരികവുമായവ അടക്കം പ്രണയബന്ധത്തിലൂടെ ഉണ്ടാകുന്ന ഓരോ അവസ്ഥയ്ക്കും അനുയോജ്യമായാണ് ഇങ്ങനെ പേരുകൾ ലഭിക്കുന്നത്. ജീവിത സാഹചര്യങ്ങളിലെ മാറ്റവും സാങ്കേതികതയുടെ കടന്നുവരവുമടക്കം പലതും ഇന്ന് ബന്ധങ്ങളെ സ്വാധീനിക്കുന്നുണ്ട്. അങ്ങനെ മാറിമറിഞ്ഞ ആധുനിക പ്രണയബന്ധങ്ങളിൽ പങ്കാളികളുടെ പെരുമാറ്റം, പരസ്പരമുള്ള മനസ്സിലാക്കൽ, ഹൃദയത്തിന്റെ അടുപ്പം എന്നിങ്ങനെ ഓരോ ഘടകങ്ങളും കണക്കിലെടുത്തുകൊണ്ടാണ് വ്യത്യസ്ത പേരുകൾ നൽകിയിരിക്കുന്നത്. പ്രധാനമായും ഇവയൊക്കെ ഒരു വ്യക്തിയുടെ മാനസികനിലയെ എങ്ങനെ സ്വാധീനിക്കുന്നു എന്നും കണക്കിലെടുക്കപ്പെടുന്നു. അത്തരത്തിൽ ജെൻ സിയുടെ ഇടയിൽ ട്രെൻഡിങ്ങായ ചില ന്യൂ ജനറേഷൻ റിലേഷൻഷിപ്പ് പദങ്ങൾ പരിചയപ്പെടാം.

ഡെല്യൂഷൻഷിപ്പ്

മിഥ്യ എന്നർഥം വരുന്ന ‘ഡെല്യൂഷൻ’ എന്ന വാക്കും റിലേഷൻഷിപ്പിലെ 'ഷിപ്പും' ചേർന്നുണ്ടായ പദമാണിത്. പ്രണയബന്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടുപേരും പരസ്പരം മിഥ്യാധാരണകളും യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകളും വച്ചുപുലർത്തുന്ന അവസ്ഥയാണ് ഡെല്യൂഷൻഷിപ്പ്. മാനസികമോ വൈകാരികമോ ആയ അടുപ്പം കാത്തുസൂക്ഷിക്കാതെയാവും ഇത്തരം ബന്ധങ്ങൾ മുന്നോട്ടുപോകുന്നത്. പരസ്പരം തുറന്നു സംസാരിക്കാത്ത സാഹചര്യമാണ് പലപ്പോഴും ഇങ്ങനെയൊരു ബന്ധത്തിലേയ്ക്ക് ആളുകളെ കൊണ്ടെത്തിക്കുന്നത്. പരസ്പര ധാരണയില്ലാത്ത ‘ഡെല്യൂഷൻഷിപ്പു’കളിൽ തുടരുന്നത് മാനസികാരോഗ്യത്തെ പോലും പ്രതികൂലമായി ബാധിക്കുന്നു.

കമീലിയണിങ്

ഓന്തിനെപ്പോലെ നിറം മാറ്റുന്ന പ്രകൃതം. അതുതന്നെയാണ് കമീലിയണിങ്. ഇത്തരത്തിലുള്ള ബന്ധങ്ങളിൽ പങ്കാളിയെ ആകർഷിക്കുന്നതിനു വേണ്ടി ഒരാൾ അവരുടെ വ്യക്തിത്വവും താൽപര്യങ്ങളും പെരുമാറ്റവും പൂർണമായും മാറ്റി പ്രകടിപ്പിക്കുന്നു. സ്വന്തം വ്യക്തിത്വം പണയംവച്ച് പങ്കാളിയുടെ താൽപര്യങ്ങൾക്കൊപ്പം യോജിച്ച് പോകാനുള്ള ശ്രമമാണിത്. മനഃപൂർവമോ അല്ലാതെയോ ഇത്തരത്തിൽ വ്യക്തിത്വം അടിമുടി മാറ്റുന്നവരുണ്ട്. ഒരുമിച്ചുള്ള ജീവിതത്തിലും ബന്ധത്തിലും അൽപമൊക്കെ വിട്ടുവീഴ്ചകൾ ചെയ്യുന്നത് പോസിറ്റിവ് ഫലങ്ങൾ നൽകുമെങ്കിലും ഒരു വ്യക്തി എങ്ങനെയാണോ അതേനിലയിൽ നിന്നും പൂർണമായി മാറുന്നത് സമ്മർദങ്ങൾക്കു വഴിവയ്ക്കും.

ലവ് ബോംബിങ്

വൈകാരികമായി ഒരു വ്യക്തിയെ ദുരുപയോഗം ചെയ്യുന്നതിനു സമാനമായ സാഹചര്യം പ്രണയത്തിൽ ഉണ്ടെങ്കിൽ അതിനെയാണ് ലവ് ബോംബിങ് എന്ന് പറയുന്നത്. പങ്കാളിയോട് തെറ്റായ രീതിയിലാണു പെരുമാറുന്നതെങ്കിലും അതെല്ലാം മറയ്ക്കുന്ന തരത്തിൽ സമ്മാനങ്ങളും ശ്രദ്ധയും നൽകി പുകമറ സൃഷ്ടിക്കുന്ന അവസ്ഥയാണിത്. ഒരുവശത്ത് മോശമായ പെരുമാറ്റം അനുഭവിക്കുകയും എന്നാൽ മറുഭാഗത്ത് ആവശ്യത്തിലധികം പരിഗണന ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തിലൂടെയാണ് താൻ കടന്നു പോകുന്നത് എന്ന് പങ്കാളിക്ക് കൃത്യമായി മനസ്സിലാക്കാൻ പോലുമായെന്ന് വരില്ല. തീവ്രമായ അളവിലുള്ള സ്നേഹം സ്ഥിരതയില്ലാത്ത രീതിയിൽ സ്വീകരിക്കുന്നതു ശീലമായി തീരുന്ന അവസ്ഥയാണിത്. മാറിമറിയുന്ന ഈ സാഹചര്യങ്ങൾക്കിടയിൽപ്പെട്ട് ദുർബലരാവുകയും ബന്ധത്തിന് അടിമപ്പെട്ടു പോവുകയും ചെയ്യുന്നു. ഒരു വ്യക്തിയെ മാനസികമായി തകർക്കാൻ ഇതിലും മോശമായ ഒരു സാഹചര്യം വേണ്ടിവരില്ല.

ഫേക്കപ്പ്സ്

ഒന്നിലധികം അർഥങ്ങളുള്ള ഒരു വാക്കാണിത്. പങ്കാളിയുടെ വിശ്വസ്തതയും പ്രണയബന്ധത്തിലെ പ്രതിബദ്ധതയും മനസ്സിലാക്കുന്നതിനു വേണ്ടി സാങ്കൽപികമായി വേർപിരിയുന്ന ഒരു രീതിയാണ് ഫേക്കപ്പ്. ചുറ്റുമുള്ളവരിൽ നിന്നും സഹതാപവും പരിഗണനയും ലഭിക്കുന്നതിനുവേണ്ടി താൻ പങ്കാളിയിൽ നിന്നും വേർപിരിഞ്ഞുവെന്ന് വ്യാജമായി ഭാവിക്കുന്നതും ഫേക്കപ്പിൽ ഉൾപ്പെടുന്നു. പ്രണയബന്ധത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കാതെ ഉടൻതന്നെ ബ്രേക്കപ്പിനെ പറ്റി പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന രീതിയും ഫേക്കപ്പാണ്. ഫലമോ ഏത് നിമിഷവും പങ്കാളി തന്നെ വിട്ടുപോകുമോ എന്ന ആശങ്കയിലും വിഷമത്തിലും മറുഭാഗത്തുള്ളയാൾ കഴിയുകയും അത് മാനസികാരോഗ്യത്തെ വിപരീതമായി ബാധിക്കുകയും ചെയ്യും.

ഇത്തരം സാഹചര്യങ്ങൾ മുൻപും പ്രണയബന്ധങ്ങളിൽ നിലനിന്നിട്ടുണ്ടെങ്കിലും പുതുതലമുറ അവയെ ഓരോന്നിനെയും വേർതിരിച്ചറിയുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ പദങ്ങൾ. സ്വന്തം മാനസികാരോഗ്യത്തിനു യുവതലമുറ ഏറെ ശ്രദ്ധ നൽകുന്നു എന്നതും ഇതിൽ നിന്ന് മനസ്സിലാക്കാം. കടന്നുപോകുന്ന സാഹചര്യം എന്താണെന്ന് കൃത്യമായി മുൻകൂട്ടി മനസ്സിലാക്കാനും ദോഷകരമായ ഒന്നാണെങ്കിൽ അതിൽ നിന്നും പിന്തിരിയാനും ഇവ ജൻ സിയെ സഹായിക്കുന്നുമുണ്ട്.

English Summary:

Decoding Gen Z Relationships: Understanding Delusionships, Love Bombing & More

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com