ഒബാമയുമായുള്ള ബന്ധത്തിൽ ജെനിഫറിന്റെ പ്രതികരണം: ‘രാഷ്ട്രീയ ഭൂമികുലുക്കം’ സൃഷ്ടിക്കുമോ?

Mail This Article
യുഎസ് മുൻപ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫർ അനിസ്റ്റണും തമ്മിൽ പ്രണയത്തിലാണെന്നും മിഷേലുമായുള്ള ബന്ധം ഒബാമ അവസാനിപ്പിക്കുകയാണെന്നുമുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനിടെ സംഭവത്തിൽ ജെനിഫറിന്റെ മുൻപ്രതികരണവും ശ്രദ്ധേയമാകുകയാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരു മാധ്യമത്തോട് ജെനിഫർ മുൻപ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ബറാക് ഒബാമയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിനു ജെനിഫറിന്റെ മറുപടി ഇങ്ങനെ: ‘പ്രശസ്തിക്കുവേണ്ടി ചില മാധ്യമങ്ങൾ അവർക്കിഷ്ടമുള്ളത് എഴുതിപ്പിടിപ്പിക്കുന്നു. എന്താണ് ഇവിടെ സംഭവിക്കുന്നത്? ചില മഞ്ഞപ്പത്രങ്ങൾ ഇങ്ങനെ ചിലകാര്യങ്ങൾ പറയുന്നതിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. മിഷേലിനെ എനിക്ക് അദ്ദേഹത്തേക്കാൾ നന്നായി അറിയാം.’– ജിമ്മി കിമ്മലിന്റെ അഭിമുഖത്തിലായിരുന്നു ജെനിഫറിന്റെ പ്രതികരണം.
ഒബാമയുമായി അടുത്ത സൗഹൃദമില്ലെന്നും അദ്ദേഹത്തിന്റെ ഒരു ആരാധികമാത്രമാണും ജെനിഫര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ‘ഇൻ ടച്ച്’ എന്ന മാസികയിലാണ് ബറാക് ഒബാമയും ജെനിഫറും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത ആദ്യമായി എത്തിയത്. ഇത് സത്യമാണോ എന്ന് അറിയില്ല. സത്യമാണെങ്കിൽ ഒരു രാഷ്ട്രീയ ഭൂമികുലുക്കം സൃഷ്ടിക്കുമെന്നാണ് സംഭവത്തെ കുറിച്ച് പ്രശസ്ത മാധ്യമപ്രവർത്തക മെഗൈൻ കെല്ലി ടെലിവിഷൻ പരിപാടിയിലൂടെ പറഞ്ഞതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. ഒരു പ്രസിഡന്റ് വിവാഹമോചനം നേടിയത് തന്റെ ഓർമയിൽ ഇല്ലെന്നും കെല്ലി കൂട്ടിച്ചേർത്തു. എന്നാൽ ഒബാമയോ മിഷേലോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.