ചത്ത പശുവിന്റെ ശ്വാസകോശവുമായി ക്ലാസിൽ എത്തിയ ബിൽ ഗേറ്റ്സ്: ബോധം കെട്ടുവീണ് സഹപാഠി
Mail This Article
എത്ര വലിയ ഉയരങ്ങളിൽ എത്തിയാലും കുട്ടിക്കാലത്തെ ചില ഓർമകൾ മനസ്സിൽ നിന്നും മായില്ല. ടെക് ബില്യണയറായ ബിൽ ഗേറ്റ്സിനുമുണ്ട് അത്തരത്തിലൊരു ഓർമ. കൗതുകവും അൽപം ഭയവുമൊക്കെ നിറഞ്ഞ ആ ഓർമ പങ്കുവയ്ക്കുകയാണ് ബിൽ ഗേറ്റ്സ്. ഓർമക്കുറിപ്പായ ‘സോഴ്സ് കോഡ്’ പുറത്തിറക്കുന്നതിനു മുന്നോടിയായാണ് കുട്ടിക്കാലത്തെ അനുഭവ കഥ അദ്ദേഹം വിവരിച്ചിരിക്കുന്നത്.
നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് നടന്ന ഒരു സംഭവമാണ് ബിൽ ഗേറ്റ്സ് പങ്കുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ അധ്യാപികയായ കാൾസൺ ഒരു ദിവസം കൗതുകകരമായ എന്തെങ്കിലും വസ്തു ക്ലാസിൽ കൊണ്ടുവരണമെന്നും അത് സഹപാഠികൾക്കു മുന്നിൽ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ബിൽ ഗേറ്റ്സ് അത്തരത്തിൽ എന്തുകൊണ്ടുപോകുമെന്ന് ആലോചനയിലുമായി. ഒടുവിൽ എന്തെങ്കിലും ഐഡിയ ലഭിക്കുമെന്ന പ്രതീക്ഷയിൽ അച്ഛനോടു ചോദിച്ചു. അപ്രതീക്ഷിതമായ ഒരു നിർദ്ദേശമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. അറവുശാലയിൽ പോയി ഒരു ചത്ത പശുവിന്റെ ശ്വാസകോശം സംഘടിപ്പിച്ചാലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
തികച്ചും വ്യത്യസ്തമായ കാര്യമായിരിക്കും അതെന്ന് കുഞ്ഞു ബിൽ ഗേറ്റ്സിനും തോന്നി. പിന്നെ വൈകിയില്ല, അച്ഛനൊപ്പം നേരേ അറവുശാലയിലേയ്ക്ക് വച്ചുപിടിച്ചു. അവിടെ നിന്നും വാങ്ങിയ പശുവിന്റെ ശ്വാസകോശം ഒരു വെള്ള തുണിയിൽ പൊതിഞ്ഞടുത്താണ് സ്കൂളിലേയ്ക്ക് പോയത്. തന്റെ പൊതിക്കുള്ളിൽ എന്തായിരിക്കും എന്നറിയാൻ ആകാംക്ഷയോടെ കാത്തുനിന്ന സഹപാഠികൾക്കും അധ്യാപികയ്ക്കും മുന്നിൽ വലിയ ആവേശത്തോടെയാണ് അദ്ദേഹം പശുവിന്റെ ശ്വാസകോശം തുറന്നു കാട്ടിയത്.
യഥാർഥ ശ്വാസകോശം കണ്ടതോടെ കുട്ടികളിൽ ചിലർക്ക് ആശ്ചര്യവും ഒരു കൂട്ടർക്ക് അറപ്പും മറ്റു ചിലർക്കു ഭയവുമാണ് തോന്നിയത്. എന്നാൽ മറ്റാരും കൊണ്ടുവരാത്ത തരത്തിലുള്ള ഒന്ന് താൻ ക്ലാസിൽ എത്തിച്ചതിന്റെ സന്തോഷത്തിൽ വലിയ ആവേശത്തോടെ ബിൽ ഗേറ്റ്സ് ശ്വാസകോശത്തിന്റെ പ്രവർത്തനം എങ്ങനെയാണ് നടക്കുന്നതെന്ന് വിശദമായി സഹപാഠികൾക്ക് കാണിച്ചുകൊടുത്തു. പക്ഷേ, അദ്ദേഹം പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല കാര്യങ്ങൾ.
ശ്വാസകോശം ചലിക്കുന്നത് കണ്ട മാത്രയിൽ സഹപാഠികളിൽ ഒരാൾ ബോധം കെട്ടുവീണു. എന്തുചെയ്യണമെന്നറിയാതെ അധ്യാപികയും ആശയക്കുഴപ്പത്തിലായി. ഒടുവിൽ കൊണ്ടുവന്ന വസ്തു നന്നായിട്ടുണ്ടെന്നും എന്നാൽ എത്രയും വേഗം അത് ക്ലാസിൽ നിന്നും പുറത്തുകൊണ്ടുപോകണമെന്നും അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. ഇത്രയും കടന്നകൈ ഒരു വിദ്യാർഥി ചെയ്യുമെന്ന് ഒരിക്കലും അധ്യാപിക കരുതിയിട്ടുണ്ടാവില്ല എന്നും ബിൽ ഗേറ്റ്സ് പറയുന്നുണ്ട്.
ക്ലാസിൽ വച്ച് ശ്വാസകോശം കയ്യിലെടുക്കുന്ന സമയത്ത് ഗ്ലൗവ്സ് പോലും ധരിച്ചിരുന്നില്ല എന്നും അദ്ദേഹം ഓർത്തെടുക്കുന്നു. കുട്ടിക്കാലത്ത് നടന്ന സംഭവം അതേപടി പുനരാവിഷ്കരിച്ചുകൊണ്ടാണ് ബിൽ ഗേറ്റ്സ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ശ്വാസകോശം പ്രവർത്തിപ്പിക്കുന്ന സമയത്ത് ഗ്ലൗവ്സ് ധരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഈ സംഭവത്തിനു പുറമേ അദ്ദേഹത്തിന്റെ ബാല്യകാലത്തെ രസകരമായ പല ഓർമകളും മൈക്രോസോഫ്റ്റിന്റെ തുടക്കകാലവും എല്ലാം അടങ്ങുന്ന ഓർമക്കുറിപ്പ് ഫെബ്രുവരിയിൽ പുറത്തിറങ്ങും.