മസ്ക് ആളൊരു രസികനാ! ഗർഭകാലം ചെലവഴിച്ചത് ആഡംബരവീട്ടിൽ: പ്രണയബന്ധത്തെ കുറിച്ച് യുവതി

Mail This Article
ശതകോടീശ്വരൻ ഇലോൺ മസ്കുമായുള്ള ബന്ധത്തിൽ കൂടുതൽ വിശദീകരണവുമായി എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെയ്ന്റ് ക്ലയര്‍. അഞ്ചുമാസം മുൻപ് മസ്കിന്റെ കുഞ്ഞിനു ജൻമം നൽകി എന്ന അവകാശവാദം ഉന്നയിച്ചതിനു തൊട്ടുപിന്നാലെയാണ് ആഷ്‌ലി വിശദീകരണവുമായി എത്തിയത്. മസ്കുമായുണ്ടായിരുന്ന രഹസ്യ പ്രണയബന്ധത്തെ കുറിച്ച് ന്യൂയോർക്ക് പോസ്റ്റിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇരുപത്തിയാറുകാരിയായ ആഷ്‌ലി വിശദീകരിച്ചത്. മസ്ക് വളരെ വിനയാന്വിതനും തമാശക്കാരനുമാണെന്ന് ആഷ്‌ലി പറഞ്ഞു. സുരക്ഷയെ കണക്കിലെടുത്ത് കുഞ്ഞിന്റെ കാര്യം അതീവരഹസ്യമായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നതായും യുവതി ആരോപിച്ചു.
‘‘മസ്ക് വളരെ തമാശക്കാരനും ഊർജസ്വലനുമാണ്. എക്സ് വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. ഞാൻ അതൊരു സാധാരണ സൗഹൃദമായാണ് ആദ്യം കരുതിയത്. കൂടുതൽ താത്പര്യമൊന്നും ഇലോണിൽ എനിക്കുണ്ടായിരുന്നില്ല. ഒരിക്കൽ സാൻഫ്രാൻസിസ്കോയിലാണോ ഓസ്റ്റിനിലാണോ ഇപ്പോഴുള്ളതെന്ന് ചോദിച്ചു. ജോലിയുടെ ഭാഗമായി ഞാൻ ഓസ്റ്റിനിലും ടെക്സസിലും ഉണ്ടാകാറുണ്ടെന്ന് മറുപടി നൽകി.’’ –മസ്കുമായുള്ള പ്രണയബന്ധം തുടങ്ങിയതിനെ കുറിച്ച് ആഷ്‌ലി സെയ്ന്റ് ക്ലയർ വിശദീകരിച്ചു.
ആ സമയത്ത് ഒരു ഓൺലൈൻ വെബ്സൈറ്റിൽ ജോലിചെയ്യുകയായിരുന്നെന്നും ട്വിറ്റർ വിവാദങ്ങളുമായി ബന്ധപ്പെട്ട് മസ്കിനെ അഭിമുഖം നടത്താനായി സാൻഫ്രാൻസിസ്കോയിലേക്കു പോയെന്നും ആഷ്‌ലി വ്യക്തമാക്കി. ‘‘ആ അഭിമുഖത്തിനു ശേഷം അദ്ദേഹത്തിന്റെ ഒരു സന്ദേശം എനിക്കു ലഭിച്ചു. ഇന്ന് രാത്രി റോഡ് ഐലൻഡിലെ പ്രൊവിഡൻസിലേക്കു വരുമോ എന്ന് ചോദിച്ചു. അവിടെ വച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങിയത്.’’–ആഷ്‌ലി വ്യക്തമാക്കി.
ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കു മാത്രമാണ് ഗർഭിണിയായ വിവരം അറിഞ്ഞിരുന്നതെന്നും ആഷ്‌ലി പറഞ്ഞു. ‘ഇക്കാര്യം പരമാവധി രഹസ്യമായി സൂക്ഷിക്കാന്‍ ശ്രമിച്ചു. ഗർഭകാലം മുഴുവൻ പുറത്തിറങ്ങിയില്ല. ഇക്കാര്യം ആരോടും പറയരുതെന്ന നിർദേശമുണ്ടായിരുന്നു. അത്യാഡംബര അപാർട്മെന്റിലാണ് മസ്ക് എന്നെ താമസിപ്പിച്ചത്. കനത്ത സുരക്ഷയും ഏർപ്പെടുത്തി. പക്ഷേ, പ്രണയം നഷ്ടമായി. കടുത്ത ഏകാന്തത അനുഭവിച്ചു.’– യുവതി കൂട്ടിച്ചേർത്തു. ചില മാധ്യമങ്ങൾ ഇക്കാര്യം അറിയാനിടയാകുകയും വാർത്ത പുറത്തറിയുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് താൻ നേരിട്ട് കാര്യങ്ങൾ പൊതുസമൂഹത്തെ അറിയിക്കാൻ തീരുമാനിച്ചതെന്നും ആഷ്‌ലി സെയ്ന്റ് ക്ലയർ അറിയിച്ചു.