ADVERTISEMENT

പ്രണയബന്ധങ്ങൾ ഉണ്ടാക്കാൻ എല്ലാവർക്കും സാധിക്കും. പക്ഷേ ആ പ്രണയം ദീർഘകാലത്തേക്ക് കൊണ്ടുപോകാൻ ചിലർക്കു മാത്രമേ കഴിയൂ. പ്രണയത്തിന്റെ ആദ്യഘട്ടത്തിൽ സ്വഭാവത്തിലെ നല്ല കാര്യങ്ങൾ മാത്രം പ്രകടിപ്പിക്കുകയും മോശം കാര്യങ്ങൾ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യുന്ന പ്രവണത മിക്കവരും കാണിക്കാറുണ്ട്. പക്ഷേ ബന്ധം മുന്നോട്ടുപോകുന്തോറും യഥാർഥ സ്വഭാവം പുറത്തു വരികയും ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാവാൻ കാരണമാവുകയും ചെയ്യും. പ്രണയബന്ധത്തിന്റെ ആദ്യ നാളുകളിൽ താൻ വിശാലമനസ്സുള്ളയാളാണെന്ന് പറയുകയും എന്നാൽ ബന്ധം മുന്നോട്ടു പോകുമ്പോൾ പങ്കാളിയുടെ സ്വാതന്ത്ര്യത്തിനുമേൽ നിയന്ത്രണം വയ്ക്കുകയും ചെയ്യുന്ന ചിലരുണ്ട്. അപ്പുറത്ത് നിൽക്കുന്ന ആളിന്റെ സ്വഭാവത്തിലെ ഈ മാറ്റങ്ങൾ  പങ്കാളികളെ ദേഷ്യം പിടിപ്പിക്കാറുണ്ട്. പ്രണയിക്കുന്ന ആളിന്റെ മേൽ അധികാരവും നിയന്ത്രണവും ഏർപ്പെടുത്തുന്നത് പ്രണയം തകരാൻ പലപ്പോഴും കാരണമാകാം. പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന പങ്കാളികൾ ഉണ്ടെങ്കിൽ മാത്രമേ പ്രണയം ദീർഘകാലം നിലനിൽക്കുകയുള്ളൂ. ആരോഗ്യകരമായ ഒരു ബന്ധം കെട്ടിപ്പടുക്കണമെങ്കിൽ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം. 

സ്വന്തം സന്തോഷങ്ങൾ കണ്ടെത്തുക

പങ്കാളിക്ക് നിങ്ങളെ സന്തോഷിപ്പിക്കാൻ കഴിയുമെങ്കിലും  എപ്പോഴും സന്തോഷത്തിനായി അതേ വ്യക്തിയെ ആശ്രയിക്കരുത്. സാഹചര്യങ്ങൾ കൊണ്ടോ മാനസികാവസ്ഥ കൊണ്ടോ ചിലപ്പോഴൊക്കെ അവർ നിങ്ങളെ മുറിപ്പെടുത്തിയേക്കാം. അതുകൊണ്ട് സ്വന്തം സന്തോഷത്തിന്റെ താക്കോൽ മറ്റാരെയും ഏൽപ്പിക്കാതെ, സന്തോഷിക്കാനുള്ള വഴികൾ സ്വയം തേടേണ്ടതാണ്. ഒറ്റയ്ക്കുള്ള നടത്തമോ വായനയോ  ഇഷ്ടമുള്ള പലഹാരം തനിയെ ഉണ്ടാക്കി കഴിക്കുന്നതോ ഇഷ്ടമുള്ള പാട്ട് കേൾക്കുന്നതോ അങ്ങനെ മനസ്സിനു സന്തോഷവും സമാധാനവും പകരുന്ന കാര്യങ്ങൾ ചെയ്ത്  സന്തോഷം കണ്ടെത്താം. 

വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിക്കുക

ചെയ്യാമെന്ന് ഉറപ്പുള്ള കാര്യങ്ങൾക്കു മാത്രം  വാക്ക് നൽകാൻ ശ്രമിക്കുക. ഏതെങ്കിലും കാര്യങ്ങൾ ചെയ്യാമെന്ന് ഉറപ്പു പറഞ്ഞിട്ട് അത് ചെയ്യാതിരിക്കുക,  മറന്നുപോയെന്നു പറയുക തുടങ്ങിയവ ബന്ധങ്ങളുടെ വിശ്വാസ്യതയെ തകർക്കും. കാര്യങ്ങൾ ചെറുതോ വലുതോ ആവട്ടെ, ചെയ്യാൻ പറ്റുമെന്നുറപ്പുള്ളവ മാത്രം ചെയ്യാമെന്ന് പറയുക. ഇന്ന് നിനക്കായി പ്രിയപ്പെട്ട ഡിന്നർ ഒരുക്കാം, കുഞ്ഞിനെ ഡേ കെയറിൽനിന്ന് ഞാൻ തന്നെ വിളിച്ചു കൊണ്ടു വരാം തുടങ്ങിയ കാര്യങ്ങൾ ചെയ്യാമെന്നുറപ്പ് പറയുകയും  സമയമാകുമ്പോൾ, ഞാൻ മറന്നു പോയി,  ഓർത്തില്ല തുടങ്ങിയ ഒഴിവുകഴിവുകൾ പറയുകയും ചെയ്യുന്നത്  ഒഴിവാക്കണം.

തെറ്റുപറ്റിയെന്ന് സമ്മതിക്കാൻ മനസ്സു കാട്ടുക

പങ്കാളിയോട് ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തെങ്കിൽ അത് ഒളിച്ചു വയ്ക്കുകയോ അതിന്റെ  പഴി മറ്റുള്ളവരുടെ മേൽ ചാരുകയോ ചെയ്യാതെ അത് ഏറ്റെടുക്കാൻ തയാറാവുക. പങ്കാളികളോട് മനസ്സു തുറന്ന് മാപ്പ് പറയുക. ഒഴിവുകഴിവുകളും ന്യായീകരണങ്ങളും നിരത്താതെ, ചെയ്തത് തെറ്റാണെന്ന് തുറന്നു സമ്മതിക്കുക. നിങ്ങളുടെ തെറ്റിന്റെ പാപഭാരം  തെറ്റുചെയ്യാത്ത മറ്റുള്ളവർ അനുഭവിക്കാൻ  ഒരിക്കലും ഇടവരരുത്.

യാഥാർഥ്യത്തെ അംഗീകരിക്കുക

ജീവിതത്തിൽ പ്രതീക്ഷകൾ ഉണ്ടാവണം. എന്നാൽ ജീവിതത്തിൽ എല്ലാ കാര്യങ്ങളും പ്രതീക്ഷിക്കുന്നതുപോലെ തന്നെ നടക്കണമെന്ന് നിർബന്ധം പിടിക്കരുത്. ജീവിതത്തിൽ നല്ല സമയങ്ങൾ ഉള്ളതുപോലെ തന്നെ മോശം സമയം ഉണ്ടെന്നും അത്തരം സമയങ്ങളിൽ , അതിനെ അതിജീവിക്കാൻ പങ്കാളിയുമായി ഒരുമിച്ച് നിൽക്കണമെന്നും മനസ്സിലാക്കുക. ജീവിതത്തിൽ പെർഫെക്ഷൻ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ല. പക്ഷേ എല്ലാ കാര്യത്തിലും അതുണ്ടാവണമെന്ന് വാശി പിടിക്കരുത്. അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുമ്പോൾ എടുത്തുചാടി തീരുമാനമെടുക്കാതെ, സംയമനത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഒരുമിച്ച് തീരുമാനമെടുക്കാനും ശ്രമിക്കണം. ജീവിതത്തിലെ യാഥാർത്ഥ്യങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാൻ ശ്രമിച്ചാൽ ഏതു ബന്ധവും മനോഹരമാകും. 

ഉപദേശം വേണ്ട, മനസ്സ് തുറന്നു കേട്ടാൽ മതി

പങ്കാളി എന്തെങ്കിലും വിഷമങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് സംസാരിക്കുന്ന അവസരത്തിൽ വെറുതെ ഉപദേശിക്കാൻ നിൽക്കരുത്. ആദ്യം അവർക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാനുള്ള ക്ഷമ കാണിക്കണം. അവർ ആവശ്യപ്പെട്ടാൽ മാത്രം ഉപദേശിക്കാം. ചില സമയത്ത് അവർക്ക് ഉപദേശികളെക്കാൾ ആവശ്യം അവർ പറയുന്നത് മനസ്സ് തുറന്ന് കേൾക്കാൻ തയ്യാറുള്ള ഒരാളെ ആയിരിക്കും. അതുകൊണ്ട് പങ്കാളി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുമായി സമീപിക്കുമ്പോൾ എടുത്തുചാടി ഉപദേശിക്കാൻ നിൽക്കാതെ അവർക്ക് പറയാനുള്ളത് ശാന്തമായി കേൾക്കാം. ചില സമയത്ത് ഒരു ആശ്വാസവാക്ക് പോലും അവർ നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നില്ലായിരിക്കാം. കാര്യങ്ങൾ വിശ്വസിച്ച് തുറന്നു പറയാവുന്ന ആൾ മാത്രമാവും അവർക്ക് നിങ്ങൾ .

English Summary:

Secrets to Building a Lasting Relationship: Tips for Long-Term Love

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com