‘ഗോവിന്ദയെ തന്നിൽ നിന്ന് വേർപിരിക്കാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ?’: മലക്കം മറിഞ്ഞ് സുനിത

Mail This Article
ബോളിവുഡ് താരം ഗോവിന്ദയും ഭാര്യ സുനിത അഹുജയും വിവാഹബന്ധം വേർപ്പെടുത്തുന്നു എന്ന വാർത്തകൾ മാധ്യമങ്ങളിൽ സജീവമായി തുടരുന്നതിനിടെ നിലവിലെ ജീവിത സാഹചര്യം എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുനിത. ഇക്കാര്യം വ്യക്തമാക്കി സുനിത പങ്കുവച്ച വിഡിയോ ഇപ്പോൾ ശ്രദ്ധനേടുന്നത്. പുറത്തുവരുന്ന വാർത്തകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് സുനിതയുടെ പ്രതികരണം.
ഏതുതരത്തിൽ വാർത്തകൾ വന്നാലും തന്നെയും ഗോവിന്ദയെയും പിരിക്കാൻ ആർക്കും സാധിക്കില്ല എന്ന് സുനിത പറയുന്നു. നിലവിൽ രണ്ടിടങ്ങളിലായിലായാണ് ഇരുവരും താമസിക്കുന്നത്. എന്നാൽ ഗോവിന്ദ രാഷ്ട്രീയത്തിൽ സജീവമായതിനെ തുടർന്ന് ഇത്തരം ഒരു സാഹചര്യത്തിലേയ്ക്ക് എത്തുകയായിരുന്നെന്നും സുനിത വ്യക്തമാക്കി.
ഗോവിന്ദ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയ സമയത്ത് മകൾ വളർന്നുവരികയായിരുന്നു. പാർട്ടി പ്രവർത്തകർ എപ്പോഴും വീട്ടിലേയ്ക്ക് കയറി വരുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിച്ച് സ്വതന്ത്രമായി വീടിനുള്ളിൽ ചെലവിടാൻ പോലും പറ്റാത്ത നിലയിലേയ്ക്ക് കാര്യങ്ങൾ എത്തി. ഇതേ തുടർന്ന് വീടിനടുത്ത് തന്നെ ഒരു ഓഫിസ് തുറക്കുകയും ചെയ്തു. ഇതിനപ്പുറം മറ്റൊന്നും സംഭവിച്ചിട്ടില്ല. ഗോവിന്ദയെയും തന്നെയും വേർപിരിക്കാൻ ആർക്കെങ്കിലും ധൈര്യമുണ്ടെങ്കിൽ മുന്നോട്ട് വരണം എന്ന് തങ്ങളുടെ ബന്ധത്തിന്റെ ദൃഢത വെളിവാക്കിക്കൊണ്ട് സുനിത ഉറച്ച സ്വരത്തിൽ പറയുന്നുണ്ട്.
മുൻപ് ഒരു അഭിമുഖത്തിൽ രണ്ടിടങ്ങളിലാണ് താമസം എന്ന് സുനിത സൂചിപ്പിച്ചിരുന്നു. ഗോവിന്ദയ്ക്കും കുടുംബത്തിനും അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പാർട്ട്മെന്റ് ബംഗ്ലാവുമുണ്ട്. ഈ അപ്പാർട്ട്മെന്റിലാണ് മക്കൾക്കൊപ്പം സുനിത കഴിയുന്നത്. വൈകിയുള്ള മീറ്റിങ്ങുകളും കൂടിച്ചേരലുകളും മൂലം ഗോവിന്ദ ഏറെ സമയവും ബംഗ്ലാവിൽ തന്നെയാവും. ഈ ജീവിത സാഹചര്യമാണ് വേർപിരിയൽ സംബന്ധിച്ച് വാർത്തകൾക്ക് ആധാരമായത്.
അതേസമയം ആറുമാസങ്ങൾക്കു മുൻപ് സുനിത വിവാഹമോചനം തേടിക്കൊണ്ട് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ആ പ്രശ്നം പരിഹരിക്കപ്പെടുകയും ഇരുവരും തമ്മിൽ വീണ്ടും ഒത്തുപോകാൻ തീരുമാനിക്കുകയും ചെയ്തു. നിലവിൽ ഗോവിന്ദയും ഭാര്യയും ശക്തമായ ദാമ്പത്യത്തിൽ തന്നെയാണ് തുടരുന്നത് എന്ന് ഗോവിന്ദയുടെ അഭിഭാഷകനും വ്യക്തമാക്കി. 1987 ൽ ആയിരുന്നു ഗോവിന്ദയുടെയും സുനിതയുടെയും വിവാഹം.