ADVERTISEMENT

പ്രണയബന്ധത്തിൽ ആണെങ്കിലും വിവാഹ ജീവിതത്തിലാണെങ്കിലും കാലം ചെല്ലുംതോറും അതിപരിചിതത്വം കാരണം ചില അകൽച്ചകൾ ഉണ്ടാവാറുണ്ട്. പ്രണയിതാക്കൾ അല്ലെങ്കിൽ പങ്കാളികൾ എന്ന അവസ്ഥയിൽ നിന്നൊക്കെ മാറി കേവലം ‘റൂം മേറ്റ്സ്’ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താറുണ്ട്. ഒരുമിച്ചുള്ള സന്തോഷങ്ങളേക്കാൾ വ്യക്തിഗത വളർച്ചയ്ക്കു വേണ്ട കാര്യങ്ങളെക്കുറിച്ചും ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കാനായിരിക്കും ഇരുവർക്കും താൽപര്യം. അങ്ങനെ കാലക്രമേണ ബന്ധങ്ങളിലെ ഊഷ്മളത നഷ്ടപ്പെട്ടു പോകാനിടയുണ്ട്. എന്നാൽ പ്രണയത്തിലെ തുടക്കകാലത്തേതിന് സമാനമായ ഇഷ്ടം പരസ്പരം നിലനിർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പങ്കാളികൾ ചില കാര്യങ്ങൾക്കായി അൽപസമയം നീക്കിവെക്കേണ്ടതായുണ്ട്.

പ്രണയത്തിലെ അല്ലെങ്കിൽ വിവാഹ ജീവിതത്തിലെ ആദ്യ സമയത്തുള്ള വൈകാരിക അടുപ്പം കാലക്രമേണ നഷ്ടപ്പെടുന്നു എന്ന് തോന്നിയാൽ മനഃപ്പൂർവം തന്നെ സമയം കണ്ടെത്തി ആ വൈകാരിക അടുപ്പത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കണം.

ഒഴിവു കഴിവ് വേണ്ട, ഒരുമിച്ച് മിണ്ടാം

ബന്ധങ്ങളിലെ പൂർവകാല ഇഴയടുപ്പം തിരിച്ചു പിടിക്കാൻ പങ്കാളികൾക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തണം. എത്ര തിരക്കുണ്ടെങ്കിലും ദിവസവും പങ്കാളിയോട് മനസ്സു തുറന്ന് സംസാരിക്കാൻ ശ്രമിക്കണം. അന്നു നടന്ന നല്ല കാര്യങ്ങളെക്കുറിച്ചും മോശം കാര്യങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കാം. വീട്ടുജോലിയുടെയോ ജോലി സമ്മർദ്ദത്തിന്റെയോ പേരിൽ പരസ്പരം സംസാരിക്കാതിരിക്കരുത്. വൈകിട്ടത്തെ ചായ നേരങ്ങളിലോ സായാഹ്നസവാരിക്കു പോകുമ്പോഴോ പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാം.

വിഷമങ്ങൾ ചോദിച്ചു മനസ്സിലാക്കാം

പങ്കാളിയുടെ ജീവിതത്തിൽ ഇന്ന് നടന്ന കാര്യങ്ങളെ കുറിച്ച് അറിയാൻ ശരിക്കും താൽപര്യം ഉണ്ടെന്ന് തോന്നുന്ന തരത്തിൽ വേണം സംസാരം മുന്നോട്ടുകൊണ്ടുപോകാൻ. ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു എന്നതുപോലെയുള്ള സാധാരണ കാര്യങ്ങൾ ചോദിക്കാം. അവരുടെ മനസ്സിനെ വിഷമിപ്പിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മനസ്സു തുറന്നു കേൾക്കുകയും മറികടക്കാനുള്ള മാർഗങ്ങൾ ഉപദേശിക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ അവരുടെ മനസ്സിലുള്ള സമ്മർദം കുറയുകയും അവർ മനസ്സ് തുറന്ന് സംസാരിക്കാൻ തയാറാവുകയും ചെയ്യും.

പരസ്പരം വളരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാം

നിലവിലെ ജോലിയെ കുറിച്ച് നിരന്തരം പരാതി പറയുന്ന പങ്കാളിയാണുള്ളതെങ്കിൽ കുറച്ചുകൂടി സമാധാനത്തോടെ ജോലി ചെയ്യാൻ അന്തരീക്ഷമുള്ള സ്ഥലത്തേക്ക് മാറാമെന്ന് അവരോട് പറയാം. അങ്ങനെ ചെയ്യുമ്പോൾ അവർക്ക് സാമ്പത്തികമായി ചില നഷ്ടങ്ങൾ ഉണ്ടാകുമെങ്കിൽ തങ്ങളും സാമ്പത്തികമായി അവരെ സഹായിക്കാൻ ശ്രമിക്കാം എന്ന് ഉറപ്പു നൽകാം. നിലവിലെ ജോലി ഒരുതരത്തിലും ഉപേക്ഷിക്കാനുള്ള സാഹചര്യം അല്ലെങ്കിൽ പുതിയ ഹോബികൾക്കായി സമയം ചെലവഴിക്കുന്നതിന് അവരെ പ്രേരിപ്പിക്കാം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ സമ്മർദ്ദം അകലുന്നതിനാൽ അവരുടെ ജീവിതം നിലവിലെ സാഹചര്യത്തിൽ നിന്ന് കുറച്ചുകൂടി മെച്ചപ്പെടും. അത് വ്യക്തി എന്ന നിലയിൽ മെച്ചപ്പെടാൻ അവരെ സഹായിക്കുക മാത്രമല്ല കുടുംബ ബന്ധത്തിലെ ഊഷ്മളത തിരികെ കൊണ്ടുവരാനും സഹായിക്കും.

Representative Image: nortonrsx/ Istock
Representative Image: nortonrsx/ Istock

പിശുക്കില്ലാതെ അഭിനന്ദിക്കാം

പങ്കാളി ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ മനസ്സു തുറന്ന് അഭിനന്ദിക്കണം. നല്ല ആഹാരം ഉണ്ടാക്കി തരുമ്പോഴും സർപ്രൈസ് ആയി ഒരു യാത്ര കൊണ്ടുപോകുമ്പോഴും, എന്തിനേറെ, ഡ്രസ്സ് നന്നായി ഇസ്തിരിയിട്ടു തന്നാൽ പോലും അവരെ അഭിനന്ദിക്കാം. തമ്മിൽ സംസാരിക്കുമ്പോൾ വളരെ ഗൗരവമുള്ള കാര്യങ്ങൾ മാത്രമല്ല ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ കുറിച്ചും പരാമർശിക്കുകയും പരസ്പരം നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് ബന്ധങ്ങളിലെ ഇഴയടുപ്പം കൂട്ടാൻ സഹായിക്കും.

ഓർമകളിലേക്ക് ഒരുമിച്ച് ഊളിയിടാം

ജോലിയിലെ സമ്മർദ്ദവും തിരക്കുകളും കാരണം യാത്രകൾ പോകാനോ ഒരുമിച്ച് സമയം ചെലവഴിക്കാനോ സാധിക്കുന്നില്ലെങ്കിൽ, കിട്ടുന്ന സമയത്ത് പഴയ കാര്യങ്ങളെക്കുറിച്ച് ഒരുമിച്ച് ഓർത്തെടുക്കാൻ ശ്രമിക്കാം. പ്രണയത്തിന്റെ ആദ്യകാലത്ത് ആദ്യമായി പോയ സ്ഥലത്തെക്കുറിച്ചും അന്നെടുത്ത ചിത്രങ്ങളെക്കുറിച്ചും ആ യാത്രയിലുള്ള അനുഭവങ്ങളെ കുറിച്ചും പരസ്പരം സംസാരിക്കാം. ബന്ധം തുടങ്ങിയ സമയത്ത് എത്ര ഊഷ്മളമായാണ് പരസ്പരം സ്നേഹിച്ചിരുന്നതെന്ന് ഓർമപ്പെടുത്താൻ അത്തരം കാര്യങ്ങൾ സഹായിക്കും.

പുതിയ കാര്യങ്ങൾ പഠിക്കാൻ പ്രോത്സാഹിപ്പിക്കാം

ഒരു പുതിയ ഭാഷ പഠിക്കുന്നതു പോലെയോ ജോലിയിൽ ഉയരാൻ ആവശ്യമായ നൈപുണ്യ വികസന കോഴ്സിനു ചേരുന്നതുപോലെയുള്ള കാര്യങ്ങൾ ഒരുമിച്ച് ചെയ്യാം. ഓരോരുത്തർക്കും ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാം. കോഴ്സ് കഴിഞ്ഞ ശേഷം പരീക്ഷ എഴുതുന്നതും അതിൽ വിജയിക്കുന്നതുമെല്ലാം പരസ്പരം ആസ്വദിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ വൈകാരികമായി മാത്രമല്ല ബൗദ്ധികമായ ഇഴയടുപ്പവും വർധിക്കാൻ സഹായിക്കും. മത്സരാധിഷ്ഠിത ലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിക്കാൻ ഇത്തരം കാര്യങ്ങൾ സഹായിക്കും. കരിയറിലും വ്യക്തിജീവിതത്തിലും ഉയരാനും ഈ കാര്യങ്ങൾ ഉപകരിക്കും.

വെല്ലുവിളികളിൽ പിന്തുണയ്ക്കാം

പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പരസ്പരം പ്രോത്സാഹിപ്പിക്കാം. നിലവിലെ ജോലി മാറാൻ ആഗ്രഹമുള്ള ആളാണ് പങ്കാളി എങ്കിൽ അവർക്ക് സാമ്പത്തിക പിന്തുണയേകി പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള അവസരം നൽകാം. ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങാനാണ് പങ്കാളിക്കു താൽപര്യമെങ്കിൽ അതിനും ഒപ്പം നിൽക്കാം. ചില തീരുമാനങ്ങൾ ജീവിതത്തിൽ വെല്ലുവിളി ആകുമെങ്കിലും അതുമൂലം ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും ഞാൻ ഒപ്പമുണ്ടെന്ന് പിന്തുണ നൽകാം. പുതിയ കാര്യങ്ങൾ തുടങ്ങാനുള്ള ഭയത്തെ മറികടക്കാൻ ഇത്തരം പിന്തുണകൾ സഹായിക്കും. കംഫർട്ട് സോണിൽ നിന്ന് മാറി പുതിയ കാര്യങ്ങൾ ചെയ്യാൻ പങ്കാളിയുടെ പിന്തുണ കരുത്തേകും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com