‘ഇത് എന്റെ തീരുമാനമാണ്’: വിവാഹ മോചന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് മിഷേൽ ഒബാമ

Mail This Article
പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിലും വിവാഹ മോചന അഭ്യൂഹങ്ങളിലും പ്രതികരണവുമായി യുഎസ് മുൻപ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ. സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നതിനായാണ് തിരക്കുകളില്‍ നിന്ന് വിട്ടുനിൽക്കുന്നതെന്ന് മിഷേൽ പറഞ്ഞു. നടി സോഫിയ ബുഷിന്റെ വർക്ക് ഇൻ പ്രോഗ്രസ് എന്ന പോഡ്കാസ്റ്റിലായിരുന്നു മിഷേലിന്റെ പ്രതികരണം. മക്കൾ അവരുടെ കാര്യങ്ങൾ നോക്കാൻ പ്രാപ്തരായെന്നും ഇനി സ്വന്തം കാര്യങ്ങൾക്ക് മുൻഗണന നൽകാനാണ് ആഗ്രഹിക്കുന്നതെന്നും മിഷേൽ അറിയിച്ചു. മിഷേലും ബറാക് ഒബാമയും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ, മുൻപ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ സംസ്കാര ചടങ്ങ് തുടങ്ങിയവയിൽ നിന്ന് മിഷേൽ വിട്ടുനിന്നത് ചർച്ചയായിരുന്നു. ഈ ചടങ്ങുകൾക്കെല്ലാം ഒബാമ ഒറ്റയ്ക്കാണ് എത്തിയത്. തുടര്‍ന്ന് ഒബാമയ്ക്കും മിഷേലിനും ഇടയിൽ അസ്വാരസ്യങ്ങളുണ്ടെന്നും വാർത്തകൾ പ്രചരിച്ചു. ‘വർഷങ്ങൾക്കു മുൻപേ ഞാൻ ഈ തീരുമാനങ്ങൾ എടുത്തിരുന്നു. പക്ഷേ, എനിക്ക് അത് നടപ്പാക്കാൻ കഴിഞ്ഞില്ല. എന്നെക്കാൾ കൂടുതല്‍ ഞാൻ എന്റെ കുട്ടികൾക്കു വേണ്ടിയാണ് ജീവിച്ചത്. ഞാൻ എന്തുകൊണ്ടാണ് ഈ തീരുമാനങ്ങൾ നടപ്പാക്കാൻ താമസിക്കുന്നതെന്നതു സംബന്ധിച്ച് കുട്ടികൾക്കു വേണ്ടി ജീവിക്കുന്നു എന്നാണ് എന്നോട് തന്നെ പറഞ്ഞിരുന്നത്.’– മിഷേൽ സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘സെൽഫ് കെയറി’നാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും മിഷേൽ കൂട്ടിച്ചേർത്തു. ‘ഈ വര്‍ഷത്തെ എന്റെ കലണ്ടർ ഞാൻ എനിക്കു വേണ്ടി എന്തെല്ലാം ചെയ്യുന്നു എന്നതിന് ഉദാഹരണമാണ്. ചിലത് ചെയ്തു. മറ്റുള്ളവർ പറയുന്നതിനനുസരിച്ചല്ല. എനിക്ക് എന്തെല്ലാം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവോ അത് ചെയ്യാനാണ് ഞാനിപ്പോൾ സമയം കണ്ടെത്തുന്നത്.’– മിഷേൽ പറഞ്ഞു.
മിക്ക സ്ത്രീകളും അവർക്കു വേണ്ടി ജീവിക്കാൻ മറന്നുപോകുന്നവരാണ്. സ്ത്രീകൾ തീരുമാനങ്ങൾ എടുക്കുമ്പോൾ പലപ്പോഴും ആളുകളുടെ നിഗമനങ്ങൾ നിരാശപ്പെടുത്തുമെന്നും മിഷേൽ കൂട്ടിച്ചേർത്തു. ‘ഞാൻ എനിക്കുവേണ്ടി സമയം കണ്ടെത്തുമ്പോൾ ആളുകൾ പറയുന്നത് ഞാനും ഭർത്താവും തമ്മിൽ വേർപിരിയുകയാണെന്നാണ്.’– മിഷേൽ പറഞ്ഞു. സ്ത്രീ ശാക്തീകരണം സംബന്ധിച്ചുള്ള പരിപാടികളിലെല്ലാം സജീവ സാന്നിധ്യമാണ് മിഷേൽ. യുഎസ് പ്രസഡിന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡോണൾഡ് ട്രംപിന് വോട്ട് ചെയ്യരുതെന്ന് മിഷേൽ അഭ്യർഥിച്ചത് ചർച്ചയായിരുന്നു