ADVERTISEMENT

ബെഞ്ചിങ്, ഗ്യാസ്‌ലൈറ്റിങ്, ബ്രെഡ്‌ക്രംബിങ് തുടങ്ങിയ പ്രവണതകൾ പ്രണയത്തിൽ പരീക്ഷിക്കപ്പെടുന്ന പുതിയ കാലത്ത് എല്ലാത്തിൽ നിന്നും ഒരു ബ്രേക്ക് അരാണ് ആഗ്രഹിക്കാത്തത്? ജോലിയും ജീവിതത്തിരക്കുകളും ശ്വാസം മുട്ടിക്കുമ്പോൾ നമ്മളൊക്കെ ഒരു ബ്രേക്ക് ആഗ്രഹിക്കാറുണ്ട്. എല്ലാത്തിൽ നിന്നും ഇടവേളയെടുത്ത് ഒരു കുഞ്ഞു യാത്രയൊക്കെ പോയി വരുമ്പോൾ മനസ്സും മൂഡും ഒക്കെ സെറ്റ് ആകാറുമുണ്ട്. പക്ഷേ ബന്ധങ്ങളിൽ നിന്ന് ഇടവേളയെടുക്കുന്നതിനെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മില്ലേനിയൻസിനോട് ചോദിച്ചാൽ ഇല്ല എന്നായിരിക്കും ഉത്തരം. പക്ഷേ ജെൻ സി ഉറപ്പായും പറയും ഞങ്ങൾ ബന്ധങ്ങളിൽ നിന്നും ഇടവേളയെടുക്കാറുണ്ട്. ‘ബോയ് സോബർ’ എന്നാണ് അതിനെ വിശേഷിപ്പിക്കുക. പുതിയ തലമുറയിലെ കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികളാണ് ‘ബോയ് സോബർ’ രീതി കൂടുതലായും പിന്തുടരുന്നത്.

മനഃശാസ്ത്ര വിദഗ്ധർ ഈ ട്രെൻഡിനെ വിശദീകരിക്കുന്നതിങ്ങനെ - ‘‘പ്രണയബന്ധങ്ങളിൽ നിന്ന് ഇടവേള എടുത്ത് സ്വയം പരിചരണത്തിലും വ്യക്തിഗത വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയാണ് ബോയ് സോബർ എന്നു പറയുന്നത്. ലിംഗവ്യത്യാസമില്ലാതെ ആർക്കും പിന്തുടരാവുന്ന ഒരു രീതിയാണെങ്കിലും ഇതിലേക്ക് കൂടുതൽ ആകൃഷ്ടരാകുന്നത് പെൺകുട്ടികളാണ് . മുൻപ് ടോക്സിക് ബന്ധങ്ങളിൽപ്പെട്ട് മനസ്സു തകർന്നവരും ആൺ-പെൺ വ്യത്യാസമില്ലാതെ ഈ രീതി പിന്തുടരുന്നുണ്ട്. യാദൃച്ഛികമായി പ്രണയത്തിലാകാനോ,ടോക്സിക് ബന്ധങ്ങളിൽപ്പെടാനോ താൽപര്യപ്പെടാത്ത ഇക്കൂട്ടർ അർഥവത്തായ ബന്ധങ്ങൾ തേടുന്നതിനു മുന്നോടിയായി ഈ രീതി പരീക്ഷിക്കാറുണ്ട്.’’

തിരിച്ചറിവിന്റെ കാലം, വളർച്ചയുടെയും

വിഷലിപ്തമായ, സ്വൈരക്കേടുണ്ടാക്കുന്ന ബന്ധങ്ങളിൽ നിന്ന് പുറത്തു കടന്നതിനു ശേഷമാണ് പലർക്കും തങ്ങൾ ആരായിരുന്നു എന്ന തിരിച്ചറിവുണ്ടാകുന്നത്. താൻ ആരാണ്, എന്താണ് ലക്ഷ്യം എന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ തിരിച്ചറിവു ലഭിക്കുമ്പോൾ സ്വയം മെച്ചപ്പെടാനുള്ള കാര്യങ്ങൾ ചെയ്യുന്നതിനു വേണ്ടി കൂടുതൽ സമയം ചെലവഴിക്കാൻ തയാറാകും. കൂടുതൽ ക്രിയാത്മകമായി സമയം ഉപയോഗിക്കാൻ സാധിക്കുന്നതുകൊണ്ട് അവരുടെ വ്യക്തിഗത വളർച്ചയ്ക്ക് ഈ കാലഘട്ടം സഹായിക്കും. പിന്നെ മനസ്സിനിണങ്ങുന്ന ഒരു പങ്കാളിയെ തിരഞ്ഞെടുക്കാൻ അവർക്ക് ഉറപ്പായും അവസരം ലഭിക്കും.

വൈകാരികമായി കരുത്തരാകാം

മുൻകാല പ്രണയാനുഭവങ്ങൾ മനസ്സു തകർത്ത ആളുകൾക്ക് മാനസികമായി കരുത്താർജിക്കാനുള്ള കാലം കൂടിയാണ് ബോയ് സോർബിങ് കാലഘട്ടം. ടോക്സിക് ആയ ബന്ധങ്ങളിൽപ്പെട്ട് ഉള്ളു തകർന്നവർക്കും പ്രണയത്തിൽ ചതിക്കപ്പെട്ടവർക്കും ഈ ഇടവേളയിൽ മനസ്സിനെ ശാന്തമാക്കാനുള്ള മാർഗങ്ങൾ തേടാം. ബന്ധങ്ങളോട് വിരക്തി തോന്നുന്നവർക്ക് തെറാപ്പി പോലുള്ള മാർഗങ്ങൾ സ്വീകരിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാം. വീണ്ടും പ്രണയം വേണമെന്ന് ആഗ്രഹമുള്ളവർക്ക് വൈകാരികമായി കരുത്തു നേടിയ ശേഷം ആരോഗ്യകരമായ ബന്ധങ്ങൾ മാത്രം തിരഞ്ഞെടുക്കാം.

1254579044
Represetative Image: Jun/ Istock

സമ്മർദ്ദങ്ങൾക്ക് വിട നൽകാം

ഫോണെടുക്കാൻ താമസിച്ചാൽ, മെസേജിന് മറുപടി വൈകിയാൽ കലിപ്പന്മാരും കാന്താരിമാരും ആകുന്ന പങ്കാളികളുടെ കൈയിൽ നിന്ന് ശകാരം കേട്ട് മനസ്സു മടുത്തവർക്ക് ഈ കാലഘട്ടത്തിൽ മനസ്സമാധാനത്തിലേക്ക് തിരികെപ്പോകാം. ഉത്കണ്ഠകളെയും സമ്മർദ്ദങ്ങളെയും അകറ്റി ശാന്തമായ മനസ്സോടെ ബന്ധങ്ങളെ മാറി നിന്ന് നിരീക്ഷിക്കാം. അത്തരം ബന്ധങ്ങളിൽ തുടരുന്നതാണോ ഇറങ്ങി നടക്കുന്നതാണോ മാനസികാരോഗ്യത്തിന് നല്ലത് എന്ന് വിശകലനം ചെയ്യാൻ ഈ കാലഘട്ടം പ്രയോജനപ്പെടുത്താം. മനസ്സമാധാനത്തോടെ മികച്ച തീരുമാനമെടുത്ത് ജീവിതം ശാന്തമായി മുന്നോട്ടു കൊണ്ടു പോകാൻ ശ്രമിക്കാം.

വളരാം അതിരുകളില്ലാതെ

ബന്ധങ്ങൾക്കു വേണ്ടി ചെലവഴിച്ചതിന്റെ പകുതി ഊർജവും സമയവും ഉണ്ടായിരുന്നെങ്കിൽ ജോലിയിൽ കുറച്ചു കൂടി ഉയരാമായിരുന്നുവെന്ന് തോന്നിയിരുന്നവർക്ക് ഈ സമയം വ്യക്തിഗത വളർച്ചയ്ക്കു വേണ്ടി ഉപയോഗിക്കാം. ഇഷ്ടമുള്ള വിനോദങ്ങൾക്കായി സമയം മാറ്റി വയ്ക്കാം, ജോലിയിൽ ഉയരാനാവശ്യമായ സ്കില്ലുകൾ നേടാം. സുഹൃദ് ബന്ധങ്ങൾ മെച്ചപ്പെടുത്താം. ഒരു ബന്ധത്തിൽ ആയിരുന്നപ്പോൾ നിയന്ത്രിക്കപ്പെട്ടിരുന്ന, അവഗണിക്കപ്പെട്ടിരുന്ന കാര്യങ്ങൾക്കുവേണ്ടി കൂടുതൽ സമയം വിനിയോഗിക്കാം. അങ്ങനെ അതിരുകളില്ലാതെ വളരാൻ ഈ കാലഘട്ടം പ്രയോജനപ്പെടുത്താം.

സ്വപ്നങ്ങൾ സാക്ഷാത്കരിച്ച് ഭാവി സുരക്ഷിതമാക്കാം

ബന്ധങ്ങളിൽ നിന്ന് ഇടവേളയെടുക്കുന്നതിലൂടെ ഭാവിയെക്കുറിച്ച് കൂടുതൽ ചിന്തിക്കാനും കൂടുതൽ നന്നായി ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യാനും സാധിക്കും. ആഗ്രഹങ്ങളെന്തൊക്കെയാണെന്നതിൽ വ്യക്തത വരുത്താനും അതിരുകളില്ലാതെ സ്വപ്നം കാണാനും മോഹങ്ങൾ സാക്ഷാത്കരിക്കാനായി കഠിനാധ്വാനം ചെയ്യാനും ഈ സമയം നന്നായി വിനിയോഗിക്കാം. ഭാവിജീവിതവും ബന്ധങ്ങളും ആരോഗ്യകരമാക്കാൻ ഈ തയാറെടുപ്പുകൾ തീർച്ചയായും സഹായിക്കും.

Representative Image∙ Shutterstock
Representative Image∙ Shutterstock

വീണ്ടെടുക്കാം ആത്മവിശ്വാസം

ബന്ധങ്ങളുടെ നിയന്ത്രണങ്ങളിൽപ്പെട്ട് ശ്വാസംമുട്ടുന്ന കാലത്ത് പലർക്കും ആത്മവിശ്വാസം നഷ്ടപ്പെടാറുണ്ട്. പക്ഷേ ഇടവേളയെടുക്കുമ്പോൾ സ്വാതന്ത്ര്യബോധം മെച്ചപ്പെടുത്താനും ആത്മവിശ്വാസം വീണ്ടെടുക്കാനുമുള്ള അവസരം ലഭിക്കും. അതിലൂടെ ഭാവി ജീവിതം അഭിവൃദ്ധിപ്പെടുത്താനും സ്വയം ശാക്തീകരിക്കാനുമുള്ള അവസരവും തേടിയെത്തും.

അനാരോഗ്യകരമായ ബന്ധങ്ങളെ നിരുൽസാഹപ്പെടുത്താം

ഒറ്റപ്പെടലിനെ അതിജീവിക്കാനോ, ചിലപ്പോഴൊക്കെ ബന്ധുക്കളുടെ സമ്മർദ്ദം കൊണ്ടോ അനുയോജ്യമല്ലാത്ത ബന്ധങ്ങളിലേക്ക് എടുത്തു ചാടേണ്ട ഗതികേട് ചിലർക്കു വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ നിന്ന് മോചനം നേടാൻ ബോയ് സോബർ സഹായിക്കും. അനാരോഗ്യ ബന്ധങ്ങൾ ജീവിതത്തിൽ ആവർത്തിക്കാതിരിക്കാനും മൂല്യബോധത്തോടെയുള്ള ജീവിതം കെട്ടിപ്പടുക്കാനും ഈ രീതി ഗുണം ചെയ്യും.

English Summary:

Boy Sobering: The Gen Z Trend Taking Relationships by Storm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com