ADVERTISEMENT

സമൂഹമാധ്യമങ്ങൾ ലോകം വാഴുന്ന കാലമാണിത്. ന്യൂസ് ചാനലുകളുടെയും ദിനപത്രങ്ങളുടെയും പ്രാധാന്യം കുറഞ്ഞുവരുന്നു. മൊബൈൽ ഫോൺ എടുത്ത് സ്ക്രോൾ ചെയ്യാതെ ഒരു മനസ്സമാധാനവും കിട്ടാത്ത അവസ്ഥയിലാണ് ആളുകൾ. അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം ബന്ധങ്ങളിൽ അകൽച്ചകൾ ഉണ്ടാക്കുമെന്നതും യാഥാർഥ്യമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഏറ്റവും അധികം ഉടലെടുക്കുന്നത് ഭാര്യാഭർത്താക്കന്മാർക്കിടയിലാണ്. ഈയൊരു കാരണത്തിന്റെ പേരിൽ വിവാഹമോചനങ്ങൾ പോലും നടക്കുന്നുണ്ട്. മറ്റുചിലരാവട്ടെ കുടുംബപ്രശ്നങ്ങൾ ഒഴിവാക്കാൻ സമൂഹമാധ്യമങ്ങളുടെ ഉപയോഗം പൂർണമായി മാറ്റിവയ്ക്കാൻ പോലും തയാറാകുന്നു. എന്നാൽ ഈ പ്രവണത പൂർണമായും നല്ലതാണെന്ന് പറയാനാവുമോ? ഇല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം

സമൂഹമാധ്യമ അക്കൗണ്ടുകൾ ഒറ്റയടിക്ക് ഡിലീറ്റ് ചെയ്തു പങ്കാളിയുമൊത്തുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കാനാണ് സാധ്യത. സമൂഹമാധ്യമ ഉപയോഗത്തിന്റെ പേരിൽ പരാതികൾ കേൾക്കുന്നുണ്ടെങ്കിൽ പങ്കാളിക്ക് നിങ്ങളുടെ ബന്ധത്തിൽ അമിതമായി അരക്ഷിതത്വ ബോധം ഉണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ആരോഗ്യകരമായ രീതിയിൽ വേണം അതിന് പരിഹാരം കണ്ടെത്താൻ. നേരെമറിച്ച് പങ്കാളിയുടെ കുറ്റപ്പെടുത്തലുകൾക്കൊത്ത് പൂർണമായി സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടു നിന്നാൽ അത് സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്ന തോന്നൽ ക്രമേണ ഉണ്ടാവാനും പൊരുത്തക്കേടുകൾ വർധിക്കാനും വഴിയൊരുക്കും.

സമൂഹമാധ്യമങ്ങൾ ഇന്ന് വിനോദോപാധി മാത്രമല്ല ഒരു വ്യക്തിയുടെ സാമൂഹികമായ ഐഡന്റിറ്റി കൂടിയാണ്. അതായത് വ്യക്തിത്വവും നിലപാടുകളും കഴിവുകളും അഭിപ്രായങ്ങളുമൊക്കെ ഓരോരുത്തർക്കും പ്രകടിപ്പിക്കാനുള്ള കൃത്യമായ ഇടം. ഇത്തരത്തിലുള്ള ഇടങ്ങൾ പൂർണമായും ഇല്ലാതാവുന്നത് വ്യക്തിത്വത്തെ തന്നെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ചും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഒരു വ്യക്തിയാണെങ്കിൽ നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കാതെ പോകുന്നത് മാനസിക സമ്മർദങ്ങളിലേയ്ക്ക് വരെ നയിച്ചെന്നു വരാം.

ഒറ്റപ്പെടൽ അനുഭവപ്പെടും എന്നതാണ് മറ്റൊരു പ്രശ്നം. വിരലിലെണ്ണാവുന്ന ആളുകളെ മാത്രമാണ് നാം നിത്യജീവിതത്തിൽ നേരിട്ട് കാണുന്നതെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ നൂറുകണക്കിനാളുകളുമായി സംവദിക്കാനും വിവരങ്ങൾ അറിയാനുമെല്ലാമുള്ള അവസരമുണ്ട്. ഇത് ഒറ്റയടിക്ക് ഇല്ലാതാകുന്നത് ജീവിതത്തിൽ തന്നെ ഒറ്റപ്പെട്ടു എന്ന തോന്നൽ ഉണ്ടാക്കും. വൈകാരികമായി ആശ്രയിക്കാൻ പങ്കാളി മാത്രമേ ഉള്ളൂ എന്ന അവസ്ഥ അനാരോഗ്യകരമായ ആശ്രയത്വബോധം സൃഷ്ടിക്കുന്നതിലേയ്ക്കും നയിക്കും.

സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അപ്ഡേറ്റുകൾ ലഭിക്കുന്നില്ല എന്നതും സമൂഹമാധ്യമങ്ങൾ നിയന്ത്രിക്കുന്നതിന്റെ ദൂഷ്യവശമാണ്. ഇതിനെല്ലാം പുറമേ ഇന്നത്തെ തൊഴിൽ സാധ്യതകളും വിദ്യാഭ്യാസ സാഹചര്യങ്ങളും ഇത്തരം പ്ലാറ്റ്ഫോമുകളുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ അവ പൂർണമായും ഒഴിവാക്കുന്നത് ജീവിതത്തിന്റെ ഉയർച്ചയ്ക്കും തടസ്സമാകും.

ആരോഗ്യകരമായ രീതിയിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നതാണ് എടുത്തു പറയേണ്ട കാര്യം. പങ്കാളിക്ക് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് സമൂഹമാധ്യമങ്ങൾ വേണ്ടെന്നു വയ്ക്കുന്നതിനേക്കാൾ അവയുടെ ഉപയോഗത്തിൽ കൃത്യമായ നിയന്ത്രണം കൊണ്ടുവന്ന് ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതാണ് ഉചിതം. പങ്കാളിക്കായി നിങ്ങൾ അവൈലബിളാണ് എന്ന് ഉറപ്പുവരുത്തി കൊണ്ടുതന്നെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാവുന്നതേയുള്ളൂ. തുറന്ന സംസാരമാണ് ഇതിനുള്ള ആദ്യപടി.

കുടുംബത്തോടൊപ്പം വീട്ടിലുള്ള അവസരങ്ങളിൽ പതിവായി ഒന്നോ രണ്ടോ മണിക്കൂറെങ്കിലും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാതെ മാറ്റിവയ്ക്കുമെന്ന് ഉറച്ച തീരുമാനമെടുക്കുക. പങ്കാളി അടക്കം കുടുംബാംഗങ്ങളുടെ എല്ലാവരുടെയും കാര്യങ്ങൾ ശ്രദ്ധിക്കാനും സംസാരിക്കാനും സഹായിക്കാനും ഒക്കെയായി ഈ സമയം നീക്കിവയ്ക്കാം.

ടൈമറോ അലാമോ സെറ്റ് ചെയ്ത് സമൂഹമാധ്യമ ഉപയോഗം അമിതമാകുന്നില്ലെന്ന് സ്വയം ഉറപ്പിക്കുന്നതാണ് മറ്റൊരു വഴി. അധികമാകുന്നു എന്ന തോന്നൽ ഉണ്ടായാൽ അത് നിയന്ത്രിക്കാൻ സ്വയം മനസ്സ് പാകപ്പെടുത്തുകയും വേണം. നോട്ടിഫിക്കേഷനുകളാണ് പലപ്പോഴും സമൂഹമാധ്യമങ്ങളിലേയ്ക്ക് നമ്മളെ അടിക്കടി എത്തിക്കുന്നത്. അനാവശ്യമായ നോട്ടിഫിക്കേഷനുകൾ ഡിസേബിൾ ചെയ്തു വയ്ക്കുന്നത് ഒരു പരിധിവരെ അവയിൽ നിന്നും ശ്രദ്ധ തിരിക്കും.

ഒരുമിച്ചുള്ള ചെറിയ യാത്രകൾ, നടത്തം, സിനിമ കാണൽ തുടങ്ങിയ ഓഫ് ലൈൻ ആക്ടിവിറ്റികൾക്ക് കൃത്യമായി സമയം നീക്കിവയ്ക്കണം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇതിനുള്ള അവസരം സൃഷ്ടിക്കുകയും വേണം. പങ്കാളി അധികമായി ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് തോന്നിയാൽ അത് നിങ്ങളെ എത്തരത്തിലാണ് പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് ശാന്തമായി പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുക. അനാവശ്യമായ സ്ക്രീൻ ടൈം കുറയ്ക്കാൻ പങ്കാളിയെ സഹായിക്കാനും പ്രേരിപ്പിക്കാനുമാകുന്ന വിധത്തിൽ ക്രിയാത്മകമായ മാർഗങ്ങൾ കണ്ടെത്തി അവ നടപ്പിലാക്കാൻ നോക്കുക.

English Summary:

Social Media's Impact on Relationships: A Modern Dilemma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com