ആർക്കു വേണം ഈ പ്രണയം? അഭിനയിക്കാനിഷ്ടമല്ല, ജെൻ സിയ്ക്ക് പ്രിയം ‘സ്ലോ ഡേറ്റിങ്’

Mail This Article
‘പതിയെ തിന്നാൽ പനയും തിന്നാം’ എന്ന പഴഞ്ചൊല്ല് അൽപം പഴയതാണെങ്കിലും ഈ പഴഞ്ചൊല്ലിൽ പതിരൊട്ടും തന്നെയില്ലെന്നാണ് ജെൻ സി വിശ്വസിക്കുന്നത്. അതുകൊണ്ടാണ് പ്രണയം കണ്ടെത്താൻ അവർ ‘സ്‌ലോ ഡേറ്റിങ്’ എന്ന രീതിയെ കൂട്ടുപിടിക്കുന്നതും. കൂട്ടുകാർക്കെല്ലാം ലൈൻ സെറ്റായി അതുകൊണ്ട് എനിക്കും വേഗം ഒരു പങ്കാളിയെ കണ്ടെത്തണമെന്ന ചിന്തയൊന്നും പുതിയ തലമുറയ്ക്കില്ല. പെട്ടെന്നു കണ്ടെത്തുന്ന ആരെയെങ്കിലും ചാടിക്കേറി പ്രേമിക്കാനൊന്നും അവർ ഒരുക്കവുമല്ല. അൽപം കാത്തിരുന്നാലും മനസ്സിനിണങ്ങിയ ഒരു പങ്കാളിയെ വേണമെന്ന് ആഗ്രഹിക്കുന്നവരാണിവർ.ഫോണും തോണ്ടിയിരിക്കുമ്പോൾ ഇൻസ്റ്റാ റീലുകളിൽ വന്നുപോകുന്ന മുഖങ്ങളിൽ പ്രണയം തേടുന്നതിനേക്കാൾ പുതിയ തലമുറയ്ക്കിഷ്ടം എല്ലാ തരത്തിലും ചേർന്നു പോകുന്ന ശരിയായ ആളെ കണ്ടെത്താനാണ്. അതിന് സ്ലോ ഡേറ്റിങ് രീതിയാണ് ഏറ്റവും നല്ലതെന്നാണ് അവർ വിശ്വസിക്കുന്നത്.
ഇൻസ്റ്റന്റ് പ്രണയം വേണ്ടേ, വേണ്ട
ഇൻസ്റ്റന്റ് ഫുഡിനോട് യേസ് പറയുമെങ്കിലും ഇൻസ്റ്റന്റ് പ്രണയത്തോട് നോ പറയുന്നവരാണ് ജെൻ സി. എടുത്തുചാടി പ്രണയത്തിൽ വീഴുന്നതിനേക്കാൾ സമയമെടുത്ത് പ്രണയിക്കാനാണ് അവർക്കിഷ്ടം. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും ദൃഢമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാൻ കുറച്ചു സമയം ആവശ്യമാണെന്ന് ജെൻ സിയ്ക്ക് ഇപ്പോൾ ഉത്തമ ബോധ്യമുണ്ട്. കുറഞ്ഞ സമയം കൊണ്ട് ശരിയായി മനസ്സിലാക്കാതെ ഒരു പങ്കാളിയെ ഒപ്പം കൂട്ടാൻ അവർക്ക് താൽപര്യമില്ല. മനസ്സു തുറന്ന് സംസാരിച്ച്, ഇഷ്ടങ്ങൾ മനസ്സിലാക്കി ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുള്ള പങ്കാളിയെ കൂടെക്കൂട്ടാനാണ് അവർക്കിഷ്ടം.
വൈകാരിക സുരക്ഷ ഉറപ്പാക്കും
എങ്ങനെയെങ്കിലും ഒരു പ്രണയം സെറ്റാക്കാനല്ല, മറിച്ച് മനസ്സമാധാനം തരുന്ന സ്ഥിരതയുള്ള ബന്ധം കണ്ടെത്താനാണ് ജെൻ സിയുടെ ശ്രമം. പ്രണയത്തിന്റെ പേരിൽ വൈകാരികമായി തളർത്തുന്ന പെരുമാറ്റങ്ങളെ ഒരിക്കലും അവർ പ്രോത്സാഹിപ്പിക്കില്ല. വൈകാരിക സുരക്ഷ, അതിർവരമ്പുകൾ ലംഘിക്കാത്ത, വ്യക്തിഗത വളർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കാത്ത ഒരു പങ്കാളിയ്ക്കായി അവർ കാത്തിരിക്കും. വെറുതെ സംസാരിക്കാൻ ഒത്തിരി കാര്യങ്ങളുള്ള ലാളിത്യമുള്ള പരസ്പരം ബഹുമാനിക്കുന്ന ഒരു പങ്കാളിയെയാണ് അവർ തേടുന്നത്.
പൊരുത്തം പുറംമോടിയിൽ പോര
ബുദ്ധിശക്തിയിലും ഇഷ്ടങ്ങളിലും കാഴ്ചപ്പാടുകളിലും ഒരേ നിലവാരം വച്ചു പുലർത്തുന്നവർ എന്ന തോന്നലുളവാക്കുന്നവരെയല്ല, മറിച്ച് ഒരുമിച്ചു ചെലവഴിക്കുന്ന ഓരോ നിമിഷവും സന്തോഷം നിറയ്ക്കാൻ കഴിയുന്നവരെ പ്രണയിക്കാനാണ് ജെൻ സിയ്ക്കിഷ്ടം. പുറംമോടിയെക്കാൾ ഉള്ളറിയുന്നവരെ തിരഞ്ഞെടുക്കാൻ ഇവർ തീർച്ചയായും ശ്രദ്ധിക്കും. ഓരോ മിനിറ്റിലും എവിടെയാണ്, എന്തു ചെയ്യുന്നു എന്നു മെസേജ് അയച്ചു സ്വൈര്യം കെടുത്തുന്നവരേക്കാൾ അർഥവത്തായ ആശയവിനിമയത്തിലൂടെ സ്നേഹം പ്രകടിപ്പിക്കുന്നവരെയാകും അവർ ഒപ്പം കൂട്ടുക.
അഭിനയിക്കാനിഷ്ടമല്ല
ഒരു പ്രണയം സ്വന്തമാക്കാനായി യഥാർഥ വ്യക്തിത്വം പലരും മറച്ചു വയ്ക്കാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യുന്നത് മണ്ടത്തരമാണെന്ന് ജെൻ സിയ്ക്ക് ഉത്തമ ബോധ്യമുണ്ട്. ഏച്ചുകെട്ടലോ, അഭിനയമോ ഇല്ലാതെ യഥാർഥ വ്യക്തിത്വം തുറന്നു കാട്ടിക്കൊണ്ടാകും അവർ പ്രണയിക്കാൻ തയാറെടുക്കുക. മറ്റുള്ളവരെ ആകർഷിക്കാൻ വേണ്ടി കാപട്യം നടിക്കാൻ അവർ ഒരിക്കലും തയാറാകില്ല. കുറുക്കു വഴിയിലൂടെ പ്രണയം നേടിയാൽ എന്നെങ്കിലും സത്യം പുറത്തു വന്നാൽ പ്രണയം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന തിരിച്ചറിവ് അവർക്കുണ്ട്. സമയമെടുത്ത് പ്രണയിക്കുമ്പോൾ ഇരുവശത്തുള്ളവരുടെയും നല്ലതും ചീത്തയുമായ സ്വഭാവങ്ങൾ കൃത്യമായി തിരിച്ചറിയാൻ ഇരുകൂട്ടർക്കും ഒരുപോലെ അവസരം കിട്ടുകയും ചെയ്യും.
സമ്മർദമില്ല, സന്തോഷം മാത്രം
സമയത്തെ വെല്ലുവിളിച്ചു കൊണ്ട് പ്രണയിക്കാനല്ല, മറിച്ച് സമ്മർദമില്ലാതെ പ്രണയിക്കാനാണ് പുതിയ തലമുറയ്ക്കിഷ്ടം. കുറഞ്ഞ സമയം കൊണ്ട് വൈകാരിക അടുപ്പം സൃഷ്ടിച്ച് ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിനു പകരം വളരെ പതുക്കെ പരസ്പരം പറഞ്ഞും അറിഞ്ഞും വൈകാരിക അടുപ്പം സൃഷ്ടിക്കാനാണ് അവർക്കു താൽപര്യം. മറ്റുള്ളവരുടെ മുന്നിൽ തങ്ങളാരാണെന്ന് വിശദീകരിക്കുന്നതിനേക്കാൾ ഒരിമിച്ചുള്ളപ്പോൾ സന്തോഷത്തോടെയിരിക്കുന്നതിനാണ് അവർ പ്രാധാന്യം കൊടുക്കുന്നത്. വേഗതയേറിയ പുതിയ ലോകത്ത് സമയമെടുത്ത് ഏറ്റവും മനോഹരമായ ഒരു ബന്ധം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ജെൻ സി കുട്ടികൾ.