ADVERTISEMENT

വിവാഹിതരല്ലാത്ത പ്രണയികൾക്ക് ഒരു കുഞ്ഞുണ്ടാവുക, ഗർഭച്ഛിദ്രത്തിനു നിർബന്ധിച്ചവരുടെ മുന്നിലൂടെ ആ കുഞ്ഞിനെ ധീരമായി വളർത്തുക. അങ്ങനെ സമൂഹത്തിന്റെ ചട്ടക്കൂടുകളെ വെല്ലുവിളിച്ചു കൊണ്ടു ജീവിച്ചയാളാണ് ഇന്ത്യൻ നടിയും ടെലിവിഷൻ സംവിധായികയുമായ നീനഗുപ്ത.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായതിനെക്കുറിച്ചും  ആ ബന്ധത്തിൽ നിന്ന് ഗർഭിണിയായതിനെക്കുറിച്ചുമൊക്കെ തന്റെ ഓർമക്കുറിപ്പിലൂടെ നീനഗുപ്ത വിവരിച്ച കാര്യങ്ങൾ വാർത്തകളിൽ നിറയുകയാണിപ്പോൾ.

 'സച്ച് കഹൂൻ തോ' എന്ന ഓർമപ്പുസ്തകത്തിലൂടെ നീന പഴയകാലം ഓർത്തെടുത്തതിങ്ങനെ-  

"1989ൽ ഞാനൊരു അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ  സന്തോഷത്താൽ മതിമറന്നു. പക്ഷേ മാതൃത്വത്തിലേക്കുള്ള ആ യാത്ര അത്രയെളുപ്പമാവില്ലെന്നെനിക്കറിയാമായിരുന്നു. ഒരു സിംഗിൾ മദറായി കുഞ്ഞിനെ വളർത്താൻ ചില്ലറ ധൈര്യം പോരല്ലോ. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നെങ്കിലും ഞങ്ങൾ നിയമപരമായി വിവാഹിതരായിരുന്നില്ല. അതുകൊണ്ടു തന്നെ കുഞ്ഞിനെ വളർത്തുന്ന കാര്യത്തിൽ അവസാന തീരുമാനമെടുത്തത് വിവിയനോട് സംസാരിച്ച ശേഷമായിരുന്നു.

വിവിയന്റെ ക്രിക്കറ്റ് മാച്ച് കണ്ടതിനു ശേഷമുള്ള അത്താഴ വിരുന്നിൽവച്ചാണ് അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടത്. അന്ന് കുറച്ചു സമയം ഒരുമിച്ചു ചെലവഴിച്ചെങ്കിലും പിന്നെയെപ്പോഴോ ബന്ധം മുറിഞ്ഞു. അതിനുശേഷം ഡൽഹി  വിമാനത്താവളത്തിൽ വച്ചാണ് പരസ്പരം കണ്ടത്.  അതിനു ശേഷം ഞാനും വിവിയനും തമ്മിൽ പ്രണയത്തിലായി. ആ ബന്ധത്തിലാണ് ഞാൻ ഗർഭിണിയായത്.

 വിവിയൻ വീട്ടിൽ തിരിച്ചെത്തുന്ന സമയത്താണ് ഗർഭം സ്ഥിരീകരിച്ചത്. വിവാഹിതരല്ലാതെ രണ്ടു പേർ ഒരുമിച്ചു ജീവിച്ചതിൽ നിന്നുണ്ടായ ഗർഭമായതുകൊണ്ടു തന്നെ അതു മുന്നോട്ടു കൊണ്ടുപോകാതെ അലസിപ്പിച്ചു കളയാനാണ് പലരും എന്നോട് ഉപദേശിച്ചത്. ഒരു സിംഗിൾ പേരന്റായി  കുഞ്ഞിനെ വളർത്താൻ ഞാൻ ബുദ്ധിമുട്ടുമെന്നു കരുതിയാണ് അവർ ആ ഉപദേശം നൽകിയത്. ആ ഉദ്ദേശത്തെ ശരിയായ അർഥത്തിൽ മനസ്സിലാക്കിയതുകൊണ്ട് ഞാൻ എല്ലാവരും പറയുന്നത് ക്ഷമയോടെ കേട്ടു. പിന്നീട് വീട്ടിൽ ഒറ്റയ്ക്കിരുന്ന സമയത്ത് ഈ കാര്യത്തിൽ എന്തു തീരുമാനമെടുക്കണമെന്ന് നന്നായി ആലോചിച്ചു. എന്റെ ശരീരം അമ്മയാവാൻ തയാറെടുക്കുന്നു എന്നു തിരിച്ചറിഞ്ഞപ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.

ആ സന്തോഷം നൽകിയ തിരിച്ചറിവിൽ ഞാൻ വിവിയനോട് സംസാരിച്ചു. അദ്ദേഹത്തിന്റെ കുഞ്ഞിനെ ഞാൻ ഗർഭത്തിൽ ചുമക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ചോദിച്ചു. കുഞ്ഞിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള തുല്യ അവകാശം അതിന്റെ അച്ഛനുമുള്ളതുകൊണ്ടാണ് ഇക്കാര്യത്തിൽ ഞാൻ അദ്ദേഹത്തിന്റ അഭിപ്രായം തേടിയത്. ഞങ്ങൾക്കൊരു കുഞ്ഞു ജനിക്കാൻ പോകുന്നുവെന്ന വാർത്ത കേട്ടപ്പോൾ അദ്ദേഹത്തിനും ഏറെ സന്തോഷമായി. ധൈര്യമായി മുന്നോട്ടു പോകൂവെന്നും ഒപ്പമുണ്ടെന്നുമുള്ള ഉറപ്പ് അദ്ദേഹമെനിക്കു നൽകി. ഗർഭം മുന്നോട്ടു കൊണ്ടു പോകാനുള്ള എന്റെ തീരുമാനം ശരിയാണന്നും ഒരു കുഞ്ഞിനെ എത്രത്തോളം ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹത്തിനറിയാമായിരുന്നു. കുഞ്ഞിന്റെ അച്ഛന് താൽപര്യമില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഞാൻ ആ ഗർഭം മുന്നോട്ടു കൊണ്ടുപോകില്ലായിരുന്നു. വിവിയൻ എന്നെ പിന്തുണച്ചപ്പോൾ എനിക്കെന്തന്നില്ലാത്ത ആശ്വാസം തോന്നി.

ഞങ്ങളുടെ മകൾ മാസബയുടെ ജനനശേഷം ആവുംവിധം അദ്ദേഹം ഞങ്ങളോടൊപ്പം നിന്നു. അദ്ദേഹം വിവാഹിതനായി മറ്റൊരു രാജ്യത്താണ് താമസം. വ്യത്യസ്ത രാജ്യങ്ങളിൽ താമസിക്കുന്നതുകൊണ്ട് ഞങ്ങളുടെ ബന്ധം അത്ര ലളിതമായി കൊണ്ടുപോകാൻ സാധിക്കുമായിരുന്നില്ല. ഒത്തിരിയൊത്തിരി നല്ല മുഹൂർത്തങ്ങളും മോശം ദിവസങ്ങളും ഞങ്ങൾക്കിടയിലുണ്ടായിട്ടുണ്ട്. ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ് ആയിരുന്നെങ്കിലും അതു തികച്ചും വ്യത്യസ്തമായ ഒരു ബന്ധമായിരുന്നു. അച്ഛൻ വിവിയനുമായി മകൾ മാസബ ഇപ്പോഴും  നല്ലയടുപ്പം കാത്തു സൂക്ഷിക്കുന്നുണ്ട്''.

English Summary:

Neena Gupta on having masaba after affair with vivian richards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com