സമ്പാദിച്ചത് 260 കോടിയിലധികം; ജീവിക്കാൻ സമയമില്ല, സമൂഹമാധ്യമ ലോകം ഒഴിവാക്കി ദമ്പതികൾ

Mail This Article
ജോലിഭാരം തലവേദനയാകുമ്പോൾ അതിൽ നിന്നും ഒരൽപം ആശ്വാസം നേടാൻ സമൂഹമാധ്യമങ്ങളിൽ കണ്ടന്റ് സൃഷ്ടിക്കുന്നവർ ഏറെയുണ്ട്. എന്നാൽ ഇങ്ങനെ കണ്ടന്റ് ഒരുക്കുന്നത് തന്നെ തലവേദനയായാലോ? അങ്ങനെയൊരു അനുഭവമാണ് ചൈനക്കാരായ ഇൻഫ്ലുവൻസർ ദമ്പതിമാർക്കുണ്ടായത്. ഒന്നും രണ്ടുമല്ല 15 ദശലക്ഷത്തിൽ പരംവരുന്ന ഫോളവേഴ്സിനെ നിരാശരാക്കിക്കൊണ്ട് വർഷങ്ങളായി തുടർന്ന് വന്നിരുന്ന ലൈവ് സ്ട്രീമിങ് നിർത്തലാക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഇവർ.
32 കാരനായ ഗുവോ ബിന്നും ഭാര്യ സൺ കെയ്ഹോങ്ങുമാണ് സമൂഹമാധ്യമങ്ങളിലൂടെ ചൈനക്കാരുടെ ഇടയിൽ സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയത്. 2020ൽ ഒരു സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെ സ്വന്തം പ്രണയകഥ ഇവർ പങ്കുവച്ചത് ശ്രദ്ധനേടിയിരുന്നു. ഇൻഷുറൻസ് സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഇരുവരുടെയും പിന്നീടുള്ള വളർച്ച കണ്ണഞ്ചിപ്പിക്കുന്ന തരത്തിലായിരുന്നു. ഒറ്റ വർഷം കൊണ്ട് ഫോളവേഴ്സിന്റെ എണ്ണം മൂന്നു ദശലക്ഷം കടന്നു. ലൈവ് സ്ട്രീമിങ് സെഷനുകളിലൂടെ ഇവർ ദിനംപ്രതി കൂടുതൽ ആരാധകരെ നേടിക്കൊണ്ടിരുന്നു. 2025 എത്തിയപ്പോഴേയ്ക്കും 15 ദശലക്ഷവും കടന്ന് ഫോളവേഴ്സിന്റെ എണ്ണം മുന്നോട്ടു പോയി.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും വരുമാനം നേടിത്തുടങ്ങിയതോടെ ഇരുവരും പഴയ ജോലിയൊക്കെ ഉപേക്ഷിച്ച് ലൈവ് സ്ട്രീമിങ് പ്രധാന തൊഴിലായി ഏറ്റെടുത്തു. രണ്ടു വർഷത്തിനുള്ളിൽ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന ഒരു ഓൺലൈൻ സൈറ്റ് ആരംഭിച്ച് ബിസിനസ് രംഗത്തേയ്ക്കും കടന്നിരുന്നു. 2022 ലെ ഒരു വിഡിയോയിൽ 230 ദശലക്ഷം യുവാന്റെ (266 കോടിയിലധികം രൂപ) വിൽപന നടന്നതായും നാല് ദശലക്ഷം യുവാൻ(4.6 കോടി രൂപ) ഒറ്റ ദിവസം കൊണ്ട് നേടുന്നുണ്ടെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.
ഇൻഫ്ലുവൻസർമാരാകുന്നതിനു മുൻപ് തികച്ചും ലളിത ജീവിതമായിരുന്നു ഇവരുടേത്. എട്ടു ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു വാടക മുറിയിലായിരുന്നു താമസം. എന്നാൽ പണം സമ്പാദിക്കാൻ തുടങ്ങിയതിനുശേഷം ആറ് ദശലക്ഷം യുവാൻ വിലമതിക്കുന്ന 260 ചതുരശ്ര മീറ്റർ ഫ്ലാറ്റിലേയ്ക്ക് താമസം മാറി. കുടിയേറ്റ തൊഴിലാളികളായിരുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും ബിസിനസ് സംരംഭത്തിൽ സഹായിക്കുന്നതിനായി ഇവർ വീട്ടിലേയ്ക്ക് എത്തിച്ചു. ഇതിനിടെ ഇവർക്ക് മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ജനിക്കുകയും ചെയ്തു.
ഗർഭകാലത്തും പ്രസവശേഷവുമൊക്കെ തുടർച്ചയായി ജോലി ചെയ്യുകയായിരുന്നുവെന്ന് സൺ വെളിപ്പെടുത്തുന്നു. ധാരാളം പണം സമ്പാദിക്കാനായെങ്കിലും ഈ അഞ്ചു വർഷക്കാലയളവിനിടയിൽ ജോലിയും കുടുംബവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ സാധിച്ചിട്ടില്ല എന്ന കുറ്റബോധമാണ് സണ്ണിനെ അലട്ടുന്നത്. 35 കാരിയായ സണ്ണിനു തിരക്കിട്ട ജീവിതം ബുദ്ധിമുട്ടായി തോന്നിത്തുടങ്ങി. ഇനി അൽപം വിശ്രമിക്കാനും ഭർത്താവിനും കുടുംബത്തിനുമൊപ്പം ജീവിതം ആസ്വദിക്കാനും സമയം നീക്കി വയ്ക്കണമെന്ന ആഗ്രഹം മൂലമാണ് ലൈവ് സ്ട്രീമിങ് സെഷനുകൾ അവസാനിപ്പിക്കുന്നതായി ഇവർ ആരാധകരെ അറിയിച്ചത്. എട്ട് മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന തുടർച്ചയായ ലൈവ് സ്ട്രീമിങ്ങുകളുടെ ഫലമായി സണ്ണിന്റെ വോക്കൽ കോർഡുകൾക്ക് പോലും കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ അത് ചികിത്സിക്കാനുള്ള സമയം പോലും ലഭിച്ചില്ല. നിലവിലുള്ള സമ്മർദങ്ങളെല്ലാം മാറ്റി ആരോഗ്യവും സന്തോഷവും തിരിച്ചുപിടിച്ച ശേഷം കുടുംബവും ജോലിയും എങ്ങനെ കൊണ്ടുപോകണമെന്ന് കൃത്യമായി പ്ലാൻ ചെയ്ത് വീണ്ടും ലൈവ് സ്ട്രീമിങ്ങിലേയ്ക്ക് മടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ദമ്പതികൾ അറിയിക്കുന്നു
സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം പുറത്തുവന്നതോടെ ഇവരെ പിന്തുണയ്ക്കുകയാണ് ആരാധകർ. ആവുന്ന രീതിയിൽ അധ്വാനിച്ച് അവർ ആവശ്യത്തിലധികം പണം സമ്പാദിച്ചു എന്നും അത്യാഗ്രഹം ഇല്ലാതെ പിന്തിരിയാനുള്ള തീരുമാനം നന്നായി എന്നും അഭിപ്രായങ്ങളുണ്ട്. പ്രശസ്തിയും പണവും കയ്യിലെത്തുമ്പോൾ മതിമറക്കുന്നവർ ഇവരെ മാതൃകയാക്കണമെന്നും പ്രതികരണങ്ങളുണ്ട്.