ADVERTISEMENT

സെലിബ്രിറ്റികളുടെ പ്രണയകഥയിലും സിനിമയിലുമൊക്കെ കണ്ട് ചില പ്രണയ മുഹൂർത്തങ്ങൾ നമ്മുടെയുള്ളിൽ ആഴത്തിൽ പതിഞ്ഞു പോയിട്ടുണ്ട്. സിനിമാപ്പാട്ടിനിടയിൽ നായകനും നായികയും വായിക്കാൻ ഒരേ പുസ്തകം തിരഞ്ഞെടുക്കുന്നതും സിനിമാതീയേറ്ററിൽ വച്ച് അവിചാരിതമായി കണ്ടുമുട്ടുന്നതുമൊക്കെയുള്ള രംഗങ്ങൾ അവയിൽ ചിലത് മാത്രമാണ്. ഇതൊക്കെ നിരന്തരം കണ്ട് പങ്കാളിയായി തിരഞ്ഞെടുക്കുന്നയാളിന്റെ ഇഷ്ടങ്ങളും നമ്മുടെയിഷ്ടങ്ങളും ഒരുപോലെയാകണമെന്നചിന്ത മനസ്സിൽ വേരുറച്ചു പോയിട്ടുമുണ്ട്. 

നമ്മൾ കേൾക്കുന്ന അതേ പാട്ട് കേൾക്കാനിഷ്ടപ്പെടുന്ന, ഒരേ സ്ഥലത്തേക്ക് യാത്ര പോകാനിഷ്ടപ്പെടുന്ന ആളെ അറിയാതെ പ്രണയിച്ചു പോകാറുമുണ്ട്. എന്നാൽ യഥാർഥ പ്രണയം കണ്ടെത്താൻ അത്തരം കാര്യങ്ങളെ മാനദണ്ഡമാക്കരുതെന്ന് ഓർമപ്പെടുത്തുകയാണ് റിലേഷൻഷിപ് വിദഗ്ധർ.

ബക്കറ്റ്ലിസ്റ്റ് നോക്കി പ്രണയിക്കല്ലേ

ഒരേയിഷ്ടങ്ങളുള്ളവരോട് സംസാരിക്കാം, വേണമെങ്കിൽ സൗഹൃദവുമാകാം. പക്ഷേ അവരെ ചാടിക്കയറി പ്രണയിക്കരുത്. ഒരേ പോലെയുള്ള ഇഷ്ടത്തിലൂടെ മാത്രം അവരുടെ യഥാർഥ വ്യക്തിത്വത്തെ വിലയിരുത്താൻ സാധിക്കില്ല. പുറംമോടി കണ്ടു പ്രണയിക്കാതെ ദീർഘകാലത്തെ ആശയവിനിമയത്തിലൂടെ അവരുടെ ഉള്ളറിഞ്ഞ ശേഷം പ്രണയിക്കാം. നിരന്തരമായി സംസാരിച്ചിട്ടും അടുത്തറിയാൻ ശ്രമിച്ചിട്ടും നിങ്ങളുദ്ദേശിക്കുന്ന സ്പാർക്ക് കിട്ടിയില്ലെങ്കിൽ ഒന്നുറപ്പിച്ചോളൂ അയാൾ നിങ്ങൾക്കിണങ്ങിയ പങ്കാളിയല്ല.

മനസ്സു നൽകുന്ന അപായ സൂചനയെ അവഗണിക്കല്ലേ

നിങ്ങൾക്ക് ഒരു തരത്തിലും യോജിച്ചു പോകാൻ പറ്റാത്ത പങ്കാളി നിങ്ങളുടെ ജീവിതത്തിലേക്ക് വരാൻ ശ്രമിച്ചാൽ മനസ്സു തന്നെ ചില അപായ സൂചനകൾ നൽകും. അത്തരം സൂചനകളെ അവഗണിക്കാതെ അതിന് അർഹിക്കുന്ന പരിഗണന നൽകി മോശം ആളുകളിൽ നിന്ന് അകന്നു നിൽക്കാൻ ശ്രദ്ധിക്കാം.അവർ എത്രയൊക്കെ നിർബന്ധിച്ചാലും പ്രണയ ബന്ധത്തിന്റെ തലത്തിലേക്ക് ഉയരാൻ അനുവദിക്കരുത്.

പാതിമനസ്സോടെ വരുന്നവരെ പാടേ ഉപേക്ഷിക്കണം

സ്വന്തം ലക്ഷ്യങ്ങളെക്കുറിച്ചോ പങ്കാളിയുടെ താൽപര്യങ്ങളെക്കുറിച്ചോ വലിയ താൽപര്യമൊന്നുമില്ലാതെ എങ്ങനെയെങ്കിലും ഒരു പ്രണയ ബന്ധം ആരംഭിക്കണമെന്നാഗ്രഹിച്ച് പാതി മനസ്സോടെ പ്രണയക്കാനെത്തുന്നവരെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. അത്തരക്കാരുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാതെ ആ ബന്ധം എത്രയും പെട്ടെന്ന് പാടേ ഉപേക്ഷിക്കാൻ ശ്രദ്ധിക്കണം.

പ്രണയം ഔദാര്യമായി കാണുന്നവരെ അടുപ്പിക്കരുത്

നിനക്ക് യതൊരു അർഹതയുമില്ലാഞ്ഞിട്ടും ഞാൻ നിന്നെ പ്രണയിക്കുന്നില്ലേ എന്ന മട്ടിൽ ഔദാര്യം കാട്ടുന്നവരെ യാതൊരു കാരണവശാലും തിരിച്ചു പ്രണയിക്കരുത്. അത്തരക്കാർക്ക് ഒരു പങ്കാളിയെയല്ല ആവശ്യം മറിച്ച് അവർ പറയുന്നതെല്ലാം അനുസരിക്കുന്ന അടിമയെയാണ് വേണ്ടത്. അത്തരക്കാരുടെ വലയിൽ കുടുങ്ങാതെ വഴിമാറി നടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അനുയോജ്യരെ തിരിച്ചറിയാം

ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, സഹജീവികളോട് സഹാനുഭൂതിയോടെ പെരുമാറുന്ന, പങ്കാളിയുടെ വൈകാരിക സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്ന, വിശ്വാസ വഞ്ചന കാട്ടാത്ത, ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിവുള്ള വ്യക്തികളെ പങ്കാളിയായി തിരഞ്ഞെടുക്കാം. ഒറ്റനോട്ടത്തിൽ മേൽപറഞ്ഞ മികവുകളുണ്ടോയെന്നു തിരിച്ചറിയാൻ കഴിയില്ല. കാലാന്തരത്തിൽ അവരുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ നെല്ലും പതിരും തിരിച്ചറിഞ്ഞ് ഉത്തമ പങ്കാളിയെ സ്വീകരിക്കാം.

English Summary:

Beyond Shared Interests: Finding True Love and Compatibility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com