മേല്വിലാസമുണ്ട്; പക്ഷേ, അറിയപ്പെടുന്നത് താരപത്നി: എന്തുകൊണ്ട് ‘താരപതി’ എന്ന് വിളിക്കുന്നില്ല? മിറ രജ്പുത്

Mail This Article
സംരംഭകയും യുട്യൂബറുമൊക്കെയാണെങ്കിലും താരപത്നി എന്ന മേൽവിലാസത്തിൽ മാത്രം വിശേഷിക്കപ്പെടുന്നയാളാണെന്നു തുറന്നു പറയുകയാണ് മിറ രജ്പുത്. ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യയാണ് മിറ. സ്റ്റാർ വിത്ത് ജാനിസ് (സീസൺ 5) എന്ന ടെലിവിഷൻ പ്രോഗ്രാമിലായിരുന്നു മിറയുടെ പരാമർശം. സമൂഹം സ്ത്രീകളുടെ മേലും കുട്ടികളുടെ മേലും ആവശ്യമില്ലാത്ത ടാഗുകൾ ചാർത്തിത്തരാറുണ്ടെന്നും താരപത്നി, താരപുത്രൻ, താര പുത്രി തുടങ്ങിയ വിശേഷണങ്ങളൊക്കെ അങ്ങനെയുണ്ടായതാണെന്നും അവർ പറയുന്നു.
സ്ത്രീകളെ അവരായിരിക്കുന്ന അവസ്ഥയിൽ അല്ലെങ്കിൽ അവർ ചെയ്യുന്ന ജോലിയുടെ പേരിൽ വിശേഷിപ്പിക്കാതെ വെറും താരപത്നി എന്ന പേരിൽ പരാമർശിക്കുന്നതെന്തുകൊണ്ടാണെന്നും മിറ ചോദിച്ചു. സ്ത്രീകളെ താരപത്നി എന്നു വിശേഷിപ്പിക്കാൻ തിടുക്കം കാട്ടുന്നവർ അഭിനേത്രികളുടെ ഭർത്താക്കന്മാരെ താരപതികളെന്ന് എന്തുകൊണ്ട് വിശേഷിപ്പിക്കുന്നില്ലെന്നും അവർ ചോദിക്കുന്നു.
മിറ 21-ാം വയസ്സിലാണ് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ജീവിത പങ്കാളിയാകുന്നത്. വിവാഹ ശേഷം ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറിയ മിറ ഇപ്പോൾ ഒരു സംരംഭകയും യുട്യൂബറുമൊക്കെയാണ്. വിവാഹം കഴിഞ്ഞ് 10 വർഷം പിന്നിട്ടെങ്കിലും മിറ അറിയപ്പെടുന്നത് അവരുടെ വ്യക്തിത്വത്തിന്റെ പേരിലോ സംരംഭത്തിന്റെ പേരിലോ അല്ല മറിച്ച് ഷാഹിദിന്റെ ഭാര്യ എന്ന പേരിൽ മാത്രമാണ്. താരപത്നി, താരപുത്രൻ എന്നീ ടാഗുകളൊക്കെ ഒരാളെപ്പറ്റി ഓർക്കാനും പറയാനും നിരന്തരം ഉപയോഗിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ അത് സ്വജനപക്ഷപാതമായി വ്യാഖ്യാനിക്കപ്പെടുകയും അതിനൊരു മോശം അർഥം കൽപിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് മിറയുടെ അഭിപ്രായം.
ഷാഹിദും മിറയും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട്. ഇവരുടെ വിവാഹ സമയത്ത് ഈ പ്രായവ്യത്യാസത്തെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടന്നിരുന്നു. വിവാഹം കഴിഞ്ഞ് 10 വർഷം പിന്നിടുന്നഈ ദമ്പതികൾക്ക് മിഷയെന്നും സെയ്നെന്നും പേരുള്ള രണ്ട് കുട്ടികളാണുള്ളത്.